Wednesday, September 9, 2009

ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു

ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു


കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ UNESCO ആഹ്വാനം ചെയ്ത അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ ആചരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് പരിപാടി ഉല്‍ഘാടനം ചെയ്തത്. ഇത്തരം ഒരു സാമൂഹിക പ്രസക്തവും പ്രാധാന്യവുമുള്ള ഒരു ദിനാചരണം സംഘടിപ്പിക്കുകയും അതു വഴി ഈ ദിനാചരണത്തിനു പിന്നിലെ ഐക്യ രാഷ്ട്ര സഭയുടെ ഉദ്ദ്യേശ ലക്ഷ്യം സാര്‍ത്ഥകം ആക്കുകയും ചെയ്യുവാന്‍ യു.എ.ഇ. യില്‍ മുന്നിട്ടിറങ്ങിയ ഒരേ ഒരു സംഘടന വായനക്കൂട്ടമാണ് എന്ന് ശ്രീ രാജാമണി ഓര്‍മ്മിപ്പിച്ചു.
സാക്ഷരതാ ദിന ഉല്‍ഘാടനം ശ്രീ വേണു രാജാമണി നിര്‍വ്വഹിക്കുന്നു സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുവാന്‍ നിതാന്തം ശ്രദ്ധാലുവായ ശ്രീ കെ. എ. ജബ്ബാരിയെ അദ്ദേഹം അനുമോദിച്ചു. പ്രവാസി സമൂഹത്തിലെ നിരക്ഷരത ഇല്ലാതാക്കുവാന്‍ എന്തു ചെയ്യാനാവും എന്ന് പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യവസായ സ്ഥാപനങ്ങളും മറ്റും കൂട്ടായി ചിന്തിയ്ക്കണം എന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
സബാ ജോസഫ് വ്യവസായ പ്രമുഖനും ദുബായിലെ കലാ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ശ്രീ സബാ ജോസഫ് സാക്ഷരതാ ദിന സന്ദേശം നല്‍കി. ജ്ഞാനം ദൈവം തന്നെയാണെന്നും അതിനാല്‍ സാക്ഷരത ദൈവീകമാണെന്നും എല്ലാ മതങ്ങളും പറയുന്നു എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
സലഫി ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് ഉല്‍ഘാടനം സലഫി ടൈംസ് സൌജന്യ പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഔപചാരിക ഉല്‍ഘടനം ഡോ ഹുസൈന്‍ നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഈ സൌജന്യ പ്രസിദ്ധീകരണം അച്ചടിക്കുകയും അത് വായനക്കാര്‍ക്ക് നടന്ന് വിതരണം ചെയ്യുകയും ചെയ്തു വന്ന പത്രാധിപരും പ്രസാധകനുമായ കെ. എ. ജബ്ബാരിയുടെ ചിരകാല സ്വപ്നമായിരുന്നു ഈ ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷന്‍. ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക്
www.salafitimes.com എന്ന വിലാസത്തില്‍ ലഭ്യമാകും. മാസാമാസം അച്ചടിച്ച പത്രിക പുറത്തിറങ്ങു ന്നതിനോടൊപ്പം തന്നെ ഇനി മുതല്‍ ഓണ്‍ലൈന്‍ പതിപ്പും പ്രസിദ്ധീകരിക്കും.
മൌലവി ഹുസ്സൈന്‍ കക്കാട് അറിവ് നേടുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. ക്ഷമയില്ലാത്തവന് അറിവ് നേടാന്‍ കഴിയില്ല. പുസ്തകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രമല്ല, ജീവിതാനുഭവങ്ങളിലൂടെയും അറിവ് ആവാഹിച്ചെടുക്കുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ജ്ഞാനം സമ്പൂര്‍ണ്ണമാവൂ എന്ന് മൌലവി ഹുസൈന്‍ കക്കാട് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പുണ്യ മാസമായ റമദാനില്‍ നടക്കുന്ന ഈ സാക്ഷരതാ ഉദ്യമത്തിന്റെ ഭാഗമായി, താല്‍പ്പര്യം ഉള്ളവര്‍ക്ക് അറബി ഭാഷ സൌജന്യമായി പഠിപ്പിക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചു. സലഫി ടൈംസ് രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ സഹൃദയ പുരസ്ക്കാര ദാന ചടങ്ങില്‍ അവധിയായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പുരസ്ക്കാര ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു മുഹമ്മദ് വെട്ടുകാട്, സത്യന്‍ മാടാക്കര, കെ. ഷാജഹാന്‍, പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. സുറാബിനു വേണ്ടി ഷാജി ഹനീഫ് പുരസ്ക്കാരം എറ്റു വാങ്ങി.
ഷീലാ പോള്‍, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
സാമൂഹിക, മാധ്യമ, കലാ സാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സ്നേഹോപാഹരമാണ് സഹൃദയ പുരസ്ക്കാരം എന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ തിക്കൊടി പറഞ്ഞു. സലഫി ടൈംസിന്റെ 25-‍ാം വാര്‍ഷികം പ്രമാണിച്ച് 25 പുരസ്ക്കാരങ്ങളാണ് നല്‍കിയത്. പുരസ്ക്കാരങ്ങളുടെ എണ്ണം കൂടുതല്‍ ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിനു ലഭിച്ച സ്നേഹോപഹാരമാണ് എന്ന് ഓര്‍ക്കണം. ഇത്തരം ഒരു സംരംഭം വിജയകരമായി നടത്തി വരുന്ന ശ്രീ ജബ്ബാരിയെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ സമൂഹത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മൂലക്കിരുന്നു ഷെഹനായി വായിച്ച “ചുക്കി ചുളിഞ്ഞ” ഉസ്താദ് ബിസ്മില്ലാഹ് ഖാനോട് അദ്ദേഹം ജബ്ബാരിയെ ഉപമിച്ചു. സാക്ഷരതാ ദൌത്യം എന്ന പരമപ്രധാന ലക്ഷ്യത്തെ ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍, നേരത്തേ പുകവലി വിരുദ്ധ ദിനം, ശിശു ദിനം എന്നിങ്ങനെയുള്ള ഇത്തരം നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ഈ ചുക്കി ചുളിഞ്ഞ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ഉള്ളത് നമ്മുടെ പുണ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

http://www.epathram.com/news/localnews/2009/09/blog-post_09.shtml

ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു

കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ UNESCO ആഹ്വാനം ചെയ്ത അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ ആചരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് പരിപാടി ഉല്‍ഘാടനം ചെയ്തത്.