Wednesday, April 8, 2009

പലസ്തീന്റെ നിലവിളി

പലസ്തീന്റെ നിലവിളി..

പലസ്തീന്റെ വിശുദ്ധ മണ്ണില്‍ ചോരപ്പുഴ ഒടുങ്ങുന്നില്ല. നിസ്സഹായരായ ജനതയുടെ നിലക്കാത്ത നിലവിളി. പതിറ്റാണ്ടുകളായുള്ള സിയോണിസ്റ്റ് അടിച്ചമര്‍ത്തലില്‍ ഞെരിഞ്ഞമരുകയാണ് ആ നിലവിളി പോലും. യുദ്ധമോ ആക്രമണമോ അല്ല, ഒരു ജനതയെ ഈ ഭൂമുഖത്തു നിന്നുതന്നെ ഉന്മൂലനം ചെയ്യാനുള്ള കുടിലവും പൈശാചികവുമായ പദ്ധതി. തീതുപ്പുന്ന ബോംബുകളും ചീറിവരുന്ന ബോംബേര്‍ വിമാനങ്ങളും പലസ്തീന്റെ ആകാശങ്ങളില്‍ നിലവിളി നിറയ്ക്കുകയാണ്. പാതകളും കാടും കടന്ന് ഇരച്ചെത്തുന്ന കൂറ്റന്‍ ടാങ്കറുകള്‍. ഒരിക്കലും നിലക്കാത്ത വെടിയൊച്ച... വീടുകളും സ്ഥാപനങ്ങളും മാത്രമല്ല, ആശുപത്രികളും സ്കൂളുകളുമെല്ലാം ബോംബര്‍ വിമാനങ്ങളുടെ ലക്ഷ്യങ്ങളാകുന്നു. പലസ്തീന്റെ തെരുവുകളില്‍ ഭീതി ഒഴിയുന്നില്ല. നിരാലംബരായ ഒരു ജനതമുഴുവന്‍ ജീവനുവേണ്ടി കേഴുന്നു. എന്നാല്‍ ഇസ്രയേല്‍ ഭീകരതക്കുമുമ്പില്‍ ചതച്ചരക്കപ്പെടുന്ന പലസ്തീനിലെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും നിലവിളി ലോകം കേട്ടില്ലെന്ന് നടിക്കുന്നു. ലോകത്തെ ഏറ്റവും വലിയ തെമ്മാടി രാജ്യമാണ് ഇസ്രയേല്‍. അമേരിക്കയുടെ സ്പോസര്‍ഷിപ്പില്‍ ഈ കൊടും ഭീകരരാജ്യം എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നു. മനുഷ്യത്വവും കാരുണ്യവും ഈ സിയോണിസ്റ്റുകളുടെ രക്തത്തിലില്ല. കാട്ടുകൊള്ളക്കാര്‍പോലും മടിക്കുന്ന അതിക്രൂരതയാണ് പലസ്തീന്‍ ജനതക്കുനേരെ കാണിക്കുന്നത്. വയോധികനായ യാസര്‍ അറാഫത്തിനെ വിട്ടില്‍ ദിവസങ്ങളോളം ബന്ധിയാക്കി പട്ടിണിക്കിട്ടു. ചികിത്സയും നിഷേധിച്ചു. ഒടുവില്‍ ലോകം ആദരിച്ച അറാഫത്തിനെ ബോംബിട്ട് ഇസ്രയേല്‍സേന കൊന്നു. വെടിയേറ്റ് വേദനയില്‍ പുളയുന്ന കുട്ടിയെ നായയെ വിട്ട് കടിപ്പിച്ച് കൊല്ലുന്ന പൈശാചികതക്ക് ഈ വര്‍ഷം സാക്ഷ്യംവഹിച്ചു. ഈ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ ധനം സമാഹരിക്കുന്നത് ആയുധക്കച്ചവടത്തിലൂടെയാണ്. ഇന്ത്യ ആയുധം വാങ്ങാന്‍ നല്‍കുന്ന പതിനായിരക്കണക്കിന് കോടികള്‍ അങ്ങനെ പലസ്തീന്‍ ജനതയെ കൊന്നൊടുക്കാനുള്ള ധനസഹായമാകുന്നു. പലസ്തീന്‍ ജനതയുടെ രക്തത്തിന്റെ പാപക്കറ അതുവഴി ഇന്ത്യയുടെ മേലും പതിക്കുകയാണ്. പലസ്തീനെതിരായ ഇസ്രയേലിന്റെ അതിക്രമിത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളാണ് അവിടെ കൊല്ലപ്പെട്ടത്. അരുത് എന്ന ലോകത്തിന്റെ നിലവിളിയും ഐക്യരാഷ്ട്രസഭയുടെ വിലക്കുകളും ഇസ്രയേല്‍ -അമേരിക്കന്‍ ഹുങ്കിന് മുമ്പില്‍ വിലപ്പോയില്ല. ഇന്ത്യ ഒരുകാലത്ത് പലസ്തീന്റെ ഏറ്റവും അടുത്ത മിത്രമായിരുന്നു. പിഎല്‍ഒയെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യം ഇന്ത്യയാണ്. 88ല്‍ ഡല്‍ഹിയില്‍ പലസ്തീന്‍ എംബസി തുടങ്ങി. 75ല്‍ ഇസ്രയേലിന്റെ സിയോണിസ്റ്റ് അക്രമത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ വോട്ടുചെയ്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ന് പലസ്തീന്‍ ജനതയെ മറന്ന് കൊലയാളി രാജ്യമായ ഇസ്രയേലുമായി ശയിക്കുന്നു മന്‍മോഹന്‍സിങ്ങും പ്രണബ് മുഖര്‍ജിയും ഇ അഹമ്മദും.
റഷീദ് ആനപ്പുറം...

No comments: