Tuesday, March 31, 2009

ഇസ്രയേല്‍ ഇടപാട്: ആന്റണി മൌനം വെടിയണം - മന്ത്രി തോമസ് ഐസക്ക്

ഇസ്രയേല്‍ ഇടപാട്: ആന്റണി മൌനം വെടിയണം - മന്ത്രി തോമസ് ഐസക്ക്


തിരു: ബാരക് മിസൈല്‍ ഇടപാട് സംബന്ധിച്ച് അഴിമതി ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതി ആരോപണം പുറത്തുവന്നിട്ട് ഒരാഴ്ച ആയിട്ടും പ്രതിരോധമന്ത്രി ഇതുസംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പ്രതിരോധമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കേണ്ടതെന്ന് കോഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പ്രതിരോധമന്ത്രിയുടെ നിശ്ബദത ദുരൂഹമായിരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആന്റണി പറഞ്ഞിരുന്നത് പ്രതിരോധ കരാറുകള്‍ സുതാര്യമായിരിക്കുമെന്നാണ്. എന്നാല്‍ അദ്ദേഹം അഴിമതിക്ക് മൂകസാക്ഷിയാകുന്ന അവസ്ഥയാണുള്ളത്. അദ്ദേഹം മൌനംവെടിഞ്ഞ് ഇനിയെങ്കിലും രാഷ്ട്രത്തോട് സത്യം തുറന്നു പറയാന്‍ തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോഗ്രസ് റാലി

ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോഗ്രസ് റാലി



തിരൂരങ്ങാടി: പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയെ അനുകൂലിച്ച് കോഗ്രസ് പ്രകടനം. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് നൂറോളംവരുന്ന കോഗ്രസുകാര്‍ 'യുഡിഎഫ് വിരുദ്ധറാലി' എന്ന ബാനറിന് കീഴില്‍ കുണ്ടൂരില്‍ പ്രകടനം നടത്തിയത്. യുഡിഎഫിന് വോട്ടില്ലെന്ന് മുദ്രാവാക്യം മുഴക്കിയ പ്രകടനക്കാര്‍ രണ്ടത്താണിക്കും ആര്യാടനും സിന്ദാബദ് വിളിച്ചു. വയനാട് മണ്ഡലത്തില്‍ മുരളീധരന് അനുകൂലമായി വോട്ട് മറിച്ചുനല്‍കാന്‍ കരാറുണ്ടാക്കിയ ലീഗുകാര്‍ ഇവിടെ ഐക്യത്തിന്റെ ആഹ്വാനം മുഴക്കുന്നത് അപഹാസ്യമാണെന്ന് പ്രകടനക്കാര്‍ വിളിച്ചുപറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കോഗ്രസിനെ തേടിവരുന്നവര്‍ കാര്യം കഴിഞ്ഞാല്‍ പുറംകാലുകൊണ്ട് തട്ടുന്ന സമീപനത്തിനെതിരെയും പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. കുണ്ടൂര്‍ പ്രദേശത്തെ കുഞ്ഞുമുട്ടിഹാജി റോഡ് കോഗ്രസ് വിരോധത്താല്‍ ഇതുവരെ ടാര്‍ ചെയ്തില്ലെന്നും കുടിവെള്ളം പോലും മുട്ടിക്കുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നതെന്നും കോഗ്രസുകാര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഓടിവന്ന് യുഡിഎഫ് ആകണമെന്ന് പറയുന്ന കോഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും യാഥാര്‍ഥ്യം മനസിലാക്കി പ്രതികരിക്കണമെന്നും അവര്‍ പറഞ്ഞു. ലീഗിന്റെ അഹങ്കാരത്തിന് മറുപടി നല്‍കാന്‍ കോഗ്രസിന്റെ വോട്ടുകള്‍ രണ്ടത്താണിക്ക് ചെയ്യുമെന്നും പ്രകടനക്കാര്‍ പറഞ്ഞു. പ്രകടനത്തിന് ടി മഹ്റൂഫ്, ഒ ടി ബഷീര്‍, പി ടി മുനീര്‍, കെ എം സലാം, ടി നൌഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കുടിവെള്ള പദ്ധതിയിലെ അഴിമതി; അഹമ്മദിന്റെ പര്യടനം ലീഗുകാര്‍ അലങ്കോലമാക്കി

കുടിവെള്ള പദ്ധതിയിലെ അഴിമതി; അഹമ്മദിന്റെ പര്യടനം ലീഗുകാര്‍ അലങ്കോലമാക്കി

വേങ്ങര: കുടിവെള്ള പദ്ധതിയിലെ അഴിമതിയില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിന്റെ സ്വീകരണം അലങ്കോലമാക്കി. ഞായറാഴ്ച രാത്രി എട്ടിന് കൊട്ടിത്തറ സ്വീകരണ കേന്ദ്രത്തിലെ പരിപാടിയാണ് ഒരുവിഭാഗം ലീഗുകാര്‍ തടസ്സപ്പെടുത്തിയത്. പറപ്പൂര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ ലീഗ് മെമ്പറായ ബിയാത്തുല്‍ അലവി കുടിവെള്ള പദ്ധതിക്കായി പഞ്ചായത്തില്‍നിന്ന് 70,000 രൂപയും ഗുണഭോക്താക്കളില്‍നിന്ന് 10,000 രൂപയും പിരിച്ചിരുന്നു. എന്നാല്‍ പണം പിരിച്ചതല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം ലീഗുകാര്‍ സ്വീകരണ കേന്ദ്രത്തില്‍ തള്ളിക്കയറിയത്. പൊലീസെത്തിയാണ് ഇവരെ നിയന്ത്രിച്ചത്. കുടിവെള്ള പദ്ധതി അഴിമതിയില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ലീഗുകാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.

തവനൂരിനെ ഇളക്കിമറിച്ച് രണ്ടത്താണിയുടെ പര്യടനം

തവനൂരിനെ ഇളക്കിമറിച്ച് രണ്ടത്താണിയുടെ പര്യടനം


എടപ്പാള്‍: നിളാനദിക്കരയിലെ ജനങ്ങളുടെ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി തവനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. കാലത്ത് എടപ്പാള്‍ ചുങ്കത്തുനിന്ന് ആരംഭിച്ച പര്യടനം വട്ടംകുളം, കാലടി, തവനൂര്‍, തൃപ്രങ്ങോട്, പുറത്തൂര്‍, മംഗലം പഞ്ചായത്തുകളിലെ സ്വീകരണത്തിനുശേഷം ആശാന്‍പടിയില്‍ സമാപിച്ചു. കര്‍ഷക തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വന്‍ ജനക്കൂട്ടം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നിറഞ്ഞുനിന്നു. കരിമരുന്ന് പ്രയോഗത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ സ്വീകരണ കേന്ദ്രങ്ങളില്‍ നേരത്തെതന്നെ വയോവൃദ്ധരടക്കം സ്ഥാനംപിടിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയോടൊപ്പം ഇടതുമുന്നണി നേതാക്കളായ കൂട്ടായി ബഷീര്‍, പി ജ്യോതിഭാസ്, സി രാമകൃഷ്ണന്‍, ടി എ ലത്തീഫ്, ഉദയന്‍, എം ബാപ്പുട്ടി എന്നിവരുമുണ്ടായിരുന്നു.

ഇടതുപക്ഷമുന്നണിയുടെ വിജയം ഉറപ്പാക്കുക

ഇടതുപക്ഷമുന്നണിയുടെ വിജയം ഉറപ്പാക്കുക

ഖാമിസ്മുഷായത്ത്: കേരളത്തിലെ എല്ലാ ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ചുകൊണ്ട് കേന്ദ്രത്തില്‍ ഒരു മൂന്നാംമുന്നണിയെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അസീര്‍ പ്രവാസിസംഘം ലഹ്ദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കവന്‍ഷന്‍ അഭ്യര്‍ഥിച്ചു. അസീര്‍ പ്രവാസിസംഘം ജനറല്‍ സെക്രട്ടറി ബിനോയ് കുന്ദംകുളം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് താമരാക്ഷന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണന്‍ പട്ടാമ്പി, റഷീദ് ചെന്ത്രാപനി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സന്തോഷ് കോഴിക്കോട് സ്വാഗതവും ഷംസു നന്ദിയും പറഞ്ഞു.

പെരിന്തല്‍മണ്ണ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രത്യേക സ്ക്വാഡുകള്‍ പെരിന്തല്‍മണ്ണയില്‍ ഗൃഹസന്ദര്‍ശനം നടത്തും. അഞ്ചിന് മണ്ഡലത്തിലെ 137 ബൂത്തുപ്രദേശത്തും യുവജന സ്ക്വാഡുകള്‍ പ്രചാരണത്തിനിറങ്ങാന്‍ ഡിവൈഎഫ്ഐ ബ്ളോക്ക് പ്രവര്‍ത്തക കവന്‍ഷന്‍ തീരുമാനിച്ചു. കവന്‍ഷന്‍ എ വിജയരാഘവന്‍ എംപി ഉദ്ഘാടനംചെയ്തു. പി ഗോവിന്ദപ്രസാദ് അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍, വി ശശികുമാര്‍ എംഎല്‍എ, അഡ്വ. സി എച്ച് ആഷിഖ്, വി രമേശന്‍ എന്നിവര്‍ സംസാരിച്ചു. യു അജയന്‍ സ്വാഗതവും പി രാമദാസ് നന്ദിയും പറഞ്ഞു.

വൈകിയെത്തി; അഹമ്മദിനെ ലീഗുകാര്‍ തിരിച്ചയച്ചു

വൈകിയെത്തി; അഹമ്മദിനെ ലീഗുകാര്‍ തിരിച്ചയച്ചു


കൊണ്ടോട്ടി: സ്വീകരണ കേന്ദ്രത്തില്‍ നിശ്ചയിച്ച സമയത്ത് എത്താത്തതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിനെയും പരിവാരങ്ങളെയും ലീഗ് പ്രവര്‍ത്തകര്‍ മടക്കി അയച്ചു. കൊണ്ടോട്ടി പഞ്ചായത്തിലെ നീറാടിലാണ് ഇ അഹമ്മദിന്റെ സ്വീകരണം അലങ്കോലമായത്. വൈകിട്ട് 4.15ന് ആയിരുന്നു നീറാട് സ്വീകരണം നിശ്ചയിച്ചത്. മൂന്ന് മണിക്കൂര്‍ വൈകി 7.30 നാണ് അഹമ്മദ് കേന്ദ്രത്തില്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് ക്ഷുഭിതരായ പ്രവര്‍ത്തകര്‍ സംസാരിക്കാനനുവദിക്കാതെ അഹമ്മദിനെ മടക്കി അയക്കുകയായിരുന്നു. അഹമ്മദ് പലതവണ മാപ്പ് അപേക്ഷിച്ചെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. അഹമ്മദിനെതിരെ നേരത്തെതന്നെ പ്രവര്‍ത്തകരുടെ ഇടയില്‍ പ്രതിഷേധം വ്യാപകമാണ്.

കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി: പിണറായി


കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി: പിണറായി


തിരു: ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ഇതിലും ദയനീയമാണ്. കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍വരും. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടാകുന്ന ആ മന്ത്രിസഭ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തും. തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി രാമചന്ദ്രന്‍ നായരുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരരെ നേരിടാന്‍ ഇസ്രയേല്‍ സഹായം വേണമെന്ന കോഗ്രസ് നയത്തിന്റെ പ്രതിഫലനമാണ് തിരുവന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് പിണറായി പറഞ്ഞു. സി ദിവാകരന്‍ അധ്യക്ഷനായിരുന്നു.

Monday, March 30, 2009

ഇസ്രയേല്‍ബന്ധം രാജ്യത്തിന് അപകടം: എസ് ആര്‍ പി




ഇസ്രയേല്‍ബന്ധം രാജ്യത്തിന് അപകടം: എസ് ആര്‍ പി




കൊല്ലം: ഇസ്രയേലുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഒപ്പിട്ട പതിനായിരം കോടിയുടെ മിസൈല്‍ ഇടപാട് റദ്ദാക്കണമെന്ന് പിബി ആവശ്യപ്പെട്ടിട്ടുണ്ട്. ബറാക് മിസൈല്‍ ഇടപാടില്‍ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് പുതിയ കരാറും. ഫെബ്രുവരി 27ന് ഒപ്പിട്ട കരാറില്‍ 6 ശതമാനം കമീഷന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കടുത്ത അഴിമതിയുടെ പ്രശ്നമാണെന്ന് കൊല്ലം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ എസ് ആര്‍ പി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കോഗ്രസിന്റെയോ ബിജെപിയുടെയോ പങ്കാളിത്തമോ പിന്തുണയോ ഇല്ലാത്ത മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. കഴിഞ്ഞ രണ്ട് മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ കോഗ്രസിന്റെയും ബിജെപിയുടെയും കരുത്ത് കുറയുന്നതായി കാണാം. മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കിട്ടൂ. അഖിലേന്ത്യാതലത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തിപ്പെടും. വളരെ വിശാലമായ ഐക്യമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഉണ്ടാക്കിയിട്ടുള്ളത്. കോഗ്രസിനും ബിജെപിക്കും സഖ്യകക്ഷികളെ നഷ്ടപ്പെടുന്നു. മൂന്നാംമുന്നണി അധികാരത്തില്‍വന്നാല്‍ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന്, 'അതെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കും. നയമാണ് പ്രധാന'മെന്ന് അദ്ദേഹം മറുപടി നല്‍കി. അബ്ദുള്‍ നാസര്‍ മഅ്ദനി ജയില്‍മോചിതനായശേഷം അദ്ദേഹത്തിന്റെ നയസമീപനത്തില്‍ മാറ്റം പ്രഖ്യാപിച്ചു. അതിനെ പാര്‍ടി സ്വാഗതം ചെയ്തു. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെയും സ്വാഗതംചെയ്തു. വോട്ട് ആരുതന്നാലും വാങ്ങും. മഅ്ദനിയുടെ ഭാര്യക്കെതിരെ കോടതിയില്‍ കേസില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്താനാകില്ല. ലാവ്ലിന്‍ തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണ്. പാര്‍ടി സെക്രട്ടറിയറ്റും എല്‍ഡിഎഫുമൊക്കെ ചര്‍ച്ചചെയ്ത് നീങ്ങിയതാണ്. കൊല്ലം, മാവേലിക്കര ലോക്സഭാമണ്ഡലങ്ങളില്‍ സിപിഐയും സിപിഐ എമ്മും വളരെ നല്ല സൌഹാര്‍ദത്തിലാണ്. മറിച്ചുള്ള ആക്ഷേപങ്ങള്‍ ശരിയല്ല. ജനതാദള്‍ ദേശീയനേതാവ് ദേവഗൌഡ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജയിക്കാനായില്ലെങ്കില്‍ രാജ്യസഭാസീറ്റ് നല്‍കുന്നതിനുള്ള ക്രമീകരണം ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ തവണത്തെ വിജയം എല്‍ഡിഎഫ് ആവര്‍ത്തിക്കും. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തും- എസ് ആര്‍ പി പറഞ്ഞു.

Sunday, March 29, 2009

കേരള സര്‍ക്കാരിനെ വിലയിരുത്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കൂ...

കേരള സര്‍ക്കാരിനെ വിലയിരുത്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കൂ...








ആര്‍ക്കാണ് പേടി? നവകേരള മാര്‍ച്ചിനിടെ പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയ ഉത്തരം ഏതാനും നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്തോ വലിയ കെണിയാണ് എന്ന മട്ടിലാണ് പലരും വ്യാഖ്യാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമല്ലെന്ന പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പരാമര്‍ശംകൂടി ചോദിച്ചുവാങ്ങിയതോടെ സിപിഐ എം നേതൃത്വത്തിന്റെ വൈരുധ്യങ്ങള്‍കൂടി പുറത്തുകൊണ്ടുവന്ന സംതൃപ്തിയിലായി. ഈ തെരഞ്ഞെടുപ്പ് മൂന്നുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവും പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെതന്നെ ആയിക്കോട്ടെ. ആര്‍ക്കാണിവിടെ പേടി? ഇതിനുമുമ്പ് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി അഞ്ചുവര്‍ഷം യുഡിഎഫ് കേരളം ഭരിച്ചുവല്ലോ. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെയും എല്‍ഡിഎഫിന്റെ മൂന്നുവര്‍ഷത്തെയും താരതമ്യപ്പെടുത്തി വിധി പ്രസ്താവിക്കട്ടെ. ഒന്ന്. പാവങ്ങളുടെ പെന്‍ഷന്‍: യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാരില്‍നിന്നോ ക്ഷേമനിധികളില്‍നിന്നോ ഉള്ള പെന്‍ഷന്‍ ഒരു തവണപോലും വര്‍ധിപ്പിച്ചില്ല. ശരാശരി രണ്ടുവര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയുമാക്കി. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കുടിശ്ശിക തീര്‍ത്തു. പെന്‍ഷന്‍ 110-120 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 274 കോടി രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനായി അനുവദിച്ചപ്പോള്‍ 2009 വിഷു ഗഡു അടക്കം 443 കോടി രൂപ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ക്ഷേമനിധികളുടെ അംശാദായം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ ഭാരം ഏറ്റെടുത്തുകൊണ്ടാണ് വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണംചെയ്യുന്നത്. മറ്റു പെന്‍ഷനുകളൊന്നും ലഭിക്കാത്ത 65 വയസ്സുകഴിഞ്ഞ എല്ലാ പാവപ്പെട്ടവര്‍ക്കും 100 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പീടികത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാര്‍, കക്കാവാരല്‍ തൊഴിലാളികള്‍ തുടങ്ങി പുതിയ വിഭാഗങ്ങള്‍ക്കും ക്ഷേമനിധി രൂപീകരിച്ചു. രണ്ട്. റേഷന്‍: നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 116 കോടി രൂപ റേഷന്‍ സബ്സിഡിയായി നല്‍കിയിരുന്നു. പിന്നീടുവന്ന യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് ആകെ റേഷന്‍ സബ്സിഡിയായി നല്‍കിയത് 58 കോടിരൂപ മാത്രമാണ്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ മൂന്നൂവര്‍ഷംകൊണ്ട് മാത്രം 360 കോടി രൂപ ധനസഹായം റേഷന്‍ വാങ്ങുന്നവര്‍ക്കു നല്‍കി. പുതിയ ബജറ്റില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് 250 കോടിരൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവച്ചന്തകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 30 കോടിരൂപ വീതമാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 50 കോടി രൂപയാണ് ചെലവഴിക്കുന്നത്. മൂന്ന്. കടാശ്വാസം: 1500 കൃഷിക്കാര്‍ കടംകയറി ആത്മഹത്യ ചെയ്തത് യുഡിഎഫിന്റെ ഭരണകാലത്താണ്. ഈ ഹതഭാഗ്യരുടെ കടംപോലും എഴുതിത്തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വേണ്ടിവന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം മൊറട്ടോറിയം ഏര്‍പ്പെടുത്തി സമഗ്രമായ കടാശ്വാസ നിയമത്തിന് രൂപംനല്‍കി. കേന്ദ്രസര്‍ക്കാരിനുപോലും കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുന്നതിന് കേരളത്തിലെ നിയമം പ്രചോദനമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കേരളത്തിലെ കൃഷിക്കാരുടെ കടഭാരത്തില്‍ നല്ലപങ്ക് കേന്ദ്ര സ്കീംവഴി ഇല്ലാതായി. എങ്കിലും ഇതിനകം 150 കോടി രൂപ വിദര്‍ഭ പാക്കേജിന്റെ സംസ്ഥാനവിഹിതമായും വയനാട്ടിലെ കൃഷിക്കാര്‍ക്കുള്ള കടാശ്വാസമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും 25 കോടി രൂപ കടാശ്വാസ കമീഷന്റെ തീര്‍പ്പുകള്‍ നടപ്പാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമീഷന്റെ ചുവടുപിടിച്ച് മത്സ്യമേഖലയിലും കടാശ്വാസ കമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബജറ്റില്‍ പട്ടികജാതി /വര്‍ഗക്കാര്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണ്. 25,000 രൂപവരെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുകയാണ്. 1996നു മുമ്പുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭവനവായ്പകളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിനും അവരുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്. നാല്. പാര്‍പ്പിടം: യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ ശരാശരി ഏതാണ്ട് 50,000 വീടുകള്‍ വീതമാണ് നിര്‍മിച്ചത്. എല്‍ഡിഎഫിന്റെ ആദ്യരണ്ടുവര്‍ഷങ്ങളിലെ ശരാശരി 80,000 വീടുകള്‍വരും. ഇന്നിപ്പോള്‍ അഞ്ച് ലക്ഷം വീട് രണ്ടുവര്‍ഷംകൊണ്ട് പണിയുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിടപ്പാടമില്ലാത്തവരടക്കം മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചുനല്‍കുന്നതിന് 2000 കോടി രൂപ ചെലവു വരും. എല്ലാ വീടും വൈദ്യുതീകരിക്കാനുള്ള പദ്ധതിക്കും തുടക്കമായി. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളും പുതുതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാണ്ട് 1000 കോടി രൂപയുടെ പദ്ധതികളും ജലനിധി രണ്ടാംഘട്ടവും കൂടിച്ചേരുമ്പോള്‍ കേരളത്തിന്റെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കാനാകും. അഞ്ച്. ആരോഗ്യ ഇന്‍ഷുറന്‍സ്: പൊതു ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു നടപടിയായിരുന്നു യുഡിഎഫ് ആവിഷ്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനെ തള്ളിക്കളയാനും കഴിയില്ല. കാരണം ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംസ്ഥാനത്തിന് നഷ്ടപ്പെടും. അതുകൊണ്ട് പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കുന്നിനാണ് നമ്മള്‍ ശ്രമിച്ചിരിക്കുന്നത്. പൊതു ആരോഗ്യസംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും അവ ഇല്ലാത്തിടത്തുമാത്രമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റില്‍വരുന്ന 12 ലക്ഷത്തില്‍ താഴെ വരുന്ന കുടുംബങ്ങള്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുന്നതിനുപകരം കേരളത്തിലെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഈ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി കുടുംബങ്ങള്‍, ആശ്രയ സ്കീമില്‍പ്പെട്ടവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മൊത്തം അടങ്കല്‍ 83 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പണം പൂര്‍ണമായി ബന്ധപ്പെട്ട ആശുപത്രി വികസന സമിതികള്‍ക്കു നല്‍കുന്നതാണ്. ആറ്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍: കേരളത്തില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. ആവശ്യമായ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി. നിയമന നിരോധനം നീക്കംചെയ്തു. യുഡിഎഫ് കാലത്ത് ആരംഭിച്ച പ്ളസ് ടു, വൊക്കേഷണല്‍ സ്കൂളുകള്‍ക്കുപോലും തസ്തികകളിലേക്കുള്ള അധ്യാപകനിയമനം ഇപ്പോഴാണ് നടന്നത്. കോളേജുകളിലെ നിയമനം 2001 വരെയുള്ളത് റഗുലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. പത്താംക്ളാസുവരെ ഉച്ചയൂണ് പരിപാടി ആവിഷ്കരിച്ചു. സ്കൂള്‍ക്കുട്ടികള്‍ക്ക് വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. 2009-10ല്‍ 32 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 100 കോടി രൂപയുടെ കോര്‍പസ് ഫണ്ടിനും തുടക്കംകുറിച്ചു. ഏഴ്. പട്ടികജാതി/ പട്ടികവര്‍ഗം: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്റൈപെന്‍ഡ്, ലംപ്സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു സഹായവും ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗണ്യമായി ഉയര്‍ത്തി. 40 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക കൊടുത്തുതീര്‍ത്തു. സ്വാശ്രയ കോളേജുകളിലെ ഫീസുകളടക്കം സര്‍ക്കാരാണ് നല്‍കുന്നത്. 2009-10ലെ ബജറ്റില്‍ പ്രീ-മെട്രിക് ഹോസ്റലുകളിലെ മെസ് അലവന്‍സ് 700 രൂപയില്‍നിന്ന് 1300 രൂപയായും പോസ്റ് മെട്രിക് ഹോസ്റലുകളിലേത് 900 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2000 രൂപയില്‍നിന്ന് 2500 രൂപയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് ഭൂമിയില്ലാത്തവര്‍ക്കു മുഴുവന്‍ കിടപ്പാടവും വീടില്ലാത്തവര്‍ക്കെല്ലാം വീടും നല്‍കുന്നതിനുള്ള പരിപാടി നടപ്പാക്കും. എട്ട്. മത്സ്യത്തൊഴിലാളികള്‍: ഏറ്റവും സമഗ്രവും നാടകീയവുമായ മാറ്റമുണ്ടായത് മത്സ്യമേഖലയിലാണ്. രണ്ടു രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയിലും സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ ആനൂകൂല്യത്തിന്റെ കാര്യത്തിലും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശാദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി. കയറ്റുമാതിക്കാരില്‍നിന്ന് അംശാദായം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉണ്ടാക്കി കുടിശ്ശിക തീര്‍ത്തു. മസൂകാല ട്രോളിങ് നിരോധനത്തില്‍നിന്ന് പരമ്പരാഗത മേഖലയെ ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തി. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തീരദേശ പാത സ്റേറ്റ് ഹൈവേയാക്കുന്നതിനുവേണ്ടി 500 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ ഫിഷിങ് ഹാര്‍ബറുകളും നിര്‍മാണ ഭരണാനുമതി നല്‍കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൃഷിക്കാരെപ്പോലെ കടാശ്വാസം പ്രഖ്യാപിച്ചു. ഇനിയിപ്പോള്‍ മത്സ്യസമ്പത്തിനുമേല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വത്തവകാശം നല്‍കുന്ന സമഗ്ര ജലപരിഷ്കരണ നിയമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒമ്പത്്. പരമ്പരാഗത വ്യവസായം: പാവങ്ങള്‍ ഉപജീവനം നടത്തുന്ന പരമ്പരാഗത വ്യവസായങ്ങളോടുള്ള യുഡിഎഫിന്റെ അവഗണനാപരമായ നടപടിയല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത്. കശുവണ്ടി, കയര്‍, ഖാദി എന്നീ വ്യവസായങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 79 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചത്. എല്‍ഡിഎഫ് ഭരണകാലത്താകട്ടെ 2009-10ലെ ബജറ്റ് അടക്കം 165 കോടി രൂപയാണ് ഈ വ്യവസായങ്ങള്‍ക്ക് ചെലവഴിക്കുന്നത്. പത്ത്. കാര്‍ഷിക മേഖല: കാര്‍ഷികമേഖലയില്‍ സ്വീകരിച്ച നടപടികള്‍ കൃഷിക്കാരുടെ ആത്മഹത്യക്ക് വിരാമമിട്ടു. കൃഷിക്കാര്‍ക്ക് ക്ഷേമപദ്ധതി ആരംഭിച്ചു, ക്ഷീരകൃഷിക്കാര്‍ക്ക് കാലിത്തീറ്റയ്ക്ക് കിലോയ്ക്ക് 50 പൈസ സബ്സിഡിയായി നല്‍കി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ, വിള ഇന്‍ഷുറന്‍സ്, 11 രൂപയ്ക്ക് സംഭരണം, വിത്ത്, വളം, കീടനാശിനി, വൈദ്യുതി, പമ്പിങ് എന്നിവയ്ക്ക് വര്‍ധിപ്പിച്ച സബ്സിഡി തുടങ്ങിയവ ഒരു പാക്കേജായി നടപ്പാക്കിയതിന്റെ ഫലമായി കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നെല്‍വയല്‍ വിസ്തൃതി 2008-09ല്‍ വര്‍ധിച്ചു. യുഡിഎഫിന്റെ കാലത്ത് നെല്ലു സംഭരണത്തിന് ഒരു രൂപാപോലും ചെലവഴിച്ചിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് നെല്ലുസംഭരണത്തിന് സബ്സിഡിയായി മാത്രം 117 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചു. കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വിധവകള്‍, വികലാംഗര്‍, അഗതികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ധസഹായത്തില്‍ ഗണ്യമായ വര്‍ധനയാണ് വരുത്തിയത്. കേരളത്തിലുള്ള മറുനാടന്‍ തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധി ആരംഭിക്കാന്‍പോവുകയാണ്. ഇപ്രകാരം സര്‍വതലസ്പര്‍ശിയായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് യുഡിഎഫ് തകര്‍ത്ത ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നു.
T M T

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് എ കെ ആന്റണി മറുപടി പറ

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് എ കെ ആന്റണി മറുപടി പറയണം.


ന്യൂഡല്‍ഹി: പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാന്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മിക്കാം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്‍ക്ക് മിസൈല്‍ നിര്‍മിച്ചു ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഈ ശേഷിയില്ല. മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്‍മിച്ചു നല്‍കുക. മികച്ച രീതിയില്‍ ഇവ നിര്‍മിക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.

കടലിന്റെ മക്കള്‍ക്ക് ഭവന പദ്ധതി: നിര്‍മാണം തുടങ്ങി

കടലിന്റെ മക്കള്‍ക്ക് ഭവന പദ്ധതി: നിര്‍മാണം തുടങ്ങി

പൊന്നാനി: നഗരസഭയുടെ ബൃഹത് ഭവനപദ്ധതിയുടെയും ദുരിതാശ്വാസക്യാമ്പിന്റെയും നിര്‍മാണമാരംഭിച്ചു. കടല്‍ക്ഷോഭത്തിലും മറ്റു ദുരിതങ്ങള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള 120 വീടുകളുള്ള 'ഫിഷര്‍മെന്‍' കോളനിയുടെയും തീരദേശ മേഖലയില്‍ വര്‍ഷങ്ങളായി കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ കേന്ദ്രത്തിന്റെയും പണികളാണാരംഭിച്ചത്. പുഴ പുറമ്പോക്ക് നിവാസികളായ 109 കുടുംബങ്ങള്‍ക്ക് നെയ്തല്ലൂരില്‍ 'ഹൌസിങ് കോളനിയും' പണിയുന്നുണ്ട്. പൊന്നാനി എംഇഎസ് കോളേജിന് പിന്‍വശത്താണ് അഞ്ചേക്കര്‍ സ്ഥലത്ത് ഫിഷര്‍മെന്‍ കോളനിയുടെ പണിയാരംഭിച്ചിട്ടുള്ളത്. ഐഎച്ച്എസ്ഡിപി പദ്ധതിപ്രകാരമുള്ള നാല് കോടി 39 ലക്ഷം രൂപയും നഗരസഭയുടെ രണ്ട് കോടിയും ഉള്‍പ്പെടെ ആറ് കോടി 39 ലക്ഷം രൂപയുടേതാണ് പദ്ധതി. പൊന്നാനി എംഇഎസിന് പിന്നിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ഫിഷര്‍മെന്‍ കോളനിക്കും നെയ്തല്ലൂരില്‍ നിര്‍മിക്കുന്ന ഹൌസിങ് കോളനിക്കുമുള്ള ഗുണഭോക്താക്കളെ കണ്ടെത്തിക്കഴിഞ്ഞു. ഇരുകോളനികളിലും ആധുനിക സൌകര്യങ്ങള്‍ ഒരുക്കും. എല്ലാ വീടിന്റെയും ഒരു ഭാഗത്ത് റോഡ്, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക്, തൊഴില്‍ യൂണിറ്റ്, അഴുക്കുചാല്‍പദ്ധതി, ഓരോ മുപ്പത് വീടിനും വാട്ടര്‍ടാങ്ക് എന്നിവ ഉണ്ടാവും. ഇരു കോളനികളിലും ഹെല്‍ത്ത് സെന്ററുകളും സ്ഥാപിക്കും. കടല്‍ക്ഷോഭവും മറ്റും വിതയ്ക്കുന്ന ദുരിതത്തില്‍നിന്നും താല്‍ക്കാലികാഭയം തേടാന്‍ ഏറെ പ്രയാസപ്പെടുന്ന പൊന്നാനി തീരത്ത് 15 ലക്ഷം രൂപ ചെലവില്‍ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ഷെല്‍ട്ടറിന്റെ നിര്‍മാണവും ആരംഭിച്ചു. മുപ്പത് മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ മത്സ്യത്തൊഴിലാളികള്‍ക്കിനി അഭയകേന്ദ്രമാവും. പുഴയോരത്തും പുറമ്പോക്കിലുമായി ജീവിതം തള്ളിയ 109 കുടുംബങ്ങള്‍ക്കാണ് നെയ്തല്ലൂര്‍ ഫിഷര്‍മെന്‍ കോളനി സമര്‍പ്പിക്കുന്നത്. ആധുനിക സൌകര്യമൊരുക്കുന്ന കോളനികളുടെ നിര്‍മാണ ചുമതല ആലുവയിലെ പുതിയേടത്ത് കസ്ട്രക്ഷന്‍സിനാണ്. നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നഗരസഭാ ഭരണസമിതി കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമായാണ് വിലയിരുത്തപ്പെടുന്നത്.

പെന്‍ഷന്‍ സംരക്ഷിക്കാന്‍ ഇടതുശക്തികള്‍ അധികാരത്തിലെത്തണം: വിജയരാഘവന്‍


പെന്‍ഷന്‍ സംരക്ഷിക്കാന്‍ ഇടതുശക്തികള്‍ അധികാരത്തിലെത്തണം : വിജയരാഘവന്‍

മലപ്പുറം: ജീവനക്കാരുടെ പെന്‍ഷന്‍ നിലനിര്‍ത്തണമെങ്കില്‍ ഇടത് മതേതരശക്തികള്‍ക്ക് നിയന്ത്രണമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് എ വിജയരാഘവന്‍ എംപി പറഞ്ഞു. കേന്ദ്ര സര്‍വീസ് മേഖലയെ സംരക്ഷിക്കാനും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാനും കേന്ദ്ര ജീവനക്കാര്‍ സജീവമായി രംഗത്തിറങ്ങണമെന്നും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോഫെഡറേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്ത് വിജയരാഘവന്‍ പറഞ്ഞു. തപാല്‍, റെയില്‍വെ, ഇന്‍കം ടാക്സ്, കേന്ദ്രീയവിദ്യാലയ, ആര്‍എംഎസ്, ബിഎസ്എന്‍എല്‍, ലൈറ്റ് ഹൌസ് തുടങ്ങി വിവിധ മേഖലയില്‍നിന്നായി നൂറ്റിയമ്പത് പ്രതിനിധികള്‍ പങ്കെടുത്തു. പ്രസിഡന്റ് ടി കെ മുഹമ്മദ് അയ്യൂബ് അധ്യക്ഷനായി. എ ശിവദാസന്‍, കെ സുന്ദരരാജന്‍, എം എന്‍ മാധവന്‍, ഡോ. ടി കെ ശ്രീധരന്‍, മാത്യു സിറിയക് എന്നിവര്‍ സംസാരിച്ചു. വി ശ്രീകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും പി കെ മുരളീധരന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി സുരേന്ദ്രന്‍, പി പി സുധീര്‍, എം തോമസ്, സി നാരായണന്‍, പി കെ ബാലചന്ദ്രന്‍, പി പ്രമോദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി ഋഷികേശ്കുമാര്‍ സ്വാഗതവും പി സതീഷ്ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി കെ മുഹമ്മദ് അയ്യൂബ് (റെയില്‍വെ - പ്രസിഡന്റ്), പി കെ മുരളീധരന്‍ (പോസ്റ്റല്‍ - സെക്രട്ടറി), പി പ്രമോദ്, കെ പി മാധവന്‍ (വൈസ് പ്രസിഡന്റുമാര്‍), പി സതീഷ്ചന്ദ്രന്‍, പി ഋഷികേശ്കുമാര്‍ (അസി. സെക്രട്ടറി), എം തോമസ് (ട്രഷറര്‍).

ടി കെ ഹംസയുടെ വെബ്സൈറ്റ് ഉദ്ഘാടനംചെയ്തു. www.tkhamza.in

ടി കെ ഹംസയുടെ വെബ്സൈറ്റ് ഉദ്ഘാടനംചെയ്തു . www.tkhamza.in

മലപ്പുറം: എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണ വെബ്സൈറ്റ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വിലാസം: www.tkhamza.in രാഷ്ട്രീയകാര്യങ്ങള്‍, മലപ്പുറം ജില്ലയിലെ പുതിയ മാറ്റങ്ങള്‍, പുസ്തകം, വികസന കാഴ്ചപ്പാട്, പര്യടനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, മണ്ഡലവികസനം, എംപി ഫണ്ട് വിനിയോഗം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കിയത് തുടങ്ങിയവ സൈറ്റിലുണ്ട്.

താനൂരില്‍ ആവേശം വിതച്ച് രണ്ടത്താണി



താനൂരില്‍ ആവേശം വിതച്ച് രണ്ടത്താണി



താനൂര്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് താനൂര്‍ മണ്ഡലത്തില്‍ ആവേശോജ്വല സ്വീകരണം. വേനല്‍ച്ചൂടിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ഒഴുകിയെത്തിയ സ്വീകരണ കേന്ദ്രങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പൊതുയോഗങ്ങളായി. കാര്‍ഷിക മേഖലയായ ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് ചെറുകിട കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഒഴൂര്‍, താനൂര്‍, നിറമരുതൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലും പര്യടനം നടത്തി. നൂറുകണക്കിന് കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ തടിച്ചുകൂടി. ജനതാദള്‍ ജില്ലാ വൈസ്പ്രസിഡന്റും താനൂര്‍ മണ്ഡലം എല്‍ഡിഎഫ് കവീനറുമായ കെ വി സൈതലവി, സിപിഐ താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയന്‍, എ പി സുബ്രഹ്മണ്യന്‍, ടി സിദ്ദീഖ്, വേലായുധന്‍ വള്ളിക്കുന്ന്, എന്‍ രാമകൃഷ്ണന്‍, അലവിക്കുട്ടി കാടാമ്പുഴ, ഇ ഗോവിന്ദന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ വി സിദ്ദീഖ്, വി അബ്ദുള്‍റസാഖ്, എ പി മുഹമ്മദ് ഷരീഫ്, ഹനീഫ രണ്ടത്താണി, മുഹമ്മദ്കുട്ടി (ബാപ്പുട്ടി), പി അബ്ദുള്‍സമദ് എന്നിവര്‍ സംസാരിച്ചു.



കോട്ടക്കല്‍: ചാപ്പനങ്ങാടിയിലെ ചെറുപ്പക്കാര്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കാര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചാപ്പനങ്ങാടിയിലെ ആദ്യകാല ലീഗ് പ്രവര്‍ത്തകനായ കരുപറമ്പന്‍ ഹനീഫയാണ് തന്റെ കാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രചാരണം നടത്താന്‍ നല്‍കിയത്. കാര്‍ ചുവന്നപെയിന്റ് ചെയ്ത് പൊന്നാനി, മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പടം ആലേഖനം ചെയ്തിട്ടുണ്ട്. സദ്ദാംഹുസൈന്റെ പടവുംവച്ചാണ് കാര്‍ അലങ്കരിച്ചിട്ടുള്ളത്. പൂളക്കല്‍ നാസറിന്റെയും കല്ലങ്കാടന്‍ മൊയ്തുവിന്റെയും നേതൃത്വത്തിലാണ് വാഹനം അലങ്കരിച്ച് പ്രചാരണം നടത്തുന്നത്.

ആണവകരാറും ഇസ്രയേലും ഓര്‍ക്കാനാവാതെ തങ്ങള്‍

ആണവകരാറും ഇസ്രയേലും ഓര്‍ക്കാനാവാതെ തങ്ങള്‍

മലപ്പുറം: മലേഗാവും ഏക സിവില്‍കോഡും മുതല്‍ വരുഗാന്ധിയെ വരെ ഓര്‍ത്ത ശിഹാബ്തങ്ങള്‍ ആണവകരാറും ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധവും മറന്നു. തീവ്രവാദ ശക്തികള്‍ക്കെതിരെ ഉറച്ച നിലപാട് എടുക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത തങ്ങള്‍ സമുദായത്തിന് ദോഷകരമെന്ന് വിശേഷിപ്പിച്ച എന്‍ഡിഎഫിന്റെ മുതുകത്തിരുന്ന് ലീഗ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ മൌനം പാലിക്കുന്നു. രാജ്യത്തെ സിയോണിസ്റ്റുകള്‍ക്കുമുമ്പില്‍ സമര്‍പ്പിച്ച മന്‍മോഹന്‍സിങ്ങും സോണിയയും ന്യൂനപക്ഷ - പിന്നോക്ക വിഭാഗങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബോധ്യമായതായും തങ്ങള്‍ പറയുന്നു. 'നിര്‍ണായക പോരാട്ടത്തിനൊരുങ്ങുക' എന്ന തലക്കെട്ടില്‍ ഞായറാഴ്ച 'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ശിഹാബ്തങ്ങളുടെ വിചിത്ര വാദങ്ങള്‍. യുപിഎ സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോടും പിന്നോക്ക വിഭാഗങ്ങളോടും സ്വീകരിച്ച സവിശേഷ നിലപാട് ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇത് മനസ്സിലാക്കി പഴയകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മുസ്ളിം സമൂഹം മൊത്തത്തില്‍ കോഗ്രസ് മുന്നണിക്ക് അനുകൂലമാകുകയാണത്രെ. സാധാരണ തെരഞ്ഞെടുപ്പിന് തലേദിവസം ഇത്തരം പ്രസ്താവന ശിഹാബ്തങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ കാലേകൂട്ടി ഇങ്ങനെയൊന്ന് ലീഗിന്റേയും കോഗ്രസിന്റേയും ഗതികേടാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഏറെ വേദനിപ്പിച്ച രണ്ട് സംഭവങ്ങളാണ് ഇന്ത്യ-യുഎസ് ആണവകരാറും ഇസ്രയേലുമായുള്ള ബന്ധവും. ഇത് രണ്ടിനെയും ശിഹാബ്തങ്ങള്‍തന്നെ എതിര്‍ത്തിരുന്നു. ആണവകരാരില്‍ എതിര്‍പ്പുണ്ടെന്നും കരാറുമായി മുന്നോട്ടുപോയാല്‍ അഹമ്മദിന്റെ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്നുമാണ് ശിഹാബ്തങ്ങള്‍ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആണവകരാറില്‍ ലീഗിന് ആശങ്കയുണ്ടെന്നും കരാറുമായി മുന്നോട്ടുപോയാല്‍ ഇ അഹമ്മദ് മന്ത്രിസ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ ജൂലൈ പത്തിന് പാണക്കാട് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു. അതിനുമുമ്പ് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയിലും ആണവകരാറിനെതിരെ ലീഗ് ശക്തമായ നിലപാടെടുത്തിരുന്നു. ഇക്കാര്യം ബനാത്ത്വാലയുടെ അന്ത്യപ്രസ്താവനയായി 'ചന്ദ്രിക' പ്രസിദ്ധീകരിച്ചതുമാണ്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ആവേശത്തോടെ ശിഹാബ്തങ്ങള്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുനിലപാടെടുത്തുവെന്ന് പറയുന്നില്ല. കോഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ റിപ്പോര്‍ട്ടിലെ വല്ലതും നടപ്പാക്കിയോ ? ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ബംഗാളിലുമാണ് ഇവ നടപ്പാക്കിത്തുടങ്ങിയതെന്ന സത്യവും അദ്ദേഹം മറക്കുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നപ്പോഴാണ് സച്ചാര്‍ കമീഷനെ നിയമിച്ചത്. രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാകാതിരിക്കാന്‍ കോഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കേ കഴിയൂ എന്ന് ശിഹാബ്തങ്ങള്‍ പറയുന്നു. ഇന്ത്യയിലെ വര്‍ഗീയകലാപങ്ങളില്‍ ഭൂരിപക്ഷവും കോഗ്രസ് ഭരിക്കുമ്പോഴാണുണ്ടായത്. ബാബരി മസ്ജിദ് തകര്‍ത്തതും കോഗ്രസ് ഭരിക്കുമ്പോഴാണ്. കേരളത്തില്‍ വിഴിഞ്ഞം, പൂന്തുറ, തൈക്കല്‍, മാറാട് കലാപങ്ങള്‍ ഉണ്ടായതും കോഗ്രസ് മുന്നണി ഭരിക്കുമ്പോഴാണ്. മുസ്ളിം സമൂഹം മുഴുവന്‍ കോഗ്രസ് മുന്നണിക്കൊപ്പമാണെന്നും തങ്ങള്‍ പറയുന്നു.

ഇസ്രയേലുമായുള്ള ഇടപാട് റദ്ദാക്കണം: സിപിഐ എം

ഇസ്രയേലുമായുള്ള ഇടപാട് റദ്ദാക്കണം: സിപിഐ എം



ന്യൂഡല്‍ഹി: ഇസ്രയേലുമായി ഒപ്പിട്ട 10,000 കോടിയുടെ മിസൈല്‍ ഇടപാട് റദ്ദാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇടപാടിലെ 600 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു. ബറാക് മിസൈല്‍ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) തന്നെയാണ് പുതിയ മിസൈല്‍ കരാറിലും ഒപ്പിട്ടത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പി ബി അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ട എട്ട് ചോദ്യം സിപിഐ എം ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് എന്തിനാണ് കരാര്‍ ഒപ്പിട്ടത്; ഇതുവഴി ലഭിച്ച കോഴപ്പണം എങ്ങോട്ട് പോയി? എന്‍ഡിഎ ഭരണകാലത്ത് 2006 ഒക്ടോബറില്‍ ബറാക് മിസൈല്‍ ഇടപാടില്‍ സിബിഐ എഫ്ഐആര്‍ ഫയല്‍ചെയ്ത ഇസ്രയേല്‍ കമ്പനിയുമായി എന്തിന് വീണ്ടും കരാറില്‍ ഏര്‍പ്പെട്ടു? മറ്റ് രാജ്യങ്ങളുമായുള്ള ആയുധ ഇടപാടില്‍ അഴിമതി നടന്നതിനെത്തുടര്‍ന്ന് ഇസ്രയേലി അധികൃതര്‍ അന്വേഷണം നടത്തിയ കാര്യം സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? ഇസ്രയേല്‍ കമ്പനിയുടെ ഇന്ത്യന്‍ ഏജന്റിനെ മാറ്റി മറ്റൊരാളെ നിയമിച്ചതാണ് കൂടുതല്‍ കമീഷന്‍ നല്‍കാന്‍ കാരണമായതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രാലയത്തിന് ഏജന്റ് കത്തെഴുതിയ കാര്യം ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന് അറിയാമായിരുന്നില്ലേ? ഡിആര്‍ഡിഒ അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത കാര്യം മന്‍മോഹന്‍സിങ് സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? എന്നിട്ടും എന്തിനാണ് ഡിആര്‍ഡിഒയെ ഇസ്രയേല്‍ കമ്പനിയുമായി മിസൈല്‍ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ ഭാഗഭാക്കാക്കിയത്? ഇസ്രയേല്‍ കമ്പനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈലിനേക്കാളും മെച്ചപ്പെട്ടതാണ് ഡിആര്‍ഡിഒയുടെ മിസൈല്‍ എന്നിരിക്കെ എന്തിനായിരുന്നു ഈ നിര്‍ബന്ധം? ബറാക് മിസൈലിലെന്നപോലെ ഇപ്പോഴത്തെ മിസൈല്‍ ഇടപാടിലും മധ്യവര്‍ത്തികളുണ്ടാകുമെന്നും അവര്‍ക്ക് കോഴയും കമീഷനും നല്‍കേണ്ടിവരുമെന്നും സര്‍ക്കാരിന് അറിയില്ലേ? ഏജന്റുമാര്‍ ആരാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ലേ? മൊത്തം ഇടപാട് തുകയുടെ ആറു ശതമാനം ബിസിനസ് ചാര്‍ജായി നല്‍കിയതിന് സര്‍ക്കാരിന് എന്ത് വിശദീകരണം നല്‍കാനുണ്ട്? ഏജന്റുമാരെ വയ്ക്കുന്നതും കമീഷന്‍ നല്‍കുന്നതും നിലവിലുള്ള രീതിക്ക് എതിരായിരുന്നില്ലേ? ഫെബ്രുവരി 27ന് ഒപ്പിട്ട കരാര്‍ എന്തിനാണ് രഹസ്യമാക്കിയത്? -യെച്ചൂരി ചോദിച്ചു.

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കണം എന്ന ഇടയലേഖനത്തിന്ന് തിരുത്ത്.

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കണം എന്ന ഇടയലേഖനത്തിന്ന് തിരുത്ത്. സ്വാശ്രയകോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങളിലും ഞങള്‍ ആവശ്യപ്പെടുന്ന തുക വാങാന്‍ അനുവദിക്കാത്തവരെ തോല്പിക്കണം‍ .

കോഴിക്കോട്‌: നിരീശ്വരവാദവും അക്രമരാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ വിവിധ ക്രിസ്‌ത്യന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചു. എന്നാല്‍ ഇത് തിരുത്തി വായിക്കണമെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ആവശ്യപ്പെടുന്നത്.സ്വാശ്രയ കോളേജുകളിലും മറ്റ് വിദ്യഭ്യാസ സ്ഥാപനങളിലും തോന്നിയതുപോലെ കോഴ വാങിക്കാന്‍ അനുവാദം കൊടുത്താല്‍ അച്ചന്മാര്‍ ഹാപ്പി .ഈ കാര്യം അനുവദിക്കാന്‍ തയ്യാറായാല്‍ പ്രശ്നം തീര്‍ന്നു.

ഞായറാഴ്‌ച പ്രാര്‍ഥനയ്‌ക്കൊപ്പം വായിച്ച ഇടയലേഖനത്തില്‍ എല്ലാ മതങ്ങളെയും തുല്ല്യമായി കാണുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നും ആഹ്വാനം ചെയ്‌തു. (അപ്പോള്‍ ഈ അച്ചന്മാരുടെ വോട്ട് ആര്‍ എസ് എസിന്ന് തന്നെ.ഗുജറാത്തിലും ഒറിസ്സയിലും മറ്റും ഇവരുടെ മതേതരത്തം തകൃതിയായി നടക്കുന്നുണ്ടല്ലോ.)
ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍ക്ക്‌ ഇപ്പോള്‍ ആശ്രയം കോടതിയും ഭരണഘടനയും മാത്രമാണ്‌ എന്നാണിവര്‍ അവകാശപ്പെടുന്നത് .(ഒറിസ്സയില്‍ ഇവരൊക്കെ ഓടിവന്നത് സി പി ഐ എംന്റെ ഓഫിസിലേക്കായിരുന്നുവല്ലോ.)അതുകൊണ്ടു തന്നെ സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ വിശ്വാസികളെല്ലാം ഇക്കുറി വോട്ട്‌ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം-( അതുകൊണ്ട് ന്യൂനപക്ഷങളെ കൊല്ലാന്‍ വോട്ട് താമരക്കും കൊല്ലുന്നവരെ സഹായിക്കാന്‍ വോട്ട് കൈപ്പത്തും കൊടുക്കാന്‍ മറക്കരുതേ)
കെ.സി.ബി.സി തയ്യാറാക്കിയ ഇടയലേഖനത്തില്‍ പറഞ്ഞു. സീറോ മലബാര്‍, ലത്തീന്‍, കാത്തലിക്‌, മലങ്കര സഭകളുടെ പള്ളികളിലാണ്‌ ഇടയലേഖനം വായിച്ചത്‌.
മറുമൊഴി
ബി ജെ പി ക്കും യു ഡി എഫിന്നും വേണ്ടി രംഗത്തിറങിയിരിക്കുന്ന അച്ചന്മാരെ ചില്ലിക്കാശിന്ന് യേശുകൃസ്തുവിനെ ഒറ്റിക്കൊടുത്തവരുടെ പരമ്പരയായി നിങള്‍ അധഃപതിച്ചിരിക്കുന്നു.
പുരാതനകാലത്തു ക്രൈസ്തവ പീഡനം മറ്റ് കൊള്ളാരുതായ്മകളും നടത്തിയിരുന്ന സാവൂളാണ് പിന്നീട് ദമാസ്ക്കസില്‍ ദൈവത്തിന്റെ ഇടപെടലില്‍ മാനസാന്തരമുണ്ടായി വിശുദ്ധ പൌലോസ് ആയിത്തീര്‍ന്നത്. എല്ലാ വിഭാഗങ്ങളുടെയും ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പൌലോസിന്റെ ജീവിത വഴികള്‍ തിരിച്ചറിഞ്ഞ് പ്രാവര്‍ത്തിക്കാന്‍ നമ്മുടെ അച്ചന്മാര്‍ തയ്യാറായിരുന്നെങ്കില്‍ എത്രനന്നായിരുന്നു

Saturday, March 28, 2009

രാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

രാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

രാജ്യരക്ഷയുടെ പേരില്‍ അഴിമതി നടത്തുന്നതില്‍ ബിജെപി സര്‍ക്കാരിനെ പിറകിലേക്ക് തള്ളിമാറ്റാന്‍ കേന്ദ്രത്തിലെ കോഗ്രസ് ഭരണാധികാരികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതില്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും അഭിമാനിക്കാന്‍ വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഫെബ്രുവരി 27ന് ഇസ്രയേലുമായി കോഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര, ഭൂതല ആകാശമിസൈല്‍ (എംആര്‍, എസ്എഎം) ഇടപാടില്‍ 600 കോടി രൂപ ഇടനിലക്കാര്‍ കോഴപ്പണമായി കൈപ്പറ്റിയതായ വിവരമാണ് പുറത്തുവന്നത്. ബൊഫോഴ്സ് തോക്കിടപാടില്‍ 64 കോടി രൂപയാണ് കോഴപ്പണമെങ്കില്‍ അതിന്റെ പത്തിരട്ടിയാണ് ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ കോഴപ്പണം. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസാണ് ഇടപാടുതുകയായ 10,000 കോടി രൂപയുടെ ആറ് ശതമാനമായ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ'് എന്ന പേരില്‍ കൈമാറിയത്. ഇതില്‍ 450 കോടി രൂപ കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെന്നാണ് വിവരം. ഇത്തരം ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് നല്‍കുന്ന പതിവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കോഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞു. 2009 ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലെ ഞെട്ടിക്കുന്ന അഴിമതിവിവരം പുറത്തായിട്ടും വിശദീകരണം നല്‍കാന്‍ കഴിയാതെ പ്രതിരോധമന്ത്രാലയം പകച്ചു നില്‍ക്കുകയാണ്. 2007 അവസാനം കരാര്‍ സ്വീകാര്യമല്ലെന്ന നിലപാടില്‍ തിരിച്ചയച്ച പ്രതിരോധമന്ത്രി എ കെ ആന്റണി 2009 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായത് ദുരൂഹമാണ്. ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി വ്യോമപ്രതിരോധ മിസൈല്‍ വാങ്ങുന്ന കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് 2008 മാര്‍ച്ച് 18ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയതാണ്. 2009 ജനുവരിയില്‍ വീണ്ടും ഓര്‍മിപ്പിച്ച് കത്തെഴുതി. അതൊക്കെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇത്രയും വലിയ തുകയ്ക്കുള്ള കരാര്‍ ധൃതിപിടിച്ച് ഒപ്പിട്ടതിന്റെ പിറകിലുള്ള നിഗൂഢത സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. മുമ്പൊരു ഇടപാടില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അതേ ഇസ്രയേല്‍ കമ്പനിയുമായാണ് 10,000 കോടിയുടെ മിസൈല്‍ ഇടപാട് ഒപ്പിട്ടിരിക്കുന്നത് എന്നത് തികച്ചും അസാധാരണമായ നടപടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ബങ്കരുലക്ഷ്മ നോട്ടുകെട്ടുകള്‍ വാങ്ങിയത് തെഹല്‍ക എന്ന മാധ്യമം ബഹുജനസമക്ഷം കൊണ്ടുവന്നത് ആരും മറന്നുകാണുകയില്ല. ഹവാല ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ടെലികോം അഴിമതി, ഒരു ലക്ഷം കോടിരൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ സ്പെക്ട്രം ഇടപാട് തുടങ്ങിയവയൊക്കെ കോഗ്രസിന്റെ ചരിത്രത്തിലെ നാറുന്ന അഴിമതിക്കഥകളാണ്. ഈ അഴിമതിയില്‍ ഒരു രാഷ്ട്രീയവശംകൂടിയുള്ളത് ഓര്‍ക്കാതിരിക്കാന്‍ വയ്യ. അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് വിടുപണിചെയ്യുന്ന ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കനത്ത തിരിച്ചടി കിട്ടിയ രാഷ്ട്രവുമാണ്. പലസ്തീന്‍ വിമോചനപോരാട്ടത്തെ ഭീകരാക്രമണമെന്ന് മുദ്രകുത്തി സകല ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രാഷ്ട്രമാണ് ഇസ്രയേല്‍. ഏറ്റവും ഒടുവില്‍ ഗാസയില്‍ നടത്തിയ കടന്നാക്രമണത്തില്‍ ആയിരത്തിമുന്നൂറില്‍പ്പരം പലസ്തീന്‍കാരെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ആശുപത്രികളും വിദ്യാലയങ്ങളും ലക്ഷ്യമാക്കിയാണ് ബോംബ് വര്‍ഷിച്ചത്. ഇതിനെത്തുടര്‍ന്ന് ഇസ്രയേലും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് ഇടതുപക്ഷം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ഇസ്രയേലില്‍നിന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത് ഇന്ത്യയുടെ മനസ്സ് പലസ്തീന്‍ ജനതയോടൊപ്പമാണെന്നാണ്. ഇതില്‍പ്പരം വഞ്ചന മറ്റൊന്നില്ല. അതിലും വിചിത്രമാണ് കോഗ്രസിനോടൊപ്പം ഭരണത്തില്‍ പങ്കാളിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ നിലപാട്. ഇന്ത്യ ഇസ്രയേലുമായുള്ള തന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് മുസ്ളിംലീഗ് പാണക്കാട്ട് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. ലീഗധ്യക്ഷന്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയുംചെയ്തു. എന്നാല്‍, പ്രമേയം എഴുതിയ കടലാസിന്റെ വിലപോലും കല്‍പ്പിക്കാന്‍ പ്രധാനമന്ത്രിയോ കോഗ്രസ് നേതൃത്വമോ തയ്യാറായില്ല. സ്വന്തം അണികളെ വഞ്ചിക്കാനുള്ളതാണ് പ്രമേയമെന്നതുകൊണ്ട് അത് നടപ്പാക്കണമെന്ന് മുസ്ളിംലീഗിനും താല്‍പ്പര്യമില്ല. അതെന്തായാലും ഇന്ത്യയുടെ സുരക്ഷിതത്വംപോലും കോഗ്രസ് ഭരണത്തില്‍ ഭദ്രമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണം അവസാനിക്കാന്‍പോകുന്ന ഈ വേളയില്‍ ന്യൂനപക്ഷമായി മാറിയ കെയര്‍ടേക്കര്‍ പദവി മാത്രമുള്ള യുപിഎ സര്‍ക്കാരിന്റെ കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭം എന്ന നിലപാട് ബഹുജനങ്ങള്‍ തിരിച്ചറിയണം. രാജ്യരക്ഷയുടെ പേരില്‍ നടത്തുന്ന നീചമായ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരാനുതകുന്ന അന്വേഷണം ഉടന്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവരണം. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

from deshabhimani


കോണ്‍ഗ്രസിനും ലീഗിനും സംഘപരിവാര്‍ അജന്‍ഡ: മഅ്ദനി

കോണ്‍ഗ്രസിനും ലീഗിനും സംഘപരിവാര്‍ അജന്‍ഡ: മഅ്ദനി


തിരു: കോണ്‍ഗ്രസും മുസ്ളിംലീഗും സംഘപരിവാറിന്റെ അജന്‍ഡ ഏറ്റെടുത്തിരിക്കയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കോണ്‍ഗ്രസും ലീഗും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ തീവ്രവാദിയാണെന്നു പ്രചരിപ്പിക്കുന്നത്. എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ ആരോപണം. ലീഗ് വര്‍ഗീയകക്ഷിയാണെന്നു ചൂണ്ടിക്കാണിച്ച മഅ്ദനി അധികാരത്തിലിരുന്നപ്പോഴെല്ലാം ലീഗ് ആസൂത്രിതമായി വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിച്ചതായും പറഞ്ഞു. ഭരണപരാജയവും കച്ചവടരാഷ്ട്രീയവും സമുദായത്തെ വഞ്ചിച്ചതും മറച്ചുവയ്ക്കാനാണ് ലീഗ് വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മഅ്ദനി പറഞ്ഞു. 1972ല്‍ തലശേരിയിലും 1982ല്‍ ചാലയിലും 1992ല്‍ പൂന്തുറയിലും 2002-03ല്‍ മാറാട്ടും വര്‍ഗീയകലാപമുണ്ടായി. അപ്പോഴെല്ലാം ലീഗ് അധികാരത്തിലുണ്ട്. സിപിഐ എം ഭരിക്കുമ്പോഴല്ല വര്‍ഗീയസംഘര്‍ഷമുണ്ടായത്. വി എസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വര്‍ഗീയസംഘര്‍ഷമുണ്ടായില്ല. അധികാരത്തിലെത്തിയാല്‍ ലീഗ് ഇനിയും കലാപമുണ്ടാക്കും. 1945-46 കാലത്ത് ഇന്ത്യാവിഭജനവാദത്തില്‍ ഉറച്ചുനിന്ന ലീഗ് മുഖംമിനുക്കിയതല്ലാതെ ഒരു വ്യത്യാസവുമില്ല. വിഭജനത്തിനുവേണ്ടി വാദിച്ച് വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച ലീഗ് പേരുമാറ്റിയിട്ടേയുള്ളൂ. പാകിസ്ഥാന്റെ പതാകയും മുസ്ളിംലീഗിന്റെ പതാകയും ചിഹ്നവും ഒന്നിച്ചുപിടിച്ചാല്‍ തിരിച്ചറിയാന്‍ പറ്റുമോയെന്ന് മഅ്ദനി ചോദിച്ചു. ദൈവവിശ്വാസം ചൂഷണംചെയ്യുകയാണ് ലീഗ്. ആ പാര്‍ടിയുടെ പേരും കൊടിയും ചിഹ്നവും വര്‍ഗീയമാണ്. ഇടതുപക്ഷം ജയിച്ചാല്‍ തീവ്രവാദമാണ് ജയിക്കുകയെന്നു പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി സിപിഐ എം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയസംഘര്‍ഷവും കലാപവുമില്ലാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം. തന്നെ തീവ്രവാദിയെന്നു ചിത്രീകരിക്കുന്ന കുഞ്ഞാലിക്കുട്ടി മാറാട് കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്തിനെന്നു പറയണം. ഇപ്പോള്‍ ചില ഫോനമ്പരുകളുമായി ആക്ഷേപമുയര്‍ത്തുന്നവര്‍ മാറാട് കേസിലെ പ്രതികളില്‍നിന്ന് ഫോ പ്രവഹിച്ച 9847027010 എന്ന മൊബൈല്‍ നമ്പര്‍ ആരുടേതെന്ന് വ്യക്തമാക്കണം. പല കോടതിയിലുമുള്ള എഫ്ഐആറില്‍, വിശുദ്ധിയുടെ മാലാഖ ചമയുന്നവരുടെ പേരും കാര്‍ നമ്പരുമൊക്കെയുണ്ടെന്ന് മഅ്ദനി ഓര്‍മിപ്പിച്ചു. പുസ്തകത്തില്‍ മതവിശ്വാസം ഹനിച്ചെന്നു പറഞ്ഞ് സമരം നടത്തിയ ലീഗുകാര്‍ അധ്യാപകനെ ചവിട്ടിക്കൊന്നു. ആ കേസില്‍ സാക്ഷിപറഞ്ഞാല്‍ കൊല്ലുമെന്ന് ഇ അഹമ്മദിനെ സാക്ഷിയാക്കി ഭീഷണിമുഴക്കി. സാമൂഹ്യപിന്നോക്കാവസ്ഥയും അതിന്റെ ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥയും ചൂഷണംചെയ്ത് മുസ്ളിങ്ങളെ സാമ്രാജ്യത്വ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കങ്കാണിപ്പണിയാണ് ലീഗ് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ലീഗ് എന്തുചെയ്തു. ഒട്ടേറെ എല്‍പി സ്കൂള്‍ അനുവദിച്ചു. അത് നിയമനത്തിലൂടെ പണമുണ്ടാക്കാനാണ്. ധാര്‍മികതയുടെ എല്ലാ അതിര്‍വരമ്പും ലംഘിച്ച ലീഗ് കേരളം മലീമസമാക്കി. അതിനികൃഷ്ടമായ ആരോപണം നേരിടാന്‍ ലീഗ് നേതാക്കള്‍ പ്രവാചകന്റെ പേരുപോലും ദുരുപയോഗപ്പെടുത്തി. എല്‍ഡിഎഫ് പിഡിപി പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ല. നയങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ബുഷ് സിന്‍ഡ്രോം പിടിപെട്ടിരിക്കയാണ്. പൊന്നാനിയിലും മലപ്പുറത്തും ലീഗ് തകരും. എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നു കരുതി അബ്ദുള്ളക്കുട്ടിമാരില്‍ അഭയം തേടേണ്ട ഗതികേടിലാണ് ലീഗ്- മഅ്ദനി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷി മുസ്ളീം ലീഗാണ്. മഅ്ദനി

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷി മുസ്ളീം ലീഗാണ്. മഅ്ദനി


കേരളത്തിലെ പ്രശ്നങ്ങള്‍ തന്നെ ജയിലിലടച്ചാല്‍ തീരുമെങ്കില്‍ ആഭ്യന്തരവകുപ്പ് അതിന് തയ്യാറാകണമെന്ന് മഅ്ദനി പറഞ്ഞു. അങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കട്ടെ എന്ന് മഅ്ദനി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷി മുസ്ളീം ലീഗാണ്. മുസ്ളീം ലീഗ് ഭരിക്കുമ്പോഴാണ് എപ്പോഴും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദേശീയപതാക താഴ്ത്തിക്കെട്ടി പച്ചക്കൊടി കെട്ടിയ ചരിത്രം പിഡിപിക്കില്ല. ലീഗിന്റെയും പാകിസ്താന്റെയും കൊടിക്ക് ഒരേ നിറമാണെന്നും മഅ്ദനി പറഞ്ഞു.
തനിക്കെതിരെയും സൂഫിയ മദനിക്കെതിരെയും ഉയര്‍ന്ന തീവ്രവാദ ബന്ധ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. തീവ്രവാദി എന്നാരോപിക്കുന്ന സൈനുദ്ദീനേയോ സര്‍ഫാസിനേയോ അറിയില്ല. മണി എന്ന യൂസഫ് തനിക്കെതിരെ മാധ്യമങ്ങളില്‍ വന്നതുപോലുള്ള മൊഴി നല്‍കിയിട്ടില്ലെന്നും മദനി പറഞ്ഞു. മണി എന്ന യൂസഫിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ നേരിട്ട് ഹാജരാക്കിയായിരുന്നു.
പശ്ചാത്താപത്തിന്റെ പ്രസംഗം എങ്ങനെയാണെന്ന് പഠിക്കാന്‍ രമേശ് ചെന്നിത്തലയുടെ അടുത്ത് പോകാമെന്ന് മഅ്ദനി പറഞ്ഞു. സാമ്രാജ്യത്വത്തെ പിന്‍തുണയ്ക്കുന്ന ശശി തരൂരിനെതിരെയും ഇ അഹമ്മദിനെയും സ്ഥാനാര്‍ത്ഥിയാക്കിയ യുഡിഎഫിന് ഇത് പറയാന്‍ അധികാരമില്ലെന്നും മഅ്ദനി പറഞ്ഞു.

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇസ്രായേല്‍^അമേരിക്കന്‍ സ്വാധീനം'

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇസ്രായേല്‍^അമേരിക്കന്‍ സ്വാധീനം'

മലപ്പുറം: തിരുവനന്തപുരത്ത് ശശി തരൂരിനെയും എറണാകുളത്ത് കെ.വി തോമസിനെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയതിലൂടെ തെരഞ്ഞെടുപ്പ് രംഗത്ത് അമേരിക്കന്‍^ഇസ്രായേല്‍ സ്വാധീനം വ്യക്തമായതായി ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് കെ.പി ഇസ്മായില്‍ പറഞ്ഞു. തങ്ങളുടെ അറിവില്ലാതെയാണ് അവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഈ സംശയം ബലപ്പെടുത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്ത് മൊത്തം സാമ്രാജ്യത്വ വിരുദ്ധതയാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കേരളത്തില്‍ നിന്ന് തങ്ങളുടെ നോമിനിയെ പാര്‍ലമെന്റില്‍ എത്തിക്കണമെന്നാണ് സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നത്.
കേന്ദ്രത്തില്‍ സാമ്രാജ്യത്വ^വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ സര്‍ക്കാറാണ് അധികാരത്തിലെത്തേണ്ടത്. ഇതിനാല്‍ മൂന്നാം മുന്നണിയുടെ പ്രസക്തി കൂടുതല്‍ വര്‍ധിച്ചു. ഐ.എന്‍ എല്‍ ഇതുകൊണ്ടാണ് ഇടതുപക്ഷത്തെ പിന്തുണക്കുന്നത്. പി.ഡി.പിയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കുന്ന യു.ഡി.എഫ് സാമുദായിക ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് തെളിയിക്കുന്നത്. അലീഗഢ് പോലും വിഷയമാക്കാന്‍ കഴിയാതെ ഉഴലുന്ന യു.ഡി.എഫ് നിഷ്ക്രിയമാണ്.
പി.ഡി.പിക്ക് അനര്‍ഹമായ പ്രാധാന്യം കിട്ടുന്നു എന്ന അഭിപ്രായമില്ല. മാധ്യമങ്ങളാണ് പി.ഡി.പി^ സി.പി.എം സഹകരണത്തെ വലിയ സംഭവമാക്കിയത്. പി.ഡി.പിയുടെ വരവോടെ ഐ.എന്‍.എല്ലിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല. ഏറെ കാലം മുമ്പുതന്നെ ഇടതു പക്ഷത്തോടൊപ്പം നിന്ന പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. പഞ്ചായത്ത്^ മുനിസിപ്പാലിറ്റി ഭരണ തലങ്ങളില്‍ ഐ.എന്‍.എല്‍^ എല്‍.ഡി.എഫ് സഹകരണമുണ്ട്. ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. പ്രവര്‍ത്തകര്‍ക്ക് പ്രചാരണ രംഗത്ത് സജീവമാകാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അലീഗഢ് സര്‍വകലാശാല മുസ്ലിംകള്‍ക്കു മാത്രമുള്ളതാണെന്ന് ഇതര സമുദായങ്ങള്‍ക്ക് തോന്നലുണ്ടായി എന്നതു മാത്രമാണ് ലീഗിന്റെ അലീഗഢ് സമരത്തിന്റെ ഫലം. സര്‍വകലാശാലക്ക് വേണ്ടി ചേലാമലയിലെ ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലീഗ് സമരത്തില്‍ നിന്ന് പിന്‍മാറണമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തിരുത്തിക്കുമെന്ന വാശിയിലായിരുന്നു സമരം. സ്ഥലം കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. അലിഗഢ് കാമ്പസ് വരുന്നതോടെ ചേലാമലയിലെ പിന്നാക്ക സ്ഥലത്തും വികസനം വരും. ചേലാമലയിലെ ഭൂമിക്ക് അവകാശത്തര്‍ക്കമുണ്ടെങ്കിലും അത് സര്‍ക്കാറിന് ഏറ്റെടുക്കാമെന്നാണ് നിയമം. ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് മുസ്ലിം പിന്നാക്കാവസ്ഥയുടെ മുഖ്യകാരണക്കാര്‍. ബംഗാളില്‍ മുസ്ലികളുടെ അവസ്ഥ പൂര്‍ണമായും തൃപ്തികരമല്ല. വിഭജനത്തിന്റെ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിച്ച സ്ഥലമാണ് ബംഗാള്‍. ഈ സന്ദര്‍ഭം വന്‍തോതില്‍ മുസ്ലിം കുടിയേറ്റമുണ്ടായി. ഇവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. ഇവരെ വെടിവെച്ച് കൊല്ലണമെന്ന് വര്‍ഗീയ വാദികള്‍ പറയുമ്പോള്‍ അത് തടയുന്നത് ബംഗാളിലെ സി.പി.എം സര്‍ക്കാറാണ്.
ഹുസൈന്‍ രണ്ടത്താണി എ.പി സുന്നികളുടെ സ്ഥാനാര്‍ഥിയല്ല. താന്‍ പൊതുസ്വതന്ത്രനാണെന്നാണ് രണ്ടത്താണി പറഞ്ഞത്. താന്‍ എ.പി സുന്നിയാണെന്ന് പ്രഖ്യാപിച്ചത് ടി.കെ ഹംസ മാത്രമാണ്. ഐ.എന്‍.എല്ലിന് എല്ലാ മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. പ്രവര്‍ത്തകരില്‍ മിക്കവരും ഉപജീവനത്തിന് മറ്റുമാര്‍ഗങ്ങള്‍ തേടുന്നവരായതിനാല്‍ ഐ.എന്‍.എല്‍ സ്വന്തമായി പ്രചാരണത്തിന് ഇറങ്ങുന്നില്ല. എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം പ്രചാരണങ്ങളില്‍ സജീവമാണ്.

മഅ്ദനിക്കെതിരായ ആരോപണം രാഷ്ട്രീയ പുകമറ: ആഭ്യന്തര മന്ത്രി

മഅ്ദനിക്കെതിരായ ആരോപണം രാഷ്ട്രീയ പുകമറ: ആഭ്യന്തര മന്ത്രി

കണ്ണൂര്‍: പി.ഡി.പി.നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പുകമറയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഒരു മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വ്യക്തികളെയോ പ്രത്യേക സമുദായത്തെയോ പ്രതി ചേര്‍ക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലെ അനീതി കേരള പോലിസ് ചെയ്യുകയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
തീവ്രവാദത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ഒരു നിലപാടിലേക്ക് മാറിയ ഒരാള്‍ തീവ്രവാദിയായി തന്നെ തുടരണമെന്ന് നിര്‍ബന്ധിക്കുന്ന നിലപാടാണ് ചിലര്‍ക്കുള്ളത്. മഅ്ദനിക്കെതിരെ തെളിവ് ലഭിച്ചെന്നും ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടണമെന്നും മറ്റൊരു സംസ്ഥാനവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.മഅ്ദനി കുറ്റാരോപിതനായി ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. അന്ന് മഅ്ദനിയുടെ ഫോട്ടോ കാണിച്ച് സഹതാപം സ്വന്തമാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റമുക്തനായി പുറത്ത് വന്ന ഒരാളെക്കുറിച്ച് ആരോപണം പ്രചരിപ്പിക്കുന്നത്. ഒരു മൊഴിയെ അടിസ്ഥാനമാക്കി ഒരാളെയും കുറ്റക്കാരനായി കാണാനാവില്ല. എന്നാല്‍, മൊഴിയനുസരിച്ച് തെളിവ് കിട്ടിയാല്‍ മഅ്ദനിക്കെതിരായാലും പോലിസ് കേസെടുക്കും ^കോടിയേരി പറഞ്ഞു.
ഒരു പ്രത്യേക നിലപാട് സ്വീകരിച്ച ആള്‍ അത് ഉപേക്ഷിച്ചുവെന്ന് പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തെ അതില്‍ തന്നെ തളച്ചിടണമെന്ന് പറയുന്നത് ശരിയായ ചിന്തയല്ല. മഅ്ദനിയുടെ ശംഖുമുഖം പ്രസംഗം അദ്ദേഹം ഇനിയൊരു തീവ്ര ചിന്തയെ തന്റെ പ്രവര്‍ത്തന മാര്‍ഗമാക്കില്ലെന്ന പരസ്യ പ്രഖ്യാപനമാണ്. ഇങ്ങനെ പരസ്യമായി പിന്തിരിഞ്ഞവരെ നാട്ടില്‍ ജീവിക്കാന്‍ അനുവദിച്ചുവെന്ന് മാത്രമല്ല പ്രത്യേക പരിഗണന പോലും നല്‍കിയിട്ടുണ്ട്. നാഗ കലാപകാരികള്‍ തീവ്രവാദം ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ അവരെ ബി.എസ്.എഫിലേക്ക് റിക്രൂട്ട് ചെയ്തു. രാമന്‍പിള്ള ആര്‍.എസ്.എസ്. ബന്ധം ഉപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ ആര്‍.എസ്.എസ് തന്നെ ആവണം എന്ന് ആരും പറഞ്ഞിട്ടില്ല. ആര്‍.എസ്.എസ് നേതാവ് ദത്താത്രയറാവുവും ആര്‍.എസ്.എസിനെ തള്ളിപ്പറഞ്ഞപ്പോള്‍ ശ്ലാഘിക്കുകയാണ് ചെയ്തത്.
മഅ്ദനിയുടെ അനുയായികള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കാം. പക്ഷേ, അവര്‍ക്കൊന്നും ഇപ്പോള്‍ മഅ്ദനിയുമായി ബന്ധമില്ലെന്നാണ് അറിയുന്നതെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. മഅ്ദനിയുടെ അനുയായികളില്‍ ചിലര്‍ പി.ഡി.പി വിട്ട് ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ടുവെന്നാണ് വിവരമെന്നും കോടിയേരി പറഞ്ഞു. മഅ്ദനിക്കോ, സൂഫിയ മഅ്ദനിക്കോ എതിരായി തെളിവ് ശേഖരിക്കേണ്ടത് അന്വേഷണ സംഘമാണ്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നിലവിലിരിക്കെ മറ്റൊരു സംഘത്തെ നിയോഗിക്കേണ്ടതില്ലെന്നാണ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് താന്‍ പറഞ്ഞത്. പക്ഷേ, അന്വേഷണമേ ഇല്ല എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും ചില മാധ്യമങ്ങളും അത് പ്രചരിപ്പിച്ചു. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് താനും ആവര്‍ത്തിക്കുകയാണ്. പ്രത്യേക ഏജന്‍സിയെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അന്വേഷിക്കുമെന്നാണ് പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. ഏജന്‍സിയെ പിരിച്ചു വിട്ടുവെന്ന വാര്‍ത്ത നുണയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് കിട്ടിയാല്‍ ആരായാലും പ്രതിചേര്‍ക്കും. കോടതിയില്‍ നല്‍കപ്പെട്ട മൊഴിയില്‍ തെളിവുണ്ടെങ്കില്‍ കോടതിക്ക് തന്നെ കേസെടുക്കാന്‍ നിര്‍ദേശിക്കാം. രാജ്യത്തെ ഏത് കേസും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ തന്നെ അന്വേഷിക്കാന്‍ അധികാരമുള്ള പുതിയ കേന്ദ്ര അന്വേഷണ ഏജന്‍സിക്കും മഅ്ദനിക്കെതിരെ അന്വേഷണം നടത്താം. അവരാരും അതിന് തയാറായിട്ടില്ല. ഇതൊന്നുമില്ലെന്നിരിക്കെ ഇപ്പോഴത്തെ പ്രചാരണം രാഷ്ട്രീയ പുകമറ മാത്രമാണ്.
തീവ്രവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിയില്‍ നിന്ന് കിട്ടിയെന്ന ഭാവേന വരുന്ന വാര്‍ത്തകള്‍ പലതും താല്‍പര്യപൂര്‍വം പടച്ചുണ്ടാക്കുന്നതാണ്. ജമ്മുകശ്മീരില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നതായി കശ്മീര്‍ പോലിസോ, കേന്ദ്ര ഏജന്‍സിയോ ഒരു വിവരവും കേരള പോലിസിന് ആദ്യം നല്‍കിയിരുന്നില്ല. യുവാക്കളുടെ മരണത്തിന് കേരളത്തിലെ തീവ്രവാദവുമായി ബന്ധമുണ്ടോയെന്നതിന് തെളിവ് ലഭിക്കുമോ എന്ന് പരിശോധിക്കാന്‍ കേരള പോലിസ് തന്നെയാണ് മുന്‍കൈ എടുത്തത്.
ഡി.ഐ.ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ടീമിനെ നിയോഗിച്ചു. കശ്മീരില്‍ നിന്നുള്ള ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ 356^2008 നമ്പറായി കണ്ണൂര്‍ എടക്കാട് പോലിസ് കേസെടുത്തു. കണ്ണൂര്‍ എസ്.പി.ശ്രീജിതിന്റെ നേതൃത്വത്തില്‍ പ്രത്യേക സേനയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. കശ്മീര്‍ തീവ്രവാദ ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ 22 പേരെ തിരിച്ചറിഞ്ഞതായി കുറ്റപത്രം സമര്‍പ്പിച്ചു. 12 പേരെ അറസ്റ്റ് ചെയ്തു. നാല് പ്രതികള്‍ കൊല്ലപ്പെട്ടവരായിരുന്നു.
അവശേഷിക്കുന്ന ആറ് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ കോടതിയില്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്ന് മാസം മുമ്പ് രേഖപ്പെടുത്തിയ മൊഴി പ്രതിഭാഗം അഭിഭാഷകന് അന്ന് നല്‍കിയിരുന്നു. ഈ മൊഴി രഹസ്യമല്ല. മൂന്ന് മാസത്തിന് ശേഷം ഇപ്പോള്‍ എന്തോ കണ്ടു പിടിച്ചുവെന്ന നിലയില്‍ മൊഴി വാര്‍ത്തകളായി വരികയാണ്. ഈ കേസിന്റെ ഡയറികള്‍ ഹൈക്കോടതി ഒന്നില്‍ കൂടുതല്‍ തവണ പരിശോധിച്ചിരുന്നു. സൂഫിയ മഅ്ദനിയുമായി സംസാരിച്ചതായി ഇപ്പോള്‍ പുറത്ത് വന്ന ഫോണ്‍ രജിസ്റ്ററിലെ തിയതി യു.ഡി.എഫ് ഭരിക്കുമ്പോഴുള്ളതാണ്. അന്ന് ഈ രേഖവെച്ച് അന്വേഷിക്കാതിരുന്നവരാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട പല കേസുകളും യു.ഡി.എഫ് സര്‍ക്കാര്‍ മൂടിവെക്കാനാണ് ശ്രമിച്ചത്. ഇടതുമുന്നണി വന്ന ശേഷമാണ് പല കേസുകളിലും നടപടി ത്വരിതപ്പെടുത്തിയത്.
വേങ്ങര പൈപ്പ് ബോംബ് കേസ് 2005 ഡിസംബര്‍ 31ന് ഉണ്ടായതാണ്. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാറാണ് ഇത് അന്വേഷിച്ചത്. കളമശേãരി ബസ് കത്തിക്കല്‍ സംഭവം ഉണ്ടായത് 2005 സെപ്റ്റംബര്‍ ഏഴിന് യു.ഡി.എഫ് ഭരിക്കുമ്പോഴാണ്. ഈ സര്‍ക്കാര്‍ കേസന്വേഷിച്ച് കുറ്റപത്രം ഇക്കഴിഞ്ഞ ഫെബ്രുവരി 19 ന് സമര്‍പ്പിച്ചു. അന്യസംസ്ഥാന പോലിസ് ചില കേസുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ചോദിക്കാറുണ്ട്. കോടതികളില്‍ ഹരജി നല്‍കി നിയമപ്രകാരമേ വിട്ട് കൊടുക്കാറുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന കേസിന്റെ തുടര്‍ച്ചയായി കേരള പോലിസും അയല്‍ സംസ്ഥാനങ്ങളിലെ പ്രതികളെ ഇവിടെ കൊണ്ട് വന്ന് ചോദ്യം ചെയ്തിട്ടുണ്ട്. സിമിയുടെ വാഗമണ്‍ ക്യാമ്പ് കേസിലും ഇങ്ങനെ പ്രതികളെ വാഗമണില്‍ കൊണ്ട് വന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.



from madhyamam

നാടിന്റെ നന്മക്ക് ഇടതുപക്ഷം ജയിക്കണം: മുത്തുക്കോയ തങ്ങള്‍

നാടിന്റെ നന്മക്ക് ഇടതുപക്ഷം ജയിക്കണം: മുത്തുക്കോയ തങ്ങള്‍

മലപ്പുറം: സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് മലപ്പുറം കാട്ടുങ്ങല്‍ പള്ളിപ്പടിയിലെ ടി കെ എസ് മുത്തുകോയ തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് ഇ അഹമ്മദും പരാജയപ്പെടും. ലീഗിന് പേരില്‍മാത്രമാണ് മുസ്ളിം എന്നുള്ളത്. പ്രവൃത്തി മുസ്ളിംവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുബാംഗംകൂടിയായ ടി കെ എസ് മുത്തുകോയ തങ്ങള്‍ തേക്കിന്‍കാട്ടില്‍ തറവാട്ടില്‍ 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു. അഖിലേന്ത്യാ ലീഗ് ജനറല്‍ കൌസില്‍ അംഗമായിരുന്ന തങ്ങള്‍ മൂന്ന് തവണ മുസ്ളിം ലീഗിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 1977ല്‍ മലപ്പുറം മണ്ഡലത്തിലായിരുന്നു ആദ്യ മത്സരം. സി എച്ച് മുഹമ്മദ് കോയയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രലോഭനവും ഭീഷണിയും ഏറെ ഉണ്ടായെങ്കിലും പിന്തിരിഞ്ഞില്ല. 80-ല്‍ വീണ്ടും മലപ്പുറത്ത് യു എ ബീരാനെതിരെയും 82-ല്‍ കൊണ്ടോട്ടിയില്‍ പി സീതിഹാജിക്കെതിരെയും മത്സരിച്ചു. ഇടതുപക്ഷ പിന്തുണയോടെയായിരുന്നു മത്സരം. അഖിലേന്ത്യാ ലീഗ് നേതാക്കളുടെ കേന്ദ്രമായിരുന്നു തങ്ങളുടെ വീട്. പല രാഷ്ട്രീയ ചര്‍ച്ചകളും നടന്നത് ഇവിടെയാണ്്. ഇപ്പോള്‍ പൊന്നാനിയില്‍ മത്സരിക്കുന്ന ഇ ടി മുഹമ്മദ് ബഷീര്‍ തങ്ങളുടെ ശിഷ്യനായിരുന്നു. ബഷീര്‍ ആദ്യമായി എംഎല്‍എയായ പെരിങ്ങളം മണ്ഡലത്തിലെ പ്രചാരണത്തിന് പോയ കഥയും മുത്തുകോയ തങ്ങള്‍ പങ്കുവച്ചു. ഇരുലീഗുകാരും ഒന്നിച്ചപ്പോള്‍ ഏതാനും ദിവസമേ ലീഗില്‍നിന്നുള്ളൂവെന്ന് തങ്ങള്‍ പറഞ്ഞു. ആ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ അവരെ ശരിക്കും മനസ്സിലായി. സമുദായത്തിനായി ഒന്നും ചെയ്യാത്ത ലീഗ് നേതാക്കളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാകാന്‍ ഒരുക്കമല്ലാത്തതിനാലാണ് ലീഗ് വിട്ടത്- തങ്ങള്‍ പറഞ്ഞു. പ്രായം ഏറെയായെങ്കിലും വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇദ്ദേഹം ഇന്നും വച്ചുപുലര്‍ത്തുന്നു. അമേരിക്കയുടെ ദാസന്‍മാരായ കോഗ്രസ് വീണ്ടും അധികാരത്തിലേറരുത്. അഹമ്മദും ബഷീറും ജയിച്ചാല്‍ കോഗ്രസിനാകും ഗുണം. സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടതുപാര്‍ടികളാണ് രാജ്യം ഭരിക്കേണ്ടത്. ഇത് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനാലാണ് ബഷീറും അഹമ്മദും ജയിക്കില്ലെന്ന് പറയുന്നത്. ടി കെ ഹംസക്കും ഹുസൈന്‍ രണ്ടത്താണിക്കുംവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മുത്തുകോയ തങ്ങള്‍ പറഞ്ഞു.

രണ്ടത്താണി ഇന്ന് താനൂരില്‍

താനൂര്‍: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി ഞായറാഴ്ച താനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30 ഇരിങ്ങാവൂര്‍ഹാജി ബസാര്‍, 8.45 പറപ്പൂത്തടം, 9.00 തലക്കടത്തൂര്‍, 9.30 വൈലത്തൂര്‍, 10.00 കുറ്റിപ്പാല, 10.30 കാവപ്പുര, 11.00 നാല്‍ക്കവല, 11.30 മണലിപ്പുഴ, 12.00 ചുരങ്ങര, 12.30 ഒഴൂര്‍, 1.30 കാട്ടിലങ്ങാടി, 2.00 പനങ്ങാട്ടൂര്‍, 2.45 ഓലപ്പീടിക, 3.00 താനൂര്‍ ടൌ, 3.30 വാഴക്കതെരു, 3.45 അഞ്ചുടി, 4.15 വള്ളിക്കാഞ്ഞിരം, 4.45 മങ്ങാട്, 5.00 പത്തമ്പാട്, 5.30 മൂച്ചിക്കല്‍, 6.00 പുത്തന്‍തെരു, 6.30 താനാളൂര്‍, 7.00 അരീക്കാട്.

ടി കെ ഹംസ ഇന്ന് മങ്കടയില്‍

മക്കരപ്പറമ്പ്: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ ഞായറാഴ്ച മങ്കട മണ്ഡലത്തില്‍ പര്യടനം നടത്തും. പര്യടന പരിപാടി- കൂട്ടിലങ്ങാടി പഞ്ചായത്ത് കാരാട്ട്പറമ്പ് 9.00 മണി, പടിഞ്ഞാറ്റുംമുറി 9.15, മുണ്ടയില്‍പടി 9.30, പൂഴിക്കുന്ന് 9.45, കോഴിപറമ്പ് 10.00, കര്‍ക്കിടകം സ്കൂള്‍പടി 10.15, കൂട്ടില്‍ 10.30, വടക്കാങ്ങര കിഴക്കെകുളമ്പ് 10.45, നാറാണത്ത്-പാമ്പലത്ത് 11.00, പഴമള്ളൂര്‍ 11.15, ചൊവ്വാണ 11.30, പരവക്കല്‍ 3.00, രാമപുരം-വലിയകുളം 3.15, മണ്ണാറമ്പ് 3.30, ചെങ്ങോട്ട്കോളനി 3.45, വലമ്പൂര്‍ സെന്റര്‍ 4.00, ഏറാന്തോട് 4.15, ചാത്തനല്ലൂര്‍ 4.30, ചെരക്കാപറമ്പ് മില്ലുംപടി 4.45, പുത്തനങ്ങാടി 5.00, ഓണപ്പുട 5.15, വടക്കുമ്പ്രം 5.30, പടിഞ്ഞാറ്റുംപുറം 5.45, കീഴ്മുറി 6.00, കുറുപ്പത്താല്‍ 6.15, തെക്കന്‍പാങ്ങ് 6.30, അയ്യാത്തപറമ്പ് 6.45, പാങ്ങ്ചേണ്ടി 7.15 (സമാപനം).

ആവേശത്തോടെ ജനസഞ്ചയം; നാടിന്റെ സ്പന്ദനമറിഞ്ഞ് ടി കെ ഹംസ

ആവേശത്തോടെ ജനസഞ്ചയം; നാടിന്റെ സ്പന്ദനമറിഞ്ഞ് ടി കെ ഹംസ



കൊണ്ടോട്ടി: മീനച്ചൂടിലും തളരാത്ത ആവേശം. മനംനിറയെ സാമ്രാജ്യത്വത്തിനെതിരെ പോരാടാനുള്ള കരുത്ത്. വര്‍ഗീയതയും വിഘടനവാദവും വഴിപാടാക്കുന്നവര്‍ക്കെതിരെയുള്ള ഉറച്ച നിലപാടിന്റെ വാക്കുകള്‍ ശ്രവിച്ച് നാടും നഗരവും. ടി കെ ഹംസയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ ജനങ്ങളുടെ ആവേശംകൊണ്ട് ശ്രദ്ധേയമായി. കൂലിത്തൊഴിലാളികളും പാവങ്ങളും നേതാക്കളുടെ പ്രസംഗത്തിന് കാതോര്‍ത്തു. ആഗോളവല്‍ക്കരണത്തിന്റെ ശില്‍പ്പികള്‍ വരുത്തിയ വിപത്തില്‍നിന്ന് കരകയറാന്‍ ഇടത്കക്ഷികള്‍ക്ക് ശക്തിപകരണമെന്ന ഉറച്ച തീരുമാനം മനസ്സില്‍ കുറിക്കുകയാണ് വോട്ടര്‍മാര്‍. കൊണ്ടോട്ടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. നെടിയിരുപ്പ് പഞ്ചായത്തിലെ കാളോത്തായിരുന്നു ആദ്യ സ്വീകരണം. സ്ഥാനാര്‍ഥി എത്തുന്നതിന്മുമ്പേതന്നെ സ്വീകരണകേന്ദ്രം നിറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചറിഞ്ഞവരും എംപിയുടെ പ്രാദേശിക വികസനഫണ്ടിന്റെ ഗുണം ലഭിച്ചവരും ആവേശത്തോടെയാണ് നേതാവിനെ സ്വീകരിക്കാന്‍ എത്തിയത്. പൈലറ്റ് വാഹനത്തില്‍ എല്‍ഡിഎഫ് നേതാക്കളെത്തുമ്പോള്‍തന്നെ ജനങ്ങള്‍ ഇളകിമറിയുന്നു. പിന്നാലെയെത്തുന്ന സ്ഥാനാര്‍ഥി ടി കെ ഹംസ ഹ്രസ്വമായ വാക്കുകള്‍ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ ആവശ്യകത വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ 45 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൃദ്ധരും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയത്. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം വി പ്രഭാകരന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍ പ്രമോദ്ദാസ്, പാറപ്പുറം അബ്ദുറഹ്മാന്‍, തോട്ടോളി റസാഖ്, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് പി സി നൌഷാദ്, കല്ലുങ്ങല്‍ ബഷീര്‍, ഒ കെ അയ്യപ്പന്‍, മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി വാസുദേവന്‍, അസൈന്‍ കാരാട്, കെ അലവിക്കുട്ടി, പി ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

തൃത്താലയുടെ ചുവന്ന മണ്ണില്‍ രണ്ടത്താണിക്ക് ഹൃദ്യ വരവേല്‍പ്പ്

തൃത്താലയുടെ ചുവന്ന മണ്ണില്‍ രണ്ടത്താണിക്ക് ഹൃദ്യ വരവേല്‍പ്പ്



കൂറ്റനാട്: പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണിക്ക് തൃത്താലയുടെ ചുവന്ന മണ്ണില്‍ ഹൃദ്യമായ സ്വീകരണം. ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ഒരു സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കാത്ത സ്വീകരണമാണ് ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ഓരോ കേന്ദ്രത്തിലും ലഭിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളും ബഹുജനപങ്കാളിത്തമാണ് സ്ഥാനാര്‍ഥിയുടെ രണ്ടാംഘട്ട പര്യടനത്തില്‍ കണ്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും സാന്നിധ്യം സ്വീകരണകേന്ദ്രങ്ങള്‍ ശ്രദ്ധേയമായി. നിരവധി മോട്ടോര്‍ സൈക്കിളിന്റെ അകമ്പടിയോടെ സ്ഥാനാര്‍ഥിയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. കരിമരുന്ന് പ്രയോഗത്തോടെയാണ് സ്ഥാനാര്‍ഥിയുടെ വരവറിയിച്ചത്. വോട്ടര്‍മാരുടെ സ്നേഹനിര്‍ഭരമായ സ്വീകരണത്തിന് ശേഷം ചുരുങ്ങിയ വാക്കുകളിലൂടെ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ഉദയംചെയ്ത മൂന്നാം ബദല്‍ അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന ചെറു പ്രസംഗം. ശനിയാഴ്ച രാവിലെ എട്ടിന് ആനക്കര പഞ്ചായത്തിലെ പള്ളിപ്പടിയിലായിരുന്നു ആദ്യ സ്വീകരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട ബഹുജന പങ്കാളിത്തം ആദ്യസ്വീകരണകേന്ദ്രത്തെ ശ്രദ്ധേയമാക്കി. തുടര്‍ന്ന് ചോലകുളമ്പ്, കുമ്പിടി, ആനക്കര, ചേക്കോട്, പന്നിയൂര്‍, വരട്ടിപ്പള്ളിയാല്‍, കൂടല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തോടുകൂടി ആനക്കരയിലെ സ്വീകരണം സമാപിച്ചു. പട്ടിത്തറ പഞ്ചായത്തിലെ പട്ടിത്തറ, മൂര്‍ക്കത്താഴം, വി പി കുണ്ട്, ഒതളൂര്‍, കോട്ടോപ്പാടം, കാശാമുക്ക് കമ്മങ്ങാട്ട് കുന്ന് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കപ്പൂര്‍ പഞ്ചായത്തിലെ ഗോഖലെ, എന്‍ജിനിയര്‍ റോഡ്, മാരായംകുന്ന്, കൊഴിക്കര, ചിറ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ചാലിശേരി പഞ്ചായത്തിലെ മുക്കില പീടിക, കിഴക്കേപട്ടിശേരി, കരിമ്പ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ചാലിശേരിയിലെ കൂറ്റനാട് പള്ളി, മെയിന്‍റോഡ്, ആലിക്കര സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നാഗലശേരി പഞ്ചായത്തിലെ നമ്മിണിപറമ്പ്, കോതച്ചിറ നോര്‍ത്ത്, മൂളിപ്പറമ്പ്, എകെജി കോളനി, കട്ടില്‍മാടം, ചെറുചാല്‍പ്രം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. തുടര്‍ന്ന് തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളി, പള്ളിപ്പാടം, ചാഴിയാട്ടിരി, ചെരിപ്പൂര്‍, എഴുമങ്ങാട്, തിരുമിറ്റക്കോട്, വട്ടൊള്ളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. തൃത്താല പഞ്ചായത്തിലെ തെക്കേ കോടനാട്, കുന്നത്തുകാവ്, കിഴക്കേ കോടനാട്, മുടവന്നൂര്‍, അമ്പലവട്ടം, ഉള്ളന്നൂര്‍, കുമ്പിടി ജങ്ഷന്‍ എന്നിവിടങ്ങളിലും പരുതൂര്‍ പഞ്ചായത്തിലെ കരിയന്നൂര്‍, പള്ളിപ്പുറം, കരുവാന്‍ പടി, വലിയതൊടി, കുളമുക്ക് സ്വീകരണങ്ങള്‍ക്കുശേഷം നാടപറമ്പില്‍ സമാപിച്ചു. യുവജനതാദള്‍ നേതാവ് എ കെ നൌഷാദ് കോതച്ചിറ നോര്‍ത്തിലെ സ്വീകരണത്തില്‍ പങ്കെടുത്തു. സ്വീകരണ കേന്ദ്രങ്ങളില്‍ ടി പി കുഞ്ഞുണ്ണി എംഎല്‍എ, വി കെ ചന്ദ്രന്‍ ,എ കെ അവറാന്‍, കെ ജനാര്‍ദനന്‍, എം പി കൃഷ്ണന്‍, എം കെ പ്രദീപ്, നന്ദന്‍, വി വി ബാലചന്ദ്രന്‍, ടി കെ ചന്ദ്രശേഖരന്‍, സി പി കൊച്ചുസാറ, കെ ആര്‍ വിജയമ്മ, വി അനിരുദ്ധന്‍, കെ മനോജ്കുമാര്‍, കെ എ ഷംസു എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം മണ്ഡലം രക്ഷാധികാരി പി മമ്മിക്കുട്ടി, കവീനര്‍ എ നാരായണന്‍, അലി കാടാമ്പുഴ, വേലായുധന്‍ കാലടി, പി ടി ഹംസ, ഹംസ എന്നിവര്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. പി എന്‍ മോഹനന്‍, യു എം രാമന്‍, പി കെ ബാലചന്ദ്രന്‍, സി പി റസാക്ക്, വി പി ജയപ്രകാശ്, കെ മൂസക്കുട്ടി, പി ആര്‍ കുഞ്ഞുണ്ണി, പി എസ് ആന്‍ഡ്രി, വി പി ഐദ്രു, ടി ഡി വിജയന്‍, ടി കെ വേണുഗോപാലന്‍, കെ പി ശ്രീനിവാസന്‍, കെ ശങ്കരന്‍, അഡ്വ. എം വിജയകുാര്‍, പി കെ ചെല്ലുക്കുട്ടി, ഹരിനാരായണന്‍ എന്നിവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഇ. അഹമ്മദിനെതിരെ ലീഗ്‌ വിമതര്‍ പ്രചാരണത്തിന്‌

ഇ. അഹമ്മദിനെതിരെ ലീഗ്‌ വിമതര്‍ പ്രചാരണത്തിന്‌

ചെന്നൈ: ഏപ്രില്‍ 16ന്‌ കേരളത്തില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെ മലപ്പുറം നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന്‌ തമിഴ്‌നാട്ടിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ വിമതവിഭാഗം പ്രസിഡന്റ്‌ എം.ജി. ദാവൂദ്‌ മിയാഖാന്‍ പത്രലേഖകരോട് ‌ പറഞ്ഞു.
അഹമ്മദിനെതിരെ പ്രചാരണം നടത്താന്‍ ഏപ്രില്‍ ആദ്യവാരം മിയാഖാന്‍ മലപ്പുറത്തെത്തും. മണ്ഡലത്തില്‍ ഇടതുമുന്നണിയെ വിജയിപ്പിക്കുകയാണ്‌ തമിഴ്‌നാട്‌ ഐ.യു.എം.എല്‍. ലക്ഷ്യം. ഇന്ത്യയിലാകെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ തകര്‍ത്തത്‌ അഹമ്മദാണെന്ന്‌ മിയാഖാന്‍ ആരോപിച്ചു.
ഇ. അഹമ്മദ്‌ ഐ.യു.എം.എല്‍. അഖിലേന്ത്യാ പ്രസിഡന്റാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‌ ഐ.യു.എം.എല്ലുമായി ബന്ധമില്ലെന്ന്‌ ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ നിന്ന്‌ വിവരാവകാശ നിയമപ്രകാരം സ്വന്തമാക്കിയ രേഖകള്‍ നിരത്തി മിയാഖാന്‍ ആരോപിച്ചു.
പതിന്നാലാം ലോക്‌സഭയില്‍ ഐ.യു.എം.എല്ലിനെ പ്രതിനിധീകരിച്ച്‌ എത്ര അംഗങ്ങളുണ്ട്‌ എന്ന്‌ ചോദിച്ച്‌ പത്തനംതിട്ട കന്‍രാജ്‌ ഭവനില്‍ ഖാന്‍ ഷാജഹാന്‍ നല്‍കിയ അപേക്ഷയ്‌ക്ക്‌ ലഭിച്ച മറുപടിയാണ്‌ മിയാഖാന്റെ തുറുപ്പുചീട്ട്‌.
ഐ.യു.എം.എല്ലിനെ പ്രതിനിധീകരിച്ച്‌ 14-ാം ലോക്‌സഭയില്‍ അംഗങ്ങള്‍ ആരുമില്ലെന്നും എന്നാല്‍, മുസ്‌ലിംലീഗ്‌ കേരളസംസ്ഥാന കമ്മിറ്റി പ്രതിനിധിയായി ഇ. അഹമ്മദ്‌ സഭയില്‍ ഉണ്ടെന്നുമാണ്‌ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ മറുപടി.
അതോടൊപ്പം തിരഞ്ഞെടുപ്പു കമ്മീഷന്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത മറുപടിയും മിയാഖാന്റെ പോക്കറ്റിലുണ്ട്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍രേഖ പ്രകാരം മുസ്‌ലിംലീഗ്‌ കേരള സംസ്ഥാന കമ്മിറ്റിയും ഐ.യു.എം.എല്ലും പ്രത്യേകം പ്രത്യേകം രജിസ്റ്റര്‍ ചെയ്‌ത രാഷ്ട്രീയപ്പാര്‍ട്ടികളാണ്‌.
മുസ്‌ലിംലീഗ്‌ കേരള സംസ്ഥാന കമ്മിറ്റിയും ഐ.യു.എം.എല്ലും വ്യത്യസ്‌ത രജിസ്‌ട്രേഡ്‌ രാഷ്ട്രീയപ്പാര്‍ട്ടികളായിരിക്കെ ഐ.യു.എം.എല്‍. ദേശീയ പ്രസിഡന്റാണെന്ന്‌ അവകാശപ്പെട്ട്‌ ഇ. അഹമ്മദ്‌ വഞ്ചന നടത്തുന്നതായും മിയാഖാന്‍ ആരോപിച്ചു.

ഇന്ത്യക്ക് സുരക്ഷ ഇസ്രായേലില്‍ നിന്ന് മാത്രം. ഇസ്രേയല്‍ അനുകൂലനിലപാടുമായി .ശശി തരൂര്‍

ഇന്ത്യക്ക് സുരക്ഷ ഇസ്രായേലില്‍ നിന്ന് മാത്രം. ഇസ്രേയല്‍ അനുകൂലനിലപാടുമായി .ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യയുടെ സുരക്ഷക്ക് ഇസ്രായേല്‍ ബന്ധം വേണമെന്നും ഇസ്രായേലില്‍നിന്ന് കിട്ടുന്നത് മറ്റിടങ്ങളില്‍ നിന്ന് കിട്ടില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിതരൂര്‍. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന വിവരം അറിയിക്കാന്‍ വിജയന്‍ തോമസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുയര്‍ന്നതോടെ ശശി തരൂര്‍ മറുപടി നിര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍നിന്ന് പിന്‍വാങ്ങി. വിജയന്‍ തോമസിന്റെ വാര്‍ത്താസമ്മേളനമാണെന്നും അതില്‍ താന്‍ കൂടുതല്‍ സംസാരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞായിരുന്നു പിന്‍മാറ്റം. എന്നാല്‍ വിവാദ ലേഖനം ഇസ്രായേല്‍ അനുകൂലമല്ലെന്ന് ഏറെ സമയമെടുത്ത് തരൂര്‍ വിശദീകരിക്കുകയും ചെയ്തു. ഇസ്രായേല്‍ അനുകൂലമെന്ന് വിവാദമായ ലേഖനം യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്ന് അക്രമത്തെ നിരുല്‍സാഹപ്പെടുത്തുന്നതായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് ഇസ്രായേല്‍ അനുകൂലമെന്ന് പറയുന്നത്. വായനക്കാര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരു അമേരിക്കന്‍ വെബ്സൈറ്റില്‍ തന്റെ നിലപാട് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ അക്രമത്തെ താങ്കള്‍ എന്തുകൊണ്ട് അപലപിച്ചില്ല എന്ന ചോദ്യത്തിന് മറുപടി ഇങ്ങിനെയായിരുന്നു: വിവാദ ലേഖനം തന്റെ അവസാന കോളമായിരുന്നു. പിന്നീട് കോളം എഴുതാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതാനായില്ല. എന്നാല്‍ എന്റെ നിലപാട് ഫലസ്തീന്‍ വിരുദ്ധമല്ലെന്ന് വിശദീകരിച്ച് ഹഫിംഗടണ്‍പോസ്റ്റിന്റെ വെബ് സൈെറ്റില്‍ കുറിപ്പ് കൊടുത്തിരുന്നു. ഞാന്‍ ഫലസ്തീന്‍ വിരുദ്ധനല്ല. എന്നാല്‍, ഇസ്രായേലിന്റെ അക്രമം പുതിയ സംഭവമല്ലല്ലോയെന്ന ചോദ്യം ഉന്നയിച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.
ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം ദേശീയനയത്തിന്റെ അടിസ്ഥാനത്തിലാണ്. അത് അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നമാണ്. അതില്‍നിന്ന് ഇനി പിന്മാറാനാകില്ല. ഇന്ത്യ പലതരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്ന രാജ്യമാണ്. ഇന്ത്യന്‍ സുരക്ഷക്ക് വേണ്ടിയാണ് ഇസ്രായേല്‍ ബന്ധം. അവരില്‍നിന്ന് പലതും സ്വീകരിക്കാനുണ്ട്. അത് മറ്റിടങ്ങളില്‍നിന്ന് കിട്ടില്ല. എന്നാല്‍ ഇസ്രായേലിനെ എല്ലാകാര്യങ്ങളിലും പിന്തുണക്കും എന്നല്ല ഇതിനര്‍ഥം. ^ തരൂര്‍ പറഞ്ഞു.


from madhyamam

വോട്ടിനായി ബി.ജെ.പി. മതവിദ്വേഷം പരത്തുന്നു - കാരാട്ട്‌

വോട്ടിനായി ബി.ജെ.പി. മതവിദ്വേഷം പരത്തുന്നു - കാരാട്ട്‌


ന്യൂഡല്‍ഹി: മതവിദ്വേഷം പരത്തി വോട്ടു നേടാനുള്ള ശ്രമമാണ്‌ ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിലും നടത്തുന്നതെന്നും വരുണ്‍ഗാന്ധിയുടെ വിവാദ പ്രസംഗം ഇതിനുദാഹരണമാണെന്നും സി.പി.ഐഎം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തെക്കുറിച്ചുള്ള ലഘുലേഖ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്‌.
യു.പി.യിലെ പിലിഭിത്ത്‌ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്‍ഗാന്ധി നടത്തിയ പ്രസംഗം 2007ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പിന്‌ ബി.ജെ.പി. പുറത്തിറക്കിയ സി.ഡി.യിലെ ഉള്ളടക്കത്തിന്‌ സമാനമാണ്‌. മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്ന ഈ സി.ഡി. പിന്‍വലിക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആവശ്യപ്പെടുകയുണ്ടായി.
സ്വന്തം തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ വരുണ്‍ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കവും അന്യമത വിദ്വേഷമാണ്‌. ഈ പ്രസംഗത്തെ ബി.ജെ.പി. തള്ളിപ്പറഞ്ഞിട്ടില്ല.
എല്‍.കെ. അദ്വാനിയോടൊപ്പം തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്ന ബി.ജെ.പി. നേതാവ്‌ ആദിത്യനാഥിന്റെ പ്രസംഗങ്ങളും മതവിദ്വേഷം വളര്‍ത്തുന്നതാണ്‌.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നിത്യസംഭവമാണ്‌. മറ്റ്‌ മതങ്ങള്‍ക്കെതിരെയുള്ള പ്രചാരണം കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. പ്രവൃത്തിപഥത്തിലെത്തിച്ചു കഴിഞ്ഞു.
കേരളത്തില്‍ പി.ഡി.പി.യുമായുള്ള ബന്ധത്തെക്കുറിച്ച്‌ താന്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ടെന്ന്‌ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ കാരാട്ട്‌ മറുപടി നല്‍കി. പി.ഡി.പി. ബന്ധം സംബന്ധിച്ച്‌ മുഖ്യമന്ത്രി വി.എസ്‌. ഒരു കത്തും തനിക്കയച്ചിട്ടില്ല - കാരാട്ട്‌ പറഞ്ഞു.
ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും എതിരെ മൂന്നാം ബദല്‍ എന്ന ആശയം യാഥാര്‍ഥ്യമാവുകയാണ്‌. തിരഞ്ഞെടുപ്പിന്‌ ശേഷം ഇതുസംബന്ധിച്ച്‌ കൂടുതല്‍ മുന്നേറ്റം ഉണ്ടാവും.
ദളിത്‌ ക്രിസ്‌ത്യാനികള്‍ക്കും ദളിത്‌ മുസ്‌ലിങ്ങള്‍ക്കും പട്ടികജാതിക്കാരുടെ പദവി നല്‍കണമെന്ന രംഗനാഥമിശ്ര കമ്മീഷന്റെയും സച്ചാര്‍ കമ്മീഷന്റെയും ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന്‌ കാരാട്ട്‌ പറഞ്ഞു.

പി.ഡി.പിയെ വിമര്‍ശിക്കാന്‍ ലീഗിന്‌ യോഗ്യതയില്ല: മഅദനി

പി.ഡി.പിയെ വിമര്‍ശിക്കാന്‍ ലീഗിന്‌ യോഗ്യതയില്ല: മഅദനി

തിരുവനന്തപുരം: പി.ഡി.പിയെ വിമര്‍ശിക്കാന്‍ മുസ്‌ലിം ലീഗിനു യോഗ്യതയില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനി. ഇന്ത്യാ വിഭജനത്തില്‍ പങ്കാളികളായ ലീഗ്‌ പാകിസ്‌താനെ അനുകൂലിക്കുന്ന പാര്‍ട്ടിയായിരുന്നു.
1972 ല്‍ തലശേരിയില്‍ നടന്ന കലാപവും 1982 ല്‍ ചാല വര്‍ഗീയ കലാപവും 1992 ല്‍ പൂന്തുറ കലാപവും 2003 ല്‍ മാറാട്‌ കലാപവും നടന്നത്‌ മുസ്‌ ലീം ലീഗ്‌ അധികാരത്തിലിരിക്കുമ്പോളാണ്‌. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ്‌ ലീഗ്‌ മതേതര സ്വഭാവം കാണിക്കുന്നത്‌. കേസരി സ്‌മാരക ട്രസ്‌റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17 കൊല്ലം മുന്‍പ്‌ താന്‍ നടത്തിയ പ്രസംഗത്തിന്റെ കസറ്റാണ്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ ഉയര്‍ത്തിക്കാട്ടിയത്‌.
ആയിരം മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന്‌ ഒരു പിടി മണ്ണു പോലും ഇളക്കി മാറ്റരുതെന്നാണ്‌ അന്നു പ്രസംഗിച്ചത്‌. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ പേരില്‍ കേസെടുത്തു.എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ട്‌ കോടതി തന്നെ വെറുതെ വിടുകയായിരുന്നു.
കേരളത്തില്‍ ഒരു പിഡിപി പ്രവര്‍ത്തകന്‍ പോലും വര്‍ഗീയകലാപത്തിലോ വര്‍ഗീയ സംഘട്ടനത്തിലോ പെട്ട്‌ ജയിലില്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യ നീതിക്കായുള്ള പിഡിപിയുടെ പ്രവര്‍ത്തനം ശക്‌തമായി മുന്നോട്ടു കൊണ്ടു പോകുമ്പോളാണ്‌ താന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. ജയില്‍ വാസകാലത്തില്‍ നിരവധി പീഢനങ്ങള്‍ അനുഭവിച്ചു. അപ്പോള്‍ ഹിന്ദു സമൂഹത്തില്‍ പെട്ട ചില നേതാക്കളില്‍ നിന്നാണ്‌ ഏറ്റവും അധികം സഹായം കിട്ടിയത്‌. ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ വികാരപരമായി ഒരു കാലത്തു പ്രസംഗിച്ചത്‌.
പിഡിപിയ്‌ക്കും തനിക്കും എതിരെ ആരോപണ പ്രചരണം തുടര്‍ന്നാല്‍ തങ്ങള്‍ക്കും പലതും വെളിപ്പെടുത്താനുണ്ടന്നും മഅദനി പറഞ്ഞു. തങ്ങളുടെ കൈയിലും രേഖകളും ഫോണ്‍നമ്പരുകളുമുണ്ട്‌. സമയമാകുമ്പോള്‍ പുറത്തെടുക്കും. തന്നെ ജയിലിലടച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ആഭ്യന്തര വകുപ്പ്‌ അങ്ങനെ ചെയ്യട്ടെയെന്ന്‌ മദനി വെല്ലുവിളിച്ചു.

ഇസ്രയേല്‍ കരാര്‍ സിബിഐ അന്വേഷിക്കണം: യെച്ചൂരി

ഇസ്രയേല്‍ കരാര്‍ സിബിഐ അന്വേഷിക്കണം: യെച്ചൂരി


ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള 10,000 കോടിയുടെ ആയുധ കരാര്‍ മരവിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഈ കരാര്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2008 മാര്‍ച്ചിലും 2009 ഫെബ്രുവരിയിലും ഈ കരാറുമായി മുന്നോട്ട് പോകരുതെന്ന് സിപിഐ എം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി നല്‍കിയ മറുപടിയില്‍, കരാറില്‍ എന്തെങ്കിലും അപാകത ഉണ്ടായാല്‍ കരാറുമായി മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിരുന്നു. അത് പാലിക്കാന്‍ തയ്യാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

Friday, March 27, 2009

തന്റെ സ്ഥാനാര്‍ഥിത്വം പൊന്നാനിയോടുള്ള അവഗണനക്കെതിരെ-രണ്ടത്താണി

തന്റെ സ്ഥാനാര്‍ഥിത്വം പൊന്നാനിയോടുള്ള അവഗണനക്കെതിരെ-രണ്ടത്താണി

മലപ്പുറം: കാലങ്ങളായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവര്‍ തങ്ങളുടെ ഫണ്ട്‌ ശരിയാംവണ്ണം വിനിയോഗിക്കാത്തതിനാല്‍ മണ്ഡലത്തിലെ വികസനം വഴിമുട്ടിയതായി ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. മണ്ഡലത്തോടുള്ള മുമ്പത്തെ ജനപ്രതിനിധികളുടെ അവഗണനക്കെതിരായ പ്രതിഷേധമാണ്‌ തന്റെ സ്ഥാനാര്‍ഥിത്വമെന്ന്‌ അദ്ദേഹം അറിയിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ്‌ സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി ഹാര്‍ബര്‍, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌, കുറ്റിപ്പുറം എഫ്‌.സി.ഐ. ഗോഡൗണ്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങി കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒട്ടേറെ കാര്യങ്ങളിവിടെയുണ്ട്‌. എന്നാലിതിനോടൊന്നും മുമ്പ്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല കാണിച്ചത്‌. മണ്ഡലത്തിന്റെ പ്രശ്‌നങ്ങളറിയുന്ന, നാട്ടുകാരിലൊരാള്‍ക്കുതന്നെ എന്തുകൊണ്ട്‌ പ്രതിനിധീകരിച്ചുകൂടാ എന്നതിനുത്തരമാണ്‌ തന്റെ സ്ഥാനാര്‍ഥിത്വം.
എല്ലാ അര്‍ഥത്തിലും സ്വതന്ത്രനായി നില്‍ക്കാനാണ്‌ താനാഗ്രഹിക്കുന്നതെന്ന്‌ രണ്ടത്താണി പറഞ്ഞു. സി.പി.എമ്മിനോടു മാത്രമല്ല, മറ്റ്‌ കക്ഷികളുമായും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌. അഭിപ്രായവ്യത്യാസങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്‌. പൊന്നാനിയുടെ വികസനത്തിനുവേണ്ടി ഒന്നിക്കുകയാണ്‌ വേണ്ടത്‌.
പൊന്നാനിയുടെ വികസനം തീരദേശത്തുനിന്നാണ്‌ തുടങ്ങേണ്ടത്‌. റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതല്‍ നവീകരിക്കണം. ഗള്‍ഫുകാരുടെ ക്ഷേമത്തിന്‌ കൂടുതല്‍ പരിഗണന വേണം. താന്‍ തിരഞ്ഞെടക്കപ്പെടുകയാണെങ്കില്‍ ഇവയ്‌ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തും. കാന്തപുരത്തിന്റെ പ്രതിനിധിയാണോ എന്ന ചോദ്യത്തിനു താന്‍ പൊന്നാനിയുടെ സ്ഥാനാര്‍ഥിയാണെന്ന്‌ രണ്ടത്താണി മറുപടി നല്‍കി.
പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി.പി. സെയ്‌തലവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു. പി. നന്ദകുമാര്‍ പങ്കെടുത്തു.

ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ സ്റ്റാഫ് .

ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ സ്റ്റാഫ് .

മലപ്പുറം: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി നാമനിര്‍ദേശ പത്രിക നല്‍കി. ജില്ലാ കലക്ടര്‍ ഡോ. എസ് രവീന്ദ്രന് മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്. മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍ എംപി, വി ഉണ്ണികൃഷ്ണന്‍, പി നന്ദകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ടത്താണി ദീര്‍ഘകാലം അധ്യാപകനായിരുന്ന മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ സ്റ്റാഫാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
ഇടതുപക്ഷത്തിന് കരുത്താകാന്‍ തവനൂര്‍

എടപ്പാള്‍: ഇടതുപക്ഷത്തിന് കരുത്തുപകരാന്‍ തവനൂര്‍ മണ്ഡലമൊരുങ്ങി. കര്‍ഷക പോരാട്ടങ്ങളുടെ ഓര്‍മകള്‍ സ്പന്ദിക്കുന്ന ഈ മണ്ണ് ഹൃദയപക്ഷത്തോടൊട്ടുകയാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ പ്രവര്‍ത്തകര്‍. ഭാരതപ്പുഴയുടെ ഇരുതീരത്തുമായി ഏഴ് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലമാണിത്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിയായ നീലിയാട് മുതല്‍ അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന പടിഞ്ഞാറേക്കര വരെയാണ് മണ്ഡലത്തിന്റെ അതിര്. വട്ടംകുളം, കാലടി, എടപ്പാള്‍, തവനൂര്‍, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ എന്നിവയാണ് മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ഇതില്‍ കാലടി ഒഴികെ മറ്റിടങ്ങളില്‍ ഇടതുപക്ഷ മതേതര മുന്നണിയാണ് ഭരിക്കുന്നത്. പൊന്നാനി നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച പാലോളി മുഹമ്മദ്കുട്ടിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് എടപ്പാള്‍ പഞ്ചായത്ത് നല്‍കിയത്. പൊന്നാനിയിലെയും തിരൂരിലെയും എംഎല്‍എമാരായ പാലോളി മുഹമ്മദ്കുട്ടിയുടെയും പി പി അബ്ദുള്ളക്കുട്ടിയുടെയും പ്രവര്‍ത്തനഫലമായി ഒട്ടേറെ വികസനങ്ങളാണ് മണ്ഡലത്തില്‍ വന്നത്. ഇത് ഇടതുപക്ഷത്തിന് ശക്തിനല്‍കും. മംഗലം - കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് സാക്ഷാത്കരിക്കാനായതും യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടല്‍ ഭീഷണിയിലായ എടപ്പാളിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ക്ഷോപ്പ് പുനരുജ്ജീവിപ്പിച്ചതും അടച്ച ബോഡി ബില്‍ഡിങ് യൂണിറ്റ് തുറന്നതും എംഎല്‍എമാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. ബോഡി ബില്‍ഡിങ് യൂണിറ്റ് തുറക്കുകവഴി മുന്നൂറോളം തൊഴിലാളികള്‍ക്കാണ് ജീവിതം തിരിച്ചുകിട്ടിയത്. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എല്‍ഡിഎഫ് തുടക്കമിട്ടിട്ടുണ്ട്. ചമ്രവട്ടം പദ്ധതി, പടിഞ്ഞാറേക്കര ടൂറിസം പദ്ധതി, കുടിവെള്ളക്ഷാമം പരിഹരിക്കാനാവശ്യമായ ജലപദ്ധതികള്‍ എന്നിവ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന ബജറ്റില്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയ തവനൂര്‍ - തിരുന്നാവായ പാലം, പുറത്തൂര്‍ - പടിഞ്ഞാറേക്കര പാലം എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിന്റെ മുഖഛായതന്നെ മാറും. എ വിജയരാഘവന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചൂം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഈ നേട്ടങ്ങള്‍ എല്‍ഡിഎഫ് അനുകൂല വോട്ടാകും. 1,38,478 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 73,157 സ്ത്രീകളും 65,321 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍മാരിലധികവും കര്‍ഷക തൊഴിലാളികളാണ്.

സ്ഥാനാര്‍ഥിയായത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുമൂലം: രണ്ടത്താണി

സ്ഥാനാര്‍ഥിയായത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുമൂലം: രണ്ടത്താണി


മലപ്പുറം: സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണരുതെന്നും മതനിരപേക്ഷ നിലപാടാണ് നാടിന് ആവശ്യമെന്നും പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. ഹുസൈന്‍ പറഞ്ഞു. മലപ്പുറം പ്രസ്ക്ളബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. യോജിപ്പിന്റെ മേഖല കണ്ടെത്തി സഹകരിക്കണം. നാടിന്റെ സ്വാശ്രയത്വവും മതനിരപേക്ഷതയും വികസനവുമാണ് തെരഞ്ഞെടുപ്പിലെ വിഷയം. ഈ കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ഒരുമിക്കണം. അതേസമയം വര്‍ഗീയതയുമായി സഹകരിക്കരുത്. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. പൊന്നാനിമണ്ഡലം വികസനരംഗത്ത് ഏറെ പിന്നിലാണ്. മുമ്പ് വിജയിച്ച എംപിമാരാരും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. പുറമെനിന്നുള്ളവരായിരുന്നു ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ അവസ്ഥ മാറാന്‍ വോട്ടര്‍മാര്‍ നാട്ടുകാരായ തന്നെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. പോരാട്ടത്തിന്റെ നാടുകൂടിയായ പൊന്നാനിയില്‍നിന്ന് സാമ്രാജ്യത്വത്തിനെതിരായ കാറ്റ് വീശുമെന്നും രണ്ടത്താണി പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില പേറ്റുനോവുണ്ടാകും. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം ഉറച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം പ്രചാരണം തന്നത് ഗുണമായി- സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. പി നന്ദകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്ക്ളബ് പ്രസിഡന്റ് സി പി സൈതലവി അധ്യക്ഷനായി. സെക്രട്ടറി ടി കെ രത്നാകരന്‍ സ്വാഗതം പറഞ്ഞു.

ലീഗിന് രക്ഷയായി അബ്ദുള്ളക്കുട്ടി മോഡിയും

ലീഗിന് രക്ഷയായി അബ്ദുള്ളക്കുട്ടി മോഡിയും

മലപ്പുറം: പൊന്നാനിയില്‍ വിയര്‍ക്കുന്ന മുസ്ളിംലീഗിന് പിടിവള്ളിയായി നരേന്ദ്രമോഡിയുടെ പ്രിയ ആരാധകന്‍. സിപിഐ എം മുസ്ളിംകളെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് മോഡിയുടെ ചിറകിനടിയിലെ ചൂടേറ്റുവാങ്ങിയ എ പി അബ്ളുള്ളക്കുട്ടിയാണ് സമുദായത്തെ ഉടലോടെ സ്വര്‍ഗത്തിലെത്തിക്കാന്‍ പൊന്നാനിയില്‍ അവതരിച്ചത്. സമുദായം ഏറ്റവും വെറുക്കുന്ന വ്യക്തിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മുസ്ളിങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുന്ന ഈ നരാധമനെ വികസനത്തിന്റെ മിശിഹാ ആയാണ് സിപിഐ എം ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് ജയിച്ച എ പി അബ്ദുള്ളക്കുട്ടി വാഴ്ത്തിയത്. ഗള്‍ഫില്‍വെച്ച് നടത്തിയ മോഡി അനുകൂല പ്രസ്താവന ബിജെപി ദേശീയരംഗത്ത് പ്രചാരണ ആയുധമാക്കി. മോഡിയാകട്ടെ തന്നെ പുകഴ്ത്തിയയാളെ ഗുജറാത്തിലേക്ക് ക്ഷണിച്ചു. പാര്‍ടി നിലപാടിനെതിരെ പ്രസ്താവന നടത്തിയതിന് അബ്ദുള്ളക്കുട്ടിയോട് സിപിഐ എം വിശദീകരണവും ചോദിച്ചു. തുടര്‍ച്ചയായി സംഘടനാവിരുദ്ധ നിലപാട് സ്വീകരിച്ചതിന് പാര്‍ടി പുറത്താക്കിയ ഇദ്ദേഹം ഇന്ന് ലീഗ്-കോ വേദിയിലെ സ്ഥിരം സാന്നിധ്യമാണ്. കണ്ണൂരിലോ കാസര്‍കോടോ സീറ്റു കിട്ടുമെന്നായിരുന്നു കിനാവ് കണ്ടത്. പക്ഷേ, അതു രണ്ടും കിട്ടിയില്ല. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സീറ്റ് തരപ്പെടുത്താനാണ് ഓട്ടം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് യുഡിഎഫ് കവന്‍ഷനില്‍ പങ്കെടുത്തു. വികസനത്തിന്റെ പേരിലാണ് തനിക്ക് സിപിഐ എം വിടേണ്ടി വന്നതെന്നാണ് അബ്ദുള്ളക്കുട്ടി കുറ്റിപ്പുറത്ത് പ്രസംഗിച്ചത്. മോഡിയുടെ വികസനമാണ് അദ്ദേഹത്തിന്റെ വികസനനയമെന്ന് അറിയാത്ത പാവം ലീഗുകാര്‍ ഇത് കേട്ട് കൈയടിച്ചു. സിപിഐ എമ്മില്‍ അംഗമാകുന്ന മുസ്ളിംകളെ നിസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുനേരം നിസ്കരിക്കുന്ന, പള്ളികമ്മിറ്റി ഭാരവാഹികളായ അനവധി സിപിഐ എം അംഗങ്ങളുള്ള മലപ്പുറത്തുകാര്‍ ഇത് കേട്ട് ചിരിച്ച് മണ്ണുകപ്പി. പിഡിപിയെ തെറി പറയാനും അദ്ദേഹം മറന്നില്ല. ഏറ്റവും വലിയ മത ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒക്കത്തിരുത്തിയാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്. എന്‍ഡിഎഫ് നോമിനിയായാണ് ഇ ടി മുഹമ്മദ്ബഷീര്‍ പൊന്നാനിയില്‍ മത്സരിക്കുന്നതെന്ന സത്യവും പിഡിപിയെ കാട്ടി പേടിപ്പിക്കുംമുമ്പ് പാവം അബ്ദുള്ളക്കുട്ടി ഓര്‍ത്തില്ല. മുസ്ളിംലീഗിന്റെ ഗതികേടിന് തെളിവാണ് മോഡി ശിഷ്യന്‍ അബ്ദുള്ളക്കുട്ടിക്ക് നല്‍കിയ വരവേല്‍പ്. ലീഗിന്റെ സമുദായ സംരക്ഷണത്തിന്റെ പൊയ്മുഖം ഇവിടെ കൂടുതല്‍ വ്യക്തമായി. സിപിഐ എമ്മും സമുദായവും തമ്മിലുള്ള ആത്മബന്ധം ശരിക്കും അനുഭവിക്കുന്ന മലപ്പുറത്തുകാര്‍ക്കുമുമ്പിലേക്കുതന്നെ സ്വന്തം പാര്‍ടിക്കെതിരെ തുരപ്പന്‍ പണിയെടുത്തതിന് പുറത്തായ വ്യക്തിയെ എഴുന്നള്ളിച്ചതിന് വരും ദിവസം ലീഗ് അണികളോട് മറുപടി പറയേണ്ടി വരും. ഏതായാലും ചേരേണ്ടവര്‍തന്നെ ചേര്‍ന്നു. സ്വന്തം തട്ടകത്തില്‍ തോല്‍വി ഉറപ്പായ ലീഗില്‍നിന്ന് ഇനിയും പല അത്ഭുതങ്ങളും പ്രതീക്ഷിക്കാം.

ആയുധ കരാര്‍ ഇസ്രയേലുമായുള്ള സഹകരണത്തിന് ഉദാഹരണം: പിണറായി

ആയുധ കരാര്‍ ഇസ്രയേലുമായുള്ള സഹകരണത്തിന് ഉദാഹരണം: പിണറായി


കോട്ടയം: അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഒട്ടിനില്‍ക്കുന്ന ഇസ്രയേലിനെ പ്രോല്‍സാഹിപ്പിക്കുന്ന യുപിഎ നയത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അവരുമായുള്ള മിസൈല്‍ കച്ചവട കരാറെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ളബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായി ഒരു തരത്തിലുള്ള ബന്ധവും മുന്‍കാലങ്ങളില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൃഡമായ സുഹൃത്ത് ബന്ധമാണ് കോഗ്രസ് സര്‍ക്കാരിനുള്ളത്. മിസൈല്‍ കരാറിന്റെ കാര്യത്തിലും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ ഉണ്ടാക്കാന്‍ കഴിയുന്ന മിസൈലിനെക്കാളും ഗുണനിലവാരം കുറഞ്ഞ മിസൈല്‍ വാങ്ങുന്നുവെന്നാണ് ആക്ഷേപം. കരാറില്‍ ഇടപെട്ട കമ്പനിയെക്കുറിച്ച് ആക്ഷേപം ഉയരുകയും കരാര്‍ നിര്‍ദേശം തിരിച്ചയക്കുകയും ചെയ്തിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടു. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. അമേരിക്കന്‍ പ്രീണനമാണ് ഇത്തരം കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള കാരണം. ഗാസയിലെ കൂട്ടക്കൊലയെ പ്രകീര്‍ത്തിച്ച് ലേഖനം എഴുതിയവര്‍പോലും കോഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ദേശീയ തലത്തില്‍ കോഗ്രസ് നയിക്കുന്ന മുന്നണി ദുര്‍ബലമായിരിക്കുന്നു. ലാലു പ്രസാദ് യാദവും മുലായം സിങ്ങും രാംവിലാസ് പസ്വാനും ചേര്‍ന്നുള്ള കുറുമുന്നണി ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിലുള്ള കോഗ്രസിന്റെ ഈ ദുര്‍ബലാവസ്ഥമൂലം കേരളത്തില്‍ യുഡിഎഫിന് നല്ല പരാജയം ഏറ്റുവാങ്ങേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് നയ സമീപനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയത്തെ സഹായിക്കും. പിഡിപിയുമായുള്ള എല്‍ഡിഎഫ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പിഡിപി നയം മാറ്റി എല്‍ഡിഎഫിനെ സഹായിക്കുന്നു. നാടിന് ഗുണമല്ലാത്ത നയസമീപനങ്ങള്‍ സ്വീകരിച്ചിരുന്നവര്‍ അത് തിരുത്തി മതേതര നിലപാട് ഉയര്‍ത്തി പിടിക്കുമ്പോള്‍ അത് വേണ്ട എന്ന പറയേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

ആര്‍എസ്എസിന്റെയും എന്‍ ഡി എഫിന്റെയും പിന്തുണക്കും വോട്ടിന്നും വേണ്ടി ശ്രമിക്കും: കുഞ്ഞാലിക്കുട്ടി

ആര്‍എസ്എസിന്റെയും എന്‍ ഡി എഫിന്റെയും പിന്തുണക്കും വോട്ടിന്നും വേണ്ടി ശ്രമിക്കും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും എന്‍ഡിഎഫിന്റെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുസ്ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് ചെയ്യുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും കോഴിക്കോട് പ്രസ് ക്ളബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ജയിക്കാനാണ്. എന്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കക്ഷിയല്ല. അതിനാല്‍ നിലപാട് പരിശോധിക്കേണ്ട. ഇസ്രയേലിന് അനുകൂലമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇസ്രയേലും ഗുജറാത്തും ആരും മാതൃകയാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Thursday, March 26, 2009

ഇസ്രയേലുമായി ഒപ്പിട്ട മിസൈല്‍ ഇടപാടിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ അന്വേഷിക്കണം. പ്രകാശ് കാരാട്ട്

ഇസ്രയേലുമായി ഒപ്പിട്ട മിസൈല്‍ ഇടപാടിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ അന്വേഷിക്കണം. പ്രകാശ് കാരാട്ട്

ഇസ്രയേലുമായി ഒപ്പിട്ട മിസൈല്‍ ഇടപാടിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഇന്ത്യയിലും ഇസ്രയേലിലും അന്വേഷണം നേരിടുന്ന വിവാദ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) എങ്ങനെ കരാറില്‍ ഒപ്പുവച്ചുവെന്നതും അന്വേഷിക്കണം. ബറാക് മിസൈല്‍ ഇടപാടില്‍ ഐഎഐക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. ഒരു വിദേശരാജ്യവുമായുള്ള ആയുധവ്യാപാരത്തിന്റെ പേരിലാണ് ഇതേ കമ്പനിക്കെതിരെ ഇസ്രയേലില്‍ അന്വേഷണം നടന്നതും കമ്പനിയുടെ സിഇഒയ്ക്ക് അധികാരമൊഴിയേണ്ടിവന്നതും. അത്തരമൊരു കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താതെ അവരുമായി കരാറില്‍ ഒപ്പിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം-കാരാട്ട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആഭ്യന്തരമായി നിര്‍മിച്ച മിസൈലിനേക്കാളും ഗുണം കുറഞ്ഞ മിസൈല്‍ ഇസ്രയേലില്‍നിന്ന് വാങ്ങുന്നതിനെതിരെ 2008 മാര്‍ച്ചിലും 2009 ഫെബ്രുവരിയിലും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും കാരാട്ട് പറഞ്ഞു.

ആയുധക്കച്ചവടത്തില്‍ കോഴ 600 കോടി മാത്രം

ആയുധക്കച്ചവടത്തില്‍ കോഴ 600 കോടി മാത്രം

ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന് പുറത്തുവന്നു. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) കോഴയായി നല്‍കിയത്. ബിസിനസ് ചാര്‍ജ് എന്ന പേരിലാണ് കോഴ കൈമാറിയതെന്നാണ് വിവരം. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നത്. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി തുക കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് വിവരം. അതായത് 450 കോടി രൂപയാണ് ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് സ്വരൂപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറി. കരാറിനെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും പ്രതിരോധമന്ത്രാലയം മൌനം പാലിക്കുകയാണ്. ബിസിനസ് ചാര്‍ജ് ഉള്‍പ്പെട്ട കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അംഗീകാരം നല്‍കിയത് കോഴയ്ക്ക് സാധുത നല്‍കി. എ കെ ആന്റണി നേതൃത്വംനല്‍കുന്ന പ്രതിരോധമന്ത്രാലയമാണ് ബിസിനസ് ഉള്‍പ്പെടുന്ന കരാര്‍ അംഗീകരിച്ചത്. 2007 അവസാനം കരാര്‍ തിരിച്ചയച്ച ആന്റണി 2008 മാര്‍ച്ചില്‍ കരാറുമായി മുന്നോട്ടുവന്നത് ദൂരൂഹമാണ്. പ്രധാനമന്ത്രികാര്യാലയമാണോ കോഗ്രസ് പ്രസിഡന്റാണോ കരാറുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശം ആന്റണിക്ക് നല്‍കിയതെന്ന് വ്യക്തമല്ല. കോഴക്കേസില്‍പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുക എന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രീതിയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി പുറത്തുവന്നതോടെ ഈ സ്വീഡിഷ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. പ്രതിരോധ ഇടപാടില്‍ അഴിമതി കണ്ടതിനെത്തുടര്‍ന്ന് ഡച്ച് കമ്പനിയായ എച്ച്ഡിഡബ്ള്യുവിനെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഡെനലിനെയും കരിമ്പട്ടികയില്‍പ്പെടുത്തി. സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്യുംമുമ്പായിരുന്നു ഈ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, ബറാക് മിസൈല്‍ ഇടപാടില്‍ ഇന്ത്യയിലും മറ്റ് ഇടപാടുകളില്‍ ഇസ്രയേലില്‍ ത്തന്നെയും കോഴ ആരോപണത്തിന് വിധേയമായ ഐഎഐയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അവരുമായി വീണ്ടും പതിനായിരം കോടി രൂപയുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്. വായുസേനയിലെ ഉന്നതരരായ ചില ഇസ്രയേലി പക്ഷപാതികളാണ് കരാറുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയത്. ഇസ്രയേല്‍ ആയുധക്കമ്പനിയുടെ ഏജന്റായ മുന്‍ വ്യോമസേനാ മേധാവി ത്യാഗിയും നിലവിലുള്ള വൈസ് ചീഫ് എയര്‍മാര്‍ഷല്‍ ബ്രൌണുമാണ് ഇസ്രയേല്‍ മിസൈല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് അറിയുന്നു. 1992ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ഘട്ടത്തില്‍ ഇസ്രയേലില്‍ ഡിഫന്‍സ് അറ്റാഷെയായി പ്രവര്‍ത്തിച്ചയാളാണ് ബ്രൌ. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇസ്രയേല്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ടെന്‍ഡര്‍ വിളിക്കാതെ പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കാനാരംഭിക്കുന്നത്. ഇസ്രയേലുമായി കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സ്പൈഡര്‍ മിസൈല്‍ കരാറിലും ഇതുതന്നെ സംഭവിച്ചു. കാലതാമസം ഒഴിവാക്കുക എന്ന ന്യായം പറഞ്ഞാണ് ഇങ്ങനെ കരാര്‍ ഉറപ്പിക്കുന്നത്.

ആവേശത്തിന്റെ അലയൊലിയുയര്‍ത്തി രണ്ടത്താണിയുടെ പര്യടനം

ആവേശത്തിന്റെ അലയൊലിയുയര്‍ത്തി രണ്ടത്താണിയുടെ പര്യടനം

തിരൂര്‍: ജനഹൃദയങ്ങളില്‍ ആവേശത്തിന്റെ അലയൊലികള്‍ ഉയര്‍ത്തി ഹുസൈന്‍ രണ്ടത്താണി മണ്ഡലം പര്യടനം തുടരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഹൃദയംനിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയാണ് പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി പര്യടനം തുടരുന്നത്. വ്യാഴാഴ്ച തിരൂര്‍ മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ വെട്ടം പച്ചാട്ടിരിയില്‍ നിന്നാരംഭിച്ച് തലക്കാട്, തിരൂര്‍ മുനിസിപ്പാലിറ്റി, തിരുന്നാവായ, ആതവനാട്, വളവന്നൂര്‍, കല്‍പ്പകഞ്ചേരി എന്നീ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്കുശേഷം പുത്തനത്താണിയില്‍ സമാപിച്ചു. പറവണ്ണയിലെ സ്വീകരണചടങ്ങില്‍ പി ഉമ്മര്‍ഹാജി, അബ്ദുറഹിമാന്‍കുട്ടിഹാജി, പള്ളാത്ത് മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ഥിയെ ഹാരാര്‍പ്പണം നടത്തി. എല്ലാ സ്വീകരണയോഗങ്ങളിലും സ്ത്രീകളും കുട്ടികളുമടങ്ങിയ ജനക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ, എ ശിവദാസന്‍, പി കുഞ്ഞുമൂസ, ടി കെ അലവിക്കുട്ടി, കെ കൃഷ്ണന്‍നായര്‍, എം ബഷീര്‍, പി ഹംസക്കുട്ടി, ശങ്കരന്‍, അഡ്വ. യു സൈനുദ്ദീന്‍, കെ സുധാകരന്‍, പി മുഹമ്മദാലി എന്നിവരുമുണ്ടായിരുന്നു.

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അഭിവാദ്യം സ്വീകരിച്ച് മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ നാമനിര്‍ദേശ പത്രിക നല്‍കി.

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അഭിവാദ്യം സ്വീകരിച്ച് മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ നാമനിര്‍ദേശ പത്രിക നല്‍കി

മലപ്പുറം: നൂറുകണക്കിന് പ്രവര്‍ത്തകരുടെ അഭിവാദ്യം സ്വീകരിച്ച് മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ നാമനിര്‍ദേശ പത്രിക നല്‍കി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായാണ് സ്ഥാനാര്‍ഥിയെ സിവില്‍ സ്റ്റേഷന്‍ കവാടംവരെ ആനയിച്ചത്. ടി കെ ഹംസക്ക് വോട്ട് അഭ്യര്‍ഥിച്ചുള്ള പ്ളക്കാര്‍ഡുകളും ചിഹ്നം ആലേഖനം ചെയ്ത വര്‍ണക്കൊടികളും ചെണ്ടമേളവും റാലിക്ക് കൊഴുപ്പേകി. മുമ്പില്‍ ചുവപ്പ് മാലയണിഞ്ഞ് സ്ഥാനാര്‍ഥിയും നേതാക്കളും. ഇതിനിടെ കൈവീശി വോട്ട് അഭ്യര്‍ഥിക്കാനും അദ്ദേഹം മറന്നില്ല. വോട്ടര്‍മാരും അദ്ദേഹത്തെ കൈവീശി വരവേറ്റു. പി ശ്രീരാമകൃഷ്ണന്‍, കെ സെയ്താലിക്കുട്ടി, കെ ഉമ്മര്‍ മാസ്റ്റര്‍, പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, വി ഉണ്ണികൃഷ്ണന്‍, കെ എസ് ചാക്കോ, ചാക്കോ വര്‍ഗീസ്, മുഹമ്മദ്അലി, അലവിക്കുട്ടി, കെ പി ഇസ്മായില്‍, പാലോളി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ചോക്കാട് വില്ലേജിലാണ് ഹംസയുടെ പേരില്‍ 6.15 ഏക്കര്‍ ഭൂമി. മഞ്ചേരി വില്ലേജില്‍ ഭാര്യയുടെയും മകളുടെയും പേരില്‍ 70 സെന്റ് ഭൂമിയും വീടുമുണ്ട്.