Wednesday, April 15, 2009

മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്കാന്‍ വോട്ടര്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത്.






മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്കാന്‍ വോട്ടര്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത്.




മലപ്പുറം ജില്ലയില്‍ ഇടതുപക്ഷതരംഗം ആഞ്ഞടിക്കുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ആവേശമാണ് ജില്ലയിലെങ്ങും തെരഞ്ഞെടുപ്പ് രംഗത്തുണ്ടായത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് എന്നും മുന്‍നിരയില്‍ നെഞ്ചുയര്‍ത്തിനിന്ന് മുന്നേറിയ പാരമ്പര്യമുള്ള ജില്ല തെരഞ്ഞെടുപ്പിലും തങ്ങളുടെ വിലപ്പെട്ട വോട്ടവകാശത്തിലൂടെ കടമ ഭംഗിയായി നിര്‍വഹിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് നമ്മുടെ നാടിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും സയണിയസത്തിന് അനുകൂലമായ നിലപാടെടുത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്തുകൂടിയാണ്. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്ന കാര്യത്തിലും ഇസ്രയേലുമായി ആയുധകരാര്‍ ഉണ്ടാക്കുന്നതിലും മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളായത് മുസ്ളിംലീഗും അതിന്റെ മന്ത്രിയായ അഹമ്മദുമാണ്. ഇസ്രയേലുമായി ആയുധകരാര്‍ ഉണ്ടാക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍, പല ഭാഗങ്ങളില്‍നിന്നും വന്ന വിമര്‍ശനങ്ങളെപ്പോലും അവഗണിച്ച് ഇപ്പോള്‍ ഇസ്രയേല്‍ ചാര ഉപഗ്രഹമായ റിസാറ്റ്-2 വിക്ഷേപിക്കാന്‍ തീയതിപോലും നിശ്ചയിച്ചിരിക്കയാണ്. മുസ്ളിം ന്യൂനപക്ഷങ്ങളുടെകൂടി താല്‍പ്പര്യത്തിനുവിരുദ്ധമായാണ് രാജ്യത്തിന്റെയും നാട്ടുകാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും താല്‍പ്പര്യം ഹനിക്കാന്‍ മുസ്ളിംലീഗ് കൂട്ടുനിന്നത്. 2004-ന്റെ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ മുസ്ളിംലീഗിന്റെ ജനവിരുദ്ധ നിലപാടിനെതിരെ പ്രബുദ്ധ വോട്ടര്‍മാര്‍ വിധിയെഴുതി. ഇത്തവണ പുതിയ മണ്ഡലമായ മലപ്പുറത്തും പൊന്നാനിയിലും അവസരം ഉപയോഗിക്കാന്‍ ജില്ലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കാത്തിരിക്കയാണ്. എന്‍ഡിഎഫുപോലുള്ള മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് നാടിന്റെ സമാധാനംതകര്‍ക്കാനാണ് മുസ്ളിംലീഗും യുഡിഎഫും ശ്രമിക്കുന്നത്. നടപടി ഹിന്ദുതീവ്രവാദ സംഘടനയായ ആര്‍എസ്എസിനും വളമേകും. യുപിഎ സര്‍ക്കാര്‍ കേരളത്തോടും പ്രത്യേകിച്ച് മലപ്പുറം ജില്ലയോടും കാണിച്ച അവഗണന നമ്മുടെ മുമ്പിലുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനങ്ങള്‍ തൊട്ടറിഞ്ഞതാണ്. മഞ്ചേരി മണ്ഡലം എംപി എന്ന നിലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ടി കെ ഹംസ ചെയ്തത്. ഇവയെല്ലാം ജനങ്ങള്‍ നേരിട്ടറിഞ്ഞു. പ്രമുഖ ചരിത്ര-മതപണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണിയാണ് പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്നത്. പുതിയ മലപ്പുറം മണ്ഡലത്തില്‍ നിലവിലുള്ള എംപിയായ ടി കെ ഹംസ വീണ്ടും ജനവിധി തേടുന്നു. ജില്ലയില്‍ വയനാട് മണ്ഡലത്തില്‍പ്പെട്ട മൂന്ന് അസംബ്ളി നിയോജകമണ്ഡലങ്ങളാണുള്ളത്. സിപിഐ ദേശീയ കൌസില്‍ അംഗമായ അഡ്വ. എം റഹ്മത്തുള്ളയാണ് ഇവിടെ മത്സരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളുടെയും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് മുന്നോട്ടുപോകുന്നത്. പരാജയഭീതി പൂണ്ട മുസ്ളിംലീഗുകാര്‍ തുടക്കംമുതലേ കുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ച് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും വോട്ടുചെയ്യിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകണം. ചരിത്രവിജയമാകും ജില്ല കേരളത്തിനും അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തിനും സമ്മാനിക്കുക.

No comments: