Thursday, March 19, 2009

ഇങ്ങനെയൊരു പാര്‍ടി ഈ ദുനിയാവില്‍ വേറെയുണ്ടോ?

ഇങ്ങനെയൊരു പാര്‍ടി ഈ ദുനിയാവില്‍ വേറെയുണ്ടോ?


എക്കാലവും അധികാരത്തോട് ഒട്ടിനില്‍ക്കുകയും മുസ്ളിം പ്രമാണിവര്‍ഗത്തിന്റെ താല്‍പര്യസംരക്ഷകരാവുകയും ചെയ്ത ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ നേതൃത്വവുമായി കലഹിച്ച് അടര്‍ന്നുമാറിയ വലിയൊരു വിഭാഗം അണികള്‍ ഇന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗിനൊപ്പമാണ്. നേതൃത്വത്തിന്റെ അധികാരപ്രമത്തതയും ഫ്യൂഡല്‍ മനോഭാവവും, എല്ലാറ്റിലുമുപരി, ബാബ്രി മസ്ജിദ് പ്രശ്നത്തില്‍ കൈക്കൊണ്ട ഫാസിസ്റ്റ് അനുകൂല നിലപാടുമാണ് ഇന്ത്യയിലെ മുസ്ളിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് ദേശീയ അധ്യക്ഷ സ്ഥാനം വലിച്ചെറിയാന്‍ പ്രേരിപ്പിച്ചത്.
അദ്ദേഹം രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന രാഷ്ട്രീയ പാര്‍ടി ഇന്ന് മുസ്ളിം ലീഗിനോട് മുസ്ളിം ജനസാമാന്യത്തിനുള്ള രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമാണ്. സേട്ടും യു എ ബീരാനും പി എം അബൂബക്കറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മരിച്ചിട്ടും ഐഎന്‍എല്‍ എന്ന പാര്‍ടി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാധാരണമുസ്ളിങ്ങളുടെ നാവായി വര്‍ത്തിക്കുന്നതും അതുകൊണ്ടു തന്നെ. ഐഎന്‍എല്ലിന്റെ യുവജനവിഭാഗമായ നാഷണല്‍ യൂത്ത് ലീഗിന്റെ അധ്യക്ഷസ്ഥാനത്ത് ഇപ്പോഴുള്ളത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനായ മുഹമ്മദ് സിറാജ് ഇബ്രാഹിം സേട്ടാണ്. എന്‍വൈഎല്‍ സംഘടിപ്പിച്ച അഖിലേന്ത്യാ യാത്രക്കിടെ സിറാജ് സേട്ട് നല്‍കിയ അഭിമുഖം:
മുസ്ളിം ലീഗ് എന്ന പാര്‍ടിക്ക് കേരളത്തിലെയും ഇന്ത്യയിലെയും മുസ്ളിങ്ങളുടെ വികാരങ്ങളെ പ്രതിനിധാനം ചെയ്യാനാവുന്നുണ്ടോ?
ിതീര്‍ത്തും സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ട പാര്‍ടിയാണ് മുസ്ളിം ലീഗ്. തികച്ചും കമ്യൂണിറ്റി ഔട്ട്ലുക്ക് (സാമുദായിക കാഴ്ച്ചപ്പാട്) ഉണ്ടാവേണ്ട പാര്‍ടി. ഈ ഔട്ട്ലുക്ക് വര്‍ഗീയം ആവാന്‍ പാടില്ല. കുറെയൊക്കെ ഫണ്ടമെന്റലിസ്റ്റ് (മൌലികവാദ) സ്വഭാവമുണ്ടാവും. എന്നാല്‍ ഫനാറ്റിക്(മതഭ്രാന്ത്) ആവുകയുമരുത്. അതുകൊണ്ടാണ് ഇസ്ളാമിന്റെ മൌലികതയിലും മതനിരപേക്ഷതയിലും വിശ്വസിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ളിം ലീഗിന്റെ നേതൃത്വത്തിലെത്തുന്നത്. തൊപ്പിയും താടിയുമുള്ള മുസ്ളിമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതൊരു തെറ്റല്ല. സിപിഐ എമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പരേതനായ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന് മതചിഹ്നങ്ങളായ താടിയും തലപ്പാവുമൊക്കെ ഉണ്ടായിരുന്നല്ലോ.
മുസ്ളിംലീഗിന്റെ നേതാക്കളായിരുന്ന ഖായ്ദെ മില്ലത്ത് മുതല്‍ ബാഫഖിതങ്ങളും സേട്ടും വരെയുള്ളവര്‍ എക്കാലവും സമുദായത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിച്ചത്. മുസ്ളിങ്ങളുടെ പ്രശ്നങ്ങളില്‍ അവര്‍ ശക്തമായി ഇടപെട്ടു. വര്‍ഗീയകലാപങ്ങള്‍ നടന്നിടത്തെല്ലാം അവര്‍ ഓടിയെത്തി. ഷെര്‍വാണിയും താടിയും തൊപ്പിയുമുള്ള സുലൈമാന്‍ സേട്ട് ഓടിയെത്താത്ത കലാപഭൂമിയുണ്ടോ ഇന്ത്യയില്‍. അദ്ദേഹമല്ലാതെ മുസ്ളിംലീഗ് നേതൃത്വത്തിലെ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ. 1992ല്‍ ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പാര്‍ടി നേതൃത്വം അധികാരത്തോടൊപ്പം നിലകൊണ്ടു. അധികാരമോഹമാണ് അന്നത്തെ നേതൃത്വത്തെ നയിച്ചത്. ഈ നിലപാടിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് മുസ്ളിം ലീഗ് വിടേണ്ടിവന്നത്. ചില വ്യക്തികളുടെ സ്വന്തം താല്‍പര്യത്തിന് അനുസൃതമായി സമ്പന്നമായ പാരമ്പര്യമുള്ള മുസ്ളിംലീഗിനെ നാലോ അഞ്ചോ പേരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കായി അടിയറ വെക്കുകയായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചില വ്യക്തികളുടെ സ്വകാര്യ താല്‍പര്യത്തിനുമാത്രമായി ഉപയോഗിച്ചാല്‍ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കുമോ. മുസ്ളിം ലീഗ് നേതൃത്വത്തിന് ചില ബിസിനസ് താല്‍പര്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരെ പേരെടുത്തു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെയാണ് മര്‍ദിതരും പീഡിതരുമായ മുസ്ളിങ്ങള്‍ക്കുവേണ്ടി സേട്ട് പാര്‍ടി പ്രസിഡണ്ട് സ്ഥാനം വലിച്ചെറിഞ്ഞ് പുതിയ പാര്‍ടിക്ക് രൂപം നല്‍കിയത്. അന്ന് സേട്ടിന്റെ കൈപിടിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം തയ്യാറായിരുന്നെങ്കില്‍ ഇന്ന് മുസ്ളിം ലീഗ് എന്ന പാര്‍ടി നാമാവശേഷമായേനെ. മുസ്ളിം ജനസാമാന്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കമ്യൂണിസ്റ്റുകാര്‍ക്കും ഒരു പങ്കുണ്ടെന്ന് ഇക്കാരണം മുന്‍നിര്‍ത്തി ഞാന്‍ പറയും. ഈ വിമര്‍ശനം എഡിറ്റുചെയ്യാതിരിക്കാനുള്ള സത്യസന്ധത നിങ്ങള്‍ കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ബാബ്രി മസ്ജിദ് തകര്‍ച്ചക്കു ശേഷം എത്ര കലാപങ്ങളാണുണ്ടായത്. എത്ര മുസ്ളിങ്ങള്‍ മരിച്ചുവീണു. ഇതിലൊന്നും ലീഗിന് ഒരു കുറ്റബോധവും തോന്നിയില്ല. അവര്‍ക്ക് അധികാരം മാത്രം മതി. ഗുജറാത്ത് പ്രശ്നത്തിലും ഏറ്റവുമൊടുവില്‍ പലസ്തീന്‍ പ്രശ്നത്തിലും ലീഗ് സ്വീകരിച്ച നിലപാടുകള്‍ തികച്ചും മുസ്ളിം വിരുദ്ധമായിരുന്നു. പലസ്തീന്‍ ജനതയുടെയും അവരെ പിന്തുണക്കുന്ന ഇടതുപക്ഷത്തിന്റെയും ഒപ്പം നില്‍ക്കാന്‍ മുസ്ളിംലീഗിന് കഴിയാത്തത് എന്തുകൊണ്ടാണ്. സമുദായത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഈ നേതാക്കള്‍ക്ക് ചില എംഎല്‍എമാര്‍ വേണം. രണ്ട് എംപിമാര്‍ വേണം. എങ്ങനെയെങ്കിലും പണമുണ്ടാക്കണം. ഭരണത്തിന്റെ സുഖസൌകര്യങ്ങള്‍ വേണം. സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇത്തരം സൌകര്യങ്ങള്‍ പാടെ നിരാകരിക്കണമെന്നല്ല, ആത്മാര്‍ഥമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എല്ലാ സൌകര്യങ്ങളും താനേ വന്നുകൊള്ളും. അധികാരത്തിനു വേണ്ടി മാത്രമാവരുത് ജീവിതം. ദൈവം തന്ന ജീവിതത്തിന് പല അര്‍ഥങ്ങളുണ്ട്. നിങ്ങളെ വിശ്വസിക്കുന്ന ജനതയുടെ സ്നേഹവും അധികാരത്തിന്റെ സുഖലോലുപതയുമൊന്നും മരിക്കുമ്പോള്‍ നിങ്ങള്‍ കൊണ്ടുപോവില്ല.
ബാബ്രി മസ്ജിദ് തകര്‍ത്തതുകൊണ്ടു മാത്രമല്ലേ ഐഎന്‍എല്‍ എന്ന ഒരു പാര്‍ടി ഉണ്ടായത്. മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്ളിങ്ങളിലുണ്ടായ തീവ്രചിന്തയുടെ ഉല്‍പ്പന്നമല്ലേ ഈ പാര്‍ടി?
ിഓരോ വിഷയം വരുമ്പോഴാണല്ലോ ഓരോ കാര്യവും സംഭവിക്കുന്നത്. ഫ്രഞ്ച്, റഷ്യന്‍, ചൈനീസ് വിപ്ളവങ്ങള്‍ക്കെല്ലാം ഓരോ കാരണം ഉണ്ടായിരുന്നല്ലോ. മുപ്പതുകളിലെ ആഗോളസാമ്പത്തികമാന്ദ്യത്തില്‍ എല്ലാ രാജ്യങ്ങളും തകര്‍ന്നപ്പോള്‍ സോവിയറ്റ് യൂണിയന്‍ പിടിച്ചുനിന്നതുകൊണ്ടല്ലേ സോവിയറ്റ് മാതൃകക്ക് പ്രസക്തിയുണ്ടെന്ന് ലോകം മനസ്സിലാക്കിയത്. സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരം കൈയാളിയവരുടെ അജന്‍ഡ അധികാരം മാത്രമായപ്പോഴാണ് ഐഎന്‍എല്‍ എന്ന പാര്‍ടിയുണ്ടായത്. അന്ന് ഞങ്ങളെ തീവ്രവാദികളാണെന്നാണ് മുദ്രകുത്തിയത്. ഞങ്ങള്‍ തീവ്രവാദികളാണെന്ന് പറഞ്ഞാണ് അന്ന് ലീഗ് രക്ഷപ്പെടാന്‍ നോക്കിയത്. ബാബരി മസ്ജിദ് തകര്‍ത്ത പ്രശ്നത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റുകാരനായ അജയ് മുഖര്‍ജിയാണ്. മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു അത്. അന്ന് മുസ്ളിംലീഗിലെ ഇബ്രാഹിം സുലൈമാന്‍ സേട്ട് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇ അഹമ്മദ് എതിര്‍ക്കുകയായിരുന്നു. അവിശ്വാസപ്രമേയം അവതരിപ്പിച്ചതിന്റെ പേരില്‍ അജയ്മുഖര്‍ജിയടക്കമുള്ള എല്ലാ കമ്യൂണിസ്റ്റുകാരും തീവ്രവാദികളാണെന്ന് പറയാന്‍ പറ്റുമോ. മതനിരപേക്ഷത പാലിക്കാത്ത സര്‍ക്കാരിനെ താഴെയിറക്കാന്‍ പരിശ്രമിച്ചത് തീവ്രവാദമാണോ.
ബാബ്രി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ മുസ്ളിം ലീഗ് സ്വീകരിച്ച നിലപാടുകളാണ് കുറെ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് വഴിതിരിച്ചുവിട്ടത്. മുസ്ളിങ്ങളെ മതനിരപേക്ഷജനാധിപത്യധാരയില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ഇങ്ങനെയൊരു പാര്‍ടിക്ക് രൂപം നല്‍കിയില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ തീവ്രവാദികളായേനെ. മുസ്ളിം സമുദായത്തില്‍ ഇത്രയേറെ ഭിന്നിപ്പുണ്ടാക്കിയതിന് കാരണം ലീഗിന്റെ അധികാരമോഹം തന്നെയാണ്.
മുസ്ളിംലീഗാണ് സമുദായത്തിലെ തീവ്രവാദപ്രവണതകളെ ചെറുക്കുന്നത് എന്നാണല്ലോ ലീഗ് നേതാക്കളുടെ അവകാശവാദം. ലീഗ് തളര്‍ന്നതുകൊണ്ടാണ് തീവ്രവാദം ശക്തിപ്പെട്ടത് എന്നും അവര്‍ വാദിക്കുന്നു?
ി1992ന് ശേഷം ലീഗിനുണ്ടായ നയവൈകല്യമാണ് സമുദായത്തിലെ പലരും തീവ്രവാദത്തിലേക്ക് വഴിമാറാന്‍ കാരണം. ലീഗ് മുസ്ളിം തീവ്രവാദത്തെ സഹായിച്ചു എന്നുമാത്രമല്ല, ബിജെപിയോടൊപ്പം കൂട്ടുചേരാനും സന്നദ്ധമായി. 1991ല്‍ പരസ്യമായ ബിജെപി-മുസ്ളിം ലീഗ് സഖ്യം വടകരയിലും ബേപ്പൂരിലും കണ്ടു. മുസ്ളിങ്ങളുടെ കേസ് വാദിക്കുന്ന വക്കീലാണ് എന്നു പറഞ്ഞാണ് ബിജെപിക്കാരനായ രത്നസിങ്ങിനെ ലീഗ് പിന്തുണച്ചത്. രത്നസിങ്ങിനും ബേപ്പൂരിലെ മാധവന്‍കുട്ടിക്കുംവേണ്ടി മുസ്ളിംലീഗ് നേതാക്കള്‍ പരസ്യമായി രംഗത്തുവന്നില്ലേ. 2002ലെ ഗുജറാത്ത് വംശഹത്യക്കു ശേഷം ഇപ്പോഴും ബിജെപിയുടെ കൂടെ അന്തിയുറങ്ങുന്നില്ലേ കോണ്‍ഗ്രസ്. എന്തു സമുദായസ്നേഹമാണ് മുസ്ളിം ലീഗിനുള്ളത്. ലീഗിന്റെ ഈ നിലപാടാണ് സാധാരണ മുസല്‍മാന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചത്.
എന്‍ഡിഎഫിനെപ്പോലുള്ള തീവ്രവാദ സംഘടനകളെ പരസ്യമായി എതിര്‍ക്കാന്‍ ലീഗ് തയ്യാറാകുന്നുമില്ല. രഹസ്യമായി എന്‍ഡിഎഫിനെ തലോടുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ലീഗാപ്പീസ് ഉദ്ഘാടനത്തിന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എന്‍ഡിഎഫ് നേതാവ് നാസറുദ്ദീന്‍ എളമരവുമായി വേദി പങ്കിട്ടു. ഇതേ ബഷീറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിന് എന്‍ഡിഎഫും സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. എന്‍ഡിഎഫിനെയും അതിന്റെ തീവ്രവാദ പ്രവണതകളെയും ശക്തമായി എതിര്‍ക്കുന്നതും സമുദായാംഗങ്ങളെ മതനിരപേക്ഷ ജനാധിപത്യ ധാരയിലേക്ക് നയിക്കുന്നതും ഞങ്ങളാണ്. കണ്ണൂര്‍ ജില്ലയില്‍ ഐഎന്‍എല്ലില്‍ നുഴഞ്ഞു കയറിയ ജലാലുദീന്‍, ഷബീര്‍, നൌഷാദ് തുടങ്ങിയവരെ പുറത്താക്കാന്‍ ധൈര്യം കാണിച്ചവരാണ് ഞങ്ങള്‍. മുസ്ളിം ലീഗിന് ഇങ്ങനെയൊരു കാര്യം അവകാശപ്പെടാനാവുമോ.
ചരിത്രപരമായിത്തന്നെ സാമ്രാജ്യത്വവിരുദ്ധത പ്രകടിപ്പിക്കുന്നവരാണ് മുസ്ളിം സമുദായം. സമുദായ നേതാക്കള്‍ സ്വാതന്ത്യ്രസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. കേരളത്തിലാണെങ്കില്‍ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെയുള്ള മലബാര്‍ കലാപം മുസ്ളിം കര്‍ഷകരുടെ നേതൃത്വത്തിലായിരുന്നു. ആ പ്രവണത മുസ്ളിംലീഗിന് നഷ്ടപ്പെടുന്നത് ഏതു ഘട്ടത്തിലാണ്?
ിചരിത്രപരമായി സാമ്രാജ്യത്വത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് മുസ്ളിങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബിയായാലും ഖലീഫ ഹസ്രത് ഉമര്‍ഫാറൂഖ് ആയാലും ഖലീഫാ അബൂബക്കര്‍ ആയാലും അതത് കാലത്തെ സാമ്രാജ്യത്വ പ്രവണതകളുമായി സന്ധി ചെയ്യാന്‍ കൂട്ടാക്കാത്തവരാണ്. ഇന്ന് ലോകത്തെ തീവ്രവാദത്തിന്റെയാകെ ഉറവിടമായി അമേരിക്ക കുറ്റപ്പെടുത്തുന്നത് ഇസ്ളാമിനെയാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും മുസ്ളിങ്ങളെല്ലാം അവരുടെ കണ്ണില്‍ തീവ്രവാദികളാണ്. ഇങ്ങനെയുള്ള അമേരിക്കയെ ന്യായീകരിക്കാനാണ് ഓരോ ഘട്ടത്തിലും മുസ്ളിംലീഗ് ശ്രമിക്കുന്നത്. പലസ്തീന്‍, ഇറാന്‍ വിഷയത്തില്‍ അതു നമ്മള്‍ കണ്ടു.
പലസ്തീനിലെ പോരാട്ടത്തെ തീവ്രവാദപ്രവര്‍ത്തനമെന്ന് മുദ്രകുത്തുന്ന സാമ്രാജ്യത്വത്തിനൊപ്പമാണ് മുസ്ളിം ലീഗ് നിലകൊള്ളുന്നത്. പലസ്തീന്‍ പ്രശ്നത്തില്‍ മന്‍മോഹന്‍സര്‍ക്കാരിന്റ നിലപാട് ശരിയല്ലെന്ന് പറയാനുള്ള തന്റേടം കാണിക്കാന്‍ മുസ്ളിംലീഗിനാവുന്നില്ല. ആണവക്കരാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് ജി എം ബനാത്വാല എഴുതിയ കത്തുപോലും പൂഴ്ത്തിവെച്ച വഞ്ചന കാട്ടിയ പാര്‍ടിയാണത്. മുസ്ളിം എന്ന പേരുംവച്ച് മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏക സംഘടന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് ആണെന്ന് സംശയലേശമെന്യെ പറയാം.
പത്തുവര്‍ഷത്തെ കാര്യമെടുത്തു പരിശോധിച്ചാല്‍ വ്യക്തമാകും ലീഗിന് മുസ്ളിങ്ങളുടെ പിന്തുണ നഷ്ടമായി വരികയാണെന്ന്. യുവാക്കള്‍ മുസ്ളിം ലീഗില്‍ ആകൃഷ്ടരാവുന്നേയില്ല. അതിനുള്ള ഒരു സാഹചര്യമല്ല ലീഗിലുള്ളത്. പാര്‍ടിയുടെ വലിപ്പച്ചെറുപ്പങ്ങളെപ്പറ്റിയാണ് ലീഗ് ഇപ്പോഴും പറയുന്നത്. തങ്ങള്‍ ഞങ്ങളെ രക്ഷിക്കുമെന്ന ചിന്തയാണ് ലീഗിലുള്ളവര്‍ക്കിപ്പോഴും.
അംഗബലം നോക്കിയാല്‍ എല്‍ഡിഎഫിലുള്ള പല പാര്‍ടികളേക്കാള്‍ വലിയ പാര്‍ടിയാണ് ഐഎന്‍എല്‍. മുന്നണിയില്‍ മാന്യമായ ഒരു പ്രവേശമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ലീഗിന്റെ നിലപാടുകളില്‍ അസംതൃപ്തിയുള്ള യുവാക്കള്‍ ഭൂരിഭാഗവും ഞങ്ങള്‍ക്കൊപ്പമാണ്.
സമീപകാലത്ത് മുസ്ളിം ലീഗ് നടത്തിയ ഇടപെടലുകളും സമരങ്ങളും പരിശോധിച്ചാല്‍ മുസ്ളിങ്ങളുടെ താല്‍പര്യം ഏറ്റെടുക്കുന്ന പാര്‍ടിയാണെന്നല്ലേ മനസ്സിലാക്കേണ്ടത്? ഉദാഹരണത്തിന് എല്‍ കെ അദ്വാനിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് മുസ്ളിം ഡ്രൈവറെ മാറ്റിയതിനെ എതിര്‍ത്തതും അലിഗഢ് ഓഫ് ക്യാമ്പസിനു വേണ്ടിയുള്ള സമരങ്ങളും മറ്റും.
ിഅലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലക്ക് നഷ്ടപ്പെടരുതെന്ന് തന്നെയാണ് ഞങ്ങളും ആവശ്യപ്പെടുന്നത.് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ പ്രശ്നങ്ങളിലൊക്കെ ലീഗ് ഇടപെടുന്നത് സമുദായാംഗങ്ങളെ കണ്ണില്‍പ്പൊടിയിട്ട് പാട്ടിലാക്കാനാണ്. പ്രതിപക്ഷത്തുള്ളപ്പോള്‍ മാത്രമാണ് ലീഗിന് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയെന്നും മനസ്സിലാക്കണം. ലീഗ് ഭരണത്തിലുള്ളപ്പോഴല്ലേ മാറാട് കൂട്ടക്കൊല നടന്നത്. ആ കേസില്‍ നിരപരാധികളായ എത്ര മുസ്ളിങ്ങളെയാണ് പ്രതിചേര്‍ത്തത്. കുറ്റം ചെയ്ത പലരും രക്ഷപ്പെട്ടപ്പോള്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അന്നൊക്കെ മന്ത്രിക്കസേരയില്‍ ഉറച്ചിരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍. നിരപരാധികളായ ഒട്ടേറെപ്പേരെ പ്രതിചേര്‍ത്തു. നിരപരാധികളെ പീഡിപ്പിക്കുന്നതിനെ എതിര്‍ത്ത ഞങ്ങളെ അന്ന് മതഭ്രാന്തന്മാരാക്കി മുദ്രകുത്താനാണ് ലീഗ് നേതൃത്വം ശ്രമിച്ചത്. ഇത്തരം വിഷയങ്ങളില്‍ അന്നന്നത്തെ സൌകര്യം നോക്കി ലീഗ് മിണ്ടാതിരിക്കുകയാണ് പതിവ്. അലിഗഢ്പോലുള്ള പ്രശ്നങ്ങളില്‍ നടത്തുന്ന സമരങ്ങള്‍ വെറുതെ ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.
സാര്‍വദേശീയമായി വിവിധ വിഷയങ്ങളില്‍ മുസ്ളിങ്ങളും ഇടതുപക്ഷവും തമ്മിലുള്ള ഐക്യപ്പെടല്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ?
ിശരിയാണ്. ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശമായാലും ഇറാഖിലെ അമേരിക്കന്‍ അധിനിവേശമായാലും ഇതിനെ എതിര്‍ക്കുന്ന കാര്യത്തില്‍ മുസ്ളിങ്ങള്‍ക്കും ഇടതുപക്ഷത്തിനും സമാനതകള്‍ ഏറെയുണ്ട്. ഇറാനിയന്‍ പ്രസിഡണ്ട് മെഹ്മൂദ് അഹമദി നെജാദും, വെനിസ്വെലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവെസും തമ്മിലുള്ള അടുത്ത സൌഹൃദം ഈ ഐക്യപ്പെടലിന്റെ തെളിവാണ്. മുതലാളിത്തത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ദേശീയ തലത്തിലും ആഗോളതലത്തിലും എതിര്‍ക്കുന്ന ഇടതുപക്ഷവും മുസ്ളിങ്ങളും തമ്മിലുള്ള ഐക്യപ്പെടലിന്റെ തെളിവാണ് ഷാവേസ്-നെജാദ് സൌഹൃദം. ഇത്തരം ഐക്യപ്പെടലുകള്‍ എല്ലാ രാഷ്ട്രങ്ങളിലും രൂപപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്ളിങ്ങളുടെ വലിയ പാര്‍ടിയെന്ന് അവകാശപ്പെടുന്ന മുസ്ളിംലീഗ് ഇന്ത്യയില്‍ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പലസ്തീന്‍, ഇറാന്‍ പ്രശ്നങ്ങളിലും ആണവക്കരാര്‍ വിഷയത്തിലും സാമ്രാജ്യത്വ അനുകൂല നിലപാടാണ് ആ പാര്‍ടി സ്വീകരിച്ചത്.
ഐഎന്‍എല്ലിന്റെ ഭാവി?
ിപതിനഞ്ചുവര്‍ഷമായി മുസ്ളിം ലീഗിന് ബദലായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്ലിന് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സേട്ട് അടക്കമുള്ള നിരവധി നേതാക്കള്‍ മരിച്ചുപോയിട്ടും ഈ പാര്‍ടിയില്‍ കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കയാണ്. മതനിരപേക്ഷ ജനാധിപത്യ ധാരക്ക് ശക്തിയേകാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പതിനഞ്ചു വര്‍ഷംമുമ്പ് അധികാരസ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പാര്‍ടി രൂപപ്പെട്ടത്. അധികാരത്തിനു വേണ്ടി പിളര്‍ന്നു പോയ പാര്‍ടികളുണ്ട് ഇന്ത്യയില്‍. എന്നാല്‍, അധികാരം വലിച്ചെറിഞ്ഞ്, ദേശീയാധ്യക്ഷസ്ഥാനം പോലും വലിച്ചെറിയുകയായിരുന്നു ഞങ്ങള്‍.
സിറാജ് ഇബ്രാഹിം സേട്ട് /എന്‍ എസ് സജിത്

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇങ്ങനെയൊരു പാര്‍ടി ഈ ദുനിയാവില്‍ വേറെയുണ്ടോ?



എക്കാലവും അധികാരത്തോട് ഒട്ടിനില്‍ക്കുകയും മുസ്ളിം പ്രമാണിവര്‍ഗത്തിന്റെ താല്‍പര്യസംരക്ഷകരാവുകയും ചെയ്ത ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ നേതൃത്വവുമായി കലഹിച്ച് അടര്‍ന്നുമാറിയ വലിയൊരു വിഭാഗം അണികള്‍ ഇന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗിനൊപ്പമാണ്. നേതൃത്വത്തിന്റെ അധികാരപ്രമത്തതയും ഫ്യൂഡല്‍ മനോഭാവവും, എല്ലാറ്റിലുമുപരി, ബാബ്രി മസ്ജിദ് പ്രശ്നത്തില്‍ കൈക്കൊണ്ട ഫാസിസ്റ്റ് അനുകൂല നിലപാടുമാണ് ഇന്ത്യയിലെ മുസ്ളിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് ദേശീയ അധ്യക്ഷ സ്ഥാനം വലിച്ചെറിയാന്‍ പ്രേരിപ്പിച്ചത്.