Thursday, March 19, 2009

കുറ്റിപ്പുറം ആവര്‍ത്തിക്കാന്‍ കോട്ടക്കല്‍

കുറ്റിപ്പുറം ആവര്‍ത്തിക്കാന്‍ കോട്ടക്കല്‍

വളാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുപക്ഷ വിജയത്തിന്റെ തനിയാവര്‍ത്തനത്തിനൊരുങ്ങുകയാണ് കോട്ടക്കല്‍ മണ്ഡലം. മുസ്ളിംലീഗിന്റെ കുത്തകക്ക് അവസാനംകുറിച്ച കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെട്ട കോട്ടക്കല്‍ ഇത്തവണ പൊന്നാനി ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് വിജയത്തിന് കനത്ത സംഭാവന നല്‍കും. കുറ്റിപ്പുറം, വളാഞ്ചേരി, ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, കോട്ടക്കല്‍, പൊന്മള പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കോട്ടക്കല്‍ മണ്ഡലം. കുറ്റിപ്പുറം, വളാഞ്ചേരി, മാറാക്കര കുറ്റിപ്പുറം മണ്ഡലത്തിലും എടയൂര്‍, ഇരിമ്പിളിയം മങ്കട മണ്ഡലത്തിലും കോട്ടക്കല്‍, പൊന്മള മലപ്പുറം മണ്ഡലത്തിലുമായിരുന്നു. പരമ്പരാഗത ലീഗ് കോട്ടയായ കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചത്. എന്നാല്‍ 2006ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ ടി ജലീല്‍ അട്ടിമറിജയം നേടി. ഒമ്പതിനായിരത്തോളം വോട്ടുകള്‍ക്കാണ് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ ഇടതുമുന്നണിക്ക് അനുകൂല ഘടകമാകുന്നത്. 42 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാകുന്ന തിരുന്നാവായ ത്വരിത കുടിവെള്ള പദ്ധതി, നിള ടൂറിസം പദ്ധതി, സ്കൂളുകളിലെ കംപ്യൂട്ടര്‍വല്‍ക്കരണം, സ്മാര്‍ട്ട് ക്ളാസ്റൂം, സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍, പുതിയ റോഡുകള്‍ തുടങ്ങിയവ വികസന നേട്ടങ്ങളില്‍ ചിലതുമാത്രം. ഇരിമ്പിളിയം പഞ്ചായത്തില്‍ എല്‍ഡിഎഫാണ് ഭരണത്തില്‍. എടയൂരിലും മാറാക്കരയിലും ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. കോട്ടക്കല്‍, പൊന്മള, വളാഞ്ചേരി, കുറ്റിപ്പുറം പഞ്ചായത്തുകളിലും ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. 1,49,297 വോട്ടര്‍മാരാണ് കോട്ടക്കല്‍ മണ്ഡലത്തില്‍. 71,932 പുരുഷന്മാരും 77,365 സ്ത്രീകളും. 132 ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കുക.

No comments: