Friday, March 27, 2009

ഇടതുപക്ഷത്തിന് കരുത്താകാന്‍ തവനൂര്‍

എടപ്പാള്‍: ഇടതുപക്ഷത്തിന് കരുത്തുപകരാന്‍ തവനൂര്‍ മണ്ഡലമൊരുങ്ങി. കര്‍ഷക പോരാട്ടങ്ങളുടെ ഓര്‍മകള്‍ സ്പന്ദിക്കുന്ന ഈ മണ്ണ് ഹൃദയപക്ഷത്തോടൊട്ടുകയാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ പ്രവര്‍ത്തകര്‍. ഭാരതപ്പുഴയുടെ ഇരുതീരത്തുമായി ഏഴ് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലമാണിത്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിയായ നീലിയാട് മുതല്‍ അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന പടിഞ്ഞാറേക്കര വരെയാണ് മണ്ഡലത്തിന്റെ അതിര്. വട്ടംകുളം, കാലടി, എടപ്പാള്‍, തവനൂര്‍, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ എന്നിവയാണ് മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ഇതില്‍ കാലടി ഒഴികെ മറ്റിടങ്ങളില്‍ ഇടതുപക്ഷ മതേതര മുന്നണിയാണ് ഭരിക്കുന്നത്. പൊന്നാനി നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച പാലോളി മുഹമ്മദ്കുട്ടിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് എടപ്പാള്‍ പഞ്ചായത്ത് നല്‍കിയത്. പൊന്നാനിയിലെയും തിരൂരിലെയും എംഎല്‍എമാരായ പാലോളി മുഹമ്മദ്കുട്ടിയുടെയും പി പി അബ്ദുള്ളക്കുട്ടിയുടെയും പ്രവര്‍ത്തനഫലമായി ഒട്ടേറെ വികസനങ്ങളാണ് മണ്ഡലത്തില്‍ വന്നത്. ഇത് ഇടതുപക്ഷത്തിന് ശക്തിനല്‍കും. മംഗലം - കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് സാക്ഷാത്കരിക്കാനായതും യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടല്‍ ഭീഷണിയിലായ എടപ്പാളിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ക്ഷോപ്പ് പുനരുജ്ജീവിപ്പിച്ചതും അടച്ച ബോഡി ബില്‍ഡിങ് യൂണിറ്റ് തുറന്നതും എംഎല്‍എമാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. ബോഡി ബില്‍ഡിങ് യൂണിറ്റ് തുറക്കുകവഴി മുന്നൂറോളം തൊഴിലാളികള്‍ക്കാണ് ജീവിതം തിരിച്ചുകിട്ടിയത്. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എല്‍ഡിഎഫ് തുടക്കമിട്ടിട്ടുണ്ട്. ചമ്രവട്ടം പദ്ധതി, പടിഞ്ഞാറേക്കര ടൂറിസം പദ്ധതി, കുടിവെള്ളക്ഷാമം പരിഹരിക്കാനാവശ്യമായ ജലപദ്ധതികള്‍ എന്നിവ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന ബജറ്റില്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയ തവനൂര്‍ - തിരുന്നാവായ പാലം, പുറത്തൂര്‍ - പടിഞ്ഞാറേക്കര പാലം എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിന്റെ മുഖഛായതന്നെ മാറും. എ വിജയരാഘവന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചൂം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഈ നേട്ടങ്ങള്‍ എല്‍ഡിഎഫ് അനുകൂല വോട്ടാകും. 1,38,478 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 73,157 സ്ത്രീകളും 65,321 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍മാരിലധികവും കര്‍ഷക തൊഴിലാളികളാണ്.

No comments: