Thursday, April 2, 2009

സാമ്രാജ്യത്വ പ്രീണനം അഴിമതിയിലെത്തി- പിണറായി

സാമ്രാജ്യത്വ പ്രീണനം അഴിമതിയിലെത്തി- പിണറായി

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന സാമ്രാജ്യത്വ പ്രീണനം അഴിമതിയിലെത്തിയിരിക്കുന്നു എന്നതാണ്‌ ഇസ്രായേലുമായുള്ള ഇടപാടിലൂടെ വ്യക്തമായിരിക്കുന്നതെന്ന്‌ സി.പി.ഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വള്ളുവമ്പ്രത്ത്‌ നടന്ന എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിസൈല്‍ ഇടപാടിന്‌ 900 കോടി രൂപ 'ബിസിനസ്‌ ചാര്‍ജാ'യി നല്‍കിയെന്നാണ്‌ ഇസ്രയേല്‍ കമ്പനി പറയുന്നത്‌. ഇത്‌ അഴിമതിയല്ലാതെ മറ്റെന്താണെന്ന്‌ പിണറായി ചോദിച്ചു.
നമുക്കുതന്നെ മികച്ച മിസൈലുകള്‍ ഉണ്ടാക്കാമെന്നിരിക്കെ എന്തിനാണ്‌ ഇസ്രായേലുമായി ഇടപാട്‌ നടത്തിയത്‌. ഇസ്രായേലുമായുള്ള ഇടപാടില്‍ കോണ്‍ഗ്രസ്സിന്റെത്‌ പരിഹാസ്യമായ നിലപാടാണ്‌. കാര്യങ്ങള്‍ പറയേണ്ടവര്‍ മാറിനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയാക്കി കോണ്‍ഗ്രസ്‌ മാറ്റിയിരിക്കുകയാണ്‌. നമ്മുടെ കാര്യങ്ങള്‍ നമുക്ക്‌ തീരുമാനിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്‌ ഇതുമൂലം ഉണ്ടാകുന്നത്‌. അമേരിക്കയെ പ്രീണിപ്പിക്കുന്നതിനാണ്‌ ഇന്ത്യ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നതും ഇറാന്റെ സൗഹൃദം വേണ്ടെന്നുവെച്ചതും. മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ മുസ്‌ലിംലീഗും ഇതിനെ അനുകൂലിക്കുകയാണെന്നും മുസ്‌ലിംലീഗ്‌ എന്നും അധികാരം നിലനിര്‍ത്താന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ശ്രമിക്കുകയാണ്‌. സാമ്രാജ്യത്വ പ്രചാരണ തന്ത്രമാണ്‌ ഇതിന്‌ പ്രത്യക്ഷമായി ഉപയോഗിക്കുന്നത്‌. 90 ശതമാനം മാധ്യമങ്ങളും സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാണ്‌. എന്നാല്‍ ഇടതുമുന്നണി കരുത്താര്‍ജിച്ചത്‌ ആരെങ്കിലും കടലാസില്‍ എഴുതി പഠിച്ചിട്ടല്ലെന്നും ജീവിതാനുഭവങ്ങളിലൂടെയാണെന്നും പിണറായി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പൊതുമിനിമം പരിപാടി മറന്നു. ജനവിരുദ്ധ നയങ്ങളാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്‌. ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദംകൊണ്ടുമാത്രമാണ്‌ തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒ.എം. ജബ്ബാര്‍ അധ്യക്ഷതവഹിച്ചു. പി.എം.എ. സലാം എം.എല്‍.എ, സി.പി.എം. ജില്ലാസെക്രട്ടറി കെ. ഉമ്മര്‍, ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി. ശ്രീരാമകൃഷ്‌ണന്‍, പി.ഡി.പി നയരൂപവത്‌കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ്‌, അഡ്വ. ഷംസുദ്ധീന്‍, അഡ്വ. എം. ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു. എടവണ്ണപ്പാറ, എടവണ്ണ, കുന്നുംപുറം എന്നിവിടങ്ങളിലെ എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളിലും പിണറായി വിജയന്‍ പ്രസംഗിച്ചു.
കൊണ്ടോട്ടി മണ്ഡലം എല്‍.ഡി.എഫ്‌ ചെയര്‍മാന്‍ കോയാമു, പി.വി. വാസുദേവന്‍, സുന്ദരന്‍, എ. നീലകണുന്‍, ഭാസ്‌കരന്‍, ജോസ്‌ കെ. ബേബി എം.എല്‍.എ, എ. വിജയരാഘവന്‍ എം.പി, കിഴിശ്ശേരി പ്രഭാകരന്‍, എ.പി. അബ്ദുറഹിമാന്‍, അഡ്വ. കെ.സി. അഷ്‌റഫ്‌, എ. ആലിക്കുട്ടി, നറുകര ഗോപി, സി.ടി. ജോര്‍ജ്‌, സി.പി. ശങ്കരന്‍, പി. ബാലകൃഷ്‌ണന്‍, പി.ടി. ഉമ്മര്‍, തുടങ്ങിയവര്‍ വിവിധ പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ചു.

No comments: