Friday, April 10, 2009

അല്‍മായ സംഘടനകളുടെ പിന്തുണ എല്‍ഡിഎഫിന്

അല്‍മായ സംഘടനകളുടെ പിന്തുണ എല്‍ഡിഎഫിന്.

കൊച്ചി: പന്ത്രണ്ടിലേറെ അല്‍മായസംഘടനകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. സഭയെ വിറ്റ് കാശാക്കുന്ന സഭാപിതാക്കന്മാരുടെ നിലപാടിനെ ചെറുക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ വിജയത്തിന് സഹായിക്കാനും ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന അല്‍മായ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ക്രിസ്ത്യന്‍ കൌസില്‍ യോഗം തീരുമാനിച്ചു. കത്തോലിക്ക-ക്നാനായ-ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലടക്കം രാഷ്ട്രീയത്തില്‍ സഭാനേതൃത്വം പ്രത്യക്ഷമായി ഇടപെടുകയാണെന്ന് യോഗത്തിനുശേഷം കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമാണിത്. കാലങ്ങളായി സാധാരണക്കാരായ ക്രൈസ്തവര്‍ സംഭാവനയായി നല്‍കിയ സമ്പത്തിന്റെ കേന്ദ്രീകരണവും മാഫിയവല്‍ക്കരണവും വിദ്യാഭ്യാസക്കച്ചവടവുമാണ് നടക്കുന്നത്. ചില കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നെന്നു കണ്ടപ്പോള്‍ സഭാധ്യക്ഷന്മാര്‍ സര്‍ക്കാരിനെതിരായി. സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരിനെതിരെ ഇടയലേഖനം ഇറക്കി. ഇത്തരം കാര്യങ്ങളില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെടണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌസില്‍ ആവശ്യപ്പെട്ടു. കൌസില്‍ ഭാരവാഹികളായ ലാലന്‍ തരകന്‍, പ്രൊഫ. ജോസ് പാലത്തിങ്കല്‍, ആന്റോ കൊക്കാട്, കെ ഇ തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: