സാമ്രാജ്യത്വ-സിയോണിസ്റ്റ് ഭീകരത ചെറുക്കാന്‍ മൂന്നാം ബദല്‍ വരും: പിണറായി

കുറ്റിപ്പുറം: സാമ്രാജ്യത്വ-സിയോണിസ്റ്റ് ഭീകരത ചെറുക്കാന്‍ കോഗ്രസ്-ബിജെപി ഇതര മൂന്നാം ബദല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തിനാകമാനം നാശം വിതക്കുന്ന അമേരിക്കക്കും ഇസ്രയേലിനും പാദസേവ നടത്തുന്ന ഇ അഹമ്മദിനെ ജയിപ്പിച്ച തെറ്റ് ഇക്കുറി പൊന്നാനിയിലെ വോട്ടര്‍മാര്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കവന്‍ഷന്‍ കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. മതനിരപേക്ഷതയും സാമ്രാജ്യത്വവിരുദ്ധതയും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് നമ്മുടെത്. എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ നയം തകര്‍ത്ത് രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കി. ഇതിനായി ഭരണഘടനാ സ്ഥാപനങ്ങളേയും വര്‍ഗീയവല്‍ക്കരിച്ചു. നെഹ്റുവിന്റെ കാലംമുതല്‍ സ്വീകരിച്ച വിദേശനയവും തിരുത്തി സാമ്രാജ്യത്വത്തിന് കീഴടങ്ങി. ഇസ്രയേലുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയത് ബിജെപി സര്‍ക്കാരാണ്. പിന്നീട് കോഗ്രസ് സര്‍ക്കാരും ഇതേ നയം കൂടുതല്‍ ദൃഢമാക്കി. ഹിന്ദുത്വ ഫാസിസവും സിയോണിസവും സാമ്രാജ്യത്വവും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ മതേതര സംഘടനയെന്ന് പറയുന്ന കോഗ്രസ് ബിജെപി നയം പിന്തുടരുന്നത് എന്തിനു വേണ്ടിയാണ്- പിണറായി ചോദിച്ചു. ഒരുകാലത്ത് ലോകം അഭിമാനത്തോടെ ശ്രദ്ധിച്ചിരുന്ന ശബ്ദമായിരുന്നു ഇന്ത്യയുടെത്. ഈ നയവും തിരുത്തി. ഇന്ന് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ്രാജ്യമാണ് അമേരിക്കയും ഇസ്രയേലും. ഇസ്രയേലുമായി ആയുധക്കച്ചവടത്തിന്റെ ഏറ്റവും വലിയ കരാര്‍ ഒപ്പിട്ടത് ഇന്ത്യയാണ്. ഈ രാജ്യങ്ങളെ പ്രീതിപ്പെടുത്താന്‍ നമ്മുടെ ഏറ്റവും അടുത്ത സുഹൃദ്രാജ്യമായ ഇറാനെ തള്ളിപ്പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ ഈ നയങ്ങളെ അതിശക്തമായി ചെറുത്തുനിന്നത് ഇടതുപക്ഷമാണ്. എന്നാല്‍ ഇ അഹമ്മദും മുസ്ളിം ലീഗും യുപിഎക്ക് കൂട്ടുനിന്നു. അത്തരം വഞ്ചകന്‍മാരെ വോട്ടര്‍മാര്‍ പാഠം പഠിപ്പിക്കും. ജനങ്ങളെ കൊടുംപട്ടിണിയിലാക്കുന്ന ദ്രോഹ നയങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. കുത്തക കമ്പനികള്‍ നിയന്ത്രിക്കുന്ന വിമാനങ്ങളുടെ ഇന്ധനത്തിന്റെ വില ഗണ്യമായി കുറച്ചപ്പോള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇന്ധനവില നാമമാത്രമായി മാത്രം കുറച്ചത് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനിടയിലും ബദല്‍ നയങ്ങളുമായി ജനകീയപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇന്ന് കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തയില്ല. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കാനുള്ള പദ്ധതി തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ നടപടി സ്വീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് തെളിവാണ്-പിണറായി പറഞ്ഞു. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, എ വിജയരാഘവന്‍ എം പി, ഡോ. കെ ടി ജലീല്‍, പ്രൊഫ. എ പി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment