Tuesday, March 24, 2009

നയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാം ബദല്‍: ഇടതുപാര്‍ടികള്‍

നയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാം ബദല്‍: ഇടതുപാര്‍ടികള്‍

ന്യൂഡല്‍ഹി: നാല് ഇടതുപക്ഷ പാര്‍ടികളുടെ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇടതുപക്ഷത്തിന്റേതായ ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയെന്നും ഇടതുപക്ഷ നേതാക്കള്‍ വ്യക്തമാക്കി. നാല് ഇടതുപക്ഷ പാര്‍ടികളുടെ ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് കാരാട്ട് (സിപിഐഎം), എ ബി ബര്‍ദന്‍ (സിപിഐ), ദേവബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ളോക്ക്), പ്രഫ. ടി ജെ ചന്ദ്രചൂഡന്‍ (ആര്‍എസ്പി) എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. മതനിരപേക്ഷത ജനപ്രകാരമായ സാമ്പത്തിക നയങ്ങള്‍, ഭക്ഷ്യസുരക്ഷ, വ്യവസായ വല്‍ക്കരണം, ധനമേഖലാ നിയന്ത്രണം, സാമൂഹ്യനീതി, സ്വതന്ത്രി വിദേശനയം തുടങ്ങിയവയാണ് മുഖ്യമായും മൂന്നാം ബദലിനായി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന നയങ്ങള്‍. ഇടതുപക്ഷം ക്രിയാത്മകമായിട്ടില്ല പ്രവര്‍ത്തിക്കുന്നതെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആക്ഷേപത്തെക്കുറിച്ച്, കോഗ്രസിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നതിനെയാണ് മന്‍മോഹന്‍സിങ്ങ് ഉദ്ദേശിക്കുന്നതെങ്കില്‍ തുടര്‍ന്നും തങ്ങള്‍ അങ്ങനെതന്നെ ചെയ്യുമെന്നും കാരാട്ടും ബര്‍ദനും പറഞ്ഞു. പെന്‍ഷന്‍കാരെയും പിഎഫ് ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനാണ് ആ നിലപാട് എടുക്കുന്നത്. ബാങ്ക് സ്വകാര്യ വല്‍ക്കരണത്തെ എതിര്‍ക്കുന്നതും അതുകൊണ്ടാണ്. കേരളത്തില്‍ പിഡിപി എല്‍ഡിഎഫിന്റെ ഭാഗമല്ലെന്ന് കാരാട്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്നേയുള്ളു.

No comments: