Friday, March 20, 2009

മുഖം മാറുന്ന മലപ്പുറം

മുഖം മാറുന്ന മലപ്പുറം

മലപ്പുറം: യുഡിഎഫിന് കിട്ടിയിരുന്ന ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവ് വരുത്തിയാണ് മലപ്പുറം മാറുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മലപ്പുറം നല്‍കിയത്. കാലാകാലങ്ങളില്‍ പതിനായിരങ്ങളുടെ ഭൂരിപക്ഷം യുഡിഎഫിന് നല്‍കിയിരുന്ന മണ്ഡലത്തിലെ മാറ്റം എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ജില്ലാ ആസ്ഥാനം കൂടിയായ മലപ്പുറത്തിന് ഒട്ടേറെ മാറ്റമുണ്ടായി. മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്ന കോട്ടക്കല്‍, വേങ്ങര എന്നീ പഞ്ചായത്തുകള്‍ പുതിയ മണ്ഡലങ്ങളുടെ ആസ്ഥാനമായി മാറി. കൊണ്ടോട്ടി മണ്ഡലത്തിലായിരുന്ന പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളും മഞ്ചേരിയുടെ ഭാഗമായിരുന്ന പുല്‍പ്പറ്റയും മങ്കടയുടെ ഭാഗമായിരുന്ന കോഡൂരും മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്ന മലപ്പുറം മുനിസിപ്പാലിറ്റിയും ആനക്കയം പഞ്ചായത്തും ചേര്‍ന്നതാണ് പുതിയ മലപ്പുറം. കോട്ടക്കല്‍, പൊന്മള പഞ്ചായത്തുകള്‍ കോട്ടക്കല്‍ മണ്ഡലത്തിലും വേങ്ങര, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകള്‍ വേങ്ങര മണ്ഡലത്തിലേക്കും മാറി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഡൂര്‍ ഒഴികെയുള്ള പഞ്ചായത്തുകള്‍ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് എംപിയെ കണ്ടിരുന്നതെങ്കില്‍ ടി കെ ഹംസയുടെ വിജയത്തോടെ എംപിയുടെ സാന്നിധ്യം നേരിട്ട് അനുഭവിച്ചവരാണ് ഇവിടുത്തെ ജനങ്ങള്‍. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് നേടിയ വ്യത്യാസത്തിലാണ് ഭരിക്കുന്നത്. മണ്ഡലത്തില്‍ 133 പോളിങ് ബൂത്തുകളിലായി 150970 വോട്ടര്‍മാരാണുള്ളത്. 75084 പുരുഷന്മാരും 75886 സ്ത്രീകളും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങളാണ് യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നത്. മലപ്പുറത്തെ കോട്ടപ്പടി സ്റ്റേഡിയം കായികവകുപ്പിന് കൈമാറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി ഉയര്‍ത്താന്‍ ബജറ്റില്‍ പണം നീക്കിവച്ചു. മലപ്പുറത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തി. പാണക്കാട്ടെ വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് ഇന്‍കെല്ലും വിദേശമലയാളികളും ചേര്‍ന്ന് വ്യവസായപാര്‍ക്ക് തുടങ്ങുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. മലപ്പുറം സ്പിന്നിങ്മില്ലിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ ജാമ്യംനിന്ന് 14 കോടി രൂപ കടം എടുക്കാന്‍ തീരുമാനിച്ചതും മണ്ഡലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളില്‍ ചിലതാണ്.

No comments: