Saturday, April 11, 2009

പിഡിപി തെരുവുനാടകം യുഡിഎഫ് അലങ്കോലമാക്കി

പിഡിപി തെരുവുനാടകം യുഡിഎഫ് അലങ്കോലമാക്കി .

എടപ്പാള്‍: പിഡിപിയുടെ തെരുനാടകം യുഡിഎഫ് പ്രവര്‍ത്തകര്‍ അലങ്കോലമാക്കി. പ്രതിരോധമന്ത്രി എ കെ ആന്റണിക്കായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് പ്രശ്നമുണ്ടാക്കിയത്. യുഡിഎഫുകാരുടെ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളിക്ക് പരിക്കേറ്റു. ആന്റണിയുടെ സ്വീകരണത്തിനുശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് വീണ്ടും സംഘര്‍ഷമുണ്ടാക്കി. വെള്ളിയാഴ്ച പകല്‍ 1.25ന് എടപ്പാള്‍ ചുങ്കത്താണ് സംഭവം. സത്യമേവജയതേയുടെ ഭാഗമായ തെരുവുനാടകം നടക്കുമ്പോള്‍ യുഡിഎഫ് വേദിയില്‍നിന്ന് ഉച്ചത്തില്‍ പാട്ടുവച്ചു. രണ്ടുമണിമുതലായിരുന്നു യുഡിഎഫിന് മൈക്ക് പെര്‍മിഷന്‍. മനഃപൂര്‍വം പ്രശ്നം സൃഷ്ടിച്ചതിനെ ചോദ്യംചെയ്ത പിഡിപി പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച ട്രാഫിക്കിലുണ്ടായിരുന്ന പൊലീസ് കോസ്റ്റബിളിന് നേരെയും യുഡിഎഫ് പ്രവര്‍ത്തകര്‍ തട്ടിക്കയറി. ഇതിനിടെ സംഭവം എന്താണെന്നറിയാന്‍ ശ്രമിച്ച എടപ്പാളിലെ സിഐടിയു തൊഴിലാളി സുധീറിനാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സുധീറിനെ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുകണ്ട് ഓടിയെത്തിയ മറ്റ് സിഐടിയു പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമം നടന്നു. ആന്റണിയുടെ പ്രസംഗം കഴിഞ്ഞ ഉടന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. വൈകിട്ട് വരെ എടപ്പാളില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. വേദിയില്‍നിന്നും പ്രകോപനപരമായ പ്രസംഗം നടന്നു. ഏറെനേരം ഗതാഗതതടസ്സം സൃഷ്ടിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോയി.

No comments: