Saturday, June 13, 2009

മാതൃകാ കമ്യൂണിസ്റ് .

മാതൃകാ കമ്യൂണിസ്റ് .
പിണറായി വിജയന്‍.
മാര്‍ക്സിസം-ലെനിനിസം ഓരോ രാജ്യത്തിന്റെയും സാഹചര്യം നോക്കി പ്രയോഗിക്കേണ്ട തത്വസംഹിതയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിനെ പ്രയോഗിക്കുന്നതില്‍ അമൂല്യമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ അകത്തുള്ള രാഷ്ട്രീയപ്രശ്നങ്ങളില്‍ മാത്രമല്ല സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്താനും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് വലിയ ശുഷ്കാന്തിയാണ് കാണിച്ചത്. ഇ എം എസിന്റെ ഇത്തരം ഇടപെടല്‍ കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചു. ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് ഉജ്വലമായ സംഭാവനയാണ് നല്‍കിയത്. ഇ എം എസിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു എന്നതാണ് ശരി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ എംഎസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവ് അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട എല്ലാവിധ ഇടത്-വലത് പ്രവണതകള്‍ക്കെതിരെയും ശക്തമായി പൊരുതുന്നതിന് ഇ എം എസ് തയ്യാറായിരുന്നു. ലെനിനിസ്റ് സംഘടനാതത്വങ്ങളെ ഒരു ജീവവായുകണക്കെ സ്വീകരിച്ച യഥാര്‍ഥ കമ്യൂണിസ്റായിരുന്നു സഖാവ്. വ്യക്ത്യാധിഷ്ഠിത രാരഷ്ടീയത്തെ എക്കാലവും എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നതിലും ഇ എം എസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഐക്യകേരളം രൂപീകരിക്കുന്നതിന് ഇടയാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍തന്നെ സഖാവ് ഉണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്കാരത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി ഇ എം എസ് വിശദീകരിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഐക്യകേരളത്തിന്റെ രൂപീകരണത്തിനുള്ള ആശയ അടിത്തറതന്നെ ബലപ്പെടുത്തുന്നതിന് ഇടയാക്കിയതായിരുന്നു. ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമായാല്‍ ഭാവികേരളം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ദീര്‍ഘവീക്ഷണവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ജന്മിത്വവും രാജാധിപത്യവും സാമ്രാജ്യത്വ ഇടപെടലുമില്ലാത്ത ഭാവികേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിനും ഇ എം എസ് ജാഗ്രത കാണിച്ചിരുന്നു. ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണമായിരുന്നു. അന്നത്തെ ഈ അവസ്ഥയെ സംബന്ധിച്ച് പാര്‍ടി സംസ്ഥാനകമ്മിറ്റി 1957 ജൂലൈ 12ന് പാസാക്കിയ പ്രമേയത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. "കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ളതോ അവര്‍ക്ക് പങ്കുള്ളതോ ആയ ഗവമെന്റ് ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായമനുസരിച്ച് വിജയകരമായി ഭരണം നടത്തിയ ഒരനുഭവം നമ്മുടെ മുമ്പിലില്ല. പരമാധികാരമില്ലാതെ പരിമിതമായ അധികാരങ്ങള്‍ വച്ചുകൊണ്ട് ഭരണം നടത്തിയിട്ടുള്ള അനുഭവങ്ങളും നമ്മുടെ പ്രസ്ഥാനത്തിന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല..... ഈ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഓരോ ചുവടും നാം തന്നെ നമ്മുടെ അനുഭവങ്ങളുടെയും മാര്‍ക്സിസം-ലെനിനിസത്തിന്റെയും വെളിച്ചത്തിന് പുതുതായി വെട്ടിത്തുറക്കേണ്ടതായിട്ടുണ്ട്.'' ഈ ശ്രമകരമായ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും കേരളത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി പഠിച്ച ഒരു ചിന്തകന്‍ എന്ന നിലയിലും ഇ എം എസിന്റെ വിജയം കൂടിയായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്ക്ക് മാതൃകയാകുന്ന വിധത്തില്‍ സര്‍ക്കാരിനെ നയിക്കാന്‍ സഖാവിന് സാധ്യമായത്. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത്. 1967 ലെ സപ്തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ എം എസ് തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ് പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചത്. ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തമായ ഇടപെടലും കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകി. ഇതിന്റെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമം കൂലി, വീടുവയ്ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യല്‍ എന്നീ നേട്ടങ്ങള്‍ സ്വായത്തമാക്കാനും സാധിച്ചു. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ നേടുമ്പോഴും ദൌര്‍ബല്യങ്ങളെ വിമര്‍ശന-സ്വയം വിമര്‍ശനങ്ങളിലൂടെ വിലയിരുത്തുന്നതിനും കഴിഞ്ഞു. തന്റെ പോരായ്മകളെ വിലയിരുത്താനും തിരുത്താനുമുള്ള ഒരു മാര്‍ക്സിസ്റിന്റെ ശരിയായ ആര്‍ജവം ഇ എം എസ് കാണിച്ചിരുന്നു. ഏത് പ്രശ്നങ്ങളിലെയും പോരായ്മകളെ ഉള്‍ക്കൊള്ളാനും നേട്ടങ്ങളെ മുറുകെപ്പിടിക്കാനുമുള്ള ഈ കഴിവ് കേരളത്തിന്റെ വികസന പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്ന ഘട്ടങ്ങളിലും ഇ എം എസ് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനത്തിലുള്ള ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയുംചെയ്തു. സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച സാമ്പത്തികവളര്‍ച്ച സംസ്ഥാനത്ത് ഉണ്ടാകാത്തതും കാര്‍ഷിക-വ്യവസായ മേഖല ദുര്‍ബലമായിക്കിടക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മയുടെ ഭീകരതയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ പ്രശ്നങ്ങളും ഗൌരവമായി എടുക്കേണ്ടതുണ്ടെന്നും സഖാവ് ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയും ഇ എം എസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. ഇതിന്റെ ഭാഗമായാണ് കേരള വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കാന്‍ സഖാവ് തന്നെ മുന്‍കൈയെടുത്തത്. ആഗോളവല്‍ക്കരണകാലത്ത് കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ ജനങ്ങളെ അണിനിരത്തി അഭിമുഖീകരിക്കാനുള്ള ധീരമായ പരിശ്രമത്തിന്റെ പുതിയ കാല്‍വയ്പായിരുന്നു ഈ ഇടപെടല്‍. ലോകം മുഴുവന്‍ ശ്രദ്ധിച്ച പുതിയ വികസന സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ ഈ ഇടപെടലിലൂടെ ഇ എം എസിന് സാധ്യമായി. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ വിശേഷിച്ചും, പുതിയ ചൈതന്യം നല്‍കിയ ജനകീയാസൂത്രണത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത് ഇത്തരത്തിലുള്ള ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ്. അധികാരവികേന്ദ്രീകരണം എന്നത് കേവലമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം മാതമല്ലെന്ന് ഇ എം എസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെന്നതായിരുന്നു ആ സമീപനം. ഈ കാഴ്ചപ്പാടിനെതിരായുള്ള കപട അധികാരവികേന്ദ്രീകരണ സമീപനങ്ങളെ ശക്തമായി എതിര്‍ക്കുന്ന കാര്യത്തിലും ഇ എം എസ് വിട്ടുവീഴ്ച കാണിച്ചില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി ഇടപെട്ടു. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇ എം എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം ഉണ്ടാകും. കലയിലും സാഹിത്യത്തിലും സാധാരണക്കാരുടെ ജീവിതവും ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പേര് വിളിച്ച് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ ഇ എം എസ് വ്യക്തമാക്കി. ഇത്തരത്തില്‍ കേരള ചരിത്രപഠനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ മായാതെ നില്‍ക്കും. വിദ്യാഭ്യാസത്തെ ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യം ചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി അദ്ദേഹം നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകണ്ടില്ല.

2 comments:

-: നീരാളി :- said...

ഹാ ഹാ ഹാ... ഇനിയും തമാശകള്‍ വരട്ടെ

Anonymous said...

Abhinava mathruka comminists

Pinarayi..............

Bhakthar

Swasthika, Marichan, manaveeyan, babuuu,