Friday, March 20, 2009

ഇടതുപക്ഷത്തിന് കരുത്തായി മങ്കട

ഇടതുപക്ഷത്തിന് കരുത്തായി മങ്കട

മക്കരപ്പറമ്പ്: 2001ലെ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് മങ്കട. 2006ലും എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചു. ഈ മുന്നേറ്റം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. 2001-ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മഞ്ഞളാംകുഴി അലിയിലൂടെയാണ് മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2006-ല്‍ എം കെ മുനീറിനെ പരാജയപ്പെടുത്തി മഞ്ഞളാംകുഴി അലി വിജയം ആവര്‍ത്തിച്ചു. പഴയ മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട് എന്നിവയും പെരിന്തല്‍മണ്ണയില്‍നിന്ന് കൂട്ടിച്ചേര്‍ത്ത അങ്ങാടിപ്പുറവും അടങ്ങിയതാണ് പുതിയ മണ്ഡലം. പുതിയ മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകാരം 6300-ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ഉണ്ട്. മങ്കട 669, മക്കരപ്പറമ്പ് 38, പുഴക്കാട്ടിരി 1208, മൂര്‍ക്കനാട് 2014, അങ്ങാടിപ്പുറം 4133 എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ട്. കൂട്ടിലങ്ങാടി 914, കുറുവ 824 മാത്രമാണ് യുഡിഎഫിനുള്ളത്. മണ്ഡലത്തിലെ അങ്ങാടിപ്പുറം, മൂര്‍ക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകള്‍ എല്‍ഡിഎഫും നാല് പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്. ഇതില്‍ മങ്കട, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകളുടെ മുന്‍തൂക്കം മാത്രമാണ് യുഡിഎഫിനുള്ളത്. 122 ബൂത്തുകളിലായി 1,46,586 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 70,397 പുരുഷന്മാരും 76,189 സ്ത്രീകളും. മണ്ഡലത്തിലെ അങ്ങാടിപ്പുറത്തെ എഫ്സിഐ ഗോഡൌ അടച്ചുപൂട്ടലിന് പരിഹാരമുണ്ടാക്കാത്തതിലും ജില്ലാ ആസ്ഥാനത്തുകൂടി കടന്നുപോകാവുന്ന അങ്ങാടിപ്പുറം-ഫറോക്ക് റയില്‍പാതയ്ക്കനുകൂലമായി ഒരു നടപടിയുമുണ്ടാകാത്തതിലും ഹജ്ജ് സീറ്റ് അനുവദിക്കുന്നതില്‍ നടന്ന അഴിമതികളും മണ്ഡലത്തിലെ എംപിയായിരുന്ന ഇ അഹമ്മതിനെതിരായി നിലനില്‍ക്കുന്ന ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണം, കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്ന മൂര്‍ക്കനാട് മേജര്‍ കുടിവെള്ളപദ്ധതിയുടെ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനം, തകര്‍ന്ന പെരിന്തല്‍മണ്ണ-മഞ്ചേരി റോഡ്, അങ്ങാടിപ്പുറം-കോട്ടക്കല്‍, അങ്ങാടിപ്പുറം-വളാഞ്ചേരി റോഡുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം നടത്തിയ പ്രവൃത്തികള്‍ തുടങ്ങി വികസനരംഗത്ത് വിവിധ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലഘടകമാകും.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ആണവകരാര്‍ പ്രധാന വിഷയം: കോഗ്രസ് (എസ്)

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലിഗഢ് ഓഫ് ക്യാമ്പസിനേക്കാള്‍ പ്രധാനപ്പെട്ട വിഷയം രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തിക്ക് പണയംവച്ച ആണവകരാറാണ് എന്നും ഈ കരാറിന് കൂട്ടുനിന്നവരെ പരാജയപ്പെടുത്തുകയാണ് വോട്ടര്‍മാരുടെ കടമയെന്നും കോഗ്രസ് (എസ്) മലപ്പുറം ബ്ളോക്ക് പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം പാര്‍ലമെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ വിജയത്തിനായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. ബ്ളോക്ക് പ്രസിഡന്റ് ഒ സി സൈനുദ്ദീന്‍ അധ്യക്ഷനായി. കെപിസിസി (എസ്) അംഗം അലവി കക്കാടന്‍ ഉദ്ഘാടനം ചെയ്തു. സലീം മൂഴിക്കല്‍ സ്വാഗതവും പ്രഭാകരന്‍ മൂലയില്‍ നന്ദിയും പറഞ്ഞു.