Tuesday, May 19, 2009

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തിട്ട് മെയ് 18ന് മൂന്നുവര്‍ഷം പൂര്‍ത്തിയായി. 2006ല്‍ അധികാരത്തില്‍വരുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ സിംഹഭാഗവും നടപ്പാക്കിയെന്ന സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരണനയത്തിന് ബദലായ നയം നടപ്പാക്കാനാണ് ശ്രമിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം തികഞ്ഞ ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുമ്പോള്‍ ഒരു സംസ്ഥാനത്തിനകത്തോ, അതല്ലെങ്കില്‍ രണ്ടോമൂന്നോ സംസ്ഥാനത്തിനകത്തോ ബദല്‍നയം നടപ്പാക്കുകയെന്നത് എളുപ്പമല്ല. എന്നിരുന്നാലും മൂന്നുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിജയിച്ചതായി വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് പുറത്തുനിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ എതിര്‍പ്പും ഇന്ത്യക്കകത്തുനിന്ന് മാര്‍ക്സിസ്റുവിരുദ്ധ ശക്തികളുടെ കഠിനമായ ശത്രുതയും നേരിട്ടുകൊണ്ട് ഭരിക്കേണ്ടിവന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള, സര്‍ക്കാരിനും വിശിഷ്യ സിപിഐ എമ്മിനുമെതിരായ തുടര്‍ച്ചയായ പ്രചാരവേലകളെയും അഭിമുഖീകരിക്കേണ്ടിവന്നു. അമേരിക്കയെ ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധിയും അതിന്റെ വ്യാപ്തിയും പ്രത്യാഘാതവും കേരളത്തെയും ബാധിക്കാതിരുന്നിട്ടില്ല. നമ്മുടെ കയറ്റുമതിയെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. ഇതൊക്കെയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിക്കേണ്ടതില്ല. 18-ാംതീയതി മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2006ല്‍ അധികാരം ഏറ്റെടുത്ത ദിവസമാണ് കര്‍ഷകത്തൊഴിലാളികളുടെ, യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനകം തീരുമാനം പൂര്‍ണമായും നടപ്പാക്കി. പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് മൂന്നാംവര്‍ഷം 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വ്യവസായമേഖലയുടെ സമഗ്രമായ പുരോഗതിക്ക് നയം ആവിഷ്കരിക്കുകയും പരിപാടി നടപ്പാക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 42ല്‍ 12 വ്യവസായംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. മൂന്നുവര്‍ഷത്തിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വകാര്യമേഖലയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇന്‍കെല്‍ എന്ന സ്ഥാപനം ഒരുദാഹരണംമാത്രം. കാര്‍ഷികമേഖലയിലും മുതല്‍മുടക്ക് വര്‍ധിപ്പിച്ചു. തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്തു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിന് ആവശ്യമുള്ള അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നായനാര്‍ സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നായ ജനകീയാസൂത്രണം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ജനകീയാസൂത്രണം വീണ്ടും നടപ്പാക്കാന്‍ വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെതന്നെ പ്രധാനമാണ് പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കിയത്. ദേശീയനിലവാരത്തില്‍ വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പൊതുവിതരണസമ്പ്രദായം ശ്ളാഘനീയമാണെന്ന് നിഷ്പക്ഷമതിയായ ഏതൊരാളും സമ്മതിക്കും. 26 ലക്ഷം കുടുംബത്തിന് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണംചെയ്യാനുള്ള തീരുമാനം നാലാംവര്‍ഷം നടപ്പാക്കിയത് സാധാരണജനങ്ങള്‍ക്ക് വലിയ അനുഗ്രഹംതന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനനിരോധനം എടുത്തുകളഞ്ഞതും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കിയ നടപടിയാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളോരോന്നും എടുത്തുപറയേണ്ടതുതന്നെയാണ്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇ എം എസ് ഭവനനിര്‍മാണപദ്ധതി പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം നിര്‍മിച്ചുകൊടുക്കാനുള്ള പദ്ധതിയാണ്. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുവായി കൊടുത്തുതീര്‍ക്കുന്ന സമ്പ്രദായം മാറ്റി ഒറ്റത്തവണ നല്‍കുകയെന്ന രീതി നടപ്പാക്കിയത് മൂന്നുലക്ഷത്തിലധികം വരുന്ന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അനുഗ്രഹമായി മാറി. തിരുവിതാംകൂറിലും കൊച്ചിയിലും ഗുരുവായൂരിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡുണ്ടായിട്ടും മലബാറില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുകയും ക്ഷേത്രജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ചെയ്തു. മതാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മദ്രസകള്‍ തകര്‍ക്കാന്‍ പോകുന്നു എന്ന് വിളിച്ചുകൂവിയവര്‍ക്ക് മറുപടിയായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിന് സഹായധനവും ഹോസ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഓരോന്നായി വിശദീകരിക്കാന്‍ ധാരാളം സ്ഥലം വേണ്ടിവരും. ഈ നേട്ടങ്ങളത്രയും ജനങ്ങളിലെത്തിക്കുന്നതിനുപകരം സര്‍ക്കാരിനെതിരെ നുണപ്രചാരണം സംഘടിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ശ്രമിച്ചത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി എന്നത് നേരാണ്. അതിനുള്ള കാരണങ്ങള്‍ വിശദമായി വിശകലനംചെയ്ത് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തില്‍ അധികാരം ഏറ്റെടുക്കാന്‍ പോകുന്ന കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന ഭീഷണി യുഡിഎഫ് കവീനര്‍ തങ്കച്ചന്‍ മുഴക്കിയതായി കണ്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന പാദുഷമാരുടെ കുടികിടപ്പുകാരല്ലെന്ന് അല്‍പ്പബുദ്ധിയായ തങ്കച്ചന്‍ ഓര്‍ത്താല്‍ മതി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപദ്ധതികളുമായി മുന്നോട്ടുതന്നെ പോകും. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.

No comments: