Tuesday, April 7, 2009

വോട്ട് വേണമെങ്കില്‍ സീറ്റ് വേണം എന്‍ഡിഎഫ് . സീറ്റ് തരാം വോട്ട് തരൂ...മുസ്ലിം ലീഗ് , കോണ്‍ഗ്രസ്സ്.

വോട്ട് വേണമെങ്കില്‍ സീറ്റ് വേണം എന്‍ഡിഎഫ് . സീറ്റ് തരാം വോട്ട് തരൂ...മുസ്ലിം ലീഗ് , കോണ്‍ഗ്രസ്സ്.മലപ്പുറത്ത് മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തു.
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്താണ് മതഭീകരസംഘടനയായ എന്‍ഡിഎഫ് (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) പിന്തുണ യുഡിഎഫ് ഉറപ്പാക്കിയത്. മൂന്ന് നിയമസഭാസീറ്റാണ് വാഗ്ദാനം. കോഴിക്കോട്ട് കഴിഞ്ഞ ആഴ്ചയും മാര്‍ച്ച് അവസാനവാരത്തിലുമായി കോഗ്രസ്-മുസ്ളിംലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ കൂടിയാലോചനയിലാണ് ധാരണ രൂപപ്പെട്ടത്. കൂടിയാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എന്‍ഡിഎഫ് നേതാവ് പറഞ്ഞു. യുഡിഎഫിനു കിട്ടുന്ന വോട്ട് നഷ്ടമാക്കാനുള്ള പ്രചാരണമെന്നാണ് ലീഗ് സംസ്ഥാന ഭാരവാഹി ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ചര്‍ച്ച നടന്ന കാര്യം ലീഗ് നേതാവ് നിഷേധിച്ചില്ല. മൂന്നു വിഷയത്തിലാണ് ചര്‍ച്ചയില്‍ പ്രാഥമിക ധാരണയുണ്ടായത്. നിയമസഭാസീറ്റ്, ഭരണത്തില്‍ വന്നാല്‍ അര്‍ഹമായ പ്രാതിനിധ്യം, സിപിഐ എമ്മും മറ്റും നടത്തുന്ന പ്രചാരണങ്ങള്‍ നേരിടാന്‍ പിന്തുണ എന്നിവ സംബന്ധിച്ചാണ് ഇത്. മലപ്പുറം ജില്ലയില്‍ മൂന്ന് സുരക്ഷിത സീറ്റാണ് എന്‍ഡിഎഫിന് നല്‍കുക. എതിര്‍പ്പ് വരികയാണെങ്കില്‍ ലീഗിനുള്ളിലെ എന്‍ഡിഎഫ് വിശ്വസ്തരെ മത്സരിപ്പിക്കും. ഒരു മാധ്യമ പ്രവര്‍ത്തകന്‍, അടുത്തകാലത്ത് എന്‍ഡിഎഫ് പോഷകസംഘടനയായ വിമന്‍സ് ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധയാകര്‍ഷിച്ച വനിതാ ലീഗ് ഭാരവാഹി എന്നിങ്ങനെ സ്ഥാനാര്‍ഥികളെയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ചര്‍ച്ച. മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് കേന്ദ്രമായ ഗ്രീന്‍വാലിയുള്‍പ്പെടുന്ന മഞ്ചേരി, തിരൂര്‍, കൊണ്ടോട്ടി സീറ്റാണ് എന്‍ഡിഎഫിന് കൈമാറുക. പുനര്‍വിഭജനപ്രകാരം മലപ്പുറത്ത് 17 നിയമസഭാ മണ്ഡലമുണ്ട്്. ഇതില്‍ കോഗ്രസിന് മൂന്നിനാണ് അര്‍ഹത. ബാക്കി ലീഗിന്റെ ക്വോട്ടയില്‍ കിട്ടുന്ന 14 സീറ്റില്‍നിന്നാണ് എന്‍ഡിഎഫിന് മാറ്റിവയ്ക്കുക. ലീഗില്‍ എന്‍ഡിഎഫുകാര്‍ അംഗമായി തുടരുന്നതിനുള്ള വിലക്ക് മാറ്റാമെന്നതാണ് മറ്റൊരു ധാരണ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും യൂത്ത്ലീഗ് ഉയര്‍ത്തിയ എതിര്‍പ്പും മാനിച്ച് ഇരട്ട അംഗത്വം തടയാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. തീവ്രവാദ സംഘടനയെന്ന് ആക്ഷേപിക്കരുത്, സാംസ്കാരിക പ്രസ്ഥാനമായി അംഗീകരിക്കണം, യുഡിഎഫ് ഭരണം വന്നാല്‍ മറ്റ് മുസ്ളിംസംഘടനകള്‍ക്കുള്ള പരിഗണനയും പ്രാധാന്യവും അനുവദിക്കണം എന്നിവയായിരുന്നു ചര്‍ച്ചയില്‍ എന്‍ഡിഎഫിന്റെ ആവശ്യങ്ങള്‍. ഇതിലൊന്നും തര്‍ക്കമില്ലെന്നായിരുന്നു ലീഗ്-കോഗ്രസ് നിലപാട്. കോഴിക്കോട്ട് നടന്ന ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് യുഡിഎഫിനുവേണ്ടി പങ്കാളികളായത്. എന്‍ഡിഎഫിന്റെ വിശ്വസ്തനായ ഒരു കോഗ്രസ് സ്ഥാനാര്‍ഥിയും പങ്കെടുത്തു. ഇദ്ദേഹം നേരത്തെ എന്‍ഡിഎഫിനായി പ്രചാരവേല നടത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വിരുന്നു സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് എന്‍ഡിഎഫിന്റെ പരസ്യരംഗപ്രവേശവും പിന്തുണയും തീരുമാനമായത്.

No comments: