Saturday, March 21, 2009

ജനകീയാസൂത്രണത്തിന്റെ നാട് എല്‍ഡിഎഫിനൊപ്പം

ജനകീയാസൂത്രണത്തിന്റെ നാട് എല്‍ഡിഎഫിനൊപ്പം


വള്ളിക്കുന്ന്: ജനകീയ വികസനത്തിന്റെ നാടായ വള്ളിക്കുന്ന് ആസ്ഥാനമായ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ വിജയത്തിന് മുതല്‍ക്കൂട്ടാകും. തിരൂരങ്ങാടി, കൊണ്ടോട്ടി മണ്ഡലങ്ങളിലെ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വള്ളിക്കുന്ന് മണ്ഡലം രൂപീകരിച്ചത്. തിരൂരങ്ങാടിയില്‍നിന്ന് വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, മൂന്നിയൂര്‍ പഞ്ചായത്തുകളും കൊണ്ടോട്ടിയില്‍നിന്ന് പള്ളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളുമാണ് ഈ മണ്ഡലത്തില്‍പ്പെടുക. കലിക്കറ്റ് സര്‍വകലാശാല, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്‍, കാക്കഞ്ചേരി കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വള്ളിക്കുന്ന് മണ്ഡലത്തിലൂടെ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പാലമായ കടലുണ്ടി കടവ് പാലം കടന്നുപോകുന്നു എന്നതും ശ്രദ്ധേയമാണ്. 1,44,274 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 71,843 പുരുഷ വോട്ടര്‍മാരും 72,431 സ്ത്രീ വോട്ടര്‍മാരുമാണ്. ഇക്കാലമത്രയും എംപി സ്ഥാനം അലങ്കരിച്ച യുഡിഎഫ് പ്രതിനിധി ജനകീയ വിഷയങ്ങളോട് മുഖംതിരിച്ചതും ന്യൂനപക്ഷവിരുദ്ധ നിലപാടും എല്‍ഡിഎഫിന് അനുകൂലമാകും. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനും വികസന പ്രവൃത്തികള്‍ നടപ്പാക്കാനും അവരവരുടെ മണ്ഡലത്തില്‍ ഓഫീസ് തുറന്ന് സെക്രട്ടറിയെ നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം 91- മുതല്‍ എംപിയായി തുടര്‍ന്ന ഇ അഹമ്മദ് പാടെ അവഗണിച്ചു. വികസനം കാത്തുകിടക്കുന്ന വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷനില്‍ ദീര്‍ഘദൂര തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍പോലും ഇ അഹമ്മദിന് കഴിഞ്ഞില്ല. റെയില്‍വെ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന റെയില്‍വെ ഗേറ്റുപോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. എംപി എന്ന നിലയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച അഹമ്മദ് പൊതുമേഖലയെ പ്രോത്സാഹിപ്പിക്കാതെ സ്വകാര്യ സ്ഥാപനങ്ങളെ വഴിവിട്ട് സഹായിച്ചെന്നും ആക്ഷേപമുണ്ട്. അതേ സമയം രണ്ടേമുക്കാല്‍ കൊല്ലത്തെ ഇടതുഭരണത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ എല്‍ഡിഎഫിന് അനുകൂല കാലാവസ്ഥയുണ്ടാക്കി. മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധി, രണ്ട് രൂപയ്ക്ക് അരി, 1500 കോടിയുടെ മലബാര്‍ പാക്കേജ്, ക്ഷേത്ര ജീവനക്കാരുടെ ശമ്പള വര്‍ധനവ് തുടങ്ങിയവ ജനങ്ങള്‍ക്ക് ഏറെ സഹായകമാണ്. യുഡിഎഫ് മണ്ഡലത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. തേഞ്ഞിപ്പലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുസ്ളിംലീഗിലും യുഡിഎഫിലും ചേരിപ്പോര് രൂക്ഷമായിട്ടുണ്ട്. ഇവിടെ ലീഗിലും പോര് തെരുവുയുദ്ധമായിട്ടുണ്ട്.

No comments: