Tuesday, February 16, 2010

ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ഇ പി ജയരാജന്‍

ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ഇ പി ജയരാജന്‍



ചുണ്ടേല്‍: കേരളത്തില്‍ ഇടതുപക്ഷ ഗവമെന്റ് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാന്‍ വന്‍കിട ഭൂ ഉടമകളും ഉദ്യോഗസ്ഥ മാഫിയയും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് ഭൂസമരത്തിന്റെ ലക്ഷ്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. കല്‍പ്പറ്റ വെള്ളാരംകുന്ന്, ചുണ്ടേല്‍ കവുങ്ങുംകണ്ടി എന്നിവിടങ്ങളിലെ ഭൂസമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ജയരാജന്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗവമെന്റ് അധികാരത്തിലെത്തിയതുകൊണ്ടുമാത്രമാണ് ഭൂപരിഷ്കരണം നടപ്പാക്കാനായത്. രാജ്യത്ത് കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭൂപരിഷ്കരണം നടപ്പാക്കിയിട്ടുള്ളതെന്ന വസ്തുത പരിഗണിക്കുമ്പോള്‍ കോഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാജ്യത്തെ മറ്റെല്ലാ പാര്‍ടികളും വന്‍കിട ഭൂ ഉടമകളെ സംരക്ഷിക്കുകയാണെന്ന് വ്യക്തമാവും. നിയമം വന്നിട്ടും കേരളത്തില്‍ പൂര്‍ണമായും ഭൂപരിഷ്കരണം നടപ്പാക്കാനായില്ല. എകെജി ഉള്‍പ്പെടെ മിച്ച ഭൂമി പിടിച്ചെടുത്ത് നടത്തിയ സമരങ്ങള്‍ക്ക് ശേഷവും തോട്ടംസംരക്ഷണ നിയമത്തിന്റെയും മറ്റും മറവില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശംവെക്കുന്ന വന്‍കിടക്കാരുണ്ട്. വന്‍കിടക്കാര്‍ക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിന് ഒത്താശചെയ്യുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ അട്ടിമറിക്കാന്‍ സഹായിക്കുന്ന ഒരുപറ്റം ഉദ്യോഗസ്ഥര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിതരണം ചെയ്യാവുന്ന ഭൂമിയില്‍ അവകാശം സ്ഥാപിച്ച് അവ സര്‍ക്കാറിനെകൊണ്ട് ഏറ്റെടുപ്പിക്കുകയും അത് ആദിവാസികള്‍ക്കും മറ്റ് നിര്‍ധന ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുകയുമാണ് സമരത്തിന്റെ ലക്ഷ്യം. ഈ സമരം ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ളതാണ്. വയനാട്ടിലെ ഭൂപ്രശ്നം സമൂഹത്തിന്റെയും കോടതിയുടെയും സജീവ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമരത്തിന് കഴിഞ്ഞു. ആദിവാസികളുടെയും മറ്റ് ഭൂരഹിതരുടെയും പ്രശ്നങ്ങള്‍ക്ക് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ടി പന്തുണ നല്‍കിയിട്ടുണ്ട്. അതാണ് വയനാട്ടിലും തുടരുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വെള്ളാരംകുന്ന് സമരകേന്ദ്രത്തിലെത്തിയ ഇ പി ജയരാജനെ ആദിവാസികള്‍ സ്വീകരിച്ചു. യോഗത്തില്‍ സീത ബാലന്‍ അധ്യക്ഷയായി. പി വാസുദേവന്‍ സ്വാഗതം പറഞ്ഞു. ചുണ്ടേല്‍ സമരകേന്ദ്രത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സ്വരാജ് സംസാരിച്ചു. പ്രദീപന്‍ അധ്യക്ഷനായി. ജി സന്തോഷ്കുമാര്‍ സ്വാഗതവും സബിത നന്ദിയും പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സെക്രട്ടറിയറ്റ് അംഗം എം വേലായുധന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി ശങ്കരന്‍നമ്പ്യാര്‍, കെ എസ് ബാബു, പി കൃഷ്ണപ്രസാദ് എംഎല്‍എ, പി ഗഗാറിന്‍, വി ഉഷാകുമാരി, എകെഎസ് സംസ്ഥാന ട്രഷറര്‍ വി കേശവന്‍ എന്നിവര്‍ സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം.

സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം.
വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വത്വരാഷ്ട്രീയം. കമ്യൂണിസ്റുകാര്‍ വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്നത്. സ്വത്വരാഷ്ട്രീയം ദേശീയവും ജാതീയവും ലിംഗപരവുമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്നങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകം വിവിധ സ്വത്വങ്ങളുടെ കൂടിച്ചേരലാണെന്നും അതില്‍ ഓരോന്നിന്റെയും പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത് എന്നും ഇവര്‍ പറയുന്നു. വര്‍ഗപരമായ കാഴ്ചപ്പാടുകളെയും സമഗ്രമായ രാഷ്ട്രീയ തത്വങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നതല്ല. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്നതല്ല. അതിന് കൃത്യമായ സാമ്പത്തിക അടിത്തറയുണ്ട്. ധനമൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരമെന്ന സമീപനം എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാട്. ഇതിനായി വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതനമായ ശാസ്ത്ര-സാങ്കേതികരംഗത്തെ വികാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ലോകമുതലാളിത്തം ഇത്തരത്തില്‍ സാമ്രാജ്യത്വത്തിന്റെ പുതിയ തലത്തിലേക്ക് വികസിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോഷ്യലിസ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റത്. ഈ ഘട്ടത്തില്‍ സോഷ്യലിസംതന്നെ കാലഹരണപ്പെട്ടുപോയി എന്ന പ്രചാരവേലയും ഉയര്‍ന്നുവന്നു. മുതലാളിത്തം ചരിത്രത്തിന്റെതന്നെ അവസാനമാണെന്നും കൊട്ടിഘോഷിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സമഗ്ര സിദ്ധാന്തങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമുള്ള പ്രചാരവേലയുണ്ടായി. ഉത്തരാധുനികത എന്നത് ഈ പശ്ചാത്തലത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഈ ആശയത്തിന് എന്‍ജിഒകളെയും മാധ്യമങ്ങളുടെ സാധ്യതയെയും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരവേല സംഘടിപ്പിച്ചു. വര്‍ഗസമരം എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും ഇനി അത്തരത്തിലുള്ള വിപ്ളവ സങ്കല്‍പ്പങ്ങളൊന്നും സാധ്യമല്ലെന്നുമുള്ള സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ലോകത്താകമാനം പ്രത്യക്ഷപ്പെട്ടു. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന കാഴ്ചപ്പാട് ദുര്‍ബലപ്പെട്ടതോടെ വംശീയ സ്വത്വങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും ജനങ്ങള്‍ തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കി. ഇതിന്റെ ഫലമായി രാജ്യങ്ങള്‍ ശിഥിലമാകുന്ന നിലയുണ്ടായി. യൂഗോസ്ളാവിയ തന്നെ പല രാഷ്ട്രങ്ങളായി പിരിഞ്ഞു. ഈ സ്ഥിതിവിശേഷം ഉണ്ടായത് അവിടങ്ങളില്‍ ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ശിഥിലമായ രാജ്യങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് എളുപ്പമായി. ഇത്തരം അനുഭവങ്ങള്‍ വിവിധ സ്വത്വങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് തങ്ങളുടെ അജന്‍ഡയാക്കി കൊണ്ടുനടക്കുന്നിടത്തേക്ക് സാമ്രാജ്യത്വത്തെ നയിച്ചു. ദാര്‍ശനികമായി സാമ്രാജ്യത്വ ആധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ സ്വത്വരാഷ്ട്രീയത്തെയും ഗാഢമായി പുണര്‍ന്നു. സാമുവല്‍ ഹണ്ടിങ്ടനെപ്പോലെയുള്ള തത്വചിന്തകര്‍ സ്വത്വരാഷ്ട്രീയത്തിന്റെ വരവിനെ സ്വാഗതംചെയ്യുന്നത് പുതിയ സാമൂഹ്യ മുന്നേറ്റങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ്. ആഗോള രാഷ്ട്രീയം സാംസ്കാരിക വ്യത്യസ്തതകള്‍ക്ക് അനുരൂപമായി പുനര്‍രചിക്കപ്പെടുകയാണ് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ പരാജയത്തില്‍നിന്നാണ് സ്വത്വരാഷ്ട്രീയം വികസിക്കുന്നതെന്നും ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകമായും ഈ സമീപനത്തെ അദ്ദേഹം കാണുന്നു. സമഗ്രമായ കാഴ്ചപ്പാടുകള്‍ക്ക് പകരമായി ശിഥിലമായ കാഴ്ചകളെ സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ സൈദ്ധാന്തിക സമീപനം സ്വത്വരാഷ്ട്രീയം പുലര്‍ത്തുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇത്. ആധുനിക ചിന്താപദ്ധതികള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൃഢമായി നിലനില്‍ക്കുകയുംചെയ്തു. അവ പ്രധാനമായും സമഗ്രമായ കാഴ്ചപ്പാടുകളും സാര്‍വത്രികമായ മൂല്യങ്ങളും മുന്നോട്ടുവച്ചു. 'സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന കാഴ്ചപ്പാട് ഉയര്‍ന്നുവരുന്ന തരത്തില്‍ ഇത്തരം ചിന്താഗതികള്‍ എത്തിച്ചേരുകയുംചെയ്തു. ഈ സമഗ്രതയെ തകര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ബൂര്‍ഷ്വാസി മുന്നോട്ടുവച്ച സമഗ്ര ധാരണകളെപ്പോലും തകര്‍ക്കുക എന്ന നിലയാണ് ഈ ആശയഗതിയില്‍ അടങ്ങിയിരിക്കുന്നത്. സ്വത്വബോധം മുന്‍കാലങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയവും വംശപരവുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളും എന്ന നിലയിലായിരുന്നു ഇവ നിലകൊണ്ടിരുന്നത്. മതത്തിന്റെയും ദേശീയതയുടെയും പശ്ചാത്തലം ഇതിനുണ്ടായിരുന്നെങ്കിലും ഇതിനകത്ത് വ്യത്യസ്തമായ സമുദായങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലയും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനകത്തുപോലും വ്യത്യസ്തമായ നിരവധി സ്വത്വങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നു കാണാം. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ സ്വത്വസങ്കല്‍പ്പം വര്‍ഗമെന്ന സങ്കല്‍പ്പത്തെ നിഷേധിക്കുകയും ശകലീകൃതമായ സ്വത്വങ്ങള്‍ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്നുവരേണ്ട വര്‍ഗബോധത്തെ തടയുകയുംചെയ്യുന്നു. സ്വത്വരാഷ്ട്രീയം പ്രത്യേക സ്വത്വങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിലൂടെ ആ ജനവിഭാഗങ്ങളുടെ അത്തരത്തിലുള്ള ബോധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് തികച്ചും പരിമിതമായ കാര്യമാണ്. വിശാല അര്‍ഥത്തില്‍ പിന്തിരിപ്പനുമാണ്. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെ ചെറുത്തു തോല്‍പ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തില്‍നിന്ന് വിവിധ സ്വത്വവിഭാഗങ്ങളെ അടര്‍ത്തിമാറ്റുക എന്ന കാര്യമാണ് ഇതിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്. ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഒരു പ്രത്യേക അടിച്ചമര്‍ത്തലിനെ മനസ്സിലാക്കാനും അനുഭവവേദ്യമാക്കാനും ആ സ്വത്വത്തില്‍പെട്ട ആളുകള്‍ക്കു മാത്രമേ കഴിയൂ എന്ന സിന്താദ്ധമാണ്. ഇതിന്റെ ഫലമായി അത്തരം പോരാട്ടങ്ങളില്‍ അണിചേരേണ്ട മറ്റു വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായി ഉയര്‍ന്നുവരേണ്ട പൊതുവായ പോരാട്ടങ്ങളെ അത് ശിഥിലമാക്കുന്നു. വംശീയമര്‍ദനം അനുഭവിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാവൂ എന്നു പറഞ്ഞ് പൊതുപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ തകര്‍ക്കുന്നു. ഇത്തരം ആശയം 1960 കളില്‍ അമേരിക്കയില്‍ നടന്നതുപോലുള്ള പൌരാവകാശപ്രസ്ഥാനം എന്ന നിലയിലുള്ള ജനാധിപത്യപരമായ മുന്നോട്ടുപോക്കിനെപ്പോലും തടസ്സപ്പെടുത്തുന്നു. സ്വത്വരാഷ്ട്രീയം വര്‍ഗത്തെത്തന്നെ ഒരു വിധത്തിലുള്ള സ്വത്വമായാണ് കാണുന്നത്. വര്‍ഗചൂഷണം എന്ന കാഴ്ചപ്പാടിനെ സ്വത്വരാഷ്ട്രീയം നിരാകരിക്കുന്നു. മുതലാളിത്തത്തിന്റെ കീഴിലുള്ള വര്‍ഗ ചൂഷണത്തിന്റെ അടിസ്ഥാനത്തെയും ഭരണവര്‍ഗങ്ങളുടെ നിയന്ത്രണത്തിലുള്ള വര്‍ഗവിഭജിത സമൂഹം എന്ന സങ്കല്‍പ്പത്തെയും അത് അംഗീകരിക്കുന്നില്ല. ചൂഷണം വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണത്തെ സംബന്ധിച്ച ബോധത്തെ വ്യക്തിയുടെ ബോധനിലവാരത്തെ ആശ്രയിച്ചുള്ള ആത്മനിഷ്ഠതയുമായാണ് മാര്‍ക്സിസം കാണുന്നത്. സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെതന്നെ അത് അനുഭവിക്കുന്ന വ്യക്തിയെ ആശ്രയിച്ചുള്ള ആത്മനിഷ്ഠ ഘടകമായായാണ് കാണുന്നത്. ഈ സമീപനത്തിലൂടെ തൊഴിലാളിവര്‍ഗത്തെ സ്ത്രീ എന്ന നിലയിലും പുരുഷനെന്ന നിലയിലും ദളിതരെന്ന നിലയിലും മറ്റ് ജാതിസ്വത്വങ്ങളുടെ അടിസ്ഥാനത്തിലും ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലും വംശീയ ഉല്‍പ്പത്തിയുടെ അടിസ്ഥാനത്തിലും വീണ്ടും വേര്‍തിരിക്കേണ്ടിവരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗമെന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കലായിത്തീരുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ മറ്റു വര്‍ഗവിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടിന്റെ നിഷേധംതന്നെയായി ഇത് മാറുന്നു. ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് വ്യക്തിഗതമായ പദവി മാറ്റം, വിഭവങ്ങളില്‍ തങ്ങളുടെ ഓഹരികള്‍ നേടുക എന്നിവയാണ്. മാത്രമല്ല, ചില വിഭാഗങ്ങള്‍ക്കിടയിലുള്ള പരിമിതമായ സഹകരണമോ കിടമത്സരമായോ ഇത് മാറുന്നു. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും നിലവിലുള്ള വ്യവസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങള്‍ക്കും ആഗോളമൂലധന ശക്തികള്‍ക്കും ആശയപരമായി അനുയോജ്യമായ ഒന്നായി സ്വത്വരാഷ്ട്രീയം മാറുന്നു. അല്‍പ്പ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ വിവിധ ജീവിത ശൈലികള്‍ മുന്നോട്ടുവച്ച് ഉപഭോഗസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് ഇതിന് അനുയോജ്യമായ വ്യവഹാരമാതൃകകളും ചരക്കുകളും രൂപകല്‍പ്പനചെയ്ത് വിപണിയില്‍ ഇറക്കുകയുംചെയ്യുന്നു. ഇങ്ങനെ ശിഥിലീകൃതമായിത്തീരുന്ന ജനതയുടെ ഇടയിലേക്ക് നുഴഞ്ഞുകയറുന്നതിന് ആഗോളമുതലാളിത്തത്തെ സ്വത്വരാഷ്ട്രീയം സഹായിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുകയും ഏറ്റുമുട്ടിക്കുകയുംചെയ്യുക എന്നതാണ് ബൂര്‍ഷ്വാവര്‍ഗത്തിന് താല്‍പ്പര്യമുള്ള കാര്യം. അതുകൊണ്ടുതന്നെ വര്‍ഗപ്രസ്ഥാനത്തെ നേരിടാനുള്ള ഒരായുധമായി അവര്‍ സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നു. സ്വത്വബോധം സ്ഥാപിച്ചെടുക്കുന്നതുതന്നെ അതേ വ്യക്തിയുടെതന്നെ മറ്റു ഭാവങ്ങളെ നിഷേധിച്ചുകൊണ്ടാണ്. കറുത്ത തൊഴിലാളിയെ കറുത്തവന്‍ എന്ന നിലയില്‍ കാണുന്നു. തൊഴിലാളി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. തൊഴിലാളിസ്ത്രീ അവരുടെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്നു. തൊഴിലാളി എന്ന ഭാഗം പരിഗണിക്കപ്പെടുന്നുമില്ല. ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിഭാഗങ്ങള്‍ തമ്മില്‍ സഖ്യമുണ്ടാക്കുക എന്നതില്‍ക്കവിഞ്ഞ് വ്യവസ്ഥയെ മാറ്റുന്നതിനുള്ള സമരങ്ങളിലേക്ക് ജനങ്ങളെ ആകെ ഐക്യപ്പെടുത്തുന്നതിലേക്ക് തടസ്സം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയം ആഗോളമൂലധനശക്തികള്‍ക്ക് ഇന്ന് ഇഷ്ടവിഷയമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് ഏതെങ്കിലും വിഭാഗത്തെ കൈപിടിച്ചുയര്‍ത്താനല്ല ജനങ്ങളുടെ യോജിച്ച സമരത്തെയും വ്യവസ്ഥയെ തകര്‍ക്കാനുള്ള സമരമുന്നണിയെയും നിഷ്ക്രിയമാക്കാനോ ദുര്‍ബലമാക്കാനോ ആണ്. ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വിവിധ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ പരിഗണിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുമായുള്ള വിശാലമായ ഐക്യമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ അടിച്ചമര്‍ത്തലുകള്‍ക്ക് പൊതുവായ അടിസ്ഥാനമില്ലെന്ന് ഇവര്‍ പഠിപ്പിക്കുന്നു. അവരുടെ സ്വത്വവും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുംമാത്രമാണ് യാഥാര്‍ഥ്യമെന്ന ബോധം ജനങ്ങളില്‍ കുത്തിവച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇതില്‍ ഉന്നയിക്കുന്നതുപോലെ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ട് അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. മുതലാളിത്ത വ്യവസ്ഥിതി മാറ്റമില്ലാതെ തുടരുന്നിടത്തോളം കാലം ചൂഷണത്തിന് അറുതിയാകുന്നില്ല എന്ന കാര്യം മൂടിവയ്ക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. പല സന്നദ്ധസംഘടനകളിലൂടെയും എന്‍ജിഒകളിലൂടെ
എം വി ഗോവിന്ദന്‍