Friday, April 10, 2009

ന്യൂനപക്ഷങ്ങള്‍ക്ക് അത്താണി ഇടതുപക്ഷം: 'ക്രൈസ്തവചിന്ത'

ന്യൂനപക്ഷങ്ങള്‍ക്ക് അത്താണി ഇടതുപക്ഷം: 'ക്രൈസ്തവചിന്ത'


കോട്ടയം: ന്യൂനപക്ഷസമൂഹങ്ങള്‍ക്ക് അത്താണിയായി എന്നും ഉയര്‍ന്നുനില്‍ക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍മാത്രമാണെന്ന് ഉദാഹരണങ്ങള്‍ അക്കമിട്ട് നിരത്തുന്ന 'ക്രൈസ്തവചിന്ത'യുടെ പുതിയ ലക്കം പുറത്തിറങ്ങി. മതേതരത്വത്തിന്റെ വക്താക്കളായി കോഗ്രസ് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും ഗുജറാത്ത്, ഒറീസ സംഭവങ്ങളും അയോധ്യയിലെ ശിലാന്യാസത്തിന് അനുമതി നല്‍കിയതും പള്ളിപൊളിക്കലും തുടങ്ങി ഒട്ടേറെ ന്യൂനപക്ഷധ്വംസനം കോഗ്രസിനെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തിയിരിക്കയാണെന്നും ഏപ്രില്‍ മൂന്നിന് പുറത്തിറങ്ങിയ ലക്കത്തിന്റെ മുഖപ്രസംഗം പറയുന്നു. കോട്ടയത്തുനിന്ന് പുറത്തിറങ്ങുന്ന ക്രൈസ്തവ സാംസ്കാരികപത്രികയാണ് ഇത്. ബിജെപിയെ ഇന്നും പഞ്ചസാരയില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ടേ കോഗ്രസ് വിമര്‍ശിക്കാറുള്ളൂ. വര്‍ഗീയതയ്ക്കെതിരെ കോഗ്രസിന് ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്തതും ഒരുപക്ഷേ ഭൂരിപക്ഷവര്‍ഗീയ പ്രീണനനയം ആയിരിക്കാം. ഒറീസയില്‍ കഴിഞ്ഞ ആഗസ്തില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘപരിവാര്‍ സംഘടിപ്പിച്ച ആക്രമണങ്ങളുടെ കെടുതികളില്‍നിന്ന് അവര്‍ ഇനിയും മോചിതരായിട്ടില്ല. ഒറീസയിലെ കോഗ്രസിന് വേണമെങ്കില്‍ ക്രൈസ്തവരെ സഹായിക്കാമായിരുന്നു- മുഖപ്രസംഗത്തില്‍ പറഞ്ഞു. ഭുവനേശ്വര്‍ ബിഷപ് റാഫേല്‍ ചീനാത്ത് കോഗ്രസിന്റെ മതേതരത്വം കപടമാണെന്നു പറഞ്ഞിട്ടും കേരളത്തിലെ ചിലര്‍ക്ക് മിണ്ടാട്ടമില്ല. കന്ദമലിലും പരിസരപ്രദേശങ്ങളിലും തിരിഞ്ഞുനോക്കാത്ത കോഗ്രസ് നിലപാടില്‍ അദ്ദേഹം ഇന്നും ദുഃഖിതനാണ്. കോഗ്രസ് നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാത്തതിനേക്കാള്‍, അവരുടെ പ്രസ്താവനകളിലാണ് ക്രൈസ്തവര്‍ക്ക് ദുഃഖം. "ഒരു ശതമാനം വരുന്ന ക്രിസ്ത്യാനികളെ സഹായിച്ചിട്ട് ഞങ്ങള്‍ക്ക് എന്തു കിട്ടാന്‍?'' ഒറീസയിലെ കോഗ്രസ് പ്രസിഡന്റിന്റെ ഈ വാക്കുകളെക്കുറിച്ച് ബിഷപ് ചീനാത്ത് ഇടയ്ക്കിടെ ചാനലുകളില്‍ പറയുന്നത് വികാരവായ്പോടെയാണെന്നും മുഖപ്രസംഗത്തിലുണ്ട്. ഒറ്റപ്പെട്ട ജനസമൂഹത്തിന് ആശ്വാസമായി എത്തിയത് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള ഇടതുപക്ഷനേതാക്കളാണ്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷം ഉള്‍പ്പെടെയുള്ള ജനസമൂഹത്തിന് സാമൂഹ്യനീതിയും സംരക്ഷണവും ഉറപ്പാക്കാന്‍ കഴിയുന്നത് ഇടതുപക്ഷ മതേതര മുന്നണിക്കുതന്നെയാണെന്നതില്‍ സംശയം വേണ്ടെന്നും 'ക്രൈസ്തവചിന്ത' അടിവരയിടുന്നു. എത്രകണ്ട് കുറഞ്ഞാലും നാല്‍പ്പതിനും അറുപതിനുമിടയില്‍ സീറ്റ് നേടുന്ന ഇടതുപക്ഷവും ഒറ്റയ്ക്ക് അമ്പതിലധികം സീറ്റ് നേടാവുന്ന മായാവതിയും ദക്ഷിണേന്ത്യയിലെ ബിജെപി- കോഗ്രസ് വിരുദ്ധ കൂട്ടുകെട്ടുകളായ ജയലളിത, നായിഡു, ഗൌഡ വിഭാഗങ്ങളും ഒരുമിച്ച് അണിനിരക്കുമ്പോള്‍ മൂന്നാംബദലിന് നിശ്ചയമായും സാധ്യതയുണ്ടെന്ന മറ്റൊരു ലേഖനവും 'ക്രൈസ്തവചിന്ത'യിലുണ്ട്. ശിഥിലമാകുന്നതും കെട്ടുറപ്പില്ലാത്തതുമായ ഒരു രാഷ്ട്രീയബദലാണ് സംഭവിക്കാന്‍ പോകുന്നതെങ്കില്‍, കോഗ്രസിന് ഇത്രത്തോളം കണ്ഠക്ഷോഭം ചെയ്യേണ്ട ഗതികേടെന്തെന്നും ലേഖനം ചോദിക്കുന്നു.

No comments: