Tuesday, April 7, 2009

എല്‍ഡിഎഫ് ഭരണമേന്മ ജനങ്ങള്‍ തിരിച്ചറിയും: വി എസ്

എല്‍ഡിഎഫ് ഭരണമേന്മ ജനങ്ങള്‍ തിരിച്ചറിയും:വി എസ്

തൃശൂര്‍/ ആലത്തൂര്‍: ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിന്റെ മേന്മ ജനങ്ങള്‍ തിരിച്ചറിയുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരള ഭരണംകൂടി വിലയിരുത്തപ്പെടണമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെടുന്നത്. അതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തോട് താരതമ്യം ചെയ്യുമ്പോഴാണ് എല്‍ഡിഎഫ് ഭരണത്തിന്റെ മഹത്വം ജനം കൂടുതല്‍ മനസ്സിലാക്കുകയെന്നും വിഎസ് ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ പ്രചാരണാര്‍ഥം തൃശൂര്‍ തെക്കേ ഗോപുരനടയിലും ആലത്തൂര്‍ മണ്ഡലത്തിലെ കിഴക്കഞ്ചേരിയിലും സംഘടിപ്പിച്ച പൊതു സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്ന വി എസ്. നാല്‍പ്പതു വര്‍ഷമായി തുടര്‍ന്ന റേഷനിങ് സമ്പ്രദായം ഇല്ലാതാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന് അര്‍ഹമായ വൈദ്യുതി വിഹിതവും കേന്ദ്രം നിര്‍ത്തലാക്കി. കേന്ദ്രം കേരളത്തോടു കാണിച്ച ഇത്തരം അവഗണനകളും തെരഞ്ഞെടുപ്പില്‍ വിഷയമാകും. പട്ടിക വിഭാഗ വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ് 700ല്‍നിന്ന് 1700 ആക്കി. ആദിവാസികളുടെയും വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെയും ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വനവാസി നിയമം ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. ആറളം ഫാമില്‍ 2700 പേര്‍ക്ക് തൊഴില്‍ നല്‍കി. ഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കും സ്ഥലവും വീടും നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നു. രണ്ടു രൂപക്ക് അരി നല്‍കുന്നു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും ഈ ഭരണത്തിലാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ വില്‍ക്കാന്‍ 500 വണ്ടികളാണ് നല്‍കിയത്. മൂന്നാറില്‍ 12,000 ഏക്കര്‍ ഭൂമി പ്രമാണിമാരില്‍നിന്ന് വീണ്ടെടുത്തു. 1600ല്‍പ്പരം പേര്‍ക്ക് ഇതില്‍നിന്നും ഭൂമി നല്‍കി. ഇനിയും ഭൂമി നല്‍കും. അനധികൃതമായി ഭൂമി കൈവശം വച്ച ആരെയെങ്കിലും തൊടാന്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ധൈര്യമുണ്ടായിട്ടുണ്ടോ എന്ന് വി എസ് ചോദിച്ചു. ദേശസ്നേഹികളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലേയും ബംഗാളിലേയും ത്രിപുരയിലേയും സര്‍ക്കാരുകള്‍ അതിന് മാതൃകയാണ്. ബിജെപിക്കും കോഗ്രസിനും ബദലായി ഇടതുപക്ഷ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഒറീസയില്‍ വര്‍ഗീയവാദികള്‍ വേട്ടയാടിയപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കിയതും ഇടതുപക്ഷ സര്‍ക്കാരാണെന്ന് വി എസ് ഓര്‍മിപ്പിച്ചു.

2 comments:

ജനശക്തി said...

ഇടതുപക്ഷ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചൊരു പോസ്റ്റ് ഇവിടെ

കടത്തുകാരന്‍/kadathukaaran said...

കേരള ഭരണവും വിലയിരുത്തപ്പെടും എന്ന് യു ഡി എഫ് നേതാക്കളുടെ പ്രസ്താവനയോടുള്ള മറുപടിയില്‍ 'വിരോദമില്ല' എന്ന അച്ചുദാനന്ദന്‍റെ മറുപടിയില്‍ എല്‍ ഡി എഫ് ഗവണ്മെന്‍റിന്‍റെ എല്ലാ ഭരണ കോട്ടങ്ങളും അടങ്ങിയിട്ടുണ്ട്, അതുകൊണ്ടാണ്‍ വീണ്ടും സദ്ദാമിന്‍റെ പ്രേതം ഇടതുമുന്നണിയെ പിന്തുടരുന്നത്...