Thursday, March 19, 2009

അറിവിന്റെ നിറകുടം; ജനകീയന്‍


അറിവിന്റെ നിറകുടം; ജനകീയന്‍




മലപ്പുറം: മതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമ്പോഴും പുരോഗമന മതേതര പ്രസ്ഥാനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഹുസൈന്‍ രണ്ടത്താണിയെ വ്യത്യസ്തനാക്കുന്നത്. ചരിത്രകാരന്‍, വാഗ്മി, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജില്ലയിലെ ജനങ്ങള്‍ക്ക് സുപരിചിതനാണ്. മുസ്ളിം ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ തന്റെ ഇടപെടല്‍ കൊണ്ട് സാന്നിധ്യമറിയിച്ചയാളാണ് ഡോ. ഹുസൈന്‍ രണ്ടത്താണി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയില്‍ അംഗമെന്ന നിലയ്ക്ക് ന്യൂനപക്ഷങ്ങളുടെ പുരോഗതിയ്ക്ക് ഉതകുന്ന വിലപ്പെട്ട നിര്‍ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്. തിരൂരങ്ങാടി പിഎസ്എംഒ, ഫാറൂഖ് കോളേജ്, അലിഗഢ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനശേഷം മാപ്പിള മുസ്ളിങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ അലിഗഢ് യൂണിവേഴ്സിറ്റിയില്‍നിന്നും ജേര്‍ണലിസത്തില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഡിപ്ളോമ നേടി. 82-ല്‍ കൊല്ലം ടികെഎം ആര്‍ട്സ് കോളേജിലാണ് അധ്യാപക ജോലിയുടെ തുടക്കം. മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജ്, കലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ലക്ചററായിരുന്നു. 2005 മുതല്‍ വളാഞ്ചേരി എംഇഎസ് കോളേജ് പ്രിന്‍സിപ്പലാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ഇസ്ളാമിക് സ്റ്റഡീസ് ചെയര്‍മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഇസ്ളാമിക് ഹിസ്റ്ററി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് മൈനോറിറ്റി എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹത്തിന്റെ മികവിന് അംഗീകാരമാണ്. മാപ്പിള മുസ്ളിങ്ങളെ കുറിച്ചുള്ള ഏറ്റവും നല്ല ഗവേഷണത്തിനുള്ള ഡോ. സി കെ കരീം അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. അധ്യാപനത്തിനൊപ്പം എഴുത്തും പ്രഭാഷണവും ഹുസൈന്‍ രണ്ടത്താണിക്ക് പ്രിയപ്പെട്ടതാണ്. 13 പുസ്തകം പ്രസിദ്ധീകരിച്ചു. മലബാറിലെ മാപ്പിള മുസ്ളിങ്ങള്‍, ഇസ്ളാം ജിഹാദ്-സൂഫിസം, ഹസ്രത്ത് നിസാമുദ്ദീന്‍, ടൈഗ്രീസിന്റെ മകള്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. ആനുകാലികങ്ങളിലും അക്കാദമിക് തലത്തിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പൂങ്കാവനം കുടുംബമാസിക, ഇസ്ളാമിക് എന്‍സൈക്ളോപീഡിയ എന്നിവയുടെ ചീഫ് എഡിറ്ററും 'അല്‍ ഇര്‍ഷാദ്' മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്. മുസ്ളിം രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഇടതു-മതേതര പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടതിന്റെ തിരിച്ചറിവുമാണ് ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ സ്ഥാനാര്‍ഥിത്വത്തെ മികച്ചതാക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണമെന്ന് അദ്ദേഹം പറയുന്നു. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുസ്ളിംലീഗിന്റെ നിലപാട് വഞ്ചന നിറഞ്ഞതാണെന്നും ഈ ചരിത്രപണ്ഡിതന്‍ വ്യക്തമാക്കുന്നു. നാടിന്റെ വികസനത്തെക്കുറിച്ചും ഇദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുതന്നെയാണ് ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ഥിയായി ലഭിച്ചതിലൂടെ വോട്ടര്‍മാരെ ആഹ്ളാദിപ്പിക്കുന്നത്. കോട്ടക്കലിനടുത്ത രണ്ടത്താണിയില്‍ അരീക്കല്‍ ചേക്കുട്ടിഹാജി-കദീജ ദമ്പതികളുടെയും മകനാണ് ഡോ. ഹുസൈന്‍. സൈനബയാണ് ഭാര്യ. മക്കള്‍: ഷമീല്‍, ഷമീല, ഷാദില, ഷബീല്‍.

1 comment:

പോരാളി said...

വിജയാശംസകള്‍