Monday, March 23, 2009

പിഡിപി പിന്തുണയ്ക്ക് യുഡിഎഫ് ആറുവട്ടം ചര്‍ച്ചനടത്തി

പിഡിപി പിന്തുണയ്ക്ക് യുഡിഎഫ് ആറുവട്ടം ചര്‍ച്ചനടത്തി

തിരു: മഅ്ദനി ജയിലില്‍ കഴിയുമ്പോള്‍ പിഡിപിയുടെ പിന്തുണ തേടി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ആറുവട്ടം യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായും തെരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയതായും പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ധാരണയുമുണ്ടാക്കിയിരുന്നു. എല്ലാ മണ്ഡലത്തിലും പിഡിപിയുടെ വോട്ട് നേടിയവര്‍ ഇപ്പോള്‍ വര്‍ഗീയപാര്‍ടിയെന്നു പറയുന്നത് വഞ്ചനയാണെന്ന് സിറാജ് പറഞ്ഞു. ഉമ്മന്‍ചാണ്ടി തനിക്കൊപ്പമാണ് മഅ്ദനിയെ ജയിലില്‍ ചെന്നുകണ്ട് പിന്തുണതേടിയത്. ബെന്നി ബഹനാനും കൂടെയുണ്ടായിരുന്നു. എം എം ഹസ്സന്‍ മഅ്ദനിയുടെ ഫോട്ടോവച്ച് 25,000 അഭ്യര്‍ഥന വിതരണംചെയ്തു. ചേര്‍ത്തലയില്‍ എ കെ ആന്റണിക്ക് വേണ്ടിയടക്കം എല്ലാ മണ്ഡലത്തിലും മഅ്ദനിയുടെ പടംവച്ച് പോസ്ററടിച്ചു. വയലാര്‍ രവിയുടെ ഭാര്യ മേഴ്സി രവി മഅ്ദനിയുടെ ഫോട്ടോക്കു മുന്നില്‍ കുമ്പിട്ട് നില്‍ക്കുന്ന ചിത്രവുമായാണ് മുസ്ളിം കുടുംബങ്ങളില്‍ നോട്ടീസ് വിതരണംചെയ്തത്. എം വി രാഘവന് തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ പിഡിപിയുടെ സഹായം തേടി മുന്‍ പ്ളാനിങ് ബോര്‍ഡ് അംഗം സി പി ജോണാണ് ജയിലില്‍ എത്തിയത്. ടി ജെ ചന്ദ്രചൂഡനെതിരെ ദുസ്സൂചനയുള്ള ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. ദേശീയതലത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തോട് ബഹുമാനംമാത്രമാണുള്ളതെന്നും സിറാജ് പറഞ്ഞു.

No comments: