Monday, April 13, 2009

വിജയക്കുതിപ്പില്‍ എല്‍ഡിഎഫ്

വിജയക്കുതിപ്പില്‍ എല്‍ഡിഎഫ് .

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങാനിരിക്കെ സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല തരംഗം.ചരിത്രവിജയത്തിലേക്ക് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ കടുത്ത ആശങ്കയില്‍. പ്രധാനമന്ത്രിയെ വരെ കൊണ്ടുവന്നിട്ടും യുഡിഎഫ് സംഘടനാസംവിധാനം ചലിപ്പിക്കാനായില്ല. എന്‍ഡിഎഫുമായുള്ള കൂട്ട് യുഡിഎഫിനൊപ്പം നില്‍ക്കുന്ന വിവിധവിഭാഗങ്ങളില്‍ പ്രതിഷേധവും ഉല്‍ക്കണ്ഠയും ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തനം തീര്‍ത്തും മോശമെന്നു വിലയിരുത്തിയാണ് നാല് സീറ്റിലേ വിജയപ്രതീക്ഷയുള്ളൂ എന്ന് എഐസിസി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടയച്ചത്. എല്‍ഡിഎഫിന്റെ ബഹുജനാടിത്തറ കൂടുതല്‍ ശക്തമായതിനൊപ്പം ന്യൂനപക്ഷവിഭാഗങ്ങളുടെ വര്‍ധിച്ച പിന്തുണയും ആവേശം പകരുന്നു. ക്രൈസ്തവവിശ്വാസികളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാനുളള കള്ളപ്രചാരണങ്ങള്‍ക്ക് വിപരീതഫലമാണുണ്ടായത്. ഇടതുപക്ഷത്തിനേ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയൂ എന്ന കാഴ്ചപ്പാട് വിവിധ സംസ്ഥാനങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ ശക്തിപ്പെട്ടു. മുസ്ലിം സംഘടനകള്‍ ഒന്നടങ്കം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ എല്‍ഡിഎഫിനെതിരെന്നു വരെ പ്രചരിപ്പിച്ചെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കി ഇടതുപക്ഷവിജയത്തിന് ഉറച്ചുനില്‍ക്കുന്നു. നായര്‍ സമുദായമാകെ എതിരായെന്ന് പ്രചരിപ്പിച്ചത്, സമദൂരസിദ്ധാന്തത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയതോടെ പൊളിഞ്ഞു. എസ്എന്‍ഡിപിയും എല്‍ഡിഎഫിന്റെ വിജയം ലക്ഷ്യമാക്കുന്നതായി പ്രഖ്യാപിച്ചു. സംഘടനാസംവിധാനമില്ലാതെ എന്തിന് മത്സരിക്കുന്നു എന്ന് കോഗ്രസ് സ്ഥാനാര്‍ഥികള്‍ ചോദിക്കാന്‍ തുടങ്ങി. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കെതിരെയാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. തന്റെ കൂടെ നില്‍ക്കുന്ന കോഗ്രസുകാര്‍ മനഃസാക്ഷിയനുസരിച്ച് വോട്ടുചെയ്യുമെന്ന കെ കരുണാകരന്റെ പ്രഖ്യാപനം തകര്‍ച്ചയിലേക്ക് നീങ്ങുന്ന യുഡിഎഫിന് ഇടിത്തീയായി. വയനാട്ടില്‍ കെ മുരളീധരന്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് കരുണാകരന്റെ മനഃസാക്ഷി വോട്ട് പ്രഖ്യാപനം. എന്നാല്‍സംസ്ഥാനത്താകെയുള്ള അനുയായികള്‍ക്ക് വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഇതിനു കരുണാകരന്റെ വിശ്വസ്തന്‍ പീതാംബരക്കുറുപ്പിന് കൊല്ലത്ത് തിരിച്ചടി കിട്ടിയേക്കും. താഴേത്തട്ടില്‍ ആവേശമില്ലെന്ന കരുണാകരന്റെ കുറ്റപ്പെടുത്തലിനുപിന്നാലെ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയും പരാതിപ്പെട്ടു. ആന്റണിയെ കൊണ്ടുവന്നത് വിനയായി എന്ന ചിന്തയിലാണ് സംസ്ഥാന നേതൃത്വം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായുള്ള പോരും മുറുകി. തമ്മിലടിയും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അസംതൃപ്തിയും അടിയൊഴുക്കുകളും യുഡിഎഫിന്റെ എല്ലാമോഹവും തകര്‍ത്തു. ഘടകകക്ഷികള്‍ വിട്ടുനില്‍ക്കുന്നു. സിഎംപിയും ജെഎസ്എസും രംഗത്തില്ല. കേരളകോഗ്രസ് നേതാവ് കെ എം മാണി മകന്റെ പിന്നില്‍നിന്ന് മാറുന്നില്ല. മറ്റൊരു മണ്ഡലത്തിലേക്കും മാണി തിരിഞ്ഞുനോക്കിയില്ല. മുസ്ളിംലീഗ് നേതാക്കള്‍ മലപ്പുറം ജില്ലയില്‍ നിന്ന് പുറത്തുകടക്കുന്നില്ല. എല്‍ഡിഎഫിന്റെ വിജയത്തിനു തിളക്കംകൂട്ടാന്‍ വിശ്രമമില്ലാതെ പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വീരേന്ദ്രകുമാറിന്റെ തുരപ്പന്‍പണി വിലപ്പോയില്ല. ജനതാദള്‍ പ്രവര്‍ത്തകരും നേതാക്കളും എല്‍ഡിഎഫ് വിജയത്തിന് തോളൊത്തുനില്‍ക്കുന്നു. യുഡിഎഫിന്റെ ദയനീയാവസ്ഥയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ കൊണ്ടുവന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പരിഹാസ്യമായി.

No comments: