Sunday, April 5, 2009

വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല

വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല
പിണറായി വിജയന്‍

വര്‍ഗീയതയെ എതിര്‍ക്കുന്നത് ആരാണ് എന്ന ചോദ്യം കഴിഞ്ഞ കുറെദിവസമായി കേരളത്തിലെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തുകയാണ്. യുഡിഎഫ്നേതൃത്വമാകട്ടെ, ഇടതുപക്ഷ ജനാധിപത്യമുന്നണി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നു. അബ്ദുള്‍ നാസര്‍ മഅ്ദനി നയിക്കുന്ന പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനാണ് എന്ന് വ്യക്തമായതോടെയാണ് ഇത്തരത്തിലുള്ള പ്രചണ്ഡമായ പ്രചാരണം ആരംഭിച്ചത്. ഇതേ പിഡിപിയുടെ പിന്തുണ 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, യുഡിഎഫിനായിരുന്നു. അന്ന് രണ്ടുകൈയും നീട്ടി അത് സ്വീകരിക്കാന്‍ യുഡിഎഫിന് ഒരുതരത്തിലുള്ള വിഷമവുമുണ്ടായില്ല. അങ്ങനെ സ്വീകരിക്കുന്നതില്‍ വര്‍ഗീയ-ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ അപകടം കണ്ടെത്താന്‍ ഇന്ന് വര്‍ഗീയവിരുദ്ധ നാട്യവുമായി രംഗത്തെത്തുന്ന യുഡിഎഫിനും അനുകൂല മാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചത് ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലല്ല. അങ്ങനെ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നിലപാടില്‍ വെള്ളം ചേര്‍ക്കാനോ ഏതെങ്കിലും തരത്തിലുള്ള പുതിയ രാഷ്ട്രീയസഖ്യത്തില്‍ ഏര്‍പ്പെടാനോ എല്‍ഡിഎഫ് തയ്യാറായിട്ടുമില്ല. എന്നു മാത്രമല്ല, അബ്ദുള്‍ നാസര്‍ മഅ്ദനി, പരസ്യമായി തീവ്രവാദത്തെ തള്ളിപ്പറയുകയും അത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നീക്കവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ബഹുജനസമക്ഷം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയായിട്ടും പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടാന്‍ പാടില്ല; അഥവാ കിട്ടിയാലും അത് എല്‍ഡിഎഫ് സ്വീകരിക്കാന്‍ പാടില്ല; സ്വീകരിക്കുകയാണെങ്കില്‍ അത് എല്‍ഡിഎഫിന് ഗുണംചെയ്യാന്‍ പാടില്ല എന്ന വാശിയോടെയുള്ള പ്രചാരണമാണ് അരങ്ങേറുന്നത്. ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ സംഘടിതമായി നടക്കുന്ന മാധ്യമ ആക്രമണങ്ങള്‍ കണ്ട് അമ്പരക്കുന്ന ചിലരെങ്കിലുമുണ്ടാകും. ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവരുമുണ്ടാകും. ഇത്തരം സംഘടിതമായ കടന്നാക്രമണങ്ങളെ നേരിട്ടും മറികടന്നുമാണ് എല്‍ഡിഎഫും അതിനെ നയിക്കുന്ന പ്രസ്ഥാനവും കേരളത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണ ആര്‍ജിച്ചതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ. യുഡിഎഫിന്റെ വര്‍ഗീയകൂട്ടുകെട്ട് കണ്ട് ഇന്ന് ചില പ്രവചനങ്ങളുമായി രംഗത്തുവരുന്നവരുണ്ട്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതേ പ്രവചനങ്ങള്‍ നാം കേട്ടിരുന്നു. അവസാനം വോട്ടെണ്ണിയപ്പോള്‍ 18 സീറ്റിലും എല്‍ഡിഎഫ് ജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശിഥിലീകരിക്കപ്പെട്ടെന്നുവരെ പ്രചരിപ്പിച്ചവരുണ്ട്. 140ല്‍ 98 സീറ്റിലും വിജയംവരിച്ച് മുന്നണി ജനപിന്തുണ തെളിയിച്ചപ്പോഴാണ് അത്തരം പ്രചാരണങ്ങള്‍ക്ക് അന്ത്യമായത്. രാഷ്ട്രീയവിഷയങ്ങള്‍ അവതരിപ്പിച്ച്, അതില്‍ എടുക്കുന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സമീപിക്കാന്‍ കഴിവില്ലാത്തവര്‍ സ്വീകരിക്കുന്നതാണ് നുണപ്രചാരണത്തിന്റെയും കുതന്ത്രങ്ങളുടെയും കുറുക്കുവഴി. എല്‍ഡിഎഫിന് വര്‍ഗീയതയുമായി ഒരുതരത്തിലുമുള്ള സന്ധിയുമില്ല. ഏതുതരത്തിലുള്ള വര്‍ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്ത പാരമ്പര്യമാണ് ഈ മുന്നണിയുടേത്. വര്‍ഗീയ ശക്തികളുടെ ഔദാര്യവും സഹായവും ഞങ്ങള്‍ക്കാവശ്യമില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് കറപുരളാത്ത മതനിരപേക്ഷനിലപാടിന്റെ ബലത്തിലാണ്. അതുകൊണ്ടുതന്നെയാണ്, വര്‍ഗീയതയുടെ മൂര്‍ത്തരൂപമായ ആര്‍എസ്എസിനെയും അതിന്റെ മറ്റൊരു പതിപ്പായ എന്‍ഡിഎഫിനെയും എന്തുവില കൊടുത്തും എതിര്‍ക്കാനുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. അത്തരം നിലപാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ കുറെ വോട്ടോ അധികം കിട്ടാവുന്ന സീറ്റോ അല്ല, ഈ നാടിന്റെയും ജനങ്ങളുടെയും രക്ഷയാണ് എല്‍ഡിഎഫിനു മുന്നിലുള്ള അജന്‍ഡ. ഇപ്പോള്‍ യുഡിഎഫിന് എന്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ വര്‍ഗീയതയുടെ അംശം കാണാത്തവരുണ്ട്. രാഷ്ട്രീയതിമിരം ബാധിച്ച അത്തരക്കാരെ അവഗണിക്കുകയാണ്. ആര്‍എസ്എസിന്റെ മറുപതിപ്പായ ഭീകരസംഘടനയാണ് എന്‍ഡിഎഫ് എന്ന് ആ സംഘടനയുടെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളീയരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അവരുടെ പിന്തുണയും സഹായവും നാടിന് ആപത്താണ്. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം യുഡിഎഫ് എന്നും പിന്തുടര്‍ന്നിട്ടുണ്ട്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തി യതിന്റെ ലജ്ജാകരമായ കഥകള്‍ സംശയരഹിതമായി പുറത്തുവന്നിട്ടുള്ളതാണ്. അതിന്റെ ഫലമായി ബിജെപി ശിഥിലീകരണത്തിലേക്ക് നീങ്ങുകയും മനംമടുത്ത അനേകമാളുകള്‍ ആ പാര്‍ടിയെ ഉപേക്ഷിച്ച് മതനിരപേക്ഷ ചേരിയിലേക്കു കടന്നുവരികയും ചെയ്തു. വിരുദ്ധസ്വഭാവമുള്ള വര്‍ഗീയതകളെ ഒരേസമയം ഇരുവശത്തും നിര്‍ത്താന്‍ മടിയില്ലെന്ന് യുഡിഎഫ് തെളിയിച്ചതിന്റെ ഉദാഹരണമാണ് കുപ്രസിദ്ധ 'കോ-ലീ-ബി' സഖ്യം. ഏത് വര്‍ഗീയശക്തിക്കും സമീപിക്കാനും സഖ്യം കൂടാനുമുള്ള ഒന്നാണ് കോഗ്രസും ആ പാര്‍ടി നയിക്കുന്ന യുഡിഎഫും. ഇന്ന് ഇടതുപക്ഷമാണ് ശത്രു എന്ന് എന്‍ഡിഎഫ് പറയുന്നു. അത് ഇടതുപക്ഷനിലപാടിനുള്ള അംഗീകാരമാണ്- വര്‍ഗീയതയ്ക്കെതിരായ സന്ധിയില്ലായ്മയ്ക്കുള്ള അംഗീകാരം. എന്‍ഡിഎഫോ ആര്‍എസ്എസോ ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും തെറ്റുപറ്റിയോ എന്ന് പരിശോധിക്കേണ്ടിവരിക. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്നും മുന്നണി നേതൃത്വംനല്‍കുന്ന സര്‍ക്കാരില്‍നിന്നും ഒരു സൌജന്യവും വര്‍ഗീയശക്തികള്‍ക്ക് ലഭിക്കില്ല. അതുകൊണ്ട്, എത്ര കടുത്ത വര്‍ഗീയശക്തികളെയും കൂട്ടുപിടിച്ച് കോഗ്രസും ലീഗും എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വന്നാലും ഞങ്ങളതിനെ ഭയപ്പെടുന്നില്ല. രാജ്യത്തെ അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറവയ്ക്കുകയും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും കൂട്ടക്കുരുതികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന ധര്‍മമാണ് അമേരിക്കന്‍ വിധേയത്വത്തിലൂടെ കോഗ്രസ് സ്വീകരിക്കുന്നത്. അതേ കൂട്ടര്‍തന്നെ, ഇപ്പോള്‍ എന്‍ഡിഎഫിനെ കൂടെ നിര്‍ത്തുന്നു. അതോടെ എന്‍ഡിഎഫ് പറഞ്ഞുനടന്ന സാമ്രാജ്യവിരുദ്ധ നിലപാട് മാറ്റിവയ്ക്കപ്പെടുന്നു. ഇത്തരം അവസരവാദികള്‍ക്ക് യോജിക്കാന്‍ പറ്റുന്ന ഇടം യുഡിഎഫ് മാത്രമാണ്. ഇന്നുവരെ, എന്‍ഡിഎഫ് വര്‍ഗീയതയെ തള്ളിപ്പറഞ്ഞതായോ നടത്തിയ കൊടുംപാതകങ്ങളില്‍ പശ്ചാത്തപിച്ചതായോ ആരും കേട്ടിട്ടില്ല. ആര്‍എസ്എസും അങ്ങനെതന്നെ. അത്തരം ശക്തികളെയും അവയെ തുണയ്ക്കുന്ന യുഡിഎഫിനെയും സര്‍വശക്തിയും ആര്‍ജിച്ച് എതിര്‍ക്കുകയാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ആ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനെയും ഇടതുപക്ഷം കാര്യമാക്കുന്നില്ല.

1 comment:

ഗള്‍ഫ് വോയ്‌സ് said...