മാവോയിസ്റ്റുകള്‍ നരവേട്ട തുടരുന്നു,പ്രതിരോധിക്കാനാകാതെ കേന്ദ്രം.
നിരപരാധികളെയും പൊലീസുകാരെയും കൂട്ടക്കൊലചെയ്ത് മാവോയിസ്റ്റുകള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വ്യക്തമായ നയപരിപാടിയോ ആസൂത്രണമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പതറുന്നു. മാവോയിസ്റ്റ് ഭീഷണി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി പി ചിദംബരവും ഇപ്പോള്‍ മൌനത്തിലാണ്. ചില ഘടകകക്ഷി നേതാക്കളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആറാമത്തെ കൂട്ടക്കൊലയാണ് ബംഗാളിലേത്. ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ മിഡ്നാപ്പുരിലെ ഈസ്റ്റേണ്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമിച്ച് 22 സൈനികരെ കൊലപ്പെടുത്തിയാണ് മാവോയിസ്റ്റുകള്‍ ഈ വര്‍ഷത്തെ നരവേട്ട തുടങ്ങിയത്. ആറ് ആക്രമണത്തിലായി കൊല്ലപ്പെട്ടത് 230ലേറെ പേര്‍. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കൂടാതെയാണിത്.സാധാരണക്കാരാണ് മാവോയിസ്റ്റ് ക്രൂരതയ്ക്ക് ഇരയാകുന്നത്. അര്‍ധസേനംഗങ്ങളായി ചേര്‍ന്ന യുവാക്കളും ആദിവാസികളുമാണ് മരിച്ചവരില്‍ ഏറെയും. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടില്‍ പ്രതിഷേധിച്ച് മാവോയിസ്റുകള്‍ പ്രഖ്യാപിച്ച കറുത്തവാരത്തിന്റെ ആദ്യ ദിനമാണ് ട്രെയിന്‍ അട്ടിമറി. വരുംദിവസങ്ങളിലും സമാന ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് ജാര്‍ഗ്രാം ട്രെയിന്‍ ദുരന്തത്തിന് വഴിവച്ചത്. ഈ മേഖലകളിലൂടെ രാത്രിയില്‍ തീവണ്ടിപോകുമ്പോള്‍ ഒരു പൈലറ്റ് എന്‍ജിന്‍ മുന്നിലോടണമെന്നുണ്ട്. എന്നാല്‍, അപകടത്തില്‍പ്പെട്ട വണ്ടിക്കു മുന്നില്‍ പൈലറ്റ് എന്‍ജിന്‍ പോയിട്ടില്ല.സ്ഫോടനമാണ് ട്രെയിന്‍ അപകടകാരണമെന്ന് കേന്ദ്ര റയില്‍വേമന്ത്രി മമത ബാനര്‍ജി സമ്മതിക്കുന്നുണ്ടെങ്കിലും മാവോയിസ്റുകളെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇടതുപക്ഷ തീവ്രവാദികളെയും വലതുതീവ്രവാദികളെയും കൂടെ കൂട്ടാനുള്ള വിശാലതന്ത്രത്തിന്റെ ഭാഗമായാണ് മമത മൌനം പാലിക്കുന്നത്. മമതയുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകള്‍ നേരത്തേ മിഡ്നാപ്പുരില്‍ തങ്ങളുടെ താവളമുറപ്പിച്ചത്. ബംഗാളില്‍ മാവോയിസ്റ്റുകളെ സഹായിക്കുന്ന മമതയുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടെങ്കിലും കേന്ദ്രഭരണം നിലനിര്‍ത്താന്‍ മൌനം പാലിക്കുകയാണ്. മാവോയിസ്റ്റുകളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും ഭിന്നത രൂക്ഷമാണ്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. തനിക്ക് കാര്യമായ അധികാരമില്ലെന്ന ചിദംബരത്തിന്റെ പ്രസ്താവനയും എന്ത് അധികാരമാണ് ഇല്ലാത്തതെന്ന് വ്യക്തമാക്കണമെന്ന പ്രണബ് മുഖര്‍ജിയുടെ മറുപടിയും ഇതാണ് കാണിക്കുന്നത്. ആറോളം സംസ്ഥാനങ്ങളില്‍ നരവേട്ടയിലൂടെ ഭീതി വളര്‍ത്താന്‍ മാവോയിസ്റ്റുകള്‍ക്ക് അവസരമാകുന്നതും ഈ ഭിന്നതയാണ്.(എം പ്രശാന്ത്)