Monday, September 21, 2009

ആസിയന്‍ കരാര്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും

ആസിയന്‍ കരാര്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് .

(ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനാണ് ലേഖകന്‍)
ആസിയന്‍ സാമ്പത്തികസമൂഹവുമായി ഇന്ത്യ ഉണ്ടാക്കിയ ഉടമ്പടി സംബന്ധിച്ച് കേരളീയര്‍ വളരെ വിമര്‍ശനാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തിന്റെ സാമ്പത്തികഭദ്രതയെ ആയിരിക്കും. ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷ്യധാന്യവിളകള്‍ വലിയ ഉപാധികള്‍കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ കേരളത്തിന്റെ പ്രത്യേകവിളകള്‍ കടുത്ത മത്സരത്തെ നേരിടേണ്ടിവരും. പാമോയില്‍, കാപ്പി, തേയില, കുരുമുളക് ഇവയെ സ്പെഷ്യല്‍ ഉല്‍പ്പന്നങ്ങളായി പരിഗണിച്ച് അവയുടെ ഇറക്കുമതിത്തീരുവ ക്രമേണ മാത്രമേ കുറയ്ക്കൂ എന്ന ഉറപ്പ് ആശ്വാസമായി തോന്നാമെങ്കിലും അത് എത്രമാത്രം പ്രാവര്‍ത്തികമാകും എന്നു കണ്ടറിയണം. കാരണം, ചുങ്കത്തിന്റെ ഉയര്‍ന്ന പരിധിമാത്രമാണ് കൊടുത്തിരിക്കുന്നത്. ഈ നിരക്കുകള്‍ പുനര്‍വിശകലനത്തിന് വിധേയവുമാണ്. അതായത് ഇതു കുറയ്ക്കാന്‍ സമ്മര്‍ദമുണ്ടായാല്‍ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തപ്പെടാവുന്നതാണ്. കേരളത്തില്‍ കൃഷി പൊതുവെ ആദായകരമല്ലാതാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആധാരം ഇവിടത്തെ കൃഷിയാണ്. കാര്യമായ വ്യാവസായികവളര്‍ച്ച ഇവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് കാര്‍ഷികരംഗത്തെ തകര്‍ച്ച അതിന്റെ സാമ്പത്തികസംവിധാനത്തെത്തന്നെ തളര്‍ത്തും. പിന്നെ ഈ സംസ്ഥാനത്തിന് നിലനില്‍പ്പും സാധ്യമാകില്ല. വ്യവസായ രാഷ്ട്രങ്ങള്‍പോലും കൃഷിയെയും കൃഷി അധിഷ്ഠിത വ്യവസായസംരംഭങ്ങളെയും സംരക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നത് കൃഷിയാണ് എന്ന വസ്തുത മനസ്സിലാക്കി ഈ നാടിനെ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു സംരക്ഷിക്കണമെങ്കില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായി നിലവിലുള്ള ഉടമ്പടിയുടെ വ്യവസ്ഥകള്‍ മാറ്റിക്കുറിക്കണം. ഇത് കേരളത്തിന്റെ പൊതുവായ സാമ്പത്തികഭദ്രതയെ കാര്യമായി ബാധിക്കും എന്നതിനോടൊപ്പം ഇവിടത്തെ ദുര്‍ബലവിഭാഗങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. കാപ്പി, തേയില തുടങ്ങിയ തോട്ടംമേഖലകളില്‍ അധ്വാനിക്കുന്ന തൊഴിലാളികളുടെ ഭാവി നാം ഗൌരവമായി എടുക്കേണ്ടതുണ്ട്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് അവരുടെ തൊഴിലിനെയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞാല്‍ അവര്‍ തൊഴില്‍രഹിതരാകും. പൂര്‍ണ പട്ടിണിയിലേക്കായിരിക്കും അവരെ തള്ളിവിടുക. കഴിഞ്ഞവര്‍ഷങ്ങളില്‍ തേയിലവില ഇടിഞ്ഞപ്പോള്‍ ആ മേഖലകളിലെ തൊഴിലാളികളുടെ അവസ്ഥ നാം കണ്ടതാണ്. അതുപോലെ കുരുമുളകുകൃഷി ഉള്‍പ്പെടെ ചെയ്യുന്ന ചെറുകിടകര്‍ഷകര്‍ തങ്ങളുടെ കൃഷി ഉപേക്ഷിക്കേണ്ടതായുംവരും. അത്രമാത്രം പ്രത്യാഘാതങ്ങള്‍ കേരളത്തിന്റെ സാമ്പത്തികഘടനയില്‍ ഈ ഉടമ്പടി സൃഷ്ടിക്കും. ഗാട്ട് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ഇന്ന് ഡബ്ള്യുടിഒയുടെ അംഗങ്ങളായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് ഇതുപോലുള്ള സാമ്പത്തിക ഉടമ്പടിയില്‍നിന്ന് ഒഴിവാകല്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍, ഇത്തരം സാഹചര്യത്തിലും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല രാഷ്ട്രത്തിനാണ്. അതിന് ഏര്‍പ്പെടുന്ന ഉടമ്പടിയുടെ ഭവിഷ്യത്തുകള്‍ മുമ്പേ കാണണം. താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കണം. സമ്മര്‍ദംചെലുത്തണം. ശക്തമായ വിലപേശലുകള്‍ നടത്തണം. അത് കേന്ദ്രസര്‍ക്കാരുമായും, ഉടമ്പടിയില്‍ ഒപ്പിടേണ്ട ആസിയന്‍സമൂഹവുമായും ഉണ്ടാകണം. എന്നാല്‍, ഈ നിര്‍ണായക ഘട്ടത്തിലും കേരളത്തിലെ ജനങ്ങളും ചില രാഷ്ട്രീയപ്രസ്ഥാനങ്ങളും തെല്ലുലാഘവത്തോടെയാണ് ഇക്കാര്യങ്ങള്‍ കാണുന്നത്. ഭവിഷ്യത്തുകള്‍ മുമ്പില്‍ കണ്ട് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ വിഷയം പഠിക്കാന്‍ ശ്രമിക്കണം. സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായും രാഷ്ട്രീയ അച്ചടക്കത്തിനും വിധേയത്വത്തിനും അതീതമായും കേരളത്തിന്റെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തുവരേണ്ടതുണ്ട്. നാം ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരും ഔദാര്യപൂര്‍വം ചെയ്തുതരുമെന്നു കരുതരുത്. നാം ജീവിക്കുന്നത് ഓരോരുത്തരും നിലനില്‍പ്പിനുവേണ്ടി പോരാട്ടം നടത്തുന്ന ചുറ്റുപാടിലാണ്. ഓരോ സംസ്ഥാനവും അതതിന്റെ താല്‍പ്പര്യസംരക്ഷണത്തിന് സമ്മര്‍ദവും വിലപേശലും നടത്തി തന്ത്രങ്ങള്‍ മെനയുമ്പോള്‍ നമുക്കും ഇത്തരത്തിലുള്ള സമീപനം ആവശ്യമായിവരുന്നു. പുതിയ ലോകസാമ്പത്തിക ചുറ്റുപാടുകളില്‍ സ്വതന്ത്ര സാമ്പത്തിക ഉടമ്പടികള്‍ സൃഷ്ടിക്കുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണ്. കേന്ദസര്‍ക്കാരിന്റെ മുന്‍ഗണനകളായിരിക്കില്ല കേരള സംസ്ഥാനത്തിന്റേത്. ഇന്ത്യ ആസിയന്‍സമൂഹത്തില്‍ വ്യാവസായിക-സേവന രംഗങ്ങളില്‍ വിപണി പിടിക്കാനുള്ള ശ്രമത്തിലാണ്. ആ രാജ്യങ്ങള്‍ ഇതിന് പ്രതിഫലമായി ആവശ്യപ്പെടുന്നത് കാര്‍ഷിക-നാണ്യവിള രംഗത്തെ ഉദാരവല്‍ക്കരണമാണ്. ഇന്ത്യയുടെ വ്യാവസായിക-സേവന രംഗത്തെ നേട്ടത്തിന് കേരളത്തിന്റെ കാര്‍ഷികരംഗത്തെ ബലികൊടുക്കേണ്ടിവരുന്നു. ഇതു തടയാനുള്ള സമ്മര്‍ദംചെലുത്തേണ്ടത് നാമാണ്. ഇതിന് രാഷ്ട്രീയസമ്മര്‍ദവും ബഹുജനസമരവും എല്ലാം ആവശ്യമായിവരുന്നു. കയറ്റുമതി-ഇറക്കുമതി തീരുവകള്‍ ഇല്ലാത്ത സ്വതന്ത്ര വ്യാപാരരംഗമാണ് ഇത്തരത്തിലുള്ള കരാറുകള്‍ വിഭാവനംചെയ്യുന്നത്. തീരുവനിരക്കുകള്‍ കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തിലെത്തുകയും സമ്പന്നരാജ്യങ്ങള്‍ക്ക് അതുവഴി അവരുടെ ചരക്കുകള്‍ നിര്‍ബാധവും നിരുപാധികവുമായി മറ്റു രാജ്യങ്ങളില്‍ വിറ്റഴിക്കാനുമാണ് ലക്ഷ്യം. അങ്ങനെ അവരുടെ വാണിജ്യ-വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആസൂത്രിത പദ്ധതിയാണിത് എന്നത് ഈ കരാറിനെ അനുകൂലിക്കുന്നവര്‍ മറയ്ക്കുന്നു. ഭൂമിയുടെ വിലവര്‍ധന, ഉല്‍പ്പാദനരംഗത്തെ ഭീമമായ ചെലവുകള്‍, കാര്‍ഷികരംഗത്ത് തൊഴിലാളികളെ കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, സര്‍ക്കാര്‍ സബ്സിഡികളില്‍ വന്നിട്ടുള്ള കുറവുകള്‍, വളം, കീടനാശിനി ഇവയില്‍ വന്നിട്ടുള്ള വിലവര്‍ധന, കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങള്‍, കൃഷി ഉല്‍പ്പന്നങ്ങളില്‍ വരുന്ന വിലക്കുറവ്, കൃഷിയെ ബാധിക്കുന്ന പുതിയ രോഗങ്ങള്‍ ഇവയെല്ലാം കേരളത്തിലെ കൃഷിമേഖലയ്ക്ക് ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. കാര്യമായ ശ്രദ്ധ സര്‍ക്കാരില്‍ നിന്നുണ്ടായാല്‍മാത്രം കൃഷി നിലനില്‍ക്കും എന്ന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൃഷിസംരക്ഷണം അത്യാവശ്യമായി വേണ്ട മേഖലയായിത്തീര്‍ന്നിരിക്കുന്നു. നിലനില്‍പ്പിനുവേണ്ടി ചക്രശ്വാസം വലിക്കുന്ന കൃഷിരംഗത്തിന് ഈ ഉടമ്പടിമൂലം നിലവില്‍വരുന്ന ശക്തമായ മത്സരത്തെ അതിജീവിക്കാനാവില്ല എന്നതു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല. അതുകൊണ്ട് ആസിയന്‍ സാമ്പത്തികസമൂഹവുമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണിയിലെ മത്സരത്തിന് കേരളത്തിന്റെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കാര്‍ഷികരംഗം അപ്രാപ്തമാണ്. ഈ ഉടമ്പടി ദുര്‍ബലമായ കാര്‍ഷികരംഗത്തെ തകര്‍ക്കും എന്നതില്‍ സംശയമില്ല. സാമ്പത്തികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുണ്ടാകുന്ന ദീര്‍ഘകാല കരാറുകളുടെ കാണാച്ചരടുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ തികഞ്ഞ ലാഘവബുദ്ധിയോടെ സമീപിക്കുന്നത് അബദ്ധമായിരിക്കും. അവയ്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും പോരാട്ടങ്ങള്‍ക്ക് രൂപംനല്‍കാനും സാധിച്ചാലേ കേരളത്തിന് നിലനില്‍പ്പുള്ളു. കൃഷിരംഗം പൊതുവെ ദുര്‍ബലമായിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ രംഗത്തെ സംരക്ഷിക്കാന്‍ ശ്രമം നടത്തേണ്ടതുണ്ട്. കൃഷി അടിസ്ഥാനത്തിലുള്ള സാമ്പത്തികഘടന നിലനില്‍ക്കുന്ന ഈ നാടിന്റെ ഭാവിയെപ്രതി കൃഷിസംരക്ഷണത്തിന് സാധിക്കുന്നില്ലെങ്കില്‍ ഫലം ഈ നാടിന്റെ സമഗ്ര നാശമായിരിക്കും.
From deshabhimani

2 comments:

ഗള്‍ഫ് വോയ്‌സ് said...

ആസിയന്‍ കരാര്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും
ഡോ. തോമസ് മാര്‍ അത്താനാസ്യോസ്
ആസിയന്‍ സാമ്പത്തികസമൂഹവുമായി ഇന്ത്യ ഉണ്ടാക്കിയ ഉടമ്പടി സംബന്ധിച്ച് കേരളീയര്‍ വളരെ വിമര്‍ശനാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തിന്റെ സാമ്പത്തികഭദ്രതയെ ആയിരിക്കും. ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷ്യധാന്യവിളകള്‍ വലിയ ഉപാധികള്‍കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ കേരളത്തിന്റെ പ്രത്യേകവിളകള്‍ കടുത്ത മത്സരത്തെ നേരിടേണ്ടിവരും. പാമോയില്‍, കാപ്പി, തേയില, കുരുമുളക് ഇവയെ സ്പെഷ്യല്‍ ഉല്‍പ്പന്നങ്ങളായി പരിഗണിച്ച് അവയുടെ ഇറക്കുമതിത്തീരുവ ക്രമേണ മാത്രമേ കുറയ്ക്കൂ എന്ന ഉറപ്പ് ആശ്വാസമായി തോന്നാമെങ്കിലും അത് എത്രമാത്രം പ്രാവര്‍ത്തികമാകും എന്നു കണ്ടറിയണം. കാരണം, ചുങ്കത്തിന്റെ ഉയര്‍ന്ന പരിധിമാത്രമാണ് കൊടുത്തിരിക്കുന്നത്. ഈ നിരക്കുകള്‍ പുനര്‍വിശകലനത്തിന് വിധേയവുമാണ്. അതായത് ഇതു കുറയ്ക്കാന്‍ സമ്മര്‍ദമുണ്ടായാല്‍ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തപ്പെടാവുന്നതാണ്. കേരളത്തില്‍ കൃഷി പൊതുവെ ആദായകരമല്ലാതാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആധാരം ഇവിടത്തെ കൃഷിയാണ്. കാര്യമായ വ്യാവസായികവളര്‍ച്ച ഇവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് കാര്‍ഷികരംഗത്തെ തകര്‍ച്ച അതിന്റെ സാമ്പത്തികസംവിധാനത്തെത്തന്നെ തളര്‍ത്തും. പിന്നെ ഈ സംസ്ഥാനത്തിന് നിലനില്‍പ്പും സാധ്യമാകില്ല. വ്യവസായ രാഷ്ട്രങ്ങള്‍പോലും കൃഷിയെയും കൃഷി അധിഷ്ഠിത വ്യവസായസംരംഭങ്ങളെയും സംരക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നത് കൃഷിയാണ് എന്ന വസ്തുത മനസ്സിലാക്കി ഈ നാടിനെ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു സംരക്ഷിക്കണമെങ്കില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായി നിലവിലുള്ള ഉടമ്പടിയുടെ വ്യവസ്ഥകള്‍ മാറ്റിക്കുറിക്കണം. ഇത് കേരളത്തിന്റെ പൊതുവായ സാമ്പത്തികഭദ്രതയെ കാര്യമായി ബാധിക്കും എന്നതിനോടൊപ്പം ഇവിടത്തെ ദുര്‍ബലവിഭാഗങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. കാപ്പി, തേയില തുടങ്ങിയ തോട്ടംമേഖലകളില്‍ അധ്വാനിക്കുന്ന തൊഴിലാളികളുടെ ഭാവി നാം ഗൌരവമായി എടുക്കേണ്ടതുണ്ട്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് അവരുടെ തൊഴിലിനെയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞാല്‍ അവര്‍ തൊഴില്‍രഹിതരാകും. പൂര്‍ണ പട്ടിണിയിലേക്കായിരിക്കും അവരെ തള്ളിവിടുക. കഴിഞ്ഞവര്‍ഷങ്ങളില്‍ തേയിലവില ഇടിഞ്ഞപ്പോള്‍ ആ മേഖലകളിലെ തൊഴിലാളികളുടെ അവസ്ഥ നാം കണ്ടതാണ്. അതുപോലെ കുരുമുളകുകൃഷി ഉള്‍പ്പെടെ ചെയ്യുന്ന ചെറുകിടകര്‍ഷകര്‍ തങ്ങളുടെ കൃഷി ഉപേക്ഷിക്കേണ്ടതായുംവരും. അത്രമാത്രം പ്രത്യാഘാതങ്ങള്‍ കേരളത്തിന്റെ സാമ്പത്തികഘടനയില്‍ ഈ ഉടമ്പടി സൃഷ്ടിക്കും. ഗാട്ട് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ഇന്ന് ഡബ്ള്യുടിഒയുടെ അംഗങ്ങളായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് ഇതുപോലുള്ള സാമ്പത്തിക ഉടമ്പടിയില്‍നിന്ന് ഒഴിവാകല്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍, ഇത്തരം സാഹചര്യത്തിലും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല രാഷ്ട്രത്തിനാണ്. അതിന് ഏര്‍പ്പെടുന്ന ഉടമ്പടിയുടെ ഭവിഷ്യത്തുകള്‍ മുമ്പേ കാണണം. താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കണം. സമ്മര്‍ദംചെലുത്തണം. ശക്തമായ വിലപേശലുകള്‍ നടത്തണം. അത് കേന്ദ്രസര്‍ക്കാരുമായും, ഉടമ്പടിയില്‍ ഒപ്പിടേണ്ട ആസിയന്‍സമൂഹവുമായും ഉണ്ടാകണം. എന്നാല്‍, ഈ നിര്‍ണായക ഘട്ടത്തിലും കേരളത്തിലെ ജനങ്ങളും ചില രാഷ്ട്രീയപ്രസ്ഥാനങ്ങളും തെല്ലുലാഘവത്തോടെയാണ് ഇക്കാര്യങ്ങള്‍ കാണുന്നത്. ഭവിഷ്യത്തുകള്‍ മുമ്പില്‍ കണ്ട് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ വിഷയം പഠിക്കാന്‍ ശ്രമിക്കണം. സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായും രാഷ്ട്രീയ അച്ചടക്കത്തിനും വിധേയത്വത്തിനും അതീതമായും കേരളത്തിന്റെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തുവരേണ്ടതുണ്ട്. നാം ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരും ഔദാര്യപൂര്‍വം ചെയ്തുതരുമെന്നു കരുതരുത്. നാം ജീവിക്കുന്നത് ഓരോരുത്തരും നിലനില്‍പ്പിനുവേണ്ടി പോരാട്ടം നടത്തുന്ന ചുറ്റുപാടിലാണ്. ഓരോ സംസ്ഥാനവും അതതിന്റെ താല്‍പ്പര്യസംരക്ഷണത്തിന് സമ്മര്‍ദവും വിലപേശലും നടത്തി തന്ത്രങ്ങള്‍ മെനയുമ്പോള്‍ നമുക്കും ഇത്തരത്തിലുള്ള സമീപനം ആവശ്യമായിവരുന്നു. പുതിയ ലോകസാമ്പത്തിക ചുറ്റുപാടുകളില്‍ സ്വതന്ത്ര സാമ്പത്തിക ഉടമ്പടികള്‍ സൃഷ്ടിക്കുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണ്.

Anonymous said...

തകർക്കുമോ? ഇതും വായിക്കുക