നാടൊഴുകുന്നു; രണ്ടത്താണിയുടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് .

പൊന്നാനി :സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ സ്മരണകളുറങ്ങുന്ന പൊന്നാനിയുടെ മണ്ണില്‍ ചരിത്രംകുറിക്കാനിറങ്ങിയ സാരഥിക്ക് സ്നേഹനിര്‍ഭര വരവേല്‍പ്പ്. പൊതുയോഗസമാനമായ സ്വീകരണ കേന്ദ്രങ്ങളോരോന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ വിജയം വിളംബരംചെയ്യുന്നതായി. മൂന്നാംഘട്ട പര്യടനത്തിനാണ് ഡോ. ഹുസൈന്‍ രണ്ടത്താണി പൊന്നാനി നിയോജക മണ്ഡലത്തിലെത്തിയത്. 40 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം നിശ്ചയിച്ചതെങ്കിലും ആളുകള്‍ കൂടിനിന്ന സ്ഥലങ്ങളെല്ലാം സ്വീകരണ കേന്ദ്രങ്ങളായി. ഉത്സവഛായ പകര്‍ന്ന സ്വീകരണ കേന്ദ്രങ്ങളില്‍ ആബാലവൃദ്ധം ഒഴുകിയെത്തി. വാദ്യമേളങ്ങളും ഇരുചക്രവാഹനറാലികളും സ്വീകരണത്തിന് കൊഴുപ്പേകി. പ്രായ-രാഷ്ട്രീയഭേദമെന്യേ ഒഴുകിയെത്തിയ ജനം മാറ്റത്തിന്റെ പുതുകാഹളമാകുകയായിരുന്നു. രാവിലെ ആലങ്കോട് ഒതളൂര്‍ പടിഞ്ഞാറ് ഭാഗത്തുനിന്നാണ് സ്ഥാനാര്‍ഥിപര്യടനം ആരംഭിച്ചത്. കോലിക്കരയിലും ചെറുപറാംകുന്നിലും പന്താവൂരും കല്ലൂര്‍മയിലും വന്‍ ജനക്കൂട്ടം സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. കാണൂര്‍ ലക്ഷംവീട് കോളനിയില്‍ നല്‍കിയ സ്വീകരണം സ്ത്രീകളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. ചങ്ങരംകുളം പോസ്റ്റോഫീസിന് സമീപത്ത് വലിയൊരു പൊതുയോഗമാണ് നടന്നത്. ഒരു മണിക്കൂറിലധികം വൈകിയെത്തിയ സ്ഥാനാര്‍ഥിയെ ഒരു നാട് നെഞ്ചേറ്റി. ഇവിടെ മുസ്ളിംലീഗ് പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. പള്ളിക്കരയിലെ പി വി കബീറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മൂക്കുതല സെന്ററിലും മൂച്ചിക്കലിലും വടമുക്കിലും ആവേന്‍കോട്ട പരിസരത്തും പടിഞ്ഞാറ്റുംമുറിയിലും മഠത്തില്‍ സ്കൂള്‍ പരിസരത്തും പൊരിവെയിലത്തും കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്നു. മാറഞ്ചേരിയിലെ പരിച്ചകത്ത് സ്ഥാനാര്‍ഥിയെത്തുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഉച്ചക്കുശേഷമുള്ള സ്വീകരണത്തിന് പൊലിമ കൂടുതലായിരുന്നു. പൊരുമുടിശേരി, കോതമുക്ക്, കോടത്തൂര്‍, തവളക്കുന്ന്, വടക്കൂട്ട് പള്ളി, തെക്കന്‍ തിയ്യം, അമ്പലംബീച്ച് എന്നിവിടങ്ങളില്‍ ആവേശം അണപൊട്ടി. വെളിയങ്കോട് ഗ്രാമം, തണ്ണിത്തുറ എന്നിവിടങ്ങളില്‍ നാടൊന്നിച്ചാണ് സ്വീകരണമൊരുക്കിയത്. തീരദേശം ഇളക്കിമറിച്ച മുന്നേറ്റമായിരുന്നു പിന്നീട്. മാട്ടുമ്മല്‍, പള്ളിപ്പടി, ഹിളര്‍ പള്ളി പരിസരം, സിയാറത്ത് പള്ളി പരിസരം, ലൈറ്റ്ഹൌസ് പരിസരം എന്നിവിടങ്ങളില്‍ കടലിന്റെ മക്കളൊരുക്കിയ സ്വീകരണത്തിന് സമാനതകളില്ലായിരുന്നു. ചരിത്രപുരുഷനായ സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച പൊന്നാനി വലിയപള്ളിക്ക് സമീപം ജെ എം റോഡില്‍ ഒരുക്കിയ സ്വീകരണത്തില്‍ നാടൊന്നടങ്കം ഒഴുകിയെത്തി. കമാന്‍വളവിലും എംഎല്‍എ റോഡിലും കെ പി കുട്ടന്‍ പീടിക പരിസരത്തും ചിരട്ടക്കുളത്തും സ്വീകരണമൊരുക്കി. നെയ്തല്ലൂരിലെയും ബിയ്യം സെന്ററിലെയും കറുകത്തിരുത്തി പാസഞ്ചര്‍ പാലത്തിലെയും സ്വീകരണങ്ങള്‍ക്കുശേഷം ചമ്രവട്ടം ജങ്ഷനിലായിരുന്നു സമാപനം. രാത്രിയും പകലുമായി നടന്ന സ്വീകരണങ്ങള്‍ നാടിന്റെ ഹൃദയം ഇടതുപക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. എല്‍ഡിഎഫ് നേതാക്കളായ ടി എം സിദ്ദീഖ്, എം എം നാരായണന്‍, പി കെ കൃഷ്ണദാസ്, പി പി സുനീര്‍, എം അബൂബക്കര്‍, എ കെ മുഹമ്മദുണ്ണി, കുഞ്ഞിമുഹമ്മദ്, ഇ ജി നരേന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ടി സത്യന്‍, പി കെ ഖലിമുദ്ദീന്‍, സുരേഷ് കാക്കനാത്ത്, എന്‍ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
No comments:
Post a Comment