Thursday, April 9, 2009

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മാധ്യമ അജന്‍ഡ: പാലോളി

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മാധ്യമ അജന്‍ഡ: പാലോളി

പെരിന്തല്‍മണ്ണ: ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ അജന്‍ഡവച്ച് ശ്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി ഇപ്പോള്‍ ആകാശത്തുനിന്ന് പൊട്ടിവീണതുപോലെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. മുമ്പ് യുഡിഎഫ് നേതാക്കള്‍ കാലുപിടിച്ച് വോട്ടുനേടുമ്പോള്‍ മഅ്ദനി ജയിലിലായിരുന്നു. പിന്നീട് സുപ്രിംകോടതി അദ്ദേഹത്തെ കുറ്റവിമുക്തമാക്കി. ഇപ്പോള്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നതിക്ക് ഇടതുപക്ഷ മതനിരപേക്ഷ കക്ഷികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഗുണകരമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിലപാടെടുത്തുവെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. മുമ്പുണ്ടായിരുന്ന ചില തീവ്രനിലപാടുകള്‍ ഉപേക്ഷിച്ചുവെന്നും മഅ്ദനി വ്യക്തമാക്കി. എല്‍ഡിഎഫ് അഭ്യര്‍ഥിക്കാതെയാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചത്. ഇതാണ് മാധ്യമങ്ങള്‍ക്ക് സഹിക്കാത്തത്. കഴിഞ്ഞ ദിവസം പുത്തനത്താണിയിലുണ്ടായത് ഇത്തരം സംഭവമാണ്. പൊതുയോഗസ്ഥലത്ത് വച്ചുതന്നെ പച്ചക്കള്ളം വിളിച്ചു പറഞ്ഞപ്പോഴാണ് ജനം ക്ഷോഭിച്ചത്. ഇങ്ങനെ യുഡിഎഫിനുവേണ്ടി നുണ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം പ്രചാരണങ്ങള്‍കൊണ്ടൊന്നും ഇടതുപക്ഷ പ്രസ്ഥാനം തകരില്ല. മാധ്യമ വാറോലയിലല്ല, ജനങ്ങളുടെ പിന്തുണയിലാണ് പ്രസ്ഥാനം വളര്‍ന്നതെന്ന് ഓര്‍മിക്കണമെന്നും പാലോളി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ ഉമ്മര്‍മാസ്റ്റര്‍ അധ്യക്ഷനായി. സി കെ അബ്ദുള്‍ അസീസ്, എം എ അജയകുമാര്‍, എന്‍ കെ ഹംസ, കെ എസ് ചാക്കോ, എ രാമുണ്ണിക്കുട്ടി, പാറക്കോട്ടില്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു. വി ശശികുമാര്‍ സ്വാഗതവും മേലാറ്റൂര്‍ പത്മനാഭന്‍ നന്ദിയും പറഞ്ഞു.

No comments: