Saturday, June 13, 2009

ഇ എം എസ്: മായാത്ത മുദ്ര.

ഇ എം എസ്: മായാത്ത മുദ്ര.

പ്രകാശ് കാരാട്ട്.

തന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇ എം എസിന്റെ ജന്മശതാബ്ദി 13ന് ആഘോഷിക്കുകയാണ്. 1909ല്‍ ജനിച്ച ഇ എംഎസിന്റെ വിശിഷ്ടമായ ജീവിതം 20-ാം നൂറ്റാണ്ടില്‍ ആദ്യന്തം രാജ്യത്തുണ്ടായ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റങ്ങളുടെ അഭേദ്യമായ ഭാഗമാണ്. വിദ്യാര്‍ഥിയായിരിക്കെ തന്നെ, ഇ എം എസ് താന്‍ ഉള്‍പ്പെട്ട യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പതാകവാഹകനായി. അദ്ദേഹം ഗാന്ധിയന്‍ കോഗ്രസുകാരനായി മാറുകയും വിദ്യാഭ്യാസകാലത്ത് തന്നെ നിസ്സഹകരണസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോവുകയുംചെയ്തു. 1934ല്‍ ദേശീയതലത്തില്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ സംഘാടകരില്‍ ഒരാളായി. മലബാറില്‍ ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകനായി. 1936ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു, കേരളത്തില്‍നിന്നുള്ള ആദ്യത്തെ അഞ്ച് പാര്‍ടിഅംഗങ്ങളില്‍ ഒരാളായിരുന്നു ഇ എം എസ്. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി മാറിയ ഇ എം എസിന്റെ കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലുള്ള അസാധാരണ യാത്രയുടെ തുടക്കം ഇവിടെനിന്നാണ്. മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇ എം എസിനെ സമ്പൂര്‍ണമായും അര്‍ഹിക്കുന്ന വിധത്തിലും വിലയിരുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ വിവരിക്കാനും ഈ ചെറിയ ലേഖനം വഴി കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിപ്ളവജീവിതത്തിലെ വ്യതിരിക്തമായ അഞ്ച് സവിശേഷത ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. ഒന്നാമതായി, മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. മാര്‍ക്സിസത്തിന്റെ സത്ത ഗ്രഹിച്ചെടുക്കാനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അത് പ്രയോഗിക്കാനും തന്റെ അസാധാരണമായ ധിഷണാശക്തി ഇ എം എസിനെ സഹായിച്ചു. അതുല്യമായ ഈ കഴിവാണ് കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിശദമായി പഠിക്കാനും ഇവിടെ ജന്മിത്വം നിരോധിക്കാനുള്ള സൈദ്ധാന്തിക അടിത്തറ പാകിയവരില്‍ പ്രഥമഗണനീയനാകാനും ഇ എംഎസിനെ സഹായിച്ചത്. സിദ്ധാന്തത്തെ പ്രയോഗമാക്കി മാറ്റാന്‍ മറ്റാര്‍ക്കുമില്ലാത്ത ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറിലെ ജന്മി-ഭൂവുടമാ സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രായോഗിക മാര്‍ഗനിര്‍ദേശമായി മാറി. കാര്‍ഷകബന്ധങ്ങളെയും കര്‍ഷകവിപ്ളവത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഇ എം എസിന്റെ വ്യാഖ്യാനങ്ങളാണ്, കേരളത്തില്‍ 1957ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണശ്രമങ്ങള്‍ക്ക് അടിത്തറയായത്. സമൂഹത്തെയും ചരിത്രത്തെയും മാര്‍ക്സിസ്റ്റ് രീതിയില്‍ എങ്ങനെ വിശകലനം ചെയ്യാമെന്ന് മലയാളികളുടെയും കേരളസമൂഹത്തിന്റെയും ഭാഷാദേശീയത ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഇ എം എസ് തെളിയിച്ചു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമുഖ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത് ഇ എം എസിന്റെ \'ഐക്യകേരളം\', \' കേരളത്തിലെ ദേശീയപ്രശ്നം\' എന്നീ രചനകളാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലുള്ള പ്രാഗത്ഭ്യം നിമിത്തം, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ എല്ലാ മുന്നേറ്റങ്ങളിലും ഇ എംഎസിന് തന്റേതായ സംഭാവന നല്‍കാനായി. മാര്‍ക്സിസ്റ്റ് വീക്ഷണമനുസരിച്ച് ഏറ്റവും ആധികാരികമായ രീതിയില്‍ അദ്ദേഹം ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്തു. ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലെ ചിന്തിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകളും സംവാദങ്ങളും നടക്കാന്‍ ഇ എം എസിന്റെ ഇടപെടലുകളും കാഴ്ചപ്പാടുകളും ഉള്‍പ്രേരകമായി. മുന്‍കോളനി രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമായി മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വികാസത്തിലും പ്രയോഗത്തിലും ഇ എം എസ് നല്‍കിയ തോതിലുള്ള സംഭാവന ഇന്ത്യയില്‍നിന്നുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും നല്‍കിയിട്ടില്ലെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് എന്ന നിലയില്‍ ലോക സോഷ്യലിസത്തോടും സാര്‍വദേശീയതയോടും ഇ എം എസ് അഗാധമായ പ്രതിബദ്ധത പുലര്‍ത്തി. പക്ഷേ, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവത്തിനുശേഷം, ഇ എം എസ് ഉള്‍പ്പെട്ട സിപിഐ എം നേതൃത്വം മോസ്കോയില്‍ രൂപംകൊള്ളുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പതിവ് ഉപേക്ഷിച്ചു. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിപ്ളവത്തിന്റെ ശരിയായ തന്ത്രങ്ങളും അടവുകളും കണ്ടെത്താന്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ഔത്സുക്യത്തോടെയുള്ള അന്വേഷണം ഇ എം എസും സഖാക്കളും ആരംഭിച്ചു. ഈ പ്രക്രിയയില്‍ ഇ എം എസ് പ്രധാനപങ്ക് വഹിച്ചു. പാര്‍ലമെന്ററി വേദികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തം സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതില്‍ മാര്‍ഗദര്‍ശകനായി ഇ എം എസ് വഹിച്ച പങ്കാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. 1957ല്‍ കേരളത്തില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അദ്ദേഹംതന്നെ കമ്യൂണിസ്റ്റ് പങ്കാളിത്ത പ്രവര്‍ത്തനക്രമത്തിന് തുടക്കമിട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 28 മാസത്തെ ഭരണം ഭൂപരിഷ്കരണ നടപടികള്‍ സ്വീകരിച്ചും അധികാര വികേന്ദ്രീകരണം നടപ്പാക്കിയും ജനപക്ഷ പൊലീസ്നയം കൊണ്ടുവന്നും പുതിയ വഴിത്താര തുറന്നു. അധികാര വികേന്ദ്രീകരണത്തോട് ഇ എം എസ് എക്കാലത്തും പ്രതിബദ്ധത കാട്ടി. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെനിന്ന് പഞ്ചായത്തുകളിലേക്കും കൂടുതല്‍ അധികാരങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനായി പാര്‍ടി നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇ എം എസ് യത്നിച്ചു. പൊതുനയങ്ങളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും ഇടതുപക്ഷ കാഴ്ചപ്പാട് കൊണ്ടുവരുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇ എം എസാണ്. സര്‍ക്കാരിലെ കമ്യൂണിസ്റ്റ് പങ്കാളിത്തത്തില്‍നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് റിവിഷനിസത്തെയും പാര്‍ലമെന്ററി വ്യാമോഹങ്ങളെയും അകറ്റിനിര്‍ത്തിയെന്നുള്ള ഖ്യാതിയും ഇ എം എസിന് അവകാശപ്പെട്ടതാണ്. ഇതിനെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. സര്‍ക്കാരിലെ പങ്കാളിത്തം അധികപാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അകമ്പടിയോടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ജാതിയെയും വര്‍ഗബന്ധങ്ങളെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയ്ക്ക് നല്‍കിയ സംഭാവനകളാണ് ഇ എം എസിന്റെ മൂന്നാമത്തെ സവിശേഷത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന ജാതിഘടന വിലയിരുത്തിയശേഷം ഇ എം എസ് ജാതിരൂപങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം വരച്ചുകാട്ടുകയും ജാതിവിരുദ്ധപോരാട്ടത്തിനുള്ള കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യവും പ്രയോഗവും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളെ അദ്ദേഹം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ മുന്‍തലമുറകളിലെ ബഹുഭൂരിപക്ഷംപേരും ചെയ്തതുപോലെ ഇ എം എസ് ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചില്ല. സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കാനുള്ള ആവേശത്തെ തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനായി വിനിയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലത്തും ഇ എം എസ് മാര്‍ക്സിസത്തെ ജാതിബന്ധങ്ങളില്‍ നിരന്തരമാറ്റം വരുത്തുന്നതിനായി ഉപയോഗിച്ചു. ആധികാരിക മാര്‍ക്സിസ്റ്റ് നേതാവ് എന്ന നിലയില്‍ സമൂഹത്തോടും സാമൂഹ്യവ്യവസ്ഥയിലെ എല്ലാ മേഖലകളോടും ഇ എം എസ് താല്‍പ്പര്യം പ്രകടിപ്പിച്ചു. സംസ്കാരത്തെ വ്യാഖ്യാനിക്കുന്നതിലും ഭരണവര്‍ഗസംസ്കാരത്തിന് ബദലായ സാംസ്കാരിക നായകത്വം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലും അദ്ദേഹത്തിന് ഒരേപോലെ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹം സ്ത്രീവിമോചനത്തിനായി തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലിംഗവിവേചനം, വനിതകളുടെ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ പാര്‍ടിക്കുള്ളില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാര്‍ടിയുടെ ആശയങ്ങളും രാഷ്ട്രീയവും ജനങ്ങളിലേക്ക് പകരുന്നതില്‍ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കാണ് നാലാമത്തെ സവിശേഷത. ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വിവരണങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ എഴുതിയ കാര്യത്തില്‍ ഇ എം എസിനെ മറികടക്കാന്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവില്ല. കേരളത്തില്‍, തന്റെ ദൈനംദിന രചനകളിലൂടെ ഇ എം എസും ജനങ്ങളും തമ്മില്‍ ശ്രദ്ധേയമായ ആശയവിനിമയം നടന്നിരുന്നു. 1935ല്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി ആരംഭിച്ച \'പ്രഭാതം\' മുതലുള്ള മിക്ക പാര്‍ടി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപര്‍ ഇ എം എസായിരുന്നു. \'ദേശാഭിമാനി\'യുടെ മുഖ്യപത്രാധിപരായി വീണ്ടും പ്രവര്‍ത്തിച്ചുവരവെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണങ്ങളുടെയും \'പീപ്പിള്‍സ് ഡെമോക്രസി\', \'ദി മാര്‍ക്സിസ്റ്റ്\' എന്നിവയുടെയും പത്രാധിപരായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇ എം എസിന്റെ സമ്പൂര്‍ണകൃതികള്‍ നൂറില്‍പ്പരം വോള്യം വരും. ഈ സൃഷ്ടികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എല്ലാക്കാലത്തും പ്രസക്തമായ പാരമ്പര്യസ്വത്താണ്. ഇ എം എസിന്റെ അഞ്ചാമത്തെ സവിശേഷത അദ്ദേഹം പ്രത്യേക അച്ചില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതാണ്. ബുദ്ധിപരമായി ഇത്രയേറെ ഔന്നത്യം ഉണ്ടായിരുന്നിട്ടും ഇ എം എസ് വിനയവാനും ദുരഭിമാനമില്ലാത്ത വ്യക്തിയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്നേഹാദരങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചില്ല. തന്റെ സ്വത്ത് പാര്‍ടിക്ക് നല്‍കിയശേഷം അങ്ങേയറ്റം ലളിതജീവിതമാണ് ഇ എം എസ് നയിച്ചത്. നേതാവ് എന്ന നിലയില്‍ അദ്ദേഹം ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ പാര്‍ടി കേഡര്‍മാര്‍ക്ക് മുന്നില്‍ മികച്ച മാതൃക കാട്ടുകയുംചെയ്തു. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇ എം എസ് അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1968ല്‍ ഞാന്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായപ്പോള്‍ സിപിഐ എമ്മില്‍ ചേരാന്‍ പ്രചോദനമായത് ഇ എംഎസിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമാണ്. 1970ല്‍ പരിചയപ്പെട്ടതുമുതല്‍ ചര്‍ച്ചകളും ഉപദേശങ്ങളും വഴി അദ്ദേഹത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരിക്കെയാണ് 1985ല്‍ ഞാന്‍ പാര്‍ടികേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പാര്‍ടിനയങ്ങളെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞു. ചെറുപ്പക്കാരോ അനുഭവസമ്പത്ത് കുറഞ്ഞവരോ ആയ സഖാക്കളെ ഒരിക്കലും അദ്ദേഹം പ്രത്യേക രീതിയില്‍ കണ്ടില്ല. എല്ലാവരെയും തുല്യരായി പരിഗണിച്ചു. അതാണ് ഇ എം എസിന്റെ മഹത്വം. രാജ്യത്തെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ സൈദ്ധാന്തിക-പ്രായോഗിക പ്രവര്‍ത്തനംസമ്പന്നവും സ്ഥായിയുമായ പാരമ്പര്യാവകാശമാണ്. ഈ പാരമ്പര്യത്തിന്റെ സത്ത ജനങ്ങളുടെ പക്ഷത്തുനിന്ന് പോരാടുന്ന പിന്മുറക്കാരിലേക്ക് കൈമാറണം. ഇതിനായി സോഷ്യലിസത്തിന്റെ വിമോചന ലക്ഷ്യത്തില്‍ ഉറച്ചുവിശ്വസിച്ചും ജനങ്ങളുമായി പൂര്‍ണതോതില്‍ താദാത്മ്യം പ്രാപിച്ചും മാര്‍ക്സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും സമൂഹത്തിലെ സജീവവും സുവ്യക്തവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇവ പ്രയോഗിക്കുകയും ചെയ്യണം

No comments: