Saturday, December 19, 2009

മജീദ് പറമ്പായി 2000ല്‍ കോഗ്രസ് സ്ഥാനാര്‍ഥി

മജീദ് പറമ്പായി 2000ല്‍ കോഗ്രസ് സ്ഥാനാര്‍ഥി
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ മജീദ് പറമ്പായി 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥി. വേങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡായ കുഴിയില്‍പീടികയില്‍ സിപിഐ എമ്മിലെ ലക്ഷ്മണനെതിരെയാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ്് ഇയാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേരുകയായിരുന്നു. മജീദ് പറമ്പായിയുടെ പാര്‍ടി അംഗത്വത്തെച്ചൊല്ലി കോഗ്രസില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. ഈ പ്രശ്നത്തില്‍ യൂത്ത്കോഗ്രസ് ജില്ലാ യോഗം കൈയാങ്കളിയിലെത്തി. മജീദ് പറമ്പായിയെ അറിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോഗ്രസുകാരനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. യൂത്ത്കോഗ്രസ് യോഗത്തിലാണല്ലോ അരോപണം ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ യോഗം നടന്നതായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സുധാകരന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ ഏറെയാണ്. സിപിഐ എം ശക്തികേന്ദ്രമായ വേങ്ങാട് പഞ്ചായത്തില്‍ ഒരാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേര്‍ന്നത് ഇവര്‍ ആഘോഷിക്കുകയുമുണ്ടായി. പറമ്പായി പള്ളിക്കടുത്തു ചേര്‍ന്ന പൊതുയോഗത്തില്‍ സുധാകരനും അന്നത്തെ ഡിസിസി പ്രസിഡന്റ് സണ്ണിജോസഫും ചേര്‍ന്ന് മജീദിനെ മാലയിട്ട് സ്വീകരിച്ചു. മജീദ് കോഗ്രസ് പ്രവര്‍ത്തകനായതിനുശേഷമാണ് കളമശേരി ബസ് കത്തിക്കാനും കണ്ണൂര്‍ സിറ്റിയിലെ വിനോദ്കുമാര്‍ വധത്തിലും പങ്കാളിയായത്. ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മജീദ്. സിപിഎ എം വിരോധത്തിന്റെ പേരില്‍ ഏതു ക്രിമിനലിനെയും സാമൂഹ്യവിരുദ്ധനെയും കോഗ്രസില്‍ ചേര്‍ക്കുന്ന സുധാകരന്റെ നടപടി പാര്‍ടിക്ക് പേരുദോഷമുണ്ടാക്കിയതായി എതിര്‍ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെയും കള്ളവാറ്റുകാരെയുമൊക്കെ പാര്‍ടിയിലെടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്ന് ഒരു മുതിര്‍ന്ന കോഗ്രസ് നേതാവ് പറഞ്ഞു. സംഭവം മുന്‍ ഡിസിസി പ്രസിഡന്റിന്റെ കാലത്താണെന്ന് പറഞ്ഞ് ഇപ്പോഴത്തെ പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഒഴിഞ്ഞുമാറി. വെള്ളിയാഴ്ച നടന്ന യൂത്ത്കോഗ്രസ് ജില്ലാ നേതൃയോഗത്തില്‍ വലിയ ബഹളമാണുണ്ടായത്. കൈയാങ്കളിയിലെത്തിയപ്പോള്‍ കണ്ണൂരിന്റെ ചുമതലയുള്ള സംസ്ഥാനജനറല്‍ സെക്രട്ടറി ആര്‍ വി രാജേഷ് യോഗം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ലിജു പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. കുഴപ്പമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ലിജു പങ്കെടുക്കാതിരുന്നതെന്നും പറയുന്നു.

Monday, December 14, 2009

ഇരകളും വേട്ടക്കാരും

ഇരകളും വേട്ടക്കാരും

പി.കെ. അബ്ദുള്‍റഊഫ്‌




ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ


കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.
സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.
കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.
ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.
ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)

Saturday, December 12, 2009

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം


ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശരിയായ ദിശയിലുള്ളതല്ല. ഭീകരപ്രവര്‍ത്തനം തടയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഉന്നംവച്ചുള്ള വിവാദങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിവിട്ടത്. വിവിധ ഏജന്‍സികളും സംസ്ഥാനങ്ങളും ഉള്‍പ്പെട്ട കേസന്വേഷണത്തില്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തിവിട്ടത് യുഡിഎഫ് കവീനര്‍തന്നെയാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രശ്നം ഭീകരപ്രവര്‍ത്തനമല്ല, അന്വേഷണച്ചുമതലയുള്ള ഐജിയാണ് എന്ന നിലയിലേക്കെത്തിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എട്ടുകേസില്‍ പ്രതിയാണ്. ആദ്യത്തേത് 1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസാണ്. ഇതില്‍ അറസ്റിലായ നസീര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കെട്ടിച്ചമതാണ് ഈ കേസെന്ന് എം വി രാഘവനും കെ സുധാകരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ അന്ന് ആക്ഷേപിച്ചത് കേരളീയരുടെ ഓര്‍മയിലുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഈ കേസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച കേസ്, കോഴിക്കോട് ടൌ മൊഫ്യൂസില്‍ ബസ് സ്റാന്‍ഡ് ബോംബ് കേസ്, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡ് പരിസരത്തുള്ള ബോംബ് സ്ഫോടനക്കേസ് എന്നിവയിലെല്ലാം നസീറിന്റെ പങ്കാളിത്തം കണ്ടുപിടിച്ചതും നസീറിനെ പ്രതിചേര്‍ത്തതും എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട്ചെയ്ത കേസ്കേരള പൊലീസിന്റെ ശ്രമഫലമായാണ് കണ്ടുപിടിച്ചതും നസീറിന്റെ പങ്കാളിത്തം തെളിയിച്ചതും. നസീറിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളെല്ലാം വിശദമാക്കി കേരളാ പൊലീസാണ് 2009 ഏപ്രിലില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കത്തയച്ചത്. നസീറും കൂട്ടാളികളും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബംഗ്ളാദേശില്‍ എത്തിയിട്ടുണ്ടെന്ന് ബംഗ്ളാദേശില്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരടക്കം ചൂണ്ടിക്കാട്ടിയാണ് അറിയിച്ചത്. നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വിഭാഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതും അക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതും കേരളമാണ് എന്നര്‍ഥം. പ്രതികള്‍ വിദേശത്തായതുകൊണ്ട് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കേസ് അന്വേഷിക്കുന്നത് ഉചിതമാണെന്ന കേരള സര്‍ക്കാരിന്റെ കത്തിനെതുടര്‍ന്നാണ് കോഴിക്കോട് ബസ്സ്റാന്‍ഡ് സ്ഫോടനക്കേസുകള്‍ ദേശീയ ഏജന്‍സി ഏറ്റെടുത്തത്. ഇതെല്ലാം മറച്ചുവച്ചാണ്, എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ ഐജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരുവില്‍ അയച്ചതിന്റെ പേരില്‍ കുതിരകയറാന്‍ യുഡിഎഫ് തയ്യാറായത്. തച്ചങ്കരി കണ്ണൂര്‍ മേഖലയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്; യുഡിഎഫിന്റെ കാലത്തും പ്രധാനപ്പെട്ട പല പദവികളും അലങ്കരിച്ചയാളാണ്. സ്പെഷ്യല്‍ ടീമിന്റെ ചുമതലയുള്ള ഡിഐജി ടി കെ വിനോദ്കുമാര്‍ വിദേശത്തായതിനാല്‍ അടിയന്തര നടപടിയെന്ന നിലയിലാണ് തച്ചങ്കരിയെ നിയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി തന്നെ അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സംശയത്തിന്റെ പുകമറ പരത്താനുള്ള യുഡിഎഫ് പ്രചോദനം എന്താണ്? വിവിധ ഏജന്‍സികളും അനേകം ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്? എന്തു ലക്ഷ്യമാണ് ഇങ്ങനെ ആരോപിക്കുന്നതിലൂടെ യുഡിഎഫിന് നേടാനുള്ളത്? പിഡിപി ബന്ധത്തിന്റെ പേരില്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ഒരു ആക്ഷേപം. എന്തേ പിഡിപിയുമായി യുഡിഎഫിന് ബന്ധമുണ്ടായിരുന്നില്ലേ. നസീറിനെ കോഴിക്കോട് ബോംബ് കേസിലും കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാക്കിയത് പതിനഞ്ചാം ലോക്സഭാ ഇലക്ഷനുശേഷമാണ് എന്നത് ഇവര്‍ക്കറിയില്ലേ? നസീര്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ബോംബ് കേസ് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറിയത് ഈ സര്‍ക്കാരാണ് എന്നതറിയില്ലേ? നസീറിനെ രക്ഷിക്കാനായിരുന്നുവെങ്കില്‍ ഇത്തരം നടപടികളുടെ കാര്യമെന്ത്? ഭീകരവാദികള്‍ ഭയവും ഭീകരതയും സൃഷ്ടിച്ച് ജനങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിക്കുകയും പൊലീസിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയം ആരോപിച്ച് അന്വേഷണത്തെ തളര്‍ത്താനാണ് യുഡിഎഫ് നോക്കുന്നത്. ഇത് നാടിന് ഗുണംചെയ്യുന്ന സമീപനമല്ല. ഒരു സുപ്രധാന പ്രശ്നത്തെ ഇവ്വിധം രാഷ്ട്രീയദുഷ്ടലാക്കോടെ സമീപിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യതാല്‍പ്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കപ്പെടണം. നസീറിന്റെ വെളിപ്പെടുത്തലുകളെ ഭയപ്പെടുകയും കേസന്വേഷണത്തിന്റെ പുരോഗതി തങ്ങളെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന ആരെങ്കിലും യുഡിഎഫ് പാളയത്തിലുണ്ടോ? ഇല്ലെങ്കില്‍ എന്തിനീ വെകിളിപിടിച്ച പ്രകടനങ്ങള്‍? എന്തിനെയും വിവാദത്തില്‍ പുതപ്പിച്ച് നശിപ്പിച്ചുകളയുന്ന വികലമനസ്സുകളെ അവഗണിച്ച്, ഭീകരതയ്ക്കെതിരായ നിലപാടുകളില്‍ എല്‍ഡിഎഫ് ഗവമെന്റിന് പരിപൂര്‍ണ പിന്തുണയും സഹായവും നല്‍കാന്‍ ജനങ്ങളാകെ തയ്യാറാകേണ്ടതുണ്ട്. ഇത് ഏതെങ്കിലും കക്ഷിയുടെ കാര്യമല്ല, കേരളത്തിന്റെയും ഇന്ത്യയുടെയും ജനങ്ങളുടെയാകെയും കാര്യമാണ് എന്ന തിരിച്ചറിവോടെ യുഡിഎഫ് കക്ഷികളും സഹകരണത്തിന് തയ്യാറാകണം.
From deshabhimani