Friday, May 22, 2009

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍ .

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍.
 

ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.
ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58^ാം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000^ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നക്കീരന്റെ വാദം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. നക്കീരന്‍ പ്രസിദ്ധീകരിച്ച ചിത്രം കമ്പ്യൂട്ടറില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

 

No comments: