Saturday, April 11, 2009

കേന്ദ്രം ചെയ്തത് ദ്രോഹംമാത്രം

കേന്ദ്രം ചെയ്തത് ദ്രോഹംമാത്രം .

കോടിയേരി ബാലകൃഷ്ണന്‍..

തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും സാധാരണക്കാരന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിച്ചെന്നും അഭിപ്രായപ്പെടുകയുണ്ടായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത പ്രചാരവേലമാത്രമാണ് ഇതെന്നു പറയേണ്ടിയിരിക്കുന്നു. ചരിത്രത്തിലൊരു കാലത്തും ഒരു കേന്ദ്രസര്‍ക്കാരും കാട്ടാത്തവിധം ശത്രുതാമനോഭാവത്തോടെയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തോട് പെരുമാറിയതെന്ന് സോണിയ ഗാന്ധിക്ക് അറിയാത്തതല്ല. റേഷനരിവിഹിതവും വൈദ്യുതിവിഹിതവും വെട്ടിക്കുറച്ച് മലയാളിയുടെ അന്നവും വെളിച്ചവും മുട്ടിച്ച സര്‍ക്കാരിന് രാഷ്ട്രീയനേതൃത്വം കൊടുത്ത സോണിയ ഗാന്ധി ഇത്തരം അവകാശവാദമുന്നയിക്കുമ്പോള്‍ ഈ സംസ്ഥാനത്തെ ജനങ്ങളുടെ മാത്രമല്ല സ്വന്തം മനഃസാക്ഷിക്കുമുന്നിലും മുഖം കുനിക്കേണ്ടിവരും. കാര്‍ഷികമേഖലയ്ക്ക് പിന്തുണ നല്‍കിയെന്ന് സോണിയ ഗാന്ധി പറയുമ്പോള്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കാര്‍ഷികമേഖലയിലെ തകര്‍ച്ചമൂലം കടംകയറി ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ ഇന്നും തോരാത്ത കണ്ണുനീര്‍ അമ്ളമഴയായി കോഗ്രസിനുമീതെ പെയ്തിറങ്ങും. ആഗോള സാമ്പത്തികമാന്ദ്യംമൂലം പ്രവാസി മലയാളികള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പ്രവാസി മലയാളികള്‍ക്കായി ഒട്ടേറെ കാര്യം ചെയ്തെന്ന് തന്റെ വടകരപ്രസംഗത്തില്‍ കോഗ്രസ് പ്രസിഡന്റ് അവകാശവാദം ഉന്നയിച്ചെങ്കിലും എന്താണ് ചെയ്തതെന്നു വെളിപ്പെടുത്തിയില്ല. കേന്ദ്രത്തില്‍ മലയാളിയായ ഒരു മന്ത്രി പ്രവാസിക്ഷേമം കൈകാര്യംചെയ്യാനുണ്ടായിട്ടും 25 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു ആശ്വാസപദ്ധതിപോലും അവതരിപ്പിച്ചില്ല. സംസ്ഥാനസര്‍ക്കാരാണ് ഈ കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപയുടെ പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമായും നാണ്യവിളകള്‍ കൃഷിചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നടപ്പാക്കാന്‍ സന്നദ്ധമായത്. ലോകമാകെ മാതൃകയായി പ്രകീര്‍ത്തിക്കപ്പെട്ട പൊതുവിതരണസമ്പ്രദായമായിരുന്നു ഇത്. എന്നാല്‍, ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാര്‍ നല്‍കിയ തീട്ടൂരമനുസരിച്ച് തീരുമാനങ്ങളെടുത്തുകൊണ്ടിരുന്ന കോഗ്രസ് സര്‍ക്കാര്‍ റേഷന്‍സമ്പ്രദായം അട്ടിമറിക്കാനും അതുവഴി പൊതുകമ്പോളത്തിലേക്ക് ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഗൂഢനീക്കം നടത്തി. കോഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ഭരിച്ച സര്‍ക്കാരുകള്‍ കുടുംബങ്ങളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുകയും തുടര്‍ന്ന് എപിഎല്‍ അരിവിഹിതം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു. സബ്സിഡിയോടെയുള്ള റേഷന് അര്‍ഹതയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ കേരളത്തില്‍ പത്തു ലക്ഷത്തോളമേയുള്ളൂ എന്ന അശാസ്ത്രീയമായ ഒരു കണക്ക് കേന്ദ്രം മുന്നോട്ടുവച്ചു. എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്റെ കണക്കനുസരിച്ച് 20 ലക്ഷത്തോളം കുടുംബമാണ് ബിപിഎല്‍ ലിസ്റില്‍. ഇത്രയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ ആഴ്ചയില്‍ 20 കിലോ അരി കിലോക്ക് മൂന്നു രൂപ തോതില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നു. പ്രതിമാസം പത്തുകോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ അതിനായിമാത്രം സബ്സിഡി നല്‍കുന്നത്. എപിഎല്‍ കാര്‍ഡുടമകള്‍ക്കായി 2007 മാര്‍ച്ചുവരെ പ്രതിമാസം 1,13,420 ട അരി കേന്ദ്രം നല്‍കിയിരുന്നു. ഏപ്രില്‍മുതല്‍ അത് 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4000 ട വീണ്ടും വെട്ടിക്കുറച്ച് 17,056 ടണ്ണാക്കി. പിന്നീട് വിഹിതം പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോഴായിരുന്നു കേന്ദ്രത്തിന്റെ കണ്ണില്‍ചോരയില്ലാത്ത ഈ സമീപനം. പ്രകൃതിദുരന്തങ്ങളിലുള്ള സഹായം, വൈദ്യുതിവിഹിതം എന്നിവയുടെ കാര്യത്തിലും കേന്ദ്രസമീപനം വ്യത്യസ്തമായിരുന്നില്ല. 2008 മാര്‍ച്ചിലും ഏപ്രിലിലും സംസ്ഥാനത്തുണ്ടായ പേമാരിയില്‍ പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. മൊത്തം 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടം. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഹെക്ടറിന് 10,000 രൂപയുടെ സഹായം നല്‍കി. വേനല്‍മഴക്കെടുതി നേരിടാന്‍ 150 കോടി രൂപയുടെ ഒന്നാംഘട്ട സഹായമഭ്യര്‍ഥിച്ച് സംസ്ഥാന റവന്യൂമന്ത്രി മാര്‍ച്ച് 25ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. ഏപ്രില്‍ 15ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി നേതൃസംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് ഏപ്രിലില്‍ കേന്ദ്ര ഉന്നതതലസംഘം മഴക്കെടുതി ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍, ഈ സംഘം ശുപാര്‍ശചെയ്തത് വെറും 46 കോടിരൂപ. അതും കണക്കില്‍ മാത്രമൊതുങ്ങി. ഒരു ചില്ലിക്കാശും തന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി അന്ന് 134.39 കോടിരൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ 50.81 കോടി രൂപമാത്രം. സൌജന്യറേഷന്‍ ഇനത്തില്‍ 9.2 കോടി രൂപ രണ്ടാമതൊരു ഗഡുവായും നല്‍കി. 74.29 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല. വൈദ്യുതിവിഹിതത്തിന്റെ കഥ എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ്ഷെഡിങ്ങും പവര്‍കട്ടും പതിവായപ്പോഴും പിടിച്ചുനില്‍ക്കുകയായിരുന്നു കേരളം. എന്നാല്‍, കാലവര്‍ഷം ചതിച്ചതോടെ സ്ഥിതി മാറി. ജൂ 27 മുതല്‍ രാത്രികാലത്ത് അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന വിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് അധികം വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതിബോര്‍ഡ് വന്‍ സാമ്പത്തികബാധ്യതയിലാണുതാനും. ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായം നല്‍കുന്നതിനുപകരം കേന്ദ്രംചെയ്തത് നമ്മുടെ വൈദ്യുതിവിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതികമ്മി ഉണ്ടായതിന് പ്രധാനമായ ഒരു കാരണം ഇതാണ്. 2007 ജനുവരിവരെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതിപദ്ധതികളില്‍നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. അത് ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണ വെട്ടിക്കുറച്ച് 1041 മെഗാവാട്ടിലെത്തിച്ചു. കഴിഞ്ഞ മെയ് മുതല്‍ വൈദ്യുതിവിഹിതത്തില്‍ വീണ്ടും ഗണ്യമായ കുറവു വരുത്തിയിരിക്കുന്നു. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ടുമാത്രം. സംസ്ഥാനത്തിനു ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലയിലും കേന്ദ്രം നമുക്ക് എന്ത് തന്നെന്ന് പരിശോധിക്കണം. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്തപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാഗ്ദാനംചെയ്ത ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെപ്പറ്റി പിന്നീട് ഒരു മിണ്ടാട്ടവുമില്ല. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടികൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. കേരളത്തിനുമാത്രമായി ഒരു പ്രത്യേക റെയില്‍വേസോ അനുവദിക്കണമെന്നത് ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, റെയില്‍വേ വികസനപദ്ധതികള്‍ക്കു സംസ്ഥാനത്തിന് അവസാന പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുപോരുന്നത്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേരളത്തെ പരിഗണിച്ചുപോലുമില്ല. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സമഗ്രമായ പാക്കേജുതന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വേമന്ത്രിയും വാഗ്ദാനംചെയ്തിരുന്നെങ്കിലും അതിന് കടകവിരുദ്ധമായ നടപടിയാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ചുരുക്കത്തില്‍ കേന്ദ്ര അവഗണനയുടെയും പീഡനത്തിന്റെയും വേദനിപ്പിക്കുന്ന അനുഭവമാണ് മലയാളിക്കുള്ളത്. അവാസ്തവങ്ങളുടെ അലങ്കാരങ്ങള്‍ ചേര്‍ത്ത് കോഗ്രസ് അധ്യക്ഷ നടത്തുന്ന പ്രചാരവേലയ്ക്ക് ഈ മുറിവ് ഉണക്കാന്‍ കഴിയില്ല.

No comments: