മങ്കടയില്‍ ആവേശമുയര്‍ത്തി ടി കെ ഹംസ


മക്കരപ്പറമ്പ്: മങ്കടയില്‍ ടി കെ ഹംസക്ക് ആവേശോജ്വല സ്വീകരണം. സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ എം പി നാരായണമേനോന്റെയും കട്ടിലശേരി മൌലവിയുടെയും മണ്ണ് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്നവരെ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിളിച്ചോതുന്നതായിരുന്നു മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ടി കെ ഹംസക്ക് ലഭിച്ച സ്വീകരണങ്ങള്‍. ഓരോ കേന്ദ്രത്തിലും കാരണന്മാരായ സ്ത്രീകളും കുട്ടികളുമടക്കം വലിയ ആള്‍ക്കൂട്ടം തങ്ങളുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. ബാന്റ്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയും വെടിമരുന്ന് പ്രയോഗത്തോടെയും മുദ്രാവാക്യങ്ങളോടെയുമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പാങ്ങ് ചേങ്ങോട്ടൂരില്‍ ലീഗിന്റെ എന്‍ഡിഎഫ് ബന്ധത്തില്‍ പ്രതിഷേധിച്ച് രാജിവച്ച് ടി കെ ഹംസയുടെ പ്രചാരണത്തില്‍ പ്രവര്‍ത്തിച്ച ചക്കുങ്ങല്‍ മുഹമ്മദ് ഗദാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ മാലയിട്ട് സ്വീകരിച്ചു. രാവിലെ ഒമ്പതിന് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മൂര്‍ക്കനാട്ടെ പൊട്ടക്കുഴിയില്‍നിന്നാണ് പര്യടനമാരംഭിച്ചത്. മേലെകുളമ്പ്, പാറമ്മല്‍, വടക്കേകുളമ്പ്, സ്റ്റേഷന്‍പടി, തെക്കേക്കര, പടിഞ്ഞാറ്റുംമുറി, ചേങ്ങോട്ടൂര്‍, ചെറുകുളമ്പ്, കടുങ്ങപുരം പള്ളിപ്പടി, വഴിപ്പാറ, പാലച്ചോട്, പരിയാപുരം എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ഉച്ചക്ക് മുമ്പുള്ള പ്രചാരണം അവസാനിച്ചു. ഉച്ചക്കുശേഷം അലങ്കരിച്ച തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ഥി പര്യടനം തുടര്‍ന്നത്. സ്ഥാനാര്‍ഥിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള വാഹനത്തിന് പിന്നാലെയായി പടിഞ്ഞാറ്റുംമുറി ബാന്‍ഡ് മേളക്കാര്‍, അതിന് തൊട്ടുപിറകില്‍ അലങ്കരിച്ച വാഹനത്തില്‍ സ്ഥാനാര്‍ഥിയും. വൈലോങ്ങരയില്‍നിന്ന് ആരംഭിച്ച സ്വീകരണം ഓരാടംപാലം, മേലെ അരിപ്ര, പനങ്ങാങ്ങര, നെച്ചിക്കുത്ത്, മീനാര്‍കുഴി, കെ കെ അങ്ങാടി, മക്കരപ്പറമ്പ്, കാളാവ്, വടക്കേ കുളമ്പ്, ചേരിയം, കരിമ്പനക്കുണ്ട്, കോഴിക്കോട്ടുപറമ്പ്, കുളപ്പറമ്പ്, വള്ളിക്കാപ്പറ്റ എന്നിവിടങ്ങളിലെ സ്വീകരണശേഷം കൂട്ടിലങ്ങാടിയില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, ഇ എന്‍ മോഹന്‍ദാസ്, അഡ്വ. കെ പി സുമതി, മോഹന്‍ പുളിക്കല്‍, എം പി അലവി, കെ എം ശരീഫ്, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, എം പി സലിം, പി നസിം, പി കെ അബ്ദുള്ള നവാസ്, കെ ടി നാരായണന്‍, ഇസ്ഹാഖ്, മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കെ പി രമണന്‍, പി കെ കുഞ്ഞുമോന്‍, കെ പി മജീദ്, ചാക്കോ വര്‍ഗീസ്, ജോസഫ് കുത്രപ്പള്ളി, ടി കെ റഷീദലി, കെ വാസുദേവന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
No comments:
Post a Comment