Sunday, September 13, 2009

ജീവിതയാത്രയില്‍ വഴി പിരിയുന്നവര്‍

ജീവിതയാത്രയില്‍ വഴി പിരിയുന്നവര്‍



കുളിക്കാന്‍ സോപ്പു മാറുന്നതുപോലെയാണ്‌ അമേരിക്കയില്‍ വിവാഹമോചനം... അവിടെ അതിലും അതിലപ്പുറവും നടക്കും... എന്നു പറഞ്ഞ്‌ മലയാളികള്‍ അഹങ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്‌ വലിയ പുതുമയല്ലാത്ത കാര്യമായി തീര്‍ന്നിരിക്കുന്നു കൊച്ചു കേരളത്തിലും, അതും വിവാഹത്തിനുശേഷം ആറുമാസത്തിനുള്ളില്‍ തന്നെ, വളരെ ആഘോഷപൂര്‍വം മാധ്യമങ്ങള്‍ കൊണ്ടാടിയ താരവിവാഹത്തിന്‌ ആയുസ്സ്‌ മൂന്നുമാസമായിരുന്നു. വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്‌തതയിലും മുന്നില്‍നില്‌ക്കുന്ന നമ്മുടെ യുവത്വത്തിന്‌ വിവാഹജീവിതത്തില്‍ എവിടെയാണ്‌ കാലിടറുന്നത്‌...ആരാണ്‌ അവരുടെ ജീവിതത്തില്‍ വില്ലന്മാരാകുന്നത്‌...?മുമ്പ്‌ എല്ലാവരും പറഞ്ഞിരുന്ന അമ്മായിയമ്മയാണോ പ്രധാന പ്രശ്‌നക്കാര്‍.മധ്യകേരളത്തിലെ ഒരു കുടുംബത്തില്‍ നടന്ന സംഭവം, ഇവിടെ പ്രശ്‌നക്കാരി ഭര്‍ത്താവിന്റെ അമ്മയാണ്‌. അച്‌ഛനും മകനും ബിസിനസുകാര്‍, ഏക മകന്‍. ഭാര്യയായി വന്ന പെണ്‍കുട്ടിയും നല്ല ധനശേഷിയുള്ള വീട്ടിലെയും, സുന്ദരിയുമാണ്‌. ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് പക്ഷേ മരുമകളെ ഇഷ്‌ടമേയല്ല. എപ്പോഴും പുറകേ നടന്ന്‌ നിയന്ത്രണങ്ങളാണ്‌. 'വീടിനകത്തെ ബാത്ത്‌റൂം ഉപയോഗിക്കാന്‍ പാടില്ല, മകന്റെ കൂടെ യാത്ര ചെയ്യാന്‍ പാടില്ല. മകനും ഭാര്യയും മുറിക്കകത്ത്‌ കയറി കതകടച്ച്‌ സംസാരിക്കുന്നത്‌ ഇഷ്‌ടമല്ല... എപ്പോഴും എല്ലാത്തിനും നോ ആയപ്പോള്‍ പെണ്‍കുട്ടി മടുത്തു. മകനാണെങ്കില്‍ നിസ്സഹായനാണ്‌.ഭാര്യയുടെ കൂടെ നില്‌ക്കാനും വയ്യ, അമ്മയെ ധിക്കരിക്കാനും വയ്യ. വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷമാകുന്നതിനു മുമ്പേ പെണ്‍കുട്ടി സ്വന്തം വീട്ടിലാണ്‌. വീട്ടില്‍നിന്നു മാറി താമസിക്കാന്‍ മകന്‍ തയാറുമല്ല... ഇനി ആ വീട്ടിലേക്ക്‌ പോകാന്‍ തയാറല്ല എന്ന നിലപാടിലാണ്‌ മരുമകള്‍.മരുമകളോട്‌ കാണിക്കുന്നത്‌ അനീതിയാണെന്ന്‌ ഭര്‍ത്താവ്‌ പറഞ്ഞിട്ടും അമ്മയ്‌ക്ക് കുലുക്കമൊന്നുമില്ല.വിവാഹമോചനത്തിന്‌ സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ഇത്‌ വ്യാപകമാണ്‌. ആദ്യത്തെ കേസില്‍ അമ്മായിയമ്മയാണ്‌ വില്ലത്തിയായതെങ്കില്‍, സ്വയം പ്രശ്‌നക്കാരാകുന്ന ദമ്പതിമാരും കൂടുതലാണ്‌. ഇരുപത്തിയെട്ടുവയസുള്ള ഐ.ടി. കണ്‍സള്‍ട്ടന്റായ യുവാവ്‌. ഭാര്യയാകട്ടെ അഗ്രികള്‍ച്ചറില്‍ പി.എച്ച്‌.ഡി. ചെയ്യുന്നു. രണ്ടുപേരുടെയും മാതാപിതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍. തനിയെ ഫ്‌ളാറ്റില്‍ താമസം. ആഡംബരപൂര്‍വമായ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞിട്ട്‌ ആറുമാസം. ഇപ്പോഴേ രണ്ടുപേരും സ്വരചേര്‍ച്ചയിലല്ല. നിസാരപ്രശ്‌നങ്ങള്‍ക്കുപോലും കലഹം.അണുകുടുംബങ്ങളില്‍ വളര്‍ന്ന രണ്ടുപേരും ഭക്ഷണത്തിലും വസ്‌ത്രധാരണത്തിലുമെല്ലാം വ്യത്യസ്‌തമായ ഇഷ്‌ടങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു. അരുണിന്റെ ഇഷ്‌ടങ്ങള്‍ക്കൊത്ത്‌ ഭക്ഷണം ഉണ്ടാക്കാന്‍ സന്ധ്യ തയാറല്ല. തിരിച്ച്‌ അരുണും സന്ധ്യയുടെ താല്‌പര്യമനുസരിച്ച്‌ അമ്പലത്തില്‍ പോകാനോ, ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനോ തയാറല്ല. ഭക്ഷണത്തിനും യാത്രകള്‍ക്കും എന്തിന്‌ വസ്‌ത്രങ്ങള്‍ സെലക്‌ട് ചെയ്യുമ്പോള്‍പോലും രണ്ടുപേരും താന്‍പിടിച്ച മുയലിന്‌ മൂന്നുകൊമ്പെന്ന മട്ടില്‍ പോരാടിക്കും.പുറമേ കാണുമ്പോള്‍ മാതൃകാദമ്പതികള്‍, പക്ഷേ രണ്ടുപേരുടെയും അകംപുകയുന്ന അഗ്നിപര്‍വതംപോലെയാണ്‌. വേര്‍പിരിയലിന്റെ വക്കിലെത്തി നില്‌ക്കുകയാണ്‌. ആറുമാസമായതല്ലേയുള്ളൂ, ആളുകള്‍ എന്തുപറയും എന്നു വിചാരിച്ച്‌ സഹിച്ചു മുന്നോട്ടുപോവുകയാണ്‌.സ്‌നേഹമില്ല, സഹിക്കാനും കഴിയില്ല''പരസ്‌പരം സ്‌നേഹമില്ലാത്തതാണ്‌ ദമ്പതിമാരുടെ ഇടയിലെ വലിയ പ്രശ്‌നമെന്ന്‌ ഫാമിലി കൗണ്‍സിലറായ ഗ്രേസ്ലാല്‍ പറയുന്നു. ''പുതിയ തലമുറ വല്ലാതെ സ്വാര്‍ത്ഥരാണെന്നു തോന്നിയിട്ടുണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ഇഷ്‌ടം നടക്കണമെന്ന്‌ വാശിപിടിക്കുന്നവ. വ്യത്യസ്‌തമായ ഇഷ്‌ടാനിഷ്‌ടങ്ങളുള്ള രണ്ട്‌ വ്യക്‌തികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. പ്രശ്‌നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ കാണില്ല. അതിനെ പരിഹരിച്ച്‌ മുന്നോട്ടു പോകുമ്പോഴാണ്‌ കുടുംബജീവിതം വിജയിക്കുന്നത്‌. പുതിയ തലമുറയിലെ കുട്ടികള്‍ നിസാരപ്രശ്‌നങ്ങള്‍പോലും വലിയ എന്തോ സംഭവമായി എടുക്കുകയും, ക്ഷമിക്കാന്‍ തയാറല്ലാതെ വരുമ്പോഴാണ്‌ പ്രശ്‌നമാവുന്നത്‌.തെറ്റുകള്‍ രണ്ടുപേരുടെയും ആയിരിക്കും. ആര്‌ ക്ഷമിക്കുമെന്നതാണ്‌ പ്രശ്‌നം. അതിന്‌ തയാറാല്ലാതെ വരുമ്പോള്‍, പ്രശ്‌നങ്ങള്‍ അവസാനിക്കാതെ, എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതായി കുടുംബജീവിതം മാറുന്നു. ഗ്രേസ്ലാല്‍ പറയുന്നു.''യുവത്വത്തിന്‌ ബന്ധങ്ങളിലുള്ള പവിത്രത കുറഞ്ഞുവരുന്നതായി തോന്നുന്നു. മുമ്പത്തേക്കാള്‍ സ്‌ത്രീകള്‍ക്ക്‌ പണത്തോടുള്ള ആര്‍ത്തി കൂടിയിട്ടുണ്ട്‌. പണ്ട്‌ സ്‌ത്രീകള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നിരുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക്‌ അതിന്റെ ആവശ്യമില്ല. അവര്‍ക്ക്‌ സ്വന്തമായി വരുമാനമുണ്ട്‌. ഒരു പക്ഷേ ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടായിരിക്കും. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ പണ്ടത്തെപോലെ സഹിച്ചുജീവിക്കുന്നത്‌ എന്തിനാണെന്ന്‌ സ്‌ത്രീകള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. വിവാഹമോചനം കൂടാന്‍ ഇതും ഒരു കാരണമായിട്ടുണ്ടാവും.'' ഗ്രേസ്ലാല്‍ പറയുന്നു.എവിടെയാണ്‌ പ്രശ്‌നങ്ങള്‍മലയാളികളുടെ ഓമനയായിരുന്ന നടിയുടെ, ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തയായപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ്‌ ദാമ്പത്യത്തിലെ വില്ലത്തി എന്നാണ്‌ പറയപ്പെടുന്നത്‌. ടിവി കാണുന്നതില്‍വരെ അമ്മായിയമ്മ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്രേ. കുട്ടിക്കാലം മുതല്‍ ആണ്‍മക്കളെ സ്വന്തം ചൊല്‌പടിക്ക്‌ വളര്‍ത്തുന്ന അമ്മമാരാണത്രേ ഭാവിയില്‍ പ്രശ്‌നക്കാരായി മാറുന്നത്‌. അവരില്‍ പലരും തങ്ങളില്‍നിന്നും മകനെ തട്ടിയെടുക്കാന്‍ വരുന്ന ആളായിട്ടാവും മരുമകളെ കാണുന്നത്‌. ശത്രുവിനെയെന്നപോലെ മകന്റെ ഭാര്യയെ കാണുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമായിരിക്കും. ഭാര്യയുടെയും അമ്മയുടെയും ഇടയില്‍പ്പെട്ട്‌ ധര്‍മ്മസങ്കടത്തിലാകാനായിരിക്കും മകന്റെ വിധി.മുമ്പ്‌ ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹിക്കാന്‍ സ്‌ത്രീ നിര്‍ബന്ധിതരാകുമായിരുന്നു. വീട്ടുകാരും ആ രീതിയിലായിരിക്കും ഉപദേശിക്കുന്നത്‌. ഇന്ന്‌ അങ്ങനെയല്ല കാര്യങ്ങള്‍. വിവാഹമോചനത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അമ്മായിയമ്മ വലിയ പങ്ക്‌ വഹിക്കുന്നില്ലെന്ന്‌ കുടുംബകോടതില്‍ പ്രാക്‌ടീസുചെയ്യുന്ന അഡ്വ. സ്‌മിതസോമന്‍ പറയുന്നു. ''തനിയെ താമസിക്കുന്നവര്‍ തന്നെയാണ്‌ വിവാഹമോചനത്തിന്‌ എത്തുന്നവര്‍ കൂടുതലും. കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച്‌ ജീവിച്ച്‌, ഇനി തുടരാന്‍ ഒരുവിധത്തിലും പറ്റില്ലാന്നു ബോധ്യമായാല്‍ മാത്രം വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നവരായിരുന്നു കൂടുതലും.ഇപ്പോള്‍ വിവാഹം കഴിഞ്ഞ്‌ ആറുമാസത്തിനുള്ളില്‍ തന്നെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇതിലുപരി വലിയ ഗൗരവമല്ലാത്ത പ്രശ്‌നങ്ങളുമായിട്ടായിരിക്കും കോടതിയെ സമീപിക്കുന്നത്‌. മിക്കവാറും കേസുകളില്‍ കൗണ്‍സിലിങ്ങുവഴി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കാറുണ്ട്‌. സംശയരോഗം, അവിഹിതബന്ധം... തുടങ്ങിയവയൊക്കെ വിവാഹമോചനത്തിന്‌ കാരണമാവാറുണ്ട്‌. പക്ഷേ ഇപ്പോഴത്തെ കേസുകളില്‍ കൂടുതലും ചെറിയ ഈഗോ പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നതാണെന്ന്‌ തോന്നിയിട്ടുണ്ട്‌.'' സ്‌മിത സോമന്‍ പറയുന്നു.''പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസമുണ്ടെങ്കിലും അതിനു തക്ക മാനസികപക്വത ഇല്ലെന്ന്‌ തോന്നിയിട്ടുണ്ട്‌. ''ബന്ധുക്കളുടെ നിലപാടും നിര്‍ണ്ണായകമാണ്‌. തെറ്റുകള്‍ സ്വന്തം മക്കളുടെ ഭാഗത്താണെങ്കിലും അതിനെ ന്യായീകരിക്കുന്ന മാതാപിതാക്കളും പ്രശ്‌നക്കാരാകാറുണ്ട്‌. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരുമിക്കണമെന്നുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കാത്ത അവസ്‌ഥ. അങ്ങനെ പല കേസുകളും കണ്ടിട്ടുണ്ട്‌.''വിവാഹം ആലോചിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലും സാമ്പത്തികനിലാവാരത്തിലും, കുടുംബമഹിമയിലും ഒരുപോലുള്ള ആലോചനകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും.'' ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍തന്നെ പറഞ്ഞു തീര്‍ക്കട്ടെ, അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം ബന്ധുക്കള്‍ ഇടപെട്ടാല്‍ മതി.'' കേരളത്തില്‍ എല്ലാം മതവിഭാഗങ്ങളുടെയും ഇടയില്‍ വിവാഹമോചനം കൂടിവരുന്നു, പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്കിടയില്‍... അതൊരു യാഥാര്‍ത്ഥ്യമാണ്‌
Recieved from Email
padinharayilali@yahoo.com>

1 comment:

ഗള്‍ഫ് വോയ്‌സ് said...

ജീവിതയാത്രയില്‍ വഴി പിരിയുന്നവര്‍
കുളിക്കാന്‍ സോപ്പു മാറുന്നതുപോലെയാണ്‌ അമേരിക്കയില്‍ വിവാഹമോചനം... അവിടെ അതിലും അതിലപ്പുറവും നടക്കും... എന്നു പറഞ്ഞ്‌ മലയാളികള്‍ അഹങ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്‌ വലിയ പുതുമയല്ലാത്ത കാര്യമായി തീര്‍ന്നിരിക്കുന്നു കൊച്ചു കേരളത്തിലും, അതും വിവാഹത്തിനുശേഷം ആറുമാസത്തിനുള്ളില്‍ തന്നെ, വളരെ ആഘോഷപൂര്‍വം മാധ്യമങ്ങള്‍ കൊണ്ടാടിയ താരവിവാഹത്തിന്‌ ആയുസ്സ്‌ മൂന്നുമാസമായിരുന്നു. വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്‌തതയിലും മുന്നില്‍നില്‌ക്കുന്ന നമ്മുടെ യുവത്വത്തിന്‌ വിവാഹജീവിതത്തില്‍ എവിടെയാണ്‌ കാലിടറുന്നത്‌...ആരാണ്‌ അവരുടെ ജീവിതത്തില്‍ വില്ലന്മാരാകുന്നത്‌..