Wednesday, April 1, 2009

മലപ്പുറത്തിന്റെ മനസ്സ് തൊട്ട് ഹംസക്ക

മലപ്പുറത്തിന്റെ മനസ്സ് തൊട്ട് ഹംസക്ക


മലപ്പുറം: ഹംസക്കയ്ക്ക് ഇത് പരിചയം പുതുക്കലാണ്. നാട്ടുകാരുടെ സ്നേഹം പങ്കിട്ട്, കുശലം പറഞ്ഞ്, ഒരു സൌഹൃദ സന്ദര്‍ശനം. സ്ഥാനാര്‍ഥി പര്യടനമെന്ന ഔപചാരികതയോ അകല്‍ച്ചയോ ഇല്ല. മലപ്പുറത്തുകാരുടെ ഹൃദയം തൊട്ടറിഞ്ഞ,് നാട്യങ്ങളില്ലാതെ നാട്ടുകാരുടെ സ്വന്തം ഹംസക്ക. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണ പര്യടനം മലപ്പുറത്തുകാരുടെ മനസ്സിലൂടെയാണ്. കെട്ടുകാഴ്ചകളോ, ആര്‍ഭാടങ്ങളോ, കോലാഹലങ്ങളോ ഇല്ല. നാട്ടുകാര്‍ക്ക് കുടുംബാംഗത്തെപോലെയാണ് ഹംസക്ക. നിറഞ്ഞ സ്നേഹത്തോടെ അദ്ദേഹത്തെ സ്വീകരിക്കാനെത്തുന്നു. വാക്കുകള്‍ ശ്രദ്ധിക്കുന്നു. മലപ്പുറത്തുകാര്‍ക്ക് ഹംസക്കയെ അറിയാം. ഹംസക്കക്ക് മലപ്പുറത്തുകാരെയും. 'ഞാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ഇവിടെ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എംപിയെന്ന നിലയില്‍ ജനങ്ങളോട് കാണിക്കേണ്ട കടമ നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്ന ഉത്തമബോധ്യമുണ്ട്'- കേള്‍വിക്കാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വാക്കുകള്‍. 'ജയിച്ചുപോയാല്‍ കാണാന്‍ കിട്ടാത്തവരായിരുന്നു മലപ്പുറം ജില്ലയില്‍ മുമ്പുണ്ടായിരുന്ന എംപിമാര്‍. എന്നാല്‍ ഞാന്‍ എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ആവശ്യങ്ങളും സഹായാഭ്യര്‍ഥനയുമായി വന്ന ആരെയും നിരാശപ്പെടുത്തിയിട്ടില്ല. നാടിന്റെ എന്ത് ആവശ്യത്തിനും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും'-ഹംസക്കയുടെ ഉറപ്പില്‍ സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടുന്ന ജനാവലിക്ക് വിശ്വാസമുണ്ട്. ജനങ്ങള്‍ അര്‍പ്പിക്കുന്ന ഈ വിശ്വാസമാണ് മലപ്പുറം മണ്ഡലത്തില്‍ ജയിക്കുമെന്ന തന്റെ ആത്മവിശ്വാസത്തിന് നിദാനമെന്ന് ടി കെ ഹംസ പറയുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് പുല്‍പ്പറ്റ പഞ്ചായത്തിലെ കാരാപറമ്പില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മൊറയൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍ പഞ്ചായത്തുകളിലെയും മലപ്പുറം നഗരസഭയിലെയും കേന്ദ്രങ്ങളിലാണ് ടി കെ ഹംസ പര്യടനം നടത്തിയത്. മുസ്ളിംലീഗിന്റെ ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന പ്രദേശങ്ങളിലായിരുന്നു ബുധനാഴ്ചത്തെ പര്യടനം. മുസ്ളിംസ്ത്രീകളും കാരണവന്‍മാരും യുവാക്കളുമടക്കം നൂറുകണക്കിനാളുകളാണ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ കാണാനൊത്തുകൂടിയത്. വാല്‍പറമ്പ്, മുതവത്ത്പറമ്പ്, ചെമ്മങ്കടവ് എന്നിവിടങ്ങളില്‍ വിപുലമായ കുടുംബ സംഗമം പോലെ സ്വീകരണ പരിപാടി മാറി. സ്ത്രീകളും കുട്ടികളുമടക്കമുള്ള സദസ്സാണ് ഇവിടെയെല്ലാം സ്ഥാനാര്‍ഥിയെ വരവേറ്റത്. മുതുവത്ത് പറമ്പില്‍ മണ്ണിശ്ശേരി അബൂട്ടിയുടെ വീട്ടുമുറ്റത്തെ പന്തലിലാണ് സ്വീകരണ പരിപാടി ഒരുക്കിയത്. പ്രായമായ മുസ്ളിംസ്ത്രീകളടക്കമുള്ള വലിയ സദസ്സ്. സ്ഥാനാര്‍ഥിക്കുമുമ്പ് മറ്റ് പ്രസംഗകര്‍ രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കുന്നു. മുസ്ളിംലീഗും കോഗ്രസുമടങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ അമേരിക്കന്‍-ഇസ്രയേല്‍ അനുകൂല നിലപാടുകളും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതാണ് പ്രസംഗങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നടപടികള്‍ അക്കമിട്ട് അവതരിപ്പിക്കുന്നു. ആണവകരാറും അമേരിക്കന്‍ വിധേയത്വവുമെല്ലാം വിശദീകരിക്കുന്നതിലൂടെ ലീഗിന്റെയും കോഗ്രസിന്റെയും കാപട്യം ജനങ്ങള്‍ക്ക് മുമ്പാകെ തുറന്നുകാട്ടുന്നു. തങ്ങളുടെ ജീവിതാനുഭവങ്ങളെ തൊട്ട് പ്രസംഗകര്‍ കാര്യങ്ങള്‍ പറയുമ്പോള്‍ സദസ്സ് തലകുലുക്കി അവയെ പിന്താങ്ങുന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ ഹ്രസ്വമായ പ്രസംഗം. വോട്ട് അഭ്യര്‍ഥിച്ച് കൈകൊടുത്ത്, കുശലം പറഞ്ഞ് അടുത്ത കേന്ദ്രത്തിലേക്ക്. കെ ഹംസ, പി മുഹമ്മദലി, എ എ നാസര്‍, സി പി സഹീര്‍, അഡ്വ. ശംസുദ്ദീന്‍, അലവി കക്കാടന്‍, കെ പി അനില്‍, അഡ്വ. കെ പി സുമതി, വി പി അനില്‍കുമാര്‍, കെ ടി അലവിക്കുട്ടി, കെ മജ്നു, എം ഫൌസിയ, പാലോളി കുഞ്ഞിമുഹമ്മദ് തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

No comments: