Tuesday, November 3, 2009

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം. .

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം.



സ്വന്തം പാര്‍ടിയിലും പോഷകസംഘടനകളിലും വ്യാജവോട്ടും ബൂത്തുപിടിത്തവും അക്രമവും പതിവാക്കിയവര്‍ കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പുവിഷയങ്ങള്‍ വഴിമാറ്റാന്‍ ശ്രമിക്കുന്നത് കുറഞ്ഞപക്ഷം ആത്മവഞ്ചനയെങ്കിലുമാണ്. കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന ഭീമമായ പാളിച്ച കോഗ്രസ് നേതൃത്വത്തെ കടുത്ത വിഷമത്തിലാക്കിയപ്പോള്‍, അത് മറികടക്കാനുള്ള ഉപായമായാണ് വോട്ടര്‍പട്ടിക വിവാദം ഉയര്‍ത്തിയത്. യഥാര്‍ഥത്തില്‍, കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ മറ്റിടങ്ങളിലുള്ളത്ര പ്രശ്നങ്ങളേയുള്ളൂ. ഇരുപത്തിരണ്ടായിരം വ്യാജവോട്ടുണ്ടെന്ന വന്‍ ആരോപണവുമായാണ് യുഡിഎഫ് രംഗത്തിറങ്ങിയതെങ്കില്‍ ഇപ്പോഴത് ചുരുങ്ങിച്ചുരുങ്ങി മുന്നൂറിലെത്തിയിരിക്കുന്നു. അതിനര്‍ഥം 1.33ലക്ഷം വോട്ടര്‍മാരുള്ളതില്‍ മുന്നൂറുവോട്ടുകളെക്കുറിച്ചാണ് യുഡിഎഫിന് സംശയമുള്ളത് എന്നാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ അബ്കാരി കേസിലെ പ്രതിയെ ഉള്‍പ്പെടെ വോട്ടറാക്കിയെന്നും സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയക്കം മറ്റുമണ്ഡലങ്ങളില്‍നിന്ന് കണ്ണൂരിലെ വോട്ടര്‍പട്ടികയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെ, വ്യാജവോട്ട് വിവാദം ചരമഗതി പൂകുകയാണ്. എന്നാല്‍, കോഗ്രസ് ഉയര്‍ത്തിവിട്ട വ്യാജവോട്ട് വിവാദം അത്ര എളുപ്പത്തില്‍ വിട്ടുകളയേണ്ടതല്ല. ആ പാര്‍ടിയിലേക്കു തന്നെയാണ് കണ്ണോടിക്കേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പു നിരീക്ഷകരെ അടിച്ചോടിച്ചതും സംഘടനാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നേതാവിന്റെ കാലുവെട്ടിയതും നിരത്തില്‍നിര്‍ത്തി മുണ്ടുരിഞ്ഞതും പരസ്പരം അസഭ്യവും അശ്ളീലവും പറഞ്ഞുപരത്തിയതുമൊക്കെ കോഗ്രസിനകത്തെ 'ജനാധിപത്യ'ത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. യൂത്ത് കോഗ്രസില്‍ പഴയ പ്രസിഡന്റിനെ മാറ്റി പുതിയ ആള്‍ ചുമതലയേറ്റ് ആദ്യം ചേര്‍ന്ന യോഗത്തില്‍തന്നെ ബഹളവും കൈയാങ്കളിയുമായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിച്ചടക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ വ്യാജ വോട്ടര്‍പട്ടികയെ ചൊല്ലിയാണ് കെഎസ്യുവില്‍ കലാപം നടക്കുന്നത്. കോഴിക്കോട്ട് ഡിസിസി പ്രസിഡന്റ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല്. എന്‍എസ്യു അയച്ച കേന്ദ്ര നിരീക്ഷകന്‍ ബൂപന്‍ ഭട്ട് ഇതിനെല്ലാം സാക്ഷിയായി. സഹികെട്ട് തെരഞ്ഞെടുപ്പാകെ മാറ്റിവയ്ക്കേണ്ടിവന്നു നേതൃത്വത്തിന്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കെഎസ്യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിശ്ചിത സമയം കഴിഞ്ഞ് ചില കെഎസ്യുക്കാര്‍ നോമിനേഷനുമായി എത്തി. ഇത് നേരത്തെ വന്നവര്‍ ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഗ്രൂപ്പുതിരിഞ്ഞ് യൂത്ത് കോഗ്രസുകാരും പങ്കാളികളായതോടെ സംഘര്‍ഷം മൂത്തു. പിന്നെ തുറന്ന സംഘട്ടനം. സംസ്ഥാനത്തെ പല കോളേജിലും 95 ശതമാനം വിദ്യാര്‍ഥികളും കെഎസ്യുവിന്റെ വ്യാജ അംഗങ്ങളാണ്. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലും നേഴ്സിങ് കോളേജുകളിലും വ്യാജ യൂണിറ്റുണ്ടാക്കിയും വോട്ടര്‍പട്ടിക തയ്യാറാക്കി. ജില്ല-സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യൂണിറ്റ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. പതിനെട്ട് വര്‍ഷത്തിനുശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന കെഎസ്യു പിടിക്കാന്‍ രമേശ് ചെന്നിത്തല വിഭാഗവും ഉമ്മന്‍ചാണ്ടി വിഭാഗവും കടുത്ത മത്സരത്തിലാണ്. ഇരുവിഭാഗവും വ്യാജപട്ടിക ഉണ്ടാക്കി. വിദ്യാര്‍ഥികള്‍ അറിയാതെ, മെമ്പര്‍ഷിപ്പ് ഫീസ് കൊടുക്കാതെ അംഗങ്ങളാകുന്നു! പുതിയ കണക്കില്‍ സംസ്ഥാനത്ത് കെഎസ്യുവിന് ഒരുലക്ഷത്തിലേറെയാണ് അംഗങ്ങള്‍. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട് ഫറൂഖ് കോളേജില്‍ 1904 പേരും കെഎസ്യുക്കാര്‍. ലോ കോളേജിലാകട്ടെ എഴുനൂറില്‍ 480 പേരും അംഗങ്ങള്‍. ദേവഗിരി കോളേജില്‍ അംഗത്വം 961 കവിഞ്ഞു. കോഴിക്കോട് ജില്ലയില്‍ 12000 അംഗങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, ജില്ലയിലെ ഭൂരിപക്ഷം കോളേജുകളിലും യൂണിയന്‍ ഭരിക്കുന്നത് എസ്എഫ്ഐയാണ്. കലിക്കറ്റ് സര്‍വകലാശാലയില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌസിലര്‍ സ്ഥാനവും നേടിയത് എസ്എഫ്ഐയാണ്. പിന്നെങ്ങനെ കെഎസ്യുവില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ അംഗങ്ങളാകുമെന്ന ചോദ്യത്തിന് ഗ്രൂപ്പ്നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉത്തരം പറയേണ്ടിവരും. തിരുവനന്തപുരം ജില്ലയില്‍ 10,643 മെമ്പര്‍ഷിപ്പുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്ത മാര്‍ ഇവാനിയോസില്‍ 980 കെഎസ്യു അംഗങ്ങള്‍! പത്ത് രൂപയാണ് കെഎസ്യുവിന്റെ അംഗത്വഫീസ്. ആ കണക്കില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 1,20,000 രൂപ വേണം. സംസ്ഥാനത്താകെ ലക്ഷക്കണക്കിന് രൂപ അനുയായികള്‍ക്കിടയില്‍ ഇരുഗ്രൂപ്പുകളും വിതരണംചെയ്തു. യൂണിറ്റ് തെരഞ്ഞെടുപ്പ് നടക്കണമെന്നില്ല- വ്യാജ പട്ടിക ഉപയോഗിച്ച് ജില്ല-സംസ്ഥാന ഭാരവാഹിത്വം നേടാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഒരു യൂണിറ്റ് രൂപീകരിക്കാന്‍ 50 അംഗങ്ങള്‍ നിര്‍ബന്ധം. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും അടക്കമുള്ള ചുമതല മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ നയിക്കുന്ന എസ്എഎംഇ എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനാണ്. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഈ കരാര്‍ നല്‍കിയത്. സ്വന്തം പാര്‍ടിയില്‍ ഇത്തരം വ്യാജവോട്ട് വ്യവസായം നടത്തുന്നവര്‍ കണ്ണൂരിലും ആലപ്പുഴയിലും 'ഇറക്കുമതി വോട്ട്' എന്ന പരാതിയുമായി വന്നാലോ? ഇറക്കുമതി വോട്ട് എല്‍ഡിഎഫിന്റേതല്ല ഡിസിസി ഓഫീസില്‍തന്നെയാണ് എന്നത്രെ കണ്ണൂരിലെ ചിത്രം. പാണപ്പുഴക്കാരനും അബ്കാരി കേസ് പ്രതിയുമായ ഒരാള്‍ക്ക് സ്വന്തം നാട്ടിലും ഡിസിസി ഓഫീസിലും വോട്ടുണ്ടെന്ന് വാര്‍ത്ത വന്നിരിക്കുന്നു. എന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും രണ്ട് വോട്ടുണ്ടെങ്കില്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും എന്ന വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പത്രസമ്മേളനം നടത്തി മുഴക്കിയത്. അദ്ദേഹത്തിന് സമാധാനമായി രാജിവയ്ക്കാം.
deshabhimani

2 comments:

ഗള്‍ഫ് വോയ്‌സ് said...

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം. .
സ്വന്തം പാര്‍ടിയിലും പോഷകസംഘടനകളിലും വ്യാജവോട്ടും ബൂത്തുപിടിത്തവും അക്രമവും പതിവാക്കിയവര്‍ കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പുവിഷയങ്ങള്‍ വഴിമാറ്റാന്‍ ശ്രമിക്കുന്നത് കുറഞ്ഞപക്ഷം ആത്മവഞ്ചനയെങ്കിലുമാണ്.

Anonymous said...

Nanam Ketta LDF ne Vijyippikkan vote cheyyunnathinekkal nallathu vote cheyyathirikkunnatha