Saturday, October 17, 2009

സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍

സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍.


കൊച്ചി : നഗരവികസനവും ക്രമസമാധാനപാലനവും ഭദ്രം എല്‍ഡിഎഫ് ഭരണത്തിലെന്ന് തെളിവുകളുടെ സാക്ഷ്യത്തോടെ പി എന്‍ സീനുലാല്‍. എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച 'പുനര്‍വിധി' സ്ഥാനാര്‍ഥി സംഗമത്തിലാണ് നഗരവികസനനേട്ടവും സംസ്ഥാനസര്‍ക്കാരിന്റെ ഭരണനേട്ടവുമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രദ്ധേയനായത്. അയല്‍സംസ്ഥാനങ്ങളില്‍ പൊലീസുകാര്‍പോലും മൃഗീയമായി കൊല്ലപ്പെടുമ്പോള്‍ സ്ത്രീകള്‍ക്കുവരെ സ്വൈരമായി സഞ്ചരിക്കാവുന്ന ഇടമാണ് കേരളമെന്ന് സീനുലാല്‍ പറഞ്ഞു. മറ്റേത് സംസ്ഥാനത്തെക്കാളും സുരക്ഷിതമാണ് ഇവിടെ. ഈ സാഹചര്യമാണ് കേരളത്തിന് ഇന്ത്യ ടുഡേ അവാര്‍ഡും കൊച്ചിക്ക് രാജ്യാന്തര പുരസ്കാരവും ലഭ്യമാക്കിയത്. കേരളത്തിലെ ക്രമസമാധാനത്തെ കുറ്റപ്പെടുത്തുന്നവര്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കണം. നാല്‍പ്പതു മാസത്തെ ഭരണത്തിലൂടെ എണ്ണമറ്റ നേട്ടങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ കൈവരിച്ചത്. വിലക്കയറ്റംകൊണ്ട് രാജ്യമാകെ നട്ടംതിരിയുമ്പോള്‍ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയും എല്‍ഐസിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനവും ലാഭത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തിയ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് തികച്ചും ഭിന്നമായ നിലപാടാണ് എല്‍ഡിഎഫിന്റേത്. മുമ്പ് ഖജനാവ് കുറേനാള്‍ അടച്ചുപൂട്ടി. എന്നാല്‍,ഇന്ന് ആ സ്ഥിതി മാറി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. കൃഷിക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെ കടം എഴുതിത്തള്ളി. ജീവനക്കാരുടെയും തൊഴിലാളികളുടെയും പണം അപഹരിക്കാതെ വികസനം യാഥാര്‍ഥ്യമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു പതിറ്റാണ്ടുകാലത്തിനിടെ വന്‍ വികസനമാണ് കൊച്ചി നഗരം കൈവരിച്ചത്. കൌസിലര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വികസനത്തില്‍ താനും പങ്കാളിയായി. സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ വൈറ്റില ബസ് ടെര്‍മിനല്‍ തീരുമാനം ഞൊടിയിടയിലാണ് കൈക്കൊണ്ടത്. ലോകബാങ്ക് ഉപേക്ഷിച്ചുപോയ തമ്മനം-പുല്ലേപ്പടി റോഡ് വികസനം സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ യാഥാര്‍ഥ്യമായി. സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസനത്തിന്റെ സ്ഥലമെടുപ്പ് 90 ശതമാനവും പൂര്‍ത്തീകരിച്ചു. മാലിന്യപ്രശ്നം, കുടിവെള്ളം, വെള്ളക്കെട്ട് എന്നിവയ്ക്കും പരിഹാരം കാണാന്‍ നഗരസഭാ ഭരണത്തിനു കഴിഞ്ഞതായി സീനുലാല്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന്റെ രണ്ടാമത് വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ഭരണത്തിന്‍കീഴില്‍ എല്ലാ മേഖലയും നിഷ്ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ വികസനത്തില്‍ ഇരുമുന്നണികള്‍ക്കും പിടിവിട്ടുപോയതായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്റ് കെ വി സുധാകരന്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ ശ്രീനാഥ് നന്ദി പറഞ്ഞു.

1 comment:

Shankar said...

വിലക്കയറ്റംകൊണ്ട് രാജ്യമാകെ നട്ടംതിരിയുമ്പോള്‍ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തി.

സാധനങ്ങള്‍ ഉല്പാദിപ്പിക്കുന്നത്കൊണ്ടാണു രാജ്യമാകെ വിലക്കയറ്റം കൊണ്ട് നട്ടം തിരിയേണ്ടി വന്നത്. ഒന്നും ഉല്പാദിപ്പിക്കാത്തത് കൊണ്ടാണ് കേരളത്തില്‍ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഉല്പാദനം നിര്‍ത്തിവെച്ചാല്‍ രാജ്യമാകെ കേരള മാതൃകയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താം.