Tuesday, October 19, 2010

അടിസ്ഥാന ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം

അടിസ്ഥാന ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം


കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തെ കൈയൊഴിഞ്ഞ് സമ്പന്നര്‍ക്ക് നേട്ടമുണ്ടാക്കുന്ന ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ക്ക് വ്യത്യസ്തമായി പാവപ്പെട്ടവര്‍ക്ക് അനുകൂലമായി ബദല്‍ വികസന കാഴ്ചപ്പാട് മുന്നോട്ട് വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് കര്‍ഷകത്തൊഴിലാളികള്‍ പ്രയാസകരമായ സ്ഥിതിയിലായിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍മാത്രം 151 കോടി രൂപ കുടിശ്ശിക. കര്‍ഷകത്തൊഴിലാളികള്‍ വിവാഹ ധനസഹായത്തിന് സമര്‍പ്പിച്ച ഏകദേശം 45,000 അപേക്ഷ കെട്ടിക്കിടന്നു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അഗതി പെന്‍ഷനും വിധവാ പെന്‍ഷനുംപോലും ലഭിക്കുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. കടക്കെണിയില്‍ സംസ്ഥാനത്തെ എത്തിച്ച് എല്ലാ ആനുകൂല്യങ്ങളും അതിന്റെ പേരില്‍ നിഷേധിക്കുകയായിരുന്നു യുഡിഎഫ്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമേറ്റതോടെ എല്ലാ ക്ഷേമ പെന്‍ഷനുകളുടെയും കുടിശ്ശിക വിതരണംചെയ്തു. ഓണത്തോടനുബന്ധിച്ച് പെന്‍ഷന്‍തുക മുന്‍കൂര്‍ നല്‍കി. 110 രൂപയായിരുന്ന ക്ഷേമപെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ഒരു ക്ഷേമപെന്‍ഷനും ലഭിക്കാത്ത 65 കഴിഞ്ഞവര്‍ക്ക് പ്രതിമാസം 100 രൂപ നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കി. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 35 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപയ്ക്ക് അരി നല്‍കി. അത് 41 ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന പത്തുലക്ഷത്തോളം തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി തുടങ്ങി. സംസ്ഥാനത്തൊട്ടാകെ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ ഈ ക്ഷേമനിധിയില്‍ രജിസ്റര്‍ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ സര്‍ക്കാര്‍ തയ്യാറായി. നിലത്തെഴുത്താശാന്മാര്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും ക്ഷേമനിധി നിയമം കൊണ്ടുവന്നു. ചെറുകിട തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി നിയമം കൊണ്ടുവന്നു. ആഭരണത്തൊഴിലാളികള്‍ക്ക് പുതിയ ക്ഷേമനിധി ഏര്‍പ്പെടുത്തി. കുടിയേറ്റ തൊഴിലാളികള്‍ക്കും ക്ഷേമനിധി നടപ്പാക്കി. എല്ലാ മേഖലയിലെയും മിനിമം കൂലി വര്‍ധിപ്പിച്ചു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ തൊഴിലാളി വിഹിതത്തിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കാനും ഭൂവുടമയുടെ വിഹിതം കൂട്ടാനും ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യം വര്‍ധിപ്പിക്കാനും അംശാദായം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 58 വയസ്സായി നിജപ്പെടുത്തി. കള്ളുവ്യവസായ തൊഴിലാളികളുടെ പെന്‍ഷനും, അപകടമോ അപകട മരണമോ സംഭവിക്കുന്ന തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ആനുകൂല്യങ്ങളും കൂട്ടാന്‍ നിയമ ഭേദഗതി പാസാക്കി. ഇതനുസരിച്ച് കുറഞ്ഞ പെന്‍ഷന്‍ 150ല്‍ നിന്ന് 500 രൂപയാക്കി. അപകടങ്ങളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് പരമാവധി 25,000 രൂപ ലഭിക്കുന്നതിനുള്ള നിയമം നടപ്പാക്കി. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് സഹായം നല്‍കാന്‍ സാന്ത്വനം പദ്ധതി നടപ്പാക്കി. തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ 250 രൂപയും കൂടിയത് 450 രൂപയുമാക്കി വര്‍ധിപ്പിച്ചു. തൊഴിലാളികള്‍ക്കുള്ള ചികിത്സാ ധനസഹായമെല്ലാം വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഇരട്ടിയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇഎസ്ഐ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം 3.95 ലക്ഷമായിരുന്നത് 7.8 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വീടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ വിഭാഗങ്ങള്‍ക്കെല്ലാം വീട് ലഭിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ്. ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യവര്‍ഷത്തില്‍ മൂന്നു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഗ്രാമീണമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇതുവരെ 19 ലക്ഷം കുടുംബങ്ങള്‍ക്ക് 549.7 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിക്കൊണ്ട് 806 കോടി രൂപ കേരളത്തില്‍ ചെലവഴിച്ചുകഴിഞ്ഞു. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും തൊഴില്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ഒരു കുടുംബത്തില്‍ നൂറ് ദിവസം തൊഴിലുറപ്പ് നല്‍കുന്ന ഈ പദ്ധതി രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് സഹായകമാകും. യുഡിഎഫ് കാലത്ത് പൊതുവിതരണത്തിനായി ചെലവഴിച്ചത് 35.4 കോടി രൂപയാണ്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷംമാത്രം ചെലവഴിച്ച തുക 200 കോടി രൂപയാണ്. 50 മാവേലിസ്റോറും 20 മെഡിക്കല്‍ സ്റോറും പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് 2006 മുതല്‍ 20 ലക്ഷം ഓണക്കിറ്റ് വീതം സൌജന്യമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തുവരുന്നു. ഇതിനായി 6.5 കോടി രൂപ പ്രതിവര്‍ഷം ചെലവഴിക്കുന്നു. ഓണക്കാലത്ത് കാര്‍ഡുടമകള്‍ക്ക് 25-35 കിലോഗ്രാം വീതം അരിയും ഒന്നരക്കിലോ പഞ്ചസാരയും വിതരണംചെയ്തു. പകര്‍ച്ചപ്പനി കാരണം ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ അഞ്ചുലക്ഷത്തിലധികം ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണംചെയ്തു. ഇതിനായി 9 കോടി രൂപ ചെലവഴിച്ചു. സ്കൂള്‍ക്കുട്ടികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5 കിലോ അരിയും വിതരണംചെയ്തു. 2009-10 സാമ്പത്തികവര്‍ഷം സപ്ളൈകോ 2284 കോടി രൂപയുടെ റെക്കോഡ് വില്‍പ്പന നടത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇടപെട്ടു. ഇവിടെ പൊതുമാര്‍ക്കറ്റിനെ അപേക്ഷിച്ച് 70 ശതമാനംവരെ വിലക്കുറവുണ്ടായിരുന്നു. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഭക്ഷ്യസുരക്ഷാപദ്ധതിതന്നെ ഇതിന്റെ ഭാഗമായി നടപ്പാക്കി. ഭക്ഷ്യവിളകളായ നെല്ല്, പച്ചക്കറി എന്നിവയുടെ ഉല്‍പ്പാദനവും ഇതിന്റെ ഫലമായി വര്‍ധിപ്പിച്ചു. ഇതിനായിമാത്രം 36 കോടി രൂപയാണ് 2009-10 ല്‍ നീക്കിവച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയിലെ ആത്മഹത്യകള്‍ ഇല്ലാതായി എന്നു മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടന 2.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുകയുംചെയ്തു. ദേശീയതലത്തില്‍ കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് സംസ്ഥാനത്ത് ഈ സ്ഥിതിവിശേഷമുണ്ടായത്. നെല്‍കൃഷി സംരക്ഷണത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കൂടി കണ്ടുകൊണ്ടു നിലപാട് ഈ സര്‍ക്കാര്‍ സ്വീകരിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി. നെല്‍കൃഷിക്കായി നടത്തിയ പദ്ധതിയിലൂടെമാത്രം പതിനയ്യായിരത്തോളം ഹെക്ടര്‍ തരിശുഭൂമി വീണ്ടും കൃഷിയോഗ്യമായി. തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളില്‍ നെല്ലുല്‍പ്പാദനത്തിനായി 173.64 ലക്ഷം രൂപ അനുവദിച്ചു. പാലക്കാടന്‍ മേഖലയില്‍ 4.2 കോടി രൂപയുടെയും സവിശേഷ പദ്ധതികള്‍ ആവിഷ്കരിച്ചു. കുട്ടനാട്ടിലെ നെല്ലുല്‍പ്പാദനത്തിനായി 2.5 കോടി രൂപയുടെ പദ്ധതിയും ആധുനികവല്‍ക്കരണത്തിന് 1.8 കോടി രൂപയുടെയും പദ്ധതി നടപ്പാക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്ന 40.84 കോടി രൂപയുടെ വിദ്യാഭ്യാസാനുകൂല്യം വിതരണംചെയ്തു. 14.64 കോടി രൂപ ചെലവഴിച്ച് ഹോസ്റല്‍ കെട്ടിടം നവീകരിച്ചു. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളോ സഹകരണ സ്ഥാപനങ്ങളോ നടത്തുന്ന എല്ലാ സ്വാശ്രയ കോഴ്സുകള്‍ക്കും മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്സംഗ്രാന്റ്, സ്റൈപെന്‍ഡ്, പോക്കറ്റ് മണി എന്നിവ 50 ശതമാനം വര്‍ധിപ്പിച്ചു. പ്രീ-മെട്രിക് ഹോസ്റലുകളിലെ മെസ് അലവന്‍സ് 500 രൂപയില്‍നിന്ന് 1300 ആയും പോസ്റ് മെട്രിക് ഹോസ്റലുകളുടേത് 700 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തി. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്തി എംബിബിഎസിന് പ്രവേശനം നല്‍കി. ഇന്ത്യയില്‍ ആദ്യമായി 80 ശതമാനം സീറ്റ് പട്ടികവര്‍ഗങ്ങള്‍ക്കായി സംവരണംചെയ്ത് വയനാട്ടില്‍ പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ളൈഡ് സയന്‍സ് ആരംഭിച്ചു. പട്ടികവര്‍ഗ വിഭാഗക്കാര്‍ അഞ്ചുസെന്റ് വരെയുള്ള ഭൂമി വാങ്ങുമ്പോള്‍ സ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാന്‍ തീരുമാനിച്ചു. വീട് വയ്ക്കുന്നതിനായി ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം മൂന്നിരട്ടിയാക്കി. എല്ലാ ആദിവാസികള്‍ക്കും പൂര്‍ണമായും സൌജന്യമായി ചികിത്സ ലഭിക്കുന്ന ആരോഗ്യ ചികിത്സാ പദ്ധതി ഇന്ത്യയില്‍ത്തന്നെ ആദ്യമായി നടപ്പാക്കി. ആദിവാസി വനാവകാശ നിയമം ആദ്യമായി നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. ഈ നിയമപ്രകാരം 7882 കുടുംബങ്ങള്‍ക്ക് 7900 ഏക്കര്‍ ഭൂമി നല്‍കി. 7826 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 24.85 ഹെക്ടര്‍ ഭൂമി നല്‍കി. 9.58 കോടി രൂപ ചെലവില്‍ 1131 പട്ടികജാതി കോളനികളും 13.66 കോടി രൂപ ചെലവില്‍ 217 പട്ടികവര്‍ഗ കോളനികളും വൈദ്യുതീകരിച്ചു. 19.78 കോടി രൂപ ചെലവില്‍ 1467 പട്ടികജാതി കോളനികളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി. പട്ടികവിഭാഗം പെകുട്ടികളുടെ വിവാഹ ധനസഹായത്തുക 5,000-ത്തില്‍നിന്ന് 10,000 ആയി വര്‍ധിപ്പിച്ചു. പുതിയ ബജറ്റില്‍ അത് 20,000 ആക്കി ഉയര്‍ത്തുന്നതിന് തീരുമാനമെടുത്തു. അടിസ്ഥാന ജനവിഭാഗങ്ങളെ കൈയൊഴിയുക എന്ന ആഗോളവല്‍ക്കരണനയത്തിനു ബദലായി അത്തരം വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക എന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ ഫലമായി സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെട്ടു. 2 രൂപയ്ക്ക് അരി, വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീട്, എല്ലാവര്‍ക്കും വൈദ്യുതിയും കുടിവെള്ളവും എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം എത്താന്‍ പോവുകയാണ്. ഇങ്ങനെ അടിസ്ഥാന ജനവിഭാഗത്തെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരാന്‍ ഉതകുന്നവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം മാറ്റിയെടുക്കാനാകും. അതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത് കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വര്‍ഗത്തിന്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയണം.
എം വി ഗോവിന്ദന്‍