ഈ.. മുടിയനായ ധൂര്‍ത്തുപുത്രന്‍ നാട് കുട്ടിച്ചോറാക്കും .
മുടിയനായ ധൂര്‍ത്തുപുത്രന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. ജീവിത യാഥാര്‍ഥ്യമാണ്. ലാഭകരമായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കാന്‍ തീരുമാനിച്ച മന്‍മോഹന്‍സിങ്ങിന്റെ യുപിഎ സര്‍ക്കാര്‍ യഥാര്‍ഥ ധൂര്‍ത്തുപുത്രന്റെ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന 104 പൊതുമേഖലാസ്ഥാപനത്തിന്റെ പത്ത് ശതമാനം വീതം ഓഹരി ഉടന്‍തന്നെ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കണമെന്ന് ജൂനിയര്‍ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നുപോലും. പടുത്തുയര്‍ത്താന്‍ വളരെ പ്രയാസമുണ്ട.് ഇന്ത്യയിലെ പ്രതിബദ്ധതയുള്ള തൊഴിലാളികളുടെ ചോരയും വിയര്‍പ്പുമാണ് പൊതുമേഖലാസ്ഥാപനങ്ങള്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി മഹാനായ ജവാഹര്‍ലാല്‍ നെഹ്റുവാണ് അതിന്റെ ശില്‍പ്പി. അത് വിറ്റു തുലയ്ക്കാന്‍ യുപിഎ സര്‍ക്കാരിന് വളരെ എളുപ്പമാണ്. അതിന്റെ പിറകിലുള്ള കടുത്ത അഴിമതിയുടെ കഥകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഒരു സര്‍ക്കാര്‍ മുടിയനായ പുത്രന്റെ മാതൃക ഏറ്റെടുത്താല്‍ നാട് നശിക്കാന്‍ മറ്റെന്താണ് വേണ്ടത്. 1990കളില്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണ് സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്ന ത്രിവിധ മന്ത്രോച്ചാരണം ഉള്‍ക്കൊള്ളുന്ന ആഗോളവല്‍ക്കരണനയം നടപ്പാക്കാന്‍ തീരുമാനമെടുത്തത്. അന്നുമുതല്‍ ഇന്നേവരെ ഇന്ത്യയുടെ ലാഭകരമായി നടക്കുന്ന പൊതുമേഖലയിലായിരുന്നു കോര്‍പറേറ്റ് മാനേജ്മെന്റുകളുടെയും ലാഭക്കൊതിയന്മാരുടെയും കഴുകന്‍ കണ്ണ്. പൊതുജനങ്ങളുടെയും സംഘടിത തൊഴിലാളിവര്‍ഗത്തിന്റെയും എതിര്‍പ്പ് കാരണമാണ് വില്‍പ്പന ഇതേവരെ വ്യാപകമായി നടക്കാതെപോയത്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയ പൊതുമിനിമം പരിപാടി ആവിഷ്കരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. നവരത്നങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുകയില്ലെന്നും സംരക്ഷിക്കുമെന്നും പരിപാടിയില്‍ എടുത്തുപറഞ്ഞു. നഷ്ടത്തിലായവ ലാഭത്തിലേക്കെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നിട്ടും ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാന്‍ നടപടി ആരംഭിച്ചു. 49 ശതമാനംവരെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണമല്ലെന്നായിരുന്നു മുടന്തന്‍ന്യായം. ഇടതുപക്ഷത്തെ ആശ്രയിച്ചുമാത്രം നിലനില്‍പ്പുള്ള യുപിഎ സര്‍ക്കാരിന് സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അന്ന് കഴിയുമായിരുന്നില്ല. ഇടതുപക്ഷം ഏകോപനസമിതിയില്‍നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ സോണിയ ഗാന്ധി ഇടപെട്ട് ഇടതുപക്ഷനേതാക്കളുമായി സംസാരിച്ച് വില്‍പ്പന മാറ്റിവച്ചു. വീണ്ടും അതേ സര്‍ക്കാര്‍ നാഷണല്‍ അലുമിനിയം കമ്പനിയുടെയും നെയ്വേലി ലിഗ്നൈറ്റ് കമ്പനിയുടെയും ഓഹരി വില്‍ക്കാന്‍ ശ്രമം നടത്തി. അന്ന് തൊഴിലാളിവര്‍ഗവും ഇടതുപക്ഷപാര്‍ടികളും മാത്രമല്ല ഡിഎംകെ നേതാവ് കരുണാനിധിവരെ സ്വകാര്യവല്‍ക്കരണത്തിനെതിരായി ശബ്ദമുയര്‍ത്തി. മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുമെന്ന് ഡിഎംകെ ഭീഷണിമുഴക്കി. അതോടെ വില്‍പ്പന ശ്രമത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതമായി. ഇതൊക്കെ സാഹചര്യത്തിന്റെ നിര്‍ബന്ധംമൂലമായിരുന്നു. സ്വേച്ഛാധിപത്യപരമായി തീരുമാനമെടുക്കാന്‍ കോഗ്രസിന് കഴിയുമായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. തെരഞ്ഞെടുപ്പില്‍ കോഗ്രസിന്റെ സീറ്റില്‍ 61ന്റെ വര്‍ധനയുണ്ടായി. യുപിഎയ്ക്ക് 260 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 12 സീറ്റ് കുറവാണെങ്കില്‍പോലും പ്രതിപക്ഷം ദുര്‍ബലമാവുകയും വെല്ലുവിളി ഇല്ലാതാകുകയും ചെയ്തതോടെ ജനവിരുദ്ധനയങ്ങളുമായി ഒരു കടിഞ്ഞാണുമില്ലാതെ മുമ്പോട്ടുപോകാന്‍ കഴിയുമെന്ന അഹന്തയും തനി ധിക്കാരവും നിറഞ്ഞ സമീപനത്തിലേക്ക് വീണ്ടും കോഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നു. അതോടെ വോട്ടുചെയ്ത് ജയിപ്പിച്ച് അധികാരത്തിലെത്തിച്ച സമ്മതിദായകരെ വെല്ലുവിളിക്കാമെന്നായിരിക്കുന്നു. പരാജയത്തില്‍നിന്ന് എന്തെങ്കിലും പാഠം പഠിക്കാന്‍ ഒരിക്കലും തയ്യാറില്ലാത്ത പാര്‍ടിയാണ് കോഗ്രസെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഒന്നാംഘട്ടത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസിന് മൂക്കിനുതാഴെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും ഹരിയാനയില്‍ 10ല്‍ 9 സീറ്റ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞ കോഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90ല്‍ 40 മാത്രമേ ലഭിച്ചുള്ളൂവെന്നത് ഒരു പാഠമാകേണ്ടതാണ്. മഹാരാഷ്ട്രയില്‍ പകുതി സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതില്‍തന്നെ കോഗ്രസിന് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷിയായ എന്‍സിപിക്ക് 16.4 ശതമാനം വോട്ട് ലഭിച്ചു. രണ്ടുംചേര്‍ന്നാല്‍ 37.4 ശതമാനം മാത്രം. അതായത് 62.6 ശതമാനം കോഗ്രസിനെതിരാണെന്ന കാര്യം സൌകര്യപൂര്‍വം മറച്ചുപിടിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൊത്തം സമ്മതിദായകരില്‍ നാലിലൊന്നിന്റെ പിന്തുണ മാത്രമേ കോഗ്രസിന് ലഭിച്ചിട്ടുള്ളൂ. സ്വകാര്യവല്‍ക്കരണനയത്തിന്റെ ഉറച്ച നിലപാട് കൈക്കൊള്ളുന്ന കോഗ്രസും ബിജെപിയും ചേര്‍ന്നാലും 48 ശതമാനത്തിന്റെ പിന്തുണ മാത്രമേയുള്ളൂവെന്ന് കോഗ്രസ് ഓര്‍ക്കണം. 1946ല്‍ ടാറ്റാ-ബിര്‍ലാ പ്ളാനിന്റെ (ബോംബെ പ്ളാന്‍) ഭാഗമായാണ് മിശ്രസമ്പദ്വ്യവസ്ഥ ഇന്ത്യ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് സോവിയറ്റ് യൂണിയനിലെ സ്റാലിന്റെ ആസൂത്രണ സാമ്പത്തികനയം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, അത് സോഷ്യലിസമല്ലെന്നും സോഷ്യലിസ്റ് മാതൃകയിലുള്ള ആവഡി സോഷ്യലിസമാണെന്നും പ്രഖ്യാപിച്ചു. ഘനവ്യവസായങ്ങളും (ഹെവി ഇന്‍ഡസ്ട്രി) മര്‍മപ്രധാന വ്യവസായങ്ങളും (കീ ഇന്‍ഡസ്ട്രീസ്) പൊതുമേഖലയില്‍ ആയിരിക്കണമെന്നാണ് നിശ്ചയിച്ചത്. ഇത്തരം വ്യവസായങ്ങള്‍ക്ക് കനത്ത മൂലധനം വേണം. പെട്ടെന്ന് അമിതലാഭം കൊയ്തെടുക്കാന്‍ സാധ്യവുമല്ല. അന്ന് വന്‍കിട മുതലാളിമാരുടെ കൈവശം വന്‍മൂലധനമിറക്കാന്‍ മാത്രമുള്ള പണം ഉണ്ടായിരുന്നില്ലതാനും. പെട്ടെന്ന് വന്‍ലാഭം ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന ഉപഭോക്തൃവസ്തുനിര്‍മാണം, ആഡംബര വസ്തുക്കളുടെ നിര്‍മാണം ഇവയിലാണ് വന്‍കിടക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് നല്ല ഫലം കാണുകയുംചെയ്തു. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ ഒന്‍പത് ശതകോടീശ്വരന്മാരുള്ളത് 2008ല്‍ 53 ആയി ഉയര്‍ന്നുവെന്നോര്‍ക്കണം. അവര്‍ക്കിപ്പോള്‍ ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങള്‍ കെട്ടവിലയ്ക്ക് ചുളുവില്‍ വാങ്ങി കൈവശം വച്ച് കൊള്ളലാഭമടിക്കാന്‍ സൌകര്യം വേണം. അവരാണ് രാജ്യം യഥാര്‍ഥത്തില്‍ ഭരിക്കുന്നത്. അവരാണ് കോഗ്രസിനെ ജയിപ്പിക്കാന്‍ കോടികള്‍ ചെലവിട്ടത്. പൊന്‍മുട്ടയിടുന്ന താറാവെന്ന് വിശേഷിപ്പിക്കാവുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കാനാണ് പടിപടിയായുള്ള ഓഹരി വില്‍പ്പന. ഇത് ആപത്താണ്. നാടാകെ വിറ്റുതുലയ്ക്കുന്ന ഏര്‍പ്പാടാണ്. ഇതനുവദിക്കാന്‍ പാടില്ല. ഈ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളുടെ മാന്‍ഡേറ്റില്ല. നാടിന്റെ സ്വത്ത് വില്‍പ്പന ഭരണഘടനാവിരുദ്ധ നടപടിയാണ്. ഇന്ത്യയിലെ ഉദ്ബുദ്ധരായ ജനത ഇതനുവദിക്കാന്‍ പോകുന്നില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുടിയനായ പുത്രനാണെന്ന് ചരിത്രം രേഖപ്പെടുത്തും.
from deshabhimani