ഇസ്രയേലുമായി നിഗൂഢനാടകം.പ്രകാശ് കാരാട്ട് .ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ) ഇസ്രയേലില്‍നിന്ന് കരസ്ഥമാക്കിയ സങ്കീര്‍ണ നിരീക്ഷണ ഉപഗ്രഹം ഈ ഏപ്രില്‍ 20ന് വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴമേറിവരുന്ന സൈനികബന്ധത്തില്‍ മറ്റൊരു കണ്ണികൂടി സ്ഥാപിച്ചു. മറ്റുള്ളവരെ വിഡ്ഢികളാക്കാനായി ഐഎസ്ആര്‍ഒ ആദ്യം അവകാശപ്പെട്ടത് ഈ ഉപഗ്രഹം "ഐഎസ്ആര്‍ഒയുടെ ഭൌമനിരീക്ഷണശേഷി ഉയര്‍ത്തുമെന്നാണ്, പ്രത്യേകിച്ച് പ്രളയം, ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്ന ഘട്ടങ്ങളില്‍''. ഈ ഉപഗ്രഹം പ്രാഥമികമായി ഉപയോഗിക്കുക രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്നത് നിഷേധിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ ലജ്ജാപൂര്‍വം ഇത്രയുംകൂടി പറഞ്ഞു, "എന്നിരുന്നാലും ഉപഗ്രഹം ഉപയോഗിക്കുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ചാരവൃത്തി നടത്താം''. ദേശീയ-അന്തര്‍ദേശീയമാധ്യമങ്ങള്‍ ഇത്തരം ഔദ്യോഗിക വിശദീകരണങ്ങള്‍മാത്രമാണ് പ്രസിദ്ധീകരിച്ചത്; എന്നാല്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും നുഴഞ്ഞുകയറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അതിര്‍ത്തികളും തീരദേശങ്ങളും സൈനികമായി നിരീക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ ഉപഗ്രഹ വിക്ഷേപണത്തിന് പിന്നിലുള്ളതെന്ന സത്യം വ്യക്തമാക്കുന്ന ചില അനൌദ്യോഗിക പ്രസ്താവനകളും ഇതോടൊപ്പം വന്നു. ഈ നിഗൂഢനാടകം അരങ്ങുതകര്‍ക്കവെ രണ്ട് കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ മൌനം പാലിച്ചു. ഒന്ന്: ഈ ഉപഗ്രഹം ഇസ്രയേലില്‍നിന്ന് വാങ്ങിയതാണോ? (ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് ഇസ്രയേലുമായി സഹകരിച്ചാണ് പദ്ധതിയെന്ന് വിശദീകരിച്ചു). രണ്ട്: ഉപഗ്രഹത്തിന്റെ ഇന്ത്യന്‍ ഉപയോക്താക്കള്‍ ആരാണെന്ന കാര്യത്തില്‍ പൂര്‍ണമൌനം തുടര്‍ന്നു. ഉപഗ്രഹചിത്രങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. കൂടാതെ, ഐഎസ്ആര്‍ഒയുടെ ഉന്നതഅപഗ്രഥനശേഷിയുള്ള സിവിലിയന്‍ ഉപഗ്രഹങ്ങളുടെ പ്രധാന ഉപയോക്താക്കള്‍ പ്രതിരോധ, സുരക്ഷാ ഏജന്‍സികള്‍ മാത്രമാണ്. ഉപഗ്രഹത്തിന്റെ നിര്‍മാണരീതിയും കഴിവുകളും വ്യക്തമാക്കുന്നത് അടിസ്ഥാനപരമായി ഇത് സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നാണ്; ഇരട്ടലക്ഷ്യത്തോടെ ഉപയോഗിക്കാമെങ്കിലും. ഐഎസ്ആര്‍ഒ വിക്ഷേപിച്ച റിസാറ്റ്-2 ഉപഗ്രഹം ഉറപ്പായും ഇസ്രയേല്‍ റഡാര്‍ ഘടിപ്പിച്ചതാണ്. ഇത് ഇസ്രയേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇസ്രയേലി എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസില്‍ (ഐഎഐ) നിന്ന് വാങ്ങിയ ടെക്സാര്‍ ഉപഗ്രഹമായിരിക്കാനാണ് പൂര്‍ണസാധ്യതയും. 2008 ജനുവരി 21ന് വന്‍പ്രചാരണത്തോടെ ഇസ്രയേലിനുവേണ്ടി ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഉപഗ്രഹത്തോട് മിക്കവാറും സമാനവുമാണിത്. പുറത്തുകിട്ടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല റിസാറ്റ്-2 ഉപഗ്രഹം ടെക്സാറുമായി സാദൃശ്യം പുലര്‍ത്തുന്നത്; ഇവയ്ക്ക് ഒരേ ഭാരമാണ് (300 കിലോഗ്രാം), ഒരേ ഭ്രമണപഥവുമാണ്, ഭൂമിയില്‍നിന്ന് 550 കിലോമീറ്റര്‍ ഉയരത്തിലും ഭൂമധ്യരേഖയോട് 44 ഡിഗ്രി ചരിഞ്ഞുമാണ് വലയം ചുറ്റുന്നത്. ഭ്രമണത്തിന്റെ ആവൃത്തി ഏകദേശം 90 മിനിറ്റ് വീതവും. ഉപഗ്രഹത്തിന്റെ ഭാരത്തിലും ഭ്രമണപഥത്തിലും പുലര്‍ത്തുന്ന സാദൃശ്യം ടെക്സാറിന്റെ കാര്യത്തില്‍ ഐഎസ്ആര്‍ഒ നടത്തിയ കണക്കുകൂട്ടലുകളാണ് റിസാറ്റ്-2ന്റെ വിക്ഷേപണത്തിലും ഭ്രമണപഥനിര്‍ണയത്തിലും ആവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നു. മുതിര്‍ന്ന ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഈയിടെ ഇങ്ങനെ പറഞ്ഞു: "നാം ഇസ്രയേലിന്റെ ടെക്സാര്‍ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ അത് മികച്ചതാണെന്ന് നമുക്ക് ബോധ്യമായി....ഇതേത്തുടര്‍ന്ന് അവരോട് നമുക്കുവേണ്ടി ഒരെണ്ണം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു''. ടെക്സാര്‍ വാങ്ങുന്നതിനുള്ള ഇന്ത്യയുടെ ആഗ്രഹം 2007 മധ്യത്തോടെതന്നെ പ്രകടിപ്പിച്ചതാണ്. എന്നാല്‍, യഥാര്‍ഥ കരാര്‍ നല്‍കിയത് 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷവും. കരാര്‍ ഉറപ്പിക്കുന്നതില്‍ കാട്ടിയ വേഗം പലരെയും ആകര്‍ഷിച്ചു. ടെക്സാറില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യക്കുവേണ്ട ഉപഗ്രഹം നിര്‍മിക്കേണ്ടതെന്ന നിര്‍ദേശം നല്‍കാനും ചുരുങ്ങിയ കാലയളവെന്നത് ഉപകരിച്ചു. ഉപഗ്രഹസംവിധാനം മൊത്തത്തില്‍ ഐഎഐയാണ് സമന്വയിപ്പിച്ചത്, ഉപഗ്രഹപേടകം വികസിപ്പിച്ചത് ഇതിന്റെ ബഹിരാകാശമേഖലാ അനുബന്ധകമ്പനിയായ എംബിടി റഡാര്‍ നിര്‍മിച്ചത് ഇലക്ട്രോണിക്്സ് അനുബന്ധസ്ഥാപനമായ എല്‍റ്റയും. ഇതിന്റെ ചെലവ് സംബന്ധിച്ച് കൃത്യമായ വിവരമൊന്നും ലഭ്യമല്ല. ഒരു രാജ്യാന്തര വിദഗ്ധന്‍ ഊഹിക്കുന്നത് ആയിരം കോടി രൂപ ചെലവുവരുമെന്നാണ്. ഇസ്രയേലിന്റെ ഓഫെക്ക്-6 ഇലക്ട്രോ- ഓപ്റ്റിക്കല്‍ ഉപഗ്രഹത്തിനും ടെക്സാറിന്റെ മുന്‍ഗാമിക്കും 500 കോടിയോളം രൂപയാണ് ചെലവ്. ഐഎസ്ആര്‍ഒ വക്താവ് ഇതേപ്പറ്റി അഭിപ്രായംപറയാന്‍ തയ്യാറായില്ല. പക്ഷേ, ഐഎസ്ആര്‍ഒ മേധാവി മാധവന്‍നായരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: " ഒരു ട ഭാരംവരുന്ന വിദൂര സംവേദന ഉപഗ്രഹത്തിന്റെ സാധാരണ ചെലവ് 80 കോടി രൂപയാണ്. ഈ ബഹിരാകാശപേടകം താരതമ്യേന ചെറുതുമാണ്''. ഇതിനുതാഴെ വരുന്ന ചെലവുകള്‍ പറയേണ്ടകാര്യം പോലുമില്ലെന്നാണ് പ്രസ്താവനയുടെ സൂചന! ഐഎസ്ആര്‍ഒ മേധാവിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് ഐഎഐയുമായുള്ള ഇടപാട് കേവലം പണംകൈമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതല്ലെന്നാണ്, മറിച്ച് ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ളത്; ഇസ്രയേലിന്റെ ടെക്സാര്‍ ഉപഗ്രഹം വിക്ഷേപിച്ച വകയില്‍ ഐഎസ്ആര്‍ഒയ്ക്ക് കിട്ടേണ്ടിയിരുന്നത് 70 കോടി രൂപയാണെന്നു കരുതുന്നു, ഇതേ ഇടപാടിന്റെ ഭാഗമായി ഉടന്‍തന്നെ രണ്ട് ഉപഗ്രഹംകൂടി വിക്ഷേപിക്കുന്നുണ്ട്. ഏതു രീതിയില്‍ നോക്കിയാലും, ഇസ്രയേല്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യ വാങ്ങുന്നതിന് പിന്നില്‍ ഐഎഐയുമായുള്ള പകരം സാധനം കൈമാറ്റവ്യവസ്ഥ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഐഎഐയും ഇന്ത്യന്‍ പ്രതിരോധ-സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള സഹകരണം കേവലം വാണിജ്യ ഇടപാടുകള്‍ക്ക് അപ്പുറത്തുള്ള ദീര്‍ഘകാല പങ്കാളിത്തമായി വളര്‍ന്നിരിക്കുന്നു. ഇന്ത്യയും ഇസ്രയേലും ഒരേ വിവരശേഖരണ സംവിധാനങ്ങളും ചിത്രവ്യാഖ്യാന സോഫ്റ്റ്വെയറും പങ്കിടുന്ന അവസ്ഥയിലേക്ക് എത്തിയതായി വിശ്വസനീയമായി അറിയുന്നു. ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ സഹകരണ പദ്ധതി കൂടുതല്‍ വിശദീകരിക്കുന്നതിനുമുമ്പ് റിസാറ്റ്-2ന്റെ സാങ്കേതിക,സുരക്ഷാ ശേഷിയും പ്രാധാന്യവും പരിശോധിക്കാം. ഇസ്രയേല്‍ മുന്‍കാലത്ത് ഉപയോഗിച്ചുവന്ന ഓഫെക് പരമ്പരയിലുള്ള ഓപ്റ്റിക്കല്‍ ഉപഗ്രഹങ്ങളുടെ ഗുണമേന്മയും ശേഷിയും വര്‍ധിപ്പിക്കാനുള്ള റഡാര്‍ ഇമേജിങ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ടെക്സാര്‍ നിര്‍മിച്ചത്. റഡാര്‍ ഇമേജിങ് സാങ്കേതികവിദ്യ ഇപ്പോള്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, കനഡ എന്നിവയ്ക്ക് മാത്രമാണുള്ളത്. ശക്തിയേറിയ ടെലിസ്കോപ്പിക് ക്യാമറകള്‍ ഘടിപ്പിച്ച,1000 കിലോഗ്രാം ഭാരംവരുന്ന ടെക്നോളജി എക്സ്പെരിമെന്റ് സാറ്റലൈറ്റു (ടിഇഎസ്) കളാണ് ഇന്ത്യ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഒപ്റ്റിക്കല്‍ സെന്‍സര്‍ രീതിയിലുള്ള ഇവ രാത്രിസമയത്തും മസൂകാലങ്ങളിലും ഉപയോഗിക്കാന്‍ കഴിയില്ല. ഈ സമയങ്ങളില്‍ ഇവയുടെ 'കാഴ്ചശക്തി' നഷ്ടപ്പെടും. കാര്‍ഗില്‍ നുഴഞ്ഞുകയറ്റകാലത്ത് ലഭിച്ച ഉപഗ്രഹചിത്രങ്ങള്‍ വേണ്ടത്ര വ്യക്തത ഇല്ലാത്തവയായിരുന്നുവെന്ന് പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. റഡാര്‍ ഇമേജിങ്ങില്‍ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ പ്രതലത്തിലും വസ്തുക്കളിലും തട്ടിയശേഷം മടങ്ങിവന്ന് അവയുടെ ദൃശ്യം പകര്‍ത്തുന്നു. റഡാര്‍ തരംഗങ്ങള്‍ പ്രകാശത്തെ ആശ്രയിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇവ രാപകല്‍ ഉപയോഗിക്കാന്‍ കഴിയും. റഡാര്‍ തരംഗങ്ങള്‍ക്ക് പ്രകാശത്തെ അപേക്ഷിച്ച് തരംഗദൈര്‍ഘ്യം കൂടുതലാണ്. അവയ്ക്ക് മേഘങ്ങള്‍ മറികടന്നുള്ള ദൃശ്യങ്ങളും പകര്‍ത്താന്‍ കഴിയും. ചിലയിനം മണല്‍ തുളച്ചുകയറിയും റഡാര്‍തരംഗങ്ങള്‍ക്ക് ദൃശ്യങ്ങള്‍ സൃഷ്ടിക്കാനാകും. എല്ലാ കാലാവസ്ഥയിലും രാപകല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടെക്സാര്‍ ഉപഗ്രഹം വിക്ഷേപിച്ചതുവഴി ഇസ്രയേല്‍ ആഗ്രഹിക്കുന്നത് ഇറാന്റെ ആണവ-മിസൈല്‍ സംവിധാനങ്ങളില്‍ സദാ നിരീക്ഷണം നടത്തുകയെന്നതാണ്. ഇന്ത്യന്‍ സുരക്ഷാഏജന്‍സികളും രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഈ സംവിധാനം വേണമെന്ന് ആഗ്രഹിച്ചു. ആരും ഇതേപ്പറ്റി പറയാത്തപ്പോള്‍ വനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍പോലും ഉപഗ്രഹം പകര്‍ത്തുകയാണ്. റിസാറ്റ്-2, ടെക്സാര്‍ ഉപഗ്രഹങ്ങള്‍ ഭൂമിയോടുചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഭൌമോപരിതലത്തിലെ ദൃശ്യങ്ങള്‍ തികഞ്ഞ വ്യക്തതയോടെ പകര്‍ത്തും. ഒരുദിവസംതന്നെ പലപ്രാവശ്യം ഭൂമിയെ ഭ്രമണംവയ്ക്കുന്നതിനാല്‍ ഇവയുടെ പ്രയോജനം വളരെ വലുതാണ്. സൂര്യന്റെ അതേ പാതയില്‍ കറങ്ങുന്നതിനാല്‍ ഇവയ്ക്ക് പ്രകാശവും എല്ലായ്പ്പോഴും ലഭിക്കുന്നു. സാധാരണയായി, റഡാര്‍ ഇമേജുകളുടെ ഗുണമേന്മയും വ്യക്തതയും റേഡിയോതരംഗങ്ങള്‍ പുറപ്പെടുന്ന ആന്റിനയുടെ ദൈര്‍ഘ്യത്തെ ആശ്രയിച്ചാണ്. റഡാര്‍ വിമാനങ്ങളുടെയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്തില്‍ ഘടിപ്പിക്കുമ്പോള്‍ ആന്റിനയുടെ നീളക്കുറവ് പ്രധാന പരിമിതിയാണ്. ഇത് മറികടക്കാന്‍ പേടകം സഞ്ചരിക്കുമ്പോള്‍ തുടര്‍ച്ചയായി സ്പന്ദനങ്ങള്‍ പുറത്തുവിടുകയും ഓരോ സ്പന്ദനത്തില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്തുകയും ചെയ്യുന്നു. ഇതുവഴി ദൈര്‍ഘ്യമുള്ള ആന്റിനയില്‍നിന്ന് കിട്ടുന്നതിനു തുല്യമായ പ്രയോജനം സാധ്യമാകുന്നു. ഇതിനെയാണ് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) എന്നുപറയുന്നത്. ഈ പ്രക്രിയക്ക് വന്‍തോതിലുള്ള കണക്കുകൂട്ടലുകള്‍ വന്‍വേഗത്തില്‍ നടത്തേണ്ടത് ആവശ്യമാണ്. കംപ്യൂട്ടര്‍ രംഗത്തെ മുന്നേറ്റംവഴി ഇതു സാധ്യമായി. റഡാര്‍ ദൃശ്യങ്ങള്‍ ഗുണമേന്മയോടെ ലഭിക്കാന്‍ വഴിയൊരുങ്ങുകയുംചെയ്തു. ടെക്സാര്‍ റഡാര്‍, അതായത്് റിസാറ്റ്-2 പ്രവര്‍ത്തിക്കുന്നത് മൂന്ന് രീതിയിലായാണ്. ഒന്ന്- സ്പോട്ട് (ഉപഗ്രഹം സഞ്ചരിക്കുമ്പോള്‍തന്നെ അതേ ലോക്കേഷന്‍). രണ്ട്- സ്ട്രിപ്പ് (ഭ്രമണപഥത്തിന്റെ ചുറ്റളവില്‍). മൊസേക്- (നിശ്ചിത പ്രദേശം). ഇത് തികച്ചും അത്യാധുനികരീതിയാണ്. ഒരു കാറിന്റെ നമ്പര്‍പ്ളേറ്റുവരെ വായിച്ചെടുക്കാം. വികസിതരാജ്യങ്ങളിലെ സൈനികനിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഇതാണ് ഉപയോഗിക്കുന്നത്. അമേരിക്കയ്ക്ക് തീര്‍ച്ചയായും മെച്ചപ്പെട്ട അപഗ്രഥനശേഷിയുള്ള ചാരഉപഗ്രഹങ്ങളുണ്ട്. കിടങ്ങുകളിലെ ദൃശ്യങ്ങള്‍പോലും കണ്ടെത്താന്‍ കഴിയും. എന്നാല്‍, അമേരിക്കപോലും ഇസ്രയേലില്‍നിന്ന് ടെക്സാര്‍ ഉപഗ്രഹങ്ങള്‍ വാങ്ങുന്നു. ഇന്ത്യ തനതായ റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-1 വികസിപ്പിച്ചുകൊണ്ടിരിക്കെ ഇതിന് റിസാറ്റ്-2 എന്ന് പേരിട്ടത് എന്തിനാണെന്ന ചോദ്യം ഉയരാം. റിസാറ്റ്-1 നെ ഭൌമനിരീക്ഷണത്തിനുള്ള വിദൂരസംവേദന ഉപഗ്രഹമായാണ് ഐഎസ്ആര്‍ഒ വിശേഷിപ്പിക്കുന്നത്. വിളപ്രവചനത്തിനും പ്രളയനിരീക്ഷണത്തിനും മറ്റും ഉപയോഗിക്കാനുള്ള ഉപഗ്രഹം. എന്നാല്‍, ഇതിനും സൈനികമായ ലക്ഷ്യമുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹം 2007ല്‍ പ്രവര്‍ത്തനക്ഷമമാകേണ്ടിയിരുന്നതാണ്. ഇക്കാര്യം 2005 ആഗസ്തില്‍ അന്നത്തെ പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് ഈ ഉപഗ്രഹം ഇക്കൊല്ലം അവസാനം മാത്രമേ വിക്ഷേപിക്കുകയുള്ളൂവെന്നാണ്. കാലതാമസത്തിന്റെ കാരണം വ്യക്തമല്ല. പക്ഷേ, ടെക്സാര്‍ ഇസ്രയേലില്‍നിന്ന് വാങ്ങാനും അതിനെ റിസാറ്റ്-2 എന്ന പേരില്‍ അതിവേഗത്തില്‍ ഉപയോഗിക്കാനുമുള്ള തീരുമാനം റിസാറ്റ്-1 നുള്ള കാലതാമസത്തിന്റെ ഒരുകാരണമായേക്കാം. ഇന്നത്തെ സുരക്ഷാസാഹചര്യം ആശങ്കാജനകമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, ഏതാനും മാസംകൂടി കാത്തിരുന്നാല്‍ എന്തു കുഴപ്പമുണ്ടായേനെ? റിസാറ്റ്-1ല്‍ ലക്ഷ്യമിട്ടതും പ്രതീക്ഷിക്കുന്നതുമായ സ്വഭാവവിശേഷങ്ങള്‍ മറ്റൊരു ഘടകമാണ്. റിസാറ്റ്-1ന്റെ ദൃശ്യങ്ങളുടെ അപഗ്രഥനശേഷി താരമമ്യേന കുറവാണെന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. ഉപഗ്രഹത്തിന്റെ ഭാരംമാത്രം 1780 കിലോഗ്രാമും വരും. തദ്ദേശീയമായി റഡാര്‍ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമം തീര്‍ച്ചയായും ശ്ളാഘനീയമാണ്. എന്നാല്‍, ഇതിനുവേണ്ടിവരുന്ന സമയവും ഇതിന്റെ ഗുണമേന്മയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരാം. ഇന്ത്യയുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള പല പദ്ധതികളും അമിതചെലവും ഗുണനിലവാരത്തില്‍ ഇടിവും അമിതകാലതാമസവും വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ, ഗവേഷണ വികസനസംവിധാനത്തിലെ ഘടനാപരമായ പ്രശ്നമാണിത്. ഇത് അതിവേഗത്തില്‍ പരിഹരിക്കേണ്ട പ്രശ്നവുമാണ്. ദേശീയസുരക്ഷയുടെ കാര്യത്തില്‍ സ്വാശ്രയത്വവും സാങ്കേതികശേഷിയും ഉടനടി കൈവരിക്കണം. പ്രതിരോധ ആവശ്യങ്ങള്‍ക്കായി സാമഗ്രികള്‍ ഇറക്കുമതിചെയ്യുന്നതിനുള്ള പ്രധാനകാരണം ഇത്തരം പാകപ്പിഴകളാണ്. ഇസ്രയേലിന്റെ കാര്യത്തില്‍ മറ്റ് പ്രശ്നങ്ങളുമുണ്ട്്. ഇസ്രയേലുമായുള്ള സൈനികബന്ധത്തിനെതിരെ പുരോഗമനശക്തികള്‍ നിരന്തരം ശബ്ദമുയര്‍ത്തുകയാണ്. രാജ്യാന്തരഅഭിപ്രായങ്ങളും യുഎന്‍ പ്രമേയങ്ങളും അവഗണിച്ചാണ് ഇസ്രയേല്‍ ഗാസയിലും ലബനനിലും അത്യന്തം ഹീനമായ സൈനികാക്രമണങ്ങള്‍ നടത്തിയത്. ഗാസയില്‍ ഈയിടെ നടത്തിയ ആക്രമണങ്ങളില്‍ നിരപരാധികളെ കൊന്നൊടുക്കിയതിന് ഇസ്രയേല്‍ യുദ്ധകുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരിടുകയാണ്. ഇസ്രയേലിനെ പരമ്പരാഗതമായി പിന്തുണച്ചുവന്ന പാശ്ചാത്യരാജ്യങ്ങള്‍പോലും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ കൊടുംക്രൂരതകളുടെ പശ്ചാത്തലത്തില്‍ അവരുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി പ്രഖ്യാപിച്ചിരിക്കയാണ്. എന്നിട്ടും ഇന്ത്യ ഇസ്രയേലുമായുള്ള സൈനികബന്ധങ്ങള്‍ ശക്തമാക്കുകയാണ്. റഷ്യകഴിഞ്ഞാല്‍ ഇസ്രയേലില്‍നിന്നാണ് ഇന്ത്യ ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതിചെയ്യുന്നത്. ഇത് തങ്ങളുടെ സൈനിക വ്യവസായശൃംഖല കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേലിന് കരുത്ത് നല്‍കുന്നു. ഇപ്പോള്‍ ബഹിരാകാശ ഇലക്ട്രോണിക് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് പുതിയയിനം ആയുധങ്ങള്‍ നിര്‍മിച്ച് രാജ്യാന്തര ആയുധച്ചന്ത കീഴടക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുകയാണ്്. ഇന്ത്യ ഇസ്രയേലിന്റെ റഡാര്‍ സംവിധാനങ്ങളും വൈമാനികന്‍ ആവശ്യമില്ലാത്ത വ്യോമയാനങ്ങളും പതിവായി വാങ്ങുന്നു. ഇന്ത്യയുടെ ഈ സൈനികബന്ധത്തിലുള്ളത് ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ മാത്രമല്ല, വിദേശനയത്തിന്റെ കാര്യത്തിലും ഇന്ത്യ കുഴപ്പങ്ങള്‍ നേരിടുന്നു. പശ്ചിമേഷ്യയിലെ സുഹൃത്തുക്കളെ ഇന്ത്യക്ക് നഷ്ടമാകുന്നു. ഉദാഹരണമായി, ഇസ്രയേലിന്റെ ടെക്സാര്‍ ഇന്ത്യ വിക്ഷേപിച്ചത് ഇറാനെ വളരെയധികം അസ്വസ്ഥമാക്കി. മാത്രമല്ല ഇസ്രയേലില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നത് ഇന്ത്യയുടെ സ്വാശ്രയത്വത്തിനും ദീര്‍ഘകാല സുരക്ഷാതാല്‍പ്പര്യങ്ങള്‍ക്കും ഭീഷണിയാണ്. ഇത്തരം ഇറക്കുമതികള്‍ നടക്കുമ്പോള്‍ തദ്ദേശീയമായ പ്രതിരോധഗവേഷണസംവിധാനങ്ങളുടെ പുരോഗതി സാധ്യമാകുമോ? ഇസ്രയേല്‍ കമ്പനികളും ഐഎഐയും അധികാരത്തിന്റെ ഇടനാഴികളിലും അഭിപ്രായരൂപീകരണപ്രക്രിയയിലും അവിഹിതമായ സ്ഥാനം നേടുന്നു. ഇസ്രയേല്‍ ആയുധക്കമ്പനികളുടെ കരങ്ങള്‍ ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങളില്‍വരെ എത്തിയിരിക്കുന്നു. അവരുടെ കച്ചവടരീതികള്‍ അതിരുകടന്നതും ധാര്‍മികത ഇല്ലാത്തതുമാണ്. ഈയിടെയുണ്ടായ മിസൈല്‍വേധ മിസൈല്‍ ഇടപാടില്‍ പ്രകടമായത് ഇത്തരം അവിഹിത സ്വാധീനങ്ങളാണ്. എന്നിട്ടും കൂടുതല്‍ കൂടുതല്‍ കരാറുകള്‍ ഇസ്രയേലുമായി ഒപ്പിടുന്നു. ഐഎഐയുമായി ഉണ്ടാക്കിയ കരാറുകള്‍ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കുമോ? ഇസ്രയേലുമായി ഇന്ത്യ നടത്തിയ ഇടപാടുകളില്‍ ക്രമക്കേട് വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമോ?