Wednesday, June 17, 2009

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും
എസ് രാമചന്ദ്രന്‍ പിള്ള

മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക പ്രശ്നങ്ങളെ വിലയിരുത്തി കടമകള്‍ ആവിഷ്കരിക്കുന്നതില്‍ ഇ എം എസ് അസാമാന്യമായ പാടവം പ്രകടിപ്പിച്ചിരുന്നു. പ്രയോഗത്തെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളെയും ആസ്പദമാക്കി മാര്‍ക്സിയന്‍ സിദ്ധാന്തം വികസിപ്പിക്കുന്നതിനും ഇ എം എസ് വലിയ സംഭാവന നല്‍കി. കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെപ്പറ്റി മാര്‍ക്സിസ്റ് സമീപനത്തിന്റെ വെളിച്ചത്തില്‍ ഇ എം എസ് നടത്തിയ വിശകലനങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും ചരിത്രം എന്നും ഓര്‍മിക്കും. കാര്‍ഷിക പരിഷ്കാരം വഴി ആധുനിക കേരളം സൃഷ്ടിക്കാന്‍ ഇ എം എസിനെപ്പോലെ സംഭാവന നല്‍കിയ മറ്റാരും ഉണ്ടാകില്ല. വളരെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെ സംബന്ധിച്ച് ഇ എം എസ് ആഴത്തില്‍ പഠിച്ചിരുന്നു. മദ്രാസ് ഗവമെന്റ് 1938ല്‍ കുടിയായ്മയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കുട്ടിക്കൃഷ്ണമേനോന്‍ അധ്യക്ഷനായുള്ള നിയമസഭാ കമ്മിറ്റിയില്‍ ഇ എം എസും അംഗമായിരുന്നു. 1940ല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് നല്‍കിയ ഭിന്നാഭിപ്രായക്കുറിപ്പാണ് കേരളത്തിലെ കാര്‍ഷികപ്രശ്നം സംബന്ധിച്ച് ഇ എം എസിന്റെ ആദ്യത്തെ വലിയ സംഭാവന. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പും അതിനുശേഷവുമുള്ള ജന്മിത്വത്തിന്റെ അവസ്ഥ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍, ജന്മിത്വം നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത, വ്യവസായവല്‍ക്കരണത്തിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ഭിന്നാഭിപ്രായക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് മലബാറിലെ ജന്മിമാര്‍ക്ക് കുടിയാന്മാരെ തന്നിഷ്ടപ്രകാരം കുടിയൊഴിപ്പിക്കുന്നതിനുള്ള അവകാശമോ പാട്ടം വര്‍ധിപ്പിക്കുന്നതിനുള്ള അധികാരമോ ഉണ്ടായിരുന്നില്ല. നാട്ടാചാരപ്രകാരമുള്ള പാട്ടം ജന്മിക്ക് കൊടുക്കാതിരിക്കുകയോ ജന്മിയോട് ആചാരപ്രകാരമുള്ള കടപ്പാട് കാണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കുടിയാനെ എന്നപോലെ പാട്ടക്കാരനെ ഒഴിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ജന്മിയെയും സമുദായം കൈകാര്യംചെയ്തിരുന്നു. അതുമാത്രമല്ല, ജന്മിമാര്‍ക്ക് ചില സാമൂഹ്യചുമതല നിര്‍വഹിക്കാനും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം ജന്മിമാരുടെ കൈവശം ഉണ്ടായിരുന്ന ഭൂസ്വത്തിന്മേല്‍ അവര്‍ക്ക് പൂര്‍ണമായ അവകാശം നല്‍കി. സമൂഹത്തിനുവേണ്ടി ജന്മിമാര്‍ ഒരു സേവനവും ചെയ്യേണ്ടതില്ലെന്ന് നിശ്ചയിച്ചു. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെ ചൂഷണംചെയ്ത് മാത്രം ജീവിക്കുന്ന പരാന്നഭോജികളായി ജന്മിമാര്‍ മാറി. അക്കാരണത്താല്‍ ജന്മിത്വത്തിന് നിലനില്‍ക്കാന്‍ ഒരു ന്യായീകരണവും ഇല്ലെന്നും ജന്മിത്വം അവസാനിപ്പിക്കണമെന്നും ഇ എം എസ് അഭിപ്രായപ്പെട്ടു. ജന്മിത്വം അവസാനിപ്പിക്കുകവഴി സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഇ എം എസ് അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയില്‍ മുടക്കുന്ന മുതല്‍മുടക്കിന്റെ സാമൂഹ്യ അടിത്തറ വിപുലപ്പെടും. ഉല്‍പ്പാദനം വര്‍ധിക്കും. വ്യാവസായിക വികസനത്തിന് ഇടവരുത്തുംവിധം ആഭ്യന്തരകമ്പോളം വികസിക്കും. തൊഴില്‍സാധ്യത വളരും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പുരോഗതിയാണ് എല്ലാ പുരോഗതിയുടെയും വികസനത്തിന്റെയും തുടക്കമെന്നും ഇ എം എസ് ചൂണ്ടിക്കാണിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകത എന്തെന്ന് ചൂണ്ടിക്കാണിക്കുന്നതിലും ഫ്യൂഡലിസത്തിനും ജാതിമേധാവിത്വത്തിനുമെതിരായ പ്രക്ഷോഭ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഇ എം എസ് നല്‍കിയ സംഭാവന വളരെ വലുതാണ്. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകതകളെപ്പറ്റി ഇ എം എസ് ഇപ്രകാരം വിവരിക്കുന്നു. "കേരളത്തില്‍ ഫ്യൂഡലിസം ഒരു പ്രത്യേക സ്വഭാവമുള്ളതായിരുന്നു. ഞാന്‍ കേരളത്തിലെ ഫ്യൂഡലിസത്തിനെ- (സാമ്പത്തികരംഗത്ത്) ബ്രാഹ്മണ മേധാവിത്വമുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെയും കേരളത്തിന്റെ വിവിധ ഘടകപ്രദേശങ്ങളിലെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണത്തിന്റെയും- കൂട്ടായ ആധിപത്യമെന്ന് വിശേഷിപ്പിച്ചു. ഈ മൂന്നു തരത്തിലുള്ള ആധിപത്യ രൂപവും അതിനെതിരായി ജനങ്ങളുടെ കരുത്തും ആയിരുന്നു കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ മുഖ്യഘടകങ്ങള്‍. ഇതിന്റെ ഫലമായി ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ നമ്മുടെ സമരം ജന്മിത്വത്തിനും മേല്‍ജാതി മേധാവിത്വത്തിനുമെതിരായ പോരാട്ടമായി കൂട്ടിയിണക്കപ്പെട്ടു. 1934ല്‍ കേരളത്തില്‍ കോഗ്രസ് സോഷ്യലിസ്റ്പാര്‍ടി രൂപീകരിച്ചപ്പോള്‍ ജന്മിത്വ- മേല്‍ജാതി മേധാവിത്വ- നാടുവാഴിത്ത വിരുദ്ധങ്ങളായ സമരങ്ങളെ സ്വാതന്ത്യ്രസമരവുമായി കൂട്ടിയിണക്കുക എന്നതാകണം പ്രസ്ഥാനത്തിന്റെ മുഖ്യകടമയെന്ന് ഞങ്ങള്‍ കണക്കാക്കി. ബഹുമുഖമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംയോജനം നേടിയെടുക്കുകയും ചെയ്തു.'' 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തില്‍ കാര്‍ഷികബന്ധങ്ങളില്‍ മാറ്റം വരുത്താനുള്ള തുടക്കം കുറിച്ചു. കാര്‍ഷികബന്ധ ബില്‍ പാസാക്കിയതാണ് 1957ലെ കമ്യൂണിസ്റ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു സംഭാവന. കാര്‍ഷികബന്ധ ബില്ലിന്റെ സവിശേഷതകളെ ഇപ്രകാരം സംഗ്രഹിക്കാം: പാട്ടം ഗണ്യമായി വെട്ടിക്കുറച്ചു. കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കി. വെട്ടിക്കുറച്ച പുതിയ പാട്ടത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഉടമസ്ഥാവകാശം വാങ്ങുന്നതിന് കുടിയാന്മാര്‍ക്ക് അവകാശം നല്‍കി. ജനസാന്ദ്രത കൂടുതലും ഭൂമി കുറവുമായ കേരളത്തില്‍ ഭൂമിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് കുറച്ച് ഭൂമി കിട്ടത്തക്കവണ്ണം ചുരുങ്ങിയ ഭൂപരിധി നിര്‍ണയിച്ചു. ഉത്തമ വിശ്വാസത്തോടെയല്ലാത്ത കൈമാറ്റങ്ങളെ അസാധുവാക്കി. നിയമം നടപ്പാക്കുന്നതിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. കുടികിടപ്പുകാര്‍ക്ക് കുടികിടപ്പ് ഭൂമിയിലും വീടിനുമേലും അവകാശം നല്‍കി. കമ്യൂണിസ്റ് മന്ത്രിസഭയെ അട്ടിമറിച്ചതുകൊണ്ട് ബില്‍ നിയമമായി നടപ്പാക്കാനായില്ല. തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്കരണ നടപടിയെ ദുര്‍ബലപ്പെടുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തെങ്കിലും ഭൂപരിഷ്കരണ നടപടിയെ ഉപേക്ഷിക്കാനായില്ല. ഒടുവില്‍ കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കുകതന്നെ ചെയ്തു. ഭൂപരിഷ്കരണം കേരളത്തിലെ ജന്മി ഭൂപ്രഭുത്വം അവസാനിപ്പിച്ചു. സവര്‍ണമേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചു. 28 ലക്ഷത്തോളം കുടിയാന്മാര്‍ക്ക് ആറു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബങ്ങള്‍ക്ക് കുടികിടപ്പവകാശം ലഭിക്കാനും ഭൂപരിഷ്കരണ നടപടി സഹായിച്ചു. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ വിപ്ളവകരമെന്നു വിശേഷിപ്പിക്കാവുന്ന വലിയ മാറ്റമാണ് ഭൂരിപരിഷ്കാര നടപടിയെത്തുടര്‍ന്നുണ്ടായത്. ഗ്രാമീണമേഖലയിലെ വര്‍ഗശക്തികളുടെ ബലാബലത്തില്‍ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നേടാനായി. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന് പോരാടുന്ന ഒരു ജനാധിപത്യസമൂഹം കേരളത്തില്‍ ഉയര്‍ന്നുവന്നു. ഭൂപരിഷ്കാരത്തിന്റെയും ഈ സമൂഹത്തിന്റെയും ഇടപെടലുകളുടെയും ഫലമായി സമ്പത്തിന്റെ വിതരണം ഒരളവോളം നീതിപൂര്‍വമായി. മാനവിക വികസന സൂചികകളുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിലെത്താന്‍ കഴിഞ്ഞത് ഇക്കാരണങ്ങളാലാണ്. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ മുമ്പന്തിയില്‍ എത്തിയതുകൊണ്ടുമാത്രം കേരളം പുരോഗതി നേടി എന്ന് ധരിക്കരുതെന്നും ഉല്‍പ്പാദനമേഖലകള്‍ അതിവേഗം വളര്‍ച്ച നേടുന്നില്ലെങ്കില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനാകില്ലെന്നും ഇ എം എസ് ചൂണ്ടിക്കാട്ടി. കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പിന്നോക്കനില പരിഹരിക്കാന്‍ ഒന്നിച്ചു നീങ്ങണമെന്ന ആഹ്വാനമാണ് 1994ല്‍ ഒന്നാം അന്താരാഷ്ട്ര കേരള പഠന കോഗ്രസിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ഇ എം എസ് ആവശ്യപ്പെട്ടത്. "കേരളത്തിലെ സമകാലീന സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മക വശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്നു പറയേണ്ടിയിരിക്കുന്നു. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ സുപ്രധാന പുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന് തൊഴില്‍മേഖലയിലും കാര്‍ഷിക-വ്യാവസായി കമേഖലകളിലെ ഉല്‍പ്പാദനത്തിന്റെ കാര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂഹ്യ മേഖലാപ്രശ്നങ്ങള്‍ക്കുവേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെയും ഭൌതികോല്‍പ്പാദനത്തിന്റേതുമായ അടിയന്തര പ്രശ്നത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരു അപേക്ഷയുണ്ട്. കേരളത്തിലെ നേട്ടങ്ങളൊച്ചൊല്ലി പണ്ഡിതര്‍ ചൊരിയുന്ന സ്തുതിവര്‍ഷത്തില്‍ നാം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാകരുത്. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനി ഒട്ടും വൈകിക്കൂടാ. തൊഴില്‍ ഉല്‍പ്പാദനമേഖലയിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത് നമുക്കുതന്നെ ആപത്തായിരിക്കും. ആഗോള, ദേശീയ ഘടനകള്‍ അടിച്ചേല്‍പ്പിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിയണം. ഇന്നത്തെ അവസ്ഥ തുടരാന്‍ അനുവദിച്ചുകൂടാ. ജനക്ഷേമകരവും ജനാധിപത്യപരവുമായ കഴിഞ്ഞകാല നേട്ടങ്ങള്‍ കൈവെടിയാതെ തന്നെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ നാം അഭിപ്രായ സമന്വയത്തിലെത്തണം.'' ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം നല്‍കിയ ആഹ്വാനം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.

Monday, June 15, 2009

വിമോചനസമരം അന്നും ഇന്നും

വിമോചനസമരം അന്നും ഇന്നും .

ചെറിയാന്‍ ഫിലിപ്പ്..

കേരള രാഷ്ട്രീയനിഘണ്ടുവിലെ ഒരു അശ്ളീലപദമാണ് 'വിമോചനസമരം'. മോബോക്രസിയിലൂടെ ഡെമോക്രസിയെ കീഴ്പ്പെടുത്താന്‍ ജാതിമതശക്തികളും നിക്ഷിപ്തതാല്‍പ്പര്യക്കാരും കണ്ടെത്തിയ കുതന്ത്രത്തിന്റെ പേരാണിത്. ഐക്യകേരളപ്പിറവിക്കുശേഷം രൂപമെടുത്ത കേരളത്തിലെ പ്രഥമ സര്‍ക്കാരിനെ കശാപ്പുചെയ്തത് ഈ സമരായുധം വഴിയാണ്. ഭൂരിപരിഷ്കരണനിയമത്തില്‍ വിറളിപൂണ്ട ജന്മിമാരും വിദ്യാഭ്യാസനിയമത്തില്‍ കലിപൂണ്ട വിദ്യാഭ്യാസക്കച്ചവടക്കാരുമാണ് 1957ല്‍ വിമോചനസമരത്തിന്റെ തിരക്കഥ രചിച്ചത്. പ്രതിലോമശക്തികളുടെ വര്‍ഗതാല്‍പ്പര്യത്തെ സംരക്ഷിച്ചിരുന്ന സമുദായപ്രമാണിമാരും മതമേലധികാരികളും വിമോചനസമരത്തിന്റെ പടനായകന്മാരായി. അധികാരത്തില്‍നിന്ന് നിഷ്കാസിതമായി പുറത്തുനിന്നിരുന്ന കോഗ്രസ് നേതൃത്വം സമരാഭാസത്തിന്റെ കുറുവടിയേന്തി. കേരളം ചുവക്കുന്നതുകണ്ട് ഹാലിളകിയ അമേരിക്കന്‍ സാമ്രാജ്യത്വം ഡോളര്‍ പണമൊഴുക്കി വ്യാജ ജനമുന്നേറ്റം സൃഷ്ടിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന പ്രഥമ കേരള സര്‍ക്കാരിനെ ഒരു സാര്‍വദേശീയ ഗൂഢാലോചനയുടെ ഫലമായാണ് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടത്. ജനാധിപത്യ ക്രൂശീകരണമെന്ന ചരിത്രമുഹൂര്‍ത്തം. വിമോചനസമരത്തിന്റെ പിതൃത്വം കേരളത്തിലെ വര്‍ഗീയശക്തികള്‍ക്കുള്ളതാണ്. അന്നത്തെ കോഗ്രസ് നേതാക്കളെ റിമോട്ട് കട്രോളിലൂടെ നയിച്ചത് ചില സമുദായ ആചാര്യന്മാരായിരുന്നു. ഖദര്‍വസ്ത്രം ധരിച്ചിരുന്ന പലരും അന്തിയുറങ്ങിയിരുന്നത് സമുദായസംഘടനകളുടെ ഹെഡ് ക്വോര്‍ട്ടേഴ്സുകളിലും അരമനകളിലുമായിരുന്നു. സ്വകാര്യ സ്കൂള്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയര്‍ ഇടുന്നതിനുള്ള ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസനിയമമാണ് അന്ന് മതമേലധ്യക്ഷന്മാരെ പ്രകോപിതരാക്കിയത്. അന്നത്തെ വിദ്യാഭ്യാസനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നുവെന്നതാണ്. അധ്യാപക നിയമനം പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന ആക്കാനുള്ള വ്യവസ്ഥയാണ് മാനേജര്‍മാരുടെ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയത്. അധ്യാപന നിയമനത്തിലെ കച്ചവടം ഇല്ലാതാക്കുന്ന വിദ്യാഭ്യാസനിയമം അട്ടിമറിക്കണമെങ്കില്‍ സര്‍ക്കാരിനെതന്നെ അട്ടിമറിക്കണമെന്നാണ് സമുദായപ്രമാണിമാര്‍ ചിന്തിച്ചത്. കാര്‍ഷികബന്ധ നിയമത്തില്‍ മുറിവേറ്റിരുന്ന ഭൂവുടമകള്‍ക്ക് പിന്നില്‍ സമുദായശക്തികളും അണിനിരന്നു. ഇതിനിടയില്‍ പള്ളിയും ഭൂവുടമകളും തമ്മില്‍ ഒത്തുതീര്‍പ്പായി. 'ഞങ്ങളുടെ ഭൂമി രക്ഷിക്കാന്‍ പള്ളി തയ്യാറാവുമെങ്കില്‍ പള്ളിയുടെ സ്കൂളുകള്‍ ഞങ്ങളും രക്ഷിക്കാം'. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ഐക്യമുന്നണി രൂപപ്പെട്ടു. 1959 ജൂ-ജൂലൈ മാസങ്ങളില്‍ നടന്ന അക്രമസമരത്തില്‍ ആദ്യം കോഗ്രസ് പ്രത്യക്ഷ പങ്കാളിയായിരുന്നില്ല. കോഗ്രസിലെ അന്ന് പൊതുവെ ആദര്‍ശവാദികളായിരുന്ന മലബാര്‍ ലോബി തിരുവിതാംകൂറിലെ കോഗ്രസുകാരുടെ രാഷ്ട്രീയ-സമുദായ ഡബിള്‍റോള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന ആര്‍ ശങ്കറും പ്രതിപക്ഷനേതാവായിരുന്ന പി ടി ചാക്കോയും വിമോചനസമരത്തെ പരസ്യമായി അനുകൂലിച്ചിരുന്നു. എന്നാല്‍, സി കെ ഗോവിന്ദന്‍നായരെപ്പോലെയുള്ള മലബാറിലെ കോഗ്രസ് നേതാക്കള്‍ വിമോചനസമരത്തോട് വിയോജിച്ചിരുന്നു. കോഗ്രസ് വര്‍ഗീയശക്തികളുടെ കൈയിലെ ഒരു ഉപകരണമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആദ്യംമുതല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അട്ടിമറിസമരത്തോട് യോജിച്ചിരുന്നില്ല. എന്നാല്‍, കോഗ്രസ് പ്രസിഡന്റായിരുന്ന മകള്‍ ഇന്ദിരാഗാന്ധി സമരാവേശം പകരുന്ന നിലപാടാണ് സ്വീകരിച്ചത്. കമ്യൂണിസത്തിന്റെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തടയണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഇന്ദിരയ്ക്കുണ്ടായിരുന്നത്. സമരത്തിന്റെ ക്ളൈമാക്സിലാണ് നെഹ്റു കേരളം സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യുകയെന്ന് ആര്‍ത്തുവിളിക്കുന്ന ജനപ്രളയമായിരുന്നു. ധനശക്തി ഉപയോഗിച്ച് ആസൂത്രണംചെയ്ത 'മാസ് ഹിസ്റ്റീരിയ' കണ്ട നെഹ്റു 'മാസ് അപ്സര്‍ജ്' എന്നാണ് വിശേഷിപ്പിച്ചത്. നെഹ്റുവിനെപ്പോലും കെണിയിലാക്കാന്‍ വിമോചനസമരശക്തികള്‍ക്ക് കഴിഞ്ഞു. വിമോചനസമരത്തിന് സിഐഎ പണം നല്‍കിയിരുന്നുവെന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആരോപണത്തെ സ്ഥിരീകരിച്ചത് അന്നത്തെ അമേരിക്കന്‍ അംബാസഡറാണ്. ക്രിസ്റ്റഫോഴ്സ്, ശാന്തിസേന തുടങ്ങിയ ക്രൈസ്തവസംഘടനകള്‍ക്കും സഭകള്‍ക്കും അമേരിക്കന്‍പണം ലഭിച്ചിരുന്നു. മെത്രാന്മാര്‍ക്കും സന്യാസസഭകള്‍ക്കും ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയതായി സമരനായകനായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ ആത്മകഥയില്‍ വെളിപ്പെടുത്തി. കോഗ്രസ് പാര്‍ടിക്ക് കേന്ദ്രമന്ത്രിയായിരുന്ന എസ് കെ പാട്ടീല്‍ മുഖേന സിഐഎയുടെ പണം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 1959ല്‍ വിമോചന സമരശക്തികള്‍ താല്‍ക്കാലിക വിജയം നേടിയെങ്കിലും കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്ന് എന്നെന്നേക്കുമായി നീക്കണമെന്ന ലക്ഷ്യം നടന്നില്ല. ജന്മിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ നേട്ടമാണ്. കേരളചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവവും ഭൂപരിഷ്കരണമാണ്. 1967ലെ സര്‍വകലാശാല നിയമം കോളേജുകളുടെ ഭരണം ചില സാഹചര്യങ്ങളില്‍ സര്‍വകലാശാലയ്ക്കും ഗവമെന്റിനും ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍വകലാശാല നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയാണ് ചെയ്തത്. സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള എല്ലാ നിയമവശങ്ങളും ന്യൂനപക്ഷ അവകാശങ്ങളുടെ പാറയില്‍ തട്ടി തകരുകയാണുണ്ടായത്. എഴുപതുകളുടെ ആരംഭത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ കോളേജുകളിലും നിലനിന്നിരുന്ന ഫീസുകളുടെ അന്തരം ഭീമമായിരുന്നു. നല്ല മാര്‍ക്കുള്ളവരായാലും സ്വകാര്യ കോളേജുകളില്‍ പള്ളിവികാരിയുടെയും കരയോഗം പ്രമാണിമാരുടെയും ശുപാര്‍ശയുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഒപ്പിടുന്ന ശമ്പളം മുഴുവനും അധ്യാപകര്‍ക്ക് കിട്ടിയിരുന്നില്ല. അവരില്‍ പലരും കോഴകൊടുത്താണ് അധ്യാപകരായത്. സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അധ്യാപകര്‍ സമരമാരംഭിച്ചു. നേരിട്ട് ശമ്പളം നല്‍കുമ്പോള്‍ കോളേജുകളുടെമേല്‍ നിയന്ത്രണം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെ ശക്തിയുക്തം എതിര്‍ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായി. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിദ്യാഭ്യാസപ്രതിസന്ധിതന്നെ സൃഷ്ടിച്ചു. ഒരു വിമോചനസമരകാഹളം മുഴക്കിക്കൊണ്ട് സമുദായപ്രമാണിമാരും മതമേലധികാരികളും തങ്ങളുടെ കോളേജുകള്‍ അനിശ്ചിതമായി അടച്ചിട്ടുകൊണ്ടാണ് അധികാരം സ്ഥാപിച്ചത്. അന്ന് കോഗ്രസ് മുന്നണി കവീനറായിരുന്ന എ കെ ആന്റണിയാണ് മാനേജ്മെന്റുകളോട് പരസ്യമായി ഏറ്റുമുട്ടിയത്. ഭാഷ-മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ അവകാശങ്ങള്‍ സംബന്ധിച്ച് ഭരണഘടനയിലെ 30 (1) വകുപ്പ് ഭേദഗതിചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. ന്യൂനപക്ഷ അവകാശങ്ങളെ ആരെങ്കിലും തൊട്ടാല്‍ കുറുവടികൊണ്ടല്ല മഴുത്തായകൊണ്ടായിരിക്കും മറുപടിയെന്ന് തൃശൂര്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രഖ്യാപിച്ചു. ബിഷപ്പുമാര്‍ ജാഥ നയിക്കാന്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു രണ്ടാം വിമോചനസമരത്തിന്റെ പ്രതീതിയാണ് ഉണ്ടായത്. അന്നത്തെ വിദ്യാഭ്യാസസമരത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒരുപോലെ വിജയം അവകാശപ്പെട്ടു. ഫീസ് ഏകീകരണവും അധ്യാപകര്‍ക്കുള്ള ഡയറക്ട് പേമെന്റും സ്വകാര്യ കോളേജുകളിലെ മെറിറ്റിലുള്ള 80 ശതമാനം പ്രവേശനവും ഒരു നേട്ടമായിരുന്നു. എന്നാല്‍, അഞ്ചംഗ അധ്യാപക നിയമകമ്മിറ്റിയില്‍ മൂന്നുപേര്‍ മാനേജ്മെന്റിന്റെ പ്രതിനിധികള്‍ ആയതോടെ നിയമനാധികാരം മാനേജ്മെന്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങി. സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുന്ന അധ്യാപകനെ മാനേജ്മെന്റ് ഇഷ്ടാനുസരണം നിയമിക്കുന്ന ദുരവസ്ഥയുണ്ടായി. വിദ്യാഭ്യാസസമരത്തിന്റെ പരിസമാപ്തിയെ 'അലസിപ്പോയ വിമോചനസമര'മെന്നാണ് എ കെ ആന്റണി വിശേഷിപ്പിച്ചത്. കാലമേറെ കഴിഞ്ഞപ്പോള്‍ 2001ല്‍ ജാതിമതശക്തികളുടെ നിര്‍ലോഭമായ സഹകരണത്തോടെയാണ് എ കെ ആന്റണി മൂന്നാമത് തവണ മുഖ്യമന്ത്രിയായത്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന മധുരമനോജ്ഞമായ മുദ്രാവാക്യമാണ് ആന്റണി മുഴക്കിയത്. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുകയെന്ന ഉദാരമായ നിലപാടാണ് സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ ആന്റണി സ്വീകരിച്ചത്. എന്നാല്‍, ബിഷപ്പുമാരും കോടതിയും അദ്ദേഹത്തെ വഞ്ചിക്കുകയാണുണ്ടായത്. ആന്റണിക്കുശേഷം വന്ന ഉമ്മന്‍ചാണ്ടിയാകട്ടെ എല്ലാ മാനേജ്മെന്റുകള്‍ക്കും അടിയറവുപറഞ്ഞ്് അവരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അതിശക്തമായ സമരത്തിനൊരുങ്ങി. സ്വാശ്രയകോളേജ് പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ച സാമൂഹ്യനീതിക്കു വിരുദ്ധമായ നിലപാടിനെതിരായാണ് 2006ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. വിമോചനസമരകാലത്ത് അമേരിക്കന്‍ സഹായത്തോടെ രൂപീകരിച്ച ക്രിസ്റ്റഫോഴ്സ്, ശാന്തിസേന എന്നിവയുടെ മാതൃകയില്‍ സംരക്ഷണസേനകള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞത് പരസ്യമായ യുദ്ധപ്രഖ്യാപനമായിരുന്നു. കേരളത്തില്‍ ഇന്ന് നിലവിലുള്ള മതനിരപേക്ഷമായ അന്തരീക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് വര്‍ഗീയവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമായിരുന്നു ഇതിനുപിന്നില്‍. സ്വാശ്രയ കോളേജുകളില്‍ നടമാടുന്ന പകല്‍ക്കൊള്ളയെ മറച്ചുപിടിക്കാന്‍വേണ്ടിയാണ് ഇവര്‍ വിമോചനസമരകാഹളം മുഴക്കിയത്. സ്വാശ്രയ കോളേജുകളില്‍ നേരത്തെ അംഗീകരിച്ച 50:50 എന്ന അനുപാതം അംഗീകരിക്കാന്‍ മിക്കവരും തയ്യാറായിട്ടും ഇന്റര്‍ ചര്‍ച്ച് കൌസില്‍മാത്രം പുറംതിരിഞ്ഞു നിന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റ് പ്രകാരം പാവപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ നല്‍കുമെന്ന പ്രകടനപത്രികയിലെ ഉറപ്പു പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ന്യൂനപക്ഷസംരക്ഷണം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷമുന്നണി ന്യൂനപക്ഷങ്ങളില്‍ അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നവര്‍ക്കെതിരെ എന്നും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം മറന്നുകൊണ്ടാണ് തങ്ങളുടെ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഇവര്‍ നിഴല്‍യുദ്ധം നടത്തുന്നത്. സര്‍ക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ പോകുന്നെന്ന് മുറവിളി കൂട്ടുന്ന മെത്രാന്മാര്‍ വിശ്വാസികളറിയാതെ 1991ല്‍ ഇടവക പള്ളികളുടെ ഭാഗമായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാക്കുകയാണുണ്ടായത്. പാവപ്പെട്ട സമുദായാംഗങ്ങള്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളെ ഒറ്റയടിക്ക് സ്വന്തം മേധാവിത്വത്തിലാക്കിയ മെത്രാന്മാര്‍ക്കെതിരെയാണ് സഭാവിശ്വാസികള്‍ സംഘടിക്കേണ്ടത്. ഇടയലേഖനങ്ങളിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് പള്ളികളെ ഉപയോഗിക്കുന്നവര്‍ പഴയ വിമോചനസമരകാലത്തെപോലെ അമേരിക്കയില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുക്കുകയാണ്. പാഠപുസ്തകം മതത്തെയും ദൈവത്തെയും അപകടത്തിലാക്കുന്നതായി വ്യാജപ്രചാരണം നടത്തി വിശ്വാസികളെ തെരുവിലിറക്കുന്നവരുടെ മുഖ്യലക്ഷ്യം അമേരിക്കന്‍ പണമാണ്. റാലികളുടെ വീഡിയോ ചിത്രങ്ങള്‍ തെളിവായി ഹാജരാക്കിയാണ് സിഐഎയില്‍നിന്നും മറ്റും പണം വാങ്ങുന്നത്. 1959ല്‍ പള്ളികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റഫോഴ്സ്, ശാന്തിസേന തുടങ്ങിയ സംഘടനകള്‍ക്കാണ് കമ്യൂണിസ്റ്റ് വിപത്ത് തടയാന്‍ സിഐഎ പണം നല്‍കിയതെങ്കില്‍ ഇപ്പോള്‍ എല്ലാ പണമിടപാടുകളും ചില മതമേലധ്യക്ഷന്മാര്‍ നേരിട്ടാണ്. പണ്ട് ഇവരുടെ അമേരിക്കന്‍ബന്ധം എംആര്‍എ എന്ന സംഘടന മുഖേനയായിരുന്നെങ്കില്‍ ഇപ്പോള്‍ ഔദ്യോഗിക ഏജന്‍സികളുടെ അതിഥികളായാണ് ചില പുരോഹിതര്‍ സ്ഥിരമായി അമേരിക്കന്‍വാസവും പര്യടനവും നടത്തിവരുന്നത്. അമേരിക്കയെ പ്രീണിപ്പിക്കാനാണ് അവരുടെ മുഖ്യശത്രുക്കളായ കമ്യൂണിസ്റ്റുകാരെ ഈ ബിഷപ്പുമാര്‍ ഇപ്പോള്‍ നഖശിഖാന്തം എതിര്‍ക്കുന്നത്. കോഗ്രസ് നേതൃത്വവും ചില ക്രൈസ്തവസഭകളും തമ്മിലുള്ള രാഷ്ട്രീയബന്ധത്തിന് മധ്യസ്ഥത വഹിക്കുന്നത് അമേരിക്കയാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ചില മതമേധാവികളെ അമേരിക്ക വിലയ്ക്കെടുത്തിരിക്കുന്നത്. ക്രൈസ്തവസഭകളില്‍ ഭൂരിപക്ഷവും സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന ഇടതുമുന്നണി സര്‍ക്കാരുമായി ഇടയാന്‍ ഇഷ്ടപ്പെടുന്നില്ല. ക്രൈസ്തവസഭയിലെ തന്നെ പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും സാമൂഹ്യ ഉന്നമനമാണ് ഇടതുമുന്നണി ലക്ഷ്യമാക്കിയിട്ടുള്ളത്. സമീപകാലത്ത് ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവ മിഷണറിമാരെയും പള്ളികളെയും കന്യാസ്ത്രീകളെയും ചിലര്‍ ആക്രമിച്ചപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷപ്രസ്ഥാനമാണ്. അതെല്ലാം മറന്നുകൊണ്ടാണ് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ചില മതമേധാവികള്‍ വിമോചന സമരകാഹളം മുഴക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നിരീശ്വരവാദികള്‍ക്കു വോട്ടുചെയ്യരുതെന്നാണ് ഇവര്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടത്. ദൈവനാമത്തിലല്ലാതെ ദൃഢപ്രതിജ്ഞയെടുത്ത എ കെ ആന്റണി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവരെ ഇവര്‍ കണ്ടിട്ടില്ല. ഇവരുടെ നിഘണ്ടുവില്‍ നിരീശ്വരവാദികള്‍ എന്നതിന്റെ പര്യായം കമ്യൂണിസ്റ്റുകാര്‍ എന്നു മാത്രമാണ്. ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യ ക്രൂശീകരണത്തിന് വഴിതുറന്നിട്ടത് വിമോചനസമരമാണ്. വിമോചനസമരകാലത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയ എ കെ ആന്റണിയെപ്പോലെയുള്ളവര്‍ പില്‍ക്കാലത്ത് തെറ്റ് സമ്മതിക്കുകയുണ്ടായി. എന്നാല്‍, ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ മാനസപുത്രനായ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഒരു വിമോചനസമരാന്തരീക്ഷം കേരളത്തിലുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേട്ടത്തിനു കാരണം തങ്ങളാണെന്ന മിഥ്യാധാരണയിലാണ് വിമോചനസമരശക്തികള്‍. വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികവേളയില്‍ യുഡിഎഫ് നേതാക്കളും ഒരുവിഭാഗം ക്രൈസ്തവ മതമേലധ്യക്ഷന്മാരും കൈകോര്‍ത്തുപിടിച്ചത് കേരളത്തെ വീണ്ടും അരനൂറ്റാണ്ട് പിന്നോട്ടു കൊണ്ടുപോകുന്നതിനാണ്.

Saturday, June 13, 2009

മാതൃകാ കമ്യൂണിസ്റ് .

മാതൃകാ കമ്യൂണിസ്റ് .
പിണറായി വിജയന്‍.
മാര്‍ക്സിസം-ലെനിനിസം ഓരോ രാജ്യത്തിന്റെയും സാഹചര്യം നോക്കി പ്രയോഗിക്കേണ്ട തത്വസംഹിതയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിനെ പ്രയോഗിക്കുന്നതില്‍ അമൂല്യമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ അകത്തുള്ള രാഷ്ട്രീയപ്രശ്നങ്ങളില്‍ മാത്രമല്ല സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്താനും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് വലിയ ശുഷ്കാന്തിയാണ് കാണിച്ചത്. ഇ എം എസിന്റെ ഇത്തരം ഇടപെടല്‍ കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചു. ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് ഉജ്വലമായ സംഭാവനയാണ് നല്‍കിയത്. ഇ എം എസിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു എന്നതാണ് ശരി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ എംഎസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവ് അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട എല്ലാവിധ ഇടത്-വലത് പ്രവണതകള്‍ക്കെതിരെയും ശക്തമായി പൊരുതുന്നതിന് ഇ എം എസ് തയ്യാറായിരുന്നു. ലെനിനിസ്റ് സംഘടനാതത്വങ്ങളെ ഒരു ജീവവായുകണക്കെ സ്വീകരിച്ച യഥാര്‍ഥ കമ്യൂണിസ്റായിരുന്നു സഖാവ്. വ്യക്ത്യാധിഷ്ഠിത രാരഷ്ടീയത്തെ എക്കാലവും എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നതിലും ഇ എം എസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഐക്യകേരളം രൂപീകരിക്കുന്നതിന് ഇടയാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍തന്നെ സഖാവ് ഉണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്കാരത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി ഇ എം എസ് വിശദീകരിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഐക്യകേരളത്തിന്റെ രൂപീകരണത്തിനുള്ള ആശയ അടിത്തറതന്നെ ബലപ്പെടുത്തുന്നതിന് ഇടയാക്കിയതായിരുന്നു. ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമായാല്‍ ഭാവികേരളം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ദീര്‍ഘവീക്ഷണവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ജന്മിത്വവും രാജാധിപത്യവും സാമ്രാജ്യത്വ ഇടപെടലുമില്ലാത്ത ഭാവികേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിനും ഇ എം എസ് ജാഗ്രത കാണിച്ചിരുന്നു. ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണമായിരുന്നു. അന്നത്തെ ഈ അവസ്ഥയെ സംബന്ധിച്ച് പാര്‍ടി സംസ്ഥാനകമ്മിറ്റി 1957 ജൂലൈ 12ന് പാസാക്കിയ പ്രമേയത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. "കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ളതോ അവര്‍ക്ക് പങ്കുള്ളതോ ആയ ഗവമെന്റ് ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായമനുസരിച്ച് വിജയകരമായി ഭരണം നടത്തിയ ഒരനുഭവം നമ്മുടെ മുമ്പിലില്ല. പരമാധികാരമില്ലാതെ പരിമിതമായ അധികാരങ്ങള്‍ വച്ചുകൊണ്ട് ഭരണം നടത്തിയിട്ടുള്ള അനുഭവങ്ങളും നമ്മുടെ പ്രസ്ഥാനത്തിന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല..... ഈ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഓരോ ചുവടും നാം തന്നെ നമ്മുടെ അനുഭവങ്ങളുടെയും മാര്‍ക്സിസം-ലെനിനിസത്തിന്റെയും വെളിച്ചത്തിന് പുതുതായി വെട്ടിത്തുറക്കേണ്ടതായിട്ടുണ്ട്.'' ഈ ശ്രമകരമായ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും കേരളത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി പഠിച്ച ഒരു ചിന്തകന്‍ എന്ന നിലയിലും ഇ എം എസിന്റെ വിജയം കൂടിയായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്ക്ക് മാതൃകയാകുന്ന വിധത്തില്‍ സര്‍ക്കാരിനെ നയിക്കാന്‍ സഖാവിന് സാധ്യമായത്. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത്. 1967 ലെ സപ്തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ എം എസ് തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ് പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചത്. ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തമായ ഇടപെടലും കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകി. ഇതിന്റെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമം കൂലി, വീടുവയ്ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യല്‍ എന്നീ നേട്ടങ്ങള്‍ സ്വായത്തമാക്കാനും സാധിച്ചു. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ നേടുമ്പോഴും ദൌര്‍ബല്യങ്ങളെ വിമര്‍ശന-സ്വയം വിമര്‍ശനങ്ങളിലൂടെ വിലയിരുത്തുന്നതിനും കഴിഞ്ഞു. തന്റെ പോരായ്മകളെ വിലയിരുത്താനും തിരുത്താനുമുള്ള ഒരു മാര്‍ക്സിസ്റിന്റെ ശരിയായ ആര്‍ജവം ഇ എം എസ് കാണിച്ചിരുന്നു. ഏത് പ്രശ്നങ്ങളിലെയും പോരായ്മകളെ ഉള്‍ക്കൊള്ളാനും നേട്ടങ്ങളെ മുറുകെപ്പിടിക്കാനുമുള്ള ഈ കഴിവ് കേരളത്തിന്റെ വികസന പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്ന ഘട്ടങ്ങളിലും ഇ എം എസ് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനത്തിലുള്ള ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയുംചെയ്തു. സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച സാമ്പത്തികവളര്‍ച്ച സംസ്ഥാനത്ത് ഉണ്ടാകാത്തതും കാര്‍ഷിക-വ്യവസായ മേഖല ദുര്‍ബലമായിക്കിടക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മയുടെ ഭീകരതയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ പ്രശ്നങ്ങളും ഗൌരവമായി എടുക്കേണ്ടതുണ്ടെന്നും സഖാവ് ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയും ഇ എം എസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. ഇതിന്റെ ഭാഗമായാണ് കേരള വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കാന്‍ സഖാവ് തന്നെ മുന്‍കൈയെടുത്തത്. ആഗോളവല്‍ക്കരണകാലത്ത് കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ ജനങ്ങളെ അണിനിരത്തി അഭിമുഖീകരിക്കാനുള്ള ധീരമായ പരിശ്രമത്തിന്റെ പുതിയ കാല്‍വയ്പായിരുന്നു ഈ ഇടപെടല്‍. ലോകം മുഴുവന്‍ ശ്രദ്ധിച്ച പുതിയ വികസന സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ ഈ ഇടപെടലിലൂടെ ഇ എം എസിന് സാധ്യമായി. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ വിശേഷിച്ചും, പുതിയ ചൈതന്യം നല്‍കിയ ജനകീയാസൂത്രണത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത് ഇത്തരത്തിലുള്ള ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ്. അധികാരവികേന്ദ്രീകരണം എന്നത് കേവലമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം മാതമല്ലെന്ന് ഇ എം എസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെന്നതായിരുന്നു ആ സമീപനം. ഈ കാഴ്ചപ്പാടിനെതിരായുള്ള കപട അധികാരവികേന്ദ്രീകരണ സമീപനങ്ങളെ ശക്തമായി എതിര്‍ക്കുന്ന കാര്യത്തിലും ഇ എം എസ് വിട്ടുവീഴ്ച കാണിച്ചില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി ഇടപെട്ടു. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇ എം എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം ഉണ്ടാകും. കലയിലും സാഹിത്യത്തിലും സാധാരണക്കാരുടെ ജീവിതവും ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പേര് വിളിച്ച് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ ഇ എം എസ് വ്യക്തമാക്കി. ഇത്തരത്തില്‍ കേരള ചരിത്രപഠനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ മായാതെ നില്‍ക്കും. വിദ്യാഭ്യാസത്തെ ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യം ചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി അദ്ദേഹം നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകണ്ടില്ല.

ഇ എം എസ്: മായാത്ത മുദ്ര.

ഇ എം എസ്: മായാത്ത മുദ്ര.

പ്രകാശ് കാരാട്ട്.

തന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇ എം എസിന്റെ ജന്മശതാബ്ദി 13ന് ആഘോഷിക്കുകയാണ്. 1909ല്‍ ജനിച്ച ഇ എംഎസിന്റെ വിശിഷ്ടമായ ജീവിതം 20-ാം നൂറ്റാണ്ടില്‍ ആദ്യന്തം രാജ്യത്തുണ്ടായ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റങ്ങളുടെ അഭേദ്യമായ ഭാഗമാണ്. വിദ്യാര്‍ഥിയായിരിക്കെ തന്നെ, ഇ എം എസ് താന്‍ ഉള്‍പ്പെട്ട യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പതാകവാഹകനായി. അദ്ദേഹം ഗാന്ധിയന്‍ കോഗ്രസുകാരനായി മാറുകയും വിദ്യാഭ്യാസകാലത്ത് തന്നെ നിസ്സഹകരണസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോവുകയുംചെയ്തു. 1934ല്‍ ദേശീയതലത്തില്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ സംഘാടകരില്‍ ഒരാളായി. മലബാറില്‍ ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകനായി. 1936ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു, കേരളത്തില്‍നിന്നുള്ള ആദ്യത്തെ അഞ്ച് പാര്‍ടിഅംഗങ്ങളില്‍ ഒരാളായിരുന്നു ഇ എം എസ്. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി മാറിയ ഇ എം എസിന്റെ കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലുള്ള അസാധാരണ യാത്രയുടെ തുടക്കം ഇവിടെനിന്നാണ്. മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇ എം എസിനെ സമ്പൂര്‍ണമായും അര്‍ഹിക്കുന്ന വിധത്തിലും വിലയിരുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ വിവരിക്കാനും ഈ ചെറിയ ലേഖനം വഴി കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിപ്ളവജീവിതത്തിലെ വ്യതിരിക്തമായ അഞ്ച് സവിശേഷത ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. ഒന്നാമതായി, മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. മാര്‍ക്സിസത്തിന്റെ സത്ത ഗ്രഹിച്ചെടുക്കാനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അത് പ്രയോഗിക്കാനും തന്റെ അസാധാരണമായ ധിഷണാശക്തി ഇ എം എസിനെ സഹായിച്ചു. അതുല്യമായ ഈ കഴിവാണ് കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിശദമായി പഠിക്കാനും ഇവിടെ ജന്മിത്വം നിരോധിക്കാനുള്ള സൈദ്ധാന്തിക അടിത്തറ പാകിയവരില്‍ പ്രഥമഗണനീയനാകാനും ഇ എംഎസിനെ സഹായിച്ചത്. സിദ്ധാന്തത്തെ പ്രയോഗമാക്കി മാറ്റാന്‍ മറ്റാര്‍ക്കുമില്ലാത്ത ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറിലെ ജന്മി-ഭൂവുടമാ സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രായോഗിക മാര്‍ഗനിര്‍ദേശമായി മാറി. കാര്‍ഷകബന്ധങ്ങളെയും കര്‍ഷകവിപ്ളവത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഇ എം എസിന്റെ വ്യാഖ്യാനങ്ങളാണ്, കേരളത്തില്‍ 1957ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണശ്രമങ്ങള്‍ക്ക് അടിത്തറയായത്. സമൂഹത്തെയും ചരിത്രത്തെയും മാര്‍ക്സിസ്റ്റ് രീതിയില്‍ എങ്ങനെ വിശകലനം ചെയ്യാമെന്ന് മലയാളികളുടെയും കേരളസമൂഹത്തിന്റെയും ഭാഷാദേശീയത ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഇ എം എസ് തെളിയിച്ചു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമുഖ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത് ഇ എം എസിന്റെ \'ഐക്യകേരളം\', \' കേരളത്തിലെ ദേശീയപ്രശ്നം\' എന്നീ രചനകളാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലുള്ള പ്രാഗത്ഭ്യം നിമിത്തം, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ എല്ലാ മുന്നേറ്റങ്ങളിലും ഇ എംഎസിന് തന്റേതായ സംഭാവന നല്‍കാനായി. മാര്‍ക്സിസ്റ്റ് വീക്ഷണമനുസരിച്ച് ഏറ്റവും ആധികാരികമായ രീതിയില്‍ അദ്ദേഹം ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്തു. ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലെ ചിന്തിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകളും സംവാദങ്ങളും നടക്കാന്‍ ഇ എം എസിന്റെ ഇടപെടലുകളും കാഴ്ചപ്പാടുകളും ഉള്‍പ്രേരകമായി. മുന്‍കോളനി രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമായി മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വികാസത്തിലും പ്രയോഗത്തിലും ഇ എം എസ് നല്‍കിയ തോതിലുള്ള സംഭാവന ഇന്ത്യയില്‍നിന്നുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും നല്‍കിയിട്ടില്ലെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് എന്ന നിലയില്‍ ലോക സോഷ്യലിസത്തോടും സാര്‍വദേശീയതയോടും ഇ എം എസ് അഗാധമായ പ്രതിബദ്ധത പുലര്‍ത്തി. പക്ഷേ, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവത്തിനുശേഷം, ഇ എം എസ് ഉള്‍പ്പെട്ട സിപിഐ എം നേതൃത്വം മോസ്കോയില്‍ രൂപംകൊള്ളുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പതിവ് ഉപേക്ഷിച്ചു. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിപ്ളവത്തിന്റെ ശരിയായ തന്ത്രങ്ങളും അടവുകളും കണ്ടെത്താന്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ഔത്സുക്യത്തോടെയുള്ള അന്വേഷണം ഇ എം എസും സഖാക്കളും ആരംഭിച്ചു. ഈ പ്രക്രിയയില്‍ ഇ എം എസ് പ്രധാനപങ്ക് വഹിച്ചു. പാര്‍ലമെന്ററി വേദികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തം സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതില്‍ മാര്‍ഗദര്‍ശകനായി ഇ എം എസ് വഹിച്ച പങ്കാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. 1957ല്‍ കേരളത്തില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അദ്ദേഹംതന്നെ കമ്യൂണിസ്റ്റ് പങ്കാളിത്ത പ്രവര്‍ത്തനക്രമത്തിന് തുടക്കമിട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 28 മാസത്തെ ഭരണം ഭൂപരിഷ്കരണ നടപടികള്‍ സ്വീകരിച്ചും അധികാര വികേന്ദ്രീകരണം നടപ്പാക്കിയും ജനപക്ഷ പൊലീസ്നയം കൊണ്ടുവന്നും പുതിയ വഴിത്താര തുറന്നു. അധികാര വികേന്ദ്രീകരണത്തോട് ഇ എം എസ് എക്കാലത്തും പ്രതിബദ്ധത കാട്ടി. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെനിന്ന് പഞ്ചായത്തുകളിലേക്കും കൂടുതല്‍ അധികാരങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനായി പാര്‍ടി നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇ എം എസ് യത്നിച്ചു. പൊതുനയങ്ങളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും ഇടതുപക്ഷ കാഴ്ചപ്പാട് കൊണ്ടുവരുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇ എം എസാണ്. സര്‍ക്കാരിലെ കമ്യൂണിസ്റ്റ് പങ്കാളിത്തത്തില്‍നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് റിവിഷനിസത്തെയും പാര്‍ലമെന്ററി വ്യാമോഹങ്ങളെയും അകറ്റിനിര്‍ത്തിയെന്നുള്ള ഖ്യാതിയും ഇ എം എസിന് അവകാശപ്പെട്ടതാണ്. ഇതിനെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. സര്‍ക്കാരിലെ പങ്കാളിത്തം അധികപാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അകമ്പടിയോടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ജാതിയെയും വര്‍ഗബന്ധങ്ങളെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയ്ക്ക് നല്‍കിയ സംഭാവനകളാണ് ഇ എം എസിന്റെ മൂന്നാമത്തെ സവിശേഷത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന ജാതിഘടന വിലയിരുത്തിയശേഷം ഇ എം എസ് ജാതിരൂപങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം വരച്ചുകാട്ടുകയും ജാതിവിരുദ്ധപോരാട്ടത്തിനുള്ള കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യവും പ്രയോഗവും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളെ അദ്ദേഹം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ മുന്‍തലമുറകളിലെ ബഹുഭൂരിപക്ഷംപേരും ചെയ്തതുപോലെ ഇ എം എസ് ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചില്ല. സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കാനുള്ള ആവേശത്തെ തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനായി വിനിയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലത്തും ഇ എം എസ് മാര്‍ക്സിസത്തെ ജാതിബന്ധങ്ങളില്‍ നിരന്തരമാറ്റം വരുത്തുന്നതിനായി ഉപയോഗിച്ചു. ആധികാരിക മാര്‍ക്സിസ്റ്റ് നേതാവ് എന്ന നിലയില്‍ സമൂഹത്തോടും സാമൂഹ്യവ്യവസ്ഥയിലെ എല്ലാ മേഖലകളോടും ഇ എം എസ് താല്‍പ്പര്യം പ്രകടിപ്പിച്ചു. സംസ്കാരത്തെ വ്യാഖ്യാനിക്കുന്നതിലും ഭരണവര്‍ഗസംസ്കാരത്തിന് ബദലായ സാംസ്കാരിക നായകത്വം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലും അദ്ദേഹത്തിന് ഒരേപോലെ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹം സ്ത്രീവിമോചനത്തിനായി തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലിംഗവിവേചനം, വനിതകളുടെ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ പാര്‍ടിക്കുള്ളില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാര്‍ടിയുടെ ആശയങ്ങളും രാഷ്ട്രീയവും ജനങ്ങളിലേക്ക് പകരുന്നതില്‍ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കാണ് നാലാമത്തെ സവിശേഷത. ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വിവരണങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ എഴുതിയ കാര്യത്തില്‍ ഇ എം എസിനെ മറികടക്കാന്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവില്ല. കേരളത്തില്‍, തന്റെ ദൈനംദിന രചനകളിലൂടെ ഇ എം എസും ജനങ്ങളും തമ്മില്‍ ശ്രദ്ധേയമായ ആശയവിനിമയം നടന്നിരുന്നു. 1935ല്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി ആരംഭിച്ച \'പ്രഭാതം\' മുതലുള്ള മിക്ക പാര്‍ടി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപര്‍ ഇ എം എസായിരുന്നു. \'ദേശാഭിമാനി\'യുടെ മുഖ്യപത്രാധിപരായി വീണ്ടും പ്രവര്‍ത്തിച്ചുവരവെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണങ്ങളുടെയും \'പീപ്പിള്‍സ് ഡെമോക്രസി\', \'ദി മാര്‍ക്സിസ്റ്റ്\' എന്നിവയുടെയും പത്രാധിപരായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇ എം എസിന്റെ സമ്പൂര്‍ണകൃതികള്‍ നൂറില്‍പ്പരം വോള്യം വരും. ഈ സൃഷ്ടികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എല്ലാക്കാലത്തും പ്രസക്തമായ പാരമ്പര്യസ്വത്താണ്. ഇ എം എസിന്റെ അഞ്ചാമത്തെ സവിശേഷത അദ്ദേഹം പ്രത്യേക അച്ചില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതാണ്. ബുദ്ധിപരമായി ഇത്രയേറെ ഔന്നത്യം ഉണ്ടായിരുന്നിട്ടും ഇ എം എസ് വിനയവാനും ദുരഭിമാനമില്ലാത്ത വ്യക്തിയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്നേഹാദരങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചില്ല. തന്റെ സ്വത്ത് പാര്‍ടിക്ക് നല്‍കിയശേഷം അങ്ങേയറ്റം ലളിതജീവിതമാണ് ഇ എം എസ് നയിച്ചത്. നേതാവ് എന്ന നിലയില്‍ അദ്ദേഹം ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ പാര്‍ടി കേഡര്‍മാര്‍ക്ക് മുന്നില്‍ മികച്ച മാതൃക കാട്ടുകയുംചെയ്തു. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇ എം എസ് അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1968ല്‍ ഞാന്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായപ്പോള്‍ സിപിഐ എമ്മില്‍ ചേരാന്‍ പ്രചോദനമായത് ഇ എംഎസിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമാണ്. 1970ല്‍ പരിചയപ്പെട്ടതുമുതല്‍ ചര്‍ച്ചകളും ഉപദേശങ്ങളും വഴി അദ്ദേഹത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരിക്കെയാണ് 1985ല്‍ ഞാന്‍ പാര്‍ടികേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പാര്‍ടിനയങ്ങളെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞു. ചെറുപ്പക്കാരോ അനുഭവസമ്പത്ത് കുറഞ്ഞവരോ ആയ സഖാക്കളെ ഒരിക്കലും അദ്ദേഹം പ്രത്യേക രീതിയില്‍ കണ്ടില്ല. എല്ലാവരെയും തുല്യരായി പരിഗണിച്ചു. അതാണ് ഇ എം എസിന്റെ മഹത്വം. രാജ്യത്തെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ സൈദ്ധാന്തിക-പ്രായോഗിക പ്രവര്‍ത്തനംസമ്പന്നവും സ്ഥായിയുമായ പാരമ്പര്യാവകാശമാണ്. ഈ പാരമ്പര്യത്തിന്റെ സത്ത ജനങ്ങളുടെ പക്ഷത്തുനിന്ന് പോരാടുന്ന പിന്മുറക്കാരിലേക്ക് കൈമാറണം. ഇതിനായി സോഷ്യലിസത്തിന്റെ വിമോചന ലക്ഷ്യത്തില്‍ ഉറച്ചുവിശ്വസിച്ചും ജനങ്ങളുമായി പൂര്‍ണതോതില്‍ താദാത്മ്യം പ്രാപിച്ചും മാര്‍ക്സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും സമൂഹത്തിലെ സജീവവും സുവ്യക്തവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇവ പ്രയോഗിക്കുകയും ചെയ്യണം

ഇ.എം.എസ്‌. സ്‌മരണ


ഇ.എം.എസ്‌. സ്‌മരണ .


വി.എസ്‌. അച്യുതാനന്ദന്‍ .

വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും
ആധുനിക കേരളത്തിന്റെ ശില്‌പികളിലൊരാളായ സഖാവ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദിയാണ്‌. സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ അവസ്ഥയെ ശാസ്‌ത്രീയമായി വിലയിരുത്തുകയും മലയാളികളെ നന്മയിലേക്കാനയിക്കുന്നതിന്‌ വഴിവെട്ടുകയും ചെയ്യുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ കര്‍മ മേഖല. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ഇടപെടലിലൂടെ, ധൈഷണിക സംഭാവനകളിലൂടെ, സമര-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരള സൃഷ്‌ടിയില്‍ അദ്വിതീയമായ പങ്കാണ്‌ ഇ.എം.എസ്‌. വഹിച്ചത്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടകമുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ പി. കൃഷ്‌ണപിള്ള, ഇ.എം.എസ്‌., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കുന്നതിന്‌ ഒരുപതിറ്റാണ്ടിലേറെ മുമ്പ്‌ തന്നെ കേരളത്തിന്റെ പൊതുരംഗത്ത്‌ ഇ.എം.എസ്‌. സജീവമായിരുന്നു. സ്വസമുദായമായ നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാട്‌, എം.ആര്‍.ബി. തുടങ്ങിയവര്‍ക്കൊപ്പം പങ്ക്‌ വഹിക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉണ്ണി നമ്പൂതിരിയില്‍ ലേഖനങ്ങളെഴുതിയുമാണ്‌ ഇ.എം.എസ്‌.തുടങ്ങിയത്‌. തുടര്‍ന്ന്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനകത്ത്‌ ഇടതുപക്ഷാശയം വ്യാപിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയെ ക്രമത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ ഇ.എം.എസ്‌. വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സംഘടന കെട്ടിപ്പടുക്കാനും സമരങ്ങള്‍ നടത്താനും ആശയപ്രചാരണമാണ്‌ ഒന്നാമതായി വേണ്ടതെന്നതിനാല്‍ പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇ.എം.എസ്‌. നേതൃത്വം നല്‍കി. ഉണ്ണി നമ്പൂതിരിയിലൂടെയാണ്‌ ഇ.എം.എസ്‌. പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്ന്‌ സ്വന്തം തറവാട്ടു സ്വത്തില്‍ ലഭിച്ച വിഹിതം വിറ്റുകിട്ടിയ പണം കൂടി മുടക്കി കോഴിക്കോട്ട്‌ ദേശാഭിമാനി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മുടങ്ങാതെ പത്രപ്രവര്‍ത്തനവും തുടര്‍ന്നുവെന്നതാണ്‌ ഇ.എം.എസ്സിന്റെ ഒരു സവിശേഷത. ദിവസേനയെന്നോണം സാര്‍വദേശീയ-ദേശീയ-പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയെല്ലാം ഇ.എം.എസ്സില്‍ നിന്നുണ്ടായി. കേരളത്തിന്റെ പുരോഗതിയില്‍ പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ, സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിശേഷിച്ചും നിര്‍ണായകമായിരുന്നു ഇ.എം.എസ്സിന്റെ ഈ ഇടപെടല്‍. നിരന്തരമായ ഇത്തരം ഇടപെടലിലൂടെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ്‌ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസ്‌. നേതൃത്വപരമായ പങ്ക്‌ വഹിച്ചു. പത്രങ്ങളിലൂടെയുള്ള ഇടപെടല്‍, പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വകസിപ്പിക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. എതിരാളികളുമായുള്ള ആശയസമരത്തെ ആരോഗ്യകരമായ സംവാദമായി മാറ്റുകയായിരുന്നു ഇ.എം.എസ്‌. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ്‌ ആ പ്രസംഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത്‌ നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്യൂണിസ്റ്റ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്‌കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്‌. ഊന്നി. സൗഹാര്‍ദപൂര്‍ണമായ തൊഴില്‍ബന്ധം, തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്‌, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്‌കരണം, അഴിമതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ്‌ ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം. 1959 ജൂണ്‍ പത്തിന്‌ ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പ്‌.എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന്‌ ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും. 1963 ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത്‌ റവന്യൂവകുപ്പ്‌ കൈയാളിയത്‌ പി.ടി. ചാക്കോയാണ്‌. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ്‌ അന്ന്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, 1967 ല്‍ വീണ്ടും ഇ.എം.എസ്‌. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന്‌ സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന്‌ അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ നല്‍കണമെന്ന്‌ നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത്‌ സെന്റും നഗരത്തില്‍ അഞ്ച്‌ സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക്‌ മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ്‌കുടിയാന്‌ ഭൂമി സ്വന്തമായത്‌. 1957 ജൂലായില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച്‌ പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്‌. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ട്‌ ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ്‌ വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്‌. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക്‌ അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്‌, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്‌, അധികാരവികേന്ദ്രീകരണത്തിന്‌ മുന്‍കൈയെടുത്തത്‌ - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്‌. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്‌. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്‌, പിന്നാക്കക്കാര്‍ക്ക്‌ അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക്‌ വഴിതുറന്നു. ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന്‌ മഹത്തായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌, വീട്‌ വെക്കാന്‍ സ്ഥലമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌ വെക്കാന്‍ സ്ഥലം. പിന്നെ വീട്‌ എന്നത്‌ ഇപ്പോഴത്തെ ഗവണ്‍മെന്റ്‌ പ്രധാന ലക്ഷ്യമാക്കിയെടുത്തിരിക്കുന്നു. അസംഘടിതമേഖലയിലെ പെന്‍ഷന്‍-ക്ഷേമനിധി, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ തുടക്കം, പ്രവാസി ക്ഷേമനിധി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. ഇ.എം.എസ്‌. നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ പതിനൊന്ന്‌ വര്‍ഷം കഴിഞ്ഞു. എങ്കിലും ഈ കാലയളവിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും ഇ.എം.എസ്‌. നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ഭരണരംഗത്ത്‌ വികസന പദ്ധതികള്‍, ക്ഷേമനടപടികള്‍, നിയമനിര്‍മാണം തുടങ്ങിയ ഏത്‌ രംഗത്തുമുള്ള ചര്‍ച്ചയില്‍ ഇ.എം.എസ്സിനെ പരാമര്‍ശിക്കാതെ മുന്നോട്ടു പോവുക പ്രയാസമാണ്‌. അതുപോലെ വര്‍ഗീയത, സാമുദായിക സൗഹാര്‍ദം, സാമൂഹികപരിഷ്‌ക്കരണം, സംവരണം തുടങ്ങി ഏത്‌ വിഷയത്തിലും ഇ.എം.എസ്സിന്റെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇ.എം.എസ്സാണ്‌. വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും. മുന്നണി ഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടിയത്‌ കേരളമാണ്‌. ദേശീയമായിത്തന്നെ ഇനി ഏകകക്ഷി ഭരണം സാധ്യമല്ലെന്ന്‌ ഇ.എം.എസ്‌. വളരെമുമ്പേ ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി. അന്ന്‌ കോണ്‍ഗ്രസ്‌ അതിനെ പരിഹസിച്ചെങ്കിലും പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടി വന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കടുത്ത തിരിച്ചടി നേരിട്ട ഘട്ടത്തിലാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദി എത്തുന്നത്‌. കേരളത്തില്‍ മാത്രമല്ല പശ്ചിമബംഗാളിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്‍പരാജയമാണുണ്ടായത്‌. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നത്‌ ഇതാദ്യമല്ല. 1957 ല്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിന്നീട്‌ പലതവണ വന്‍വിജയം നേടുകയും പലതവണ വന്‍ പരാജയം നേരിടുകയും ചെയ്യുകയുണ്ടായി. ഇടതുപക്ഷത്തിന്‌ തിരഞ്ഞെടുപ്പ്‌ പരാജയങ്ങളുണ്ടായ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയും ഇടതുപക്ഷവും ആകെ തകര്‍ന്നു, അടിത്തറ ഇളകി എന്നൊക്കെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്‌. ആ ഘട്ടത്തിലെല്ലാം എതിരാളികള്‍ക്ക്‌ ശക്തമായ മറുപടി നല്‍കിക്കൊണ്ട്‌ ആശയപ്രചാരണത്തിലൂടെ പുതിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കാന്‍ ഇ.എം.എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. വിമര്‍ശനവും സ്വയം വിമര്‍ശനവും തെറ്റ്‌തിരുത്തല്‍ പ്രക്രിയയും വഴിയാണ്‌ പുതിയ മുന്നേറ്റത്തിന്‌ വഴി തെളിക്കുന്നത്‌. സ്വന്തം ഭാഗത്തെ തെറ്റ്‌ തിരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ തെറ്റിദ്ധാരണയുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ അത്‌ തിരുത്താന്‍ ആശയപ്രചാരണം നടത്തുകയും ചെയ്യുക എന്നതിലാണ്‌ ഇ.എം.എസ്‌ ഊന്നിയത്‌. അത്‌ അതിവേഗം വിജയത്തിലെത്തിയതിന്റെ അനുഭവമാണുള്ളത്‌. സംസ്ഥാനത്തെ 2004 ല്‍ നടന്ന പതിന്നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വമ്പിച്ച ജനപിന്തുണയാണ്‌ ലഭിച്ചത്‌. ആ പിന്തുണയില്‍ ഇടിവ്‌ തട്ടിയിട്ടുണ്ടെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌. വികസന-ക്ഷേമരംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌ മുന്നോട്ടു പോകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ സര്‍ക്കാര്‍ വിരുദ്ധവികാരം പ്രകടമായില്ലെന്ന്‌ പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നിട്ടും വലിയ തോല്‍വിയുണ്ടായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടില്‍ ഇടിവുണ്ടായി. ഈ പരാജയത്തില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ടുകൊണ്ട്‌ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റുതിരുത്തിയും തെറ്റിദ്ധാരണതിരുത്തിച്ചുംകൊണ്ട്‌ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയും. സ്വയംവിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിന്‌ തടസ്സമാകുമെന്ന്‌ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയക്ക്‌ ഇ.എം.എസ്സിന്റെ മാതൃക, ഇ.എം.എസ്സിന്റെ സ്‌മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

ഇ.എം.എസ്സും സാഹിത്യവും

ഇ.എം.എസ്സും സാഹിത്യവും

അനില്‍കുമാര്‍ എ.വി.

ജീവിക്കുകമാത്രംചെയ്‌ത മലയാളിയുടെ ചലനങ്ങളെ പ്രത്യയശാസ്‌ത്രപരമായി വ്യാഖ്യാനിക്കുകയും നിര്‍വചിക്കുകയും ചെയ്‌തതില്‍ ഇ.എം.എസ്‌. നല്‍കിയ സംഭാവനകള്‍ ചരിത്രപരമാണ്‌. മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തിലേക്കുള്ള പ്രയാണത്തിന്‌ ആവേഗം കൂട്ടുന്നതായിരുന്നു അവയില്‍പലതും. തൊഴിലാളി വര്‍ഗത്തിന്റെ വീക്ഷണകോണില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും പുനര്‍വായിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തിന്റെ ദൈവിക പ്രബോധനങ്ങളിലും അക്കാദമിക രീതിശാസ്‌ത്രത്തിന്റെ സിദ്ധാന്തസമ്മിശ്രവാദങ്ങളിലും അടയിരുന്നുകൊണ്ടാണ്‌ മുഖ്യധാരാ കേരളീയ സാഹിത്യവിമര്‍ശനം വിരിഞ്ഞുവന്നത്‌. ഈയൊരു ധാരയെ തുറന്നുകാട്ടുക രാഷ്ട്രീയ സമരത്തിന്റെ ഭാഗംതന്നെയാണ്‌. കലയുടെ സ്വയംഭരണ നാട്യം മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനത്തെ പലപ്പോഴും സംശയാസ്‌പദമാക്കിയിട്ടുണ്ട്‌. ഈ ശകാരങ്ങള്‍ക്കിടയില്‍നിന്നും കൂടുതല്‍ ശരിയിലേക്ക്‌ വളര്‍ന്നതിന്റെ കേരളീയാനുഭവ സാക്ഷ്യങ്ങളാണ്‌ ഇ.എം.എസ്സിന്റെ വിമര്‍ശന പരിശ്രമങ്ങളും സൗന്ദര്യശാസ്‌ത്രവിചാരങ്ങളും. വലതുപക്ഷ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ തുടര്‍ച്ചയായി ഗ്രഹിക്കാനാവാത്ത പരാധീനത ചില മാര്‍ക്‌സിസ്റ്റുകാരെപ്പോലും വഴിതെറ്റിച്ചിരുന്നു. അതുകൊണ്ടാണ്‌ ചിലര്‍ അതിലെ പ്രത്യേക ഘട്ടത്തെ കേന്ദ്രപ്രമേയത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി പരിശോധിച്ചത്‌. തുടര്‍ച്ചയായ സാംസ്‌കാരിക സമരത്തിന്റെ നടുവില്‍നിന്നുകൊണ്ടേ ഇ.എം.എസ്സിന്റെ കലാസംബന്ധിയായ നിഗമനങ്ങളെ വിലയിരുത്താനാവൂ. വര്‍ഗസമരത്തിന്റെ പ്രായോഗിക മുന്നേറ്റങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അനിഷേധ്യമായ സംഭാവനകളാല്‍ ശ്രദ്ധേയമാണ്‌. എന്നാല്‍ താത്ത്വികമേഖലയില്‍ അത്രയും ഉജ്ജ്വലമായ പാരമ്പര്യം അതിനില്ലെന്നതാണ്‌ സത്യം. എങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനം കയറ്റിറക്കങ്ങളോടെ പുതിയ ഉയരത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനു പിന്നില്‍ ഇ.എം.എസ്സിന്റെ സംഭാവന അമൂല്യമാണ്‌. സൗന്ദര്യശാസ്‌ത്ര പ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്റെ പ്രവര്‍ത്തനമണ്ഡലം കേരളമായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ താത്വികസംഭാവന ലോക നിലവാരത്തിലുള്ളതായി. ഇന്ത്യയ്‌ക്ക്‌ വെളിയില്‍ മാര്‍ക്‌സിസ്റ്റ്‌ കലാ ചിന്തകര്‍ക്കിടയില്‍ നടന്ന സംവാദങ്ങളിലോ സൗന്ദര്യശാസ്‌ത്രത്തിന്റെ വികാസത്തോട്‌ ബന്ധപ്പെട്ട ചര്‍ച്ചകളിലോ ഇ.എം.എസ്‌. പങ്കെടുത്തിട്ടില്ല. സൗന്ദര്യശാസ്‌ത്രപ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന കൃതികളും ഇദ്ദേഹത്തില്‍നിന്ന്‌ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കലാസാഹിത്യവിചിന്തനങ്ങള്‍ കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍പ്പോലും മാര്‍ക്‌സിസ്റ്റ്‌ ചിന്ത, പദ്ധതിയുടെയും ലോകവീക്ഷണത്തിന്റെയും സമ്പത്തില്‍ അതും മുതല്‍ക്കൂട്ടാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയത്തോടെ നാടുവാഴിത്ത സമൂഹങ്ങളുടെ സൗന്ദര്യധാരണകളെ തകര്‍ത്ത്‌ മുന്നേറിയ മുതലാളിത്ത സൗന്ദര്യസങ്കല്‌പത്തിനും അത്‌ പിറവി നല്‍കിയ സിദ്ധാന്തങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി പോരടിച്ചുകൊണ്ടാണ്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനം വളര്‍ന്നു വികസിച്ചത്‌. കേരളത്തില്‍ പഴയ ലോകത്തിന്റെ സങ്കല്‌പങ്ങള്‍ക്കെതിരെ കലഹസ്വരം ഉയര്‍ന്നത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്‌. ബൂര്‍ഷാ നവോഥാന പരിശ്രമങ്ങളുടെ അനുബന്ധമായി ഒ. ചന്തുമേനോനെപ്പോലെയുള്ളവര്‍ നാടുവാഴിത്ത സമൂഹത്തിന്റെ ജീവിതമൂല്യങ്ങള്‍ക്കും ശീലങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഇങ്ങനെ ബൂര്‍ഷ്വാസങ്കല്‌പങ്ങളുടെ നിരന്തരമായ ഇടപെടലിലൂടെ പുതിയ പ്രത്യയശാസ്‌ത്രം ഉയര്‍ന്നുവന്നു. പുതിയ രാഷ്ട്രീയശക്തിയായി തൊഴിലാളിവര്‍ഗം രംഗപ്രവേശനം ചെയ്‌തത്‌ പ്രത്യയശാസ്‌ത്രമണ്ഡലത്തിലും സ്വാധീനമുണ്ടാക്കി. പുതിയ സൗന്ദര്യമൂല്യസങ്കല്‌പത്തിന്റെ പിറവിയിലേക്ക്‌ അത്‌ നയിച്ചു. നാടുവാഴിത്തത്തിന്റെ കലാസാഹിത്യ സിദ്ധാന്തത്തോടും ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര കാഴ്‌ചപ്പാടുകളോടും ഏറ്റുമുട്ടിക്കൊണ്ടാണ്‌ പുതിയ സൗന്ദര്യശാസ്‌ത്രം രൂപപ്പെട്ടത്‌. 1937 ലെ ജീവല്‍ സാഹിത്യസംഘടന അതിന്റെ സംഘടനാ രൂപമായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്രാസ്‌തിത്വവും ജനാധിപത്യസങ്കല്‌പവും സൗന്ദര്യവീക്ഷണവും കേരളീയ സാമൂഹിക-സാഹിത്യ ജീവിതത്തിലുളവാക്കിയ സ്വാധീനം അതിന്റെ പരിമിതിയോടും ശക്തിയോടും തിരിച്ചറിയുകയും അതിന്റെ ധാരണകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു എന്നതാണ്‌ ഇ.എം.എസ്സിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. കല കലയ്‌ക്കുവേണ്ടിയോ സാമൂഹികപുരോഗതിക്കുവേണ്ടിയോ എന്ന വിവാദത്തിലും പിന്നീട്‌ രൂപഭദ്രതയുടെ പ്രശ്‌നത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തിയിരുന്ന സമീപനങ്ങളുടെ ദുര്‍ബലാവസ്ഥയെ ഇ.എം.എസ്‌. തിരഞ്ഞത്‌ തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ അവികസിതാവസ്ഥയിലാണ്‌. ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്രത്തിന്റെ പരിമിതികളെ നേരിടേണ്ടത്‌ തൊഴിലാളിവര്‍ഗസൗന്ദര്യശാസ്‌ത്രം കൊണ്ടുതന്നെയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ഇ.എം.എസ്‌. അടിവരയിട്ട പരിമിതികള്‍ മറികടക്കുന്നതിലും തിരുത്തലുകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലും ചിലപ്പോഴെല്ലാം സംഘടിത സാഹിത്യസംരംഭം പരാജയമായിരുന്നുവെങ്കിലും തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ ചരിത്രപരമായ സ്ഥാനം സംശയരഹിതമായി പ്രഖ്യാപിക്കുമായിരുന്നു ഇ.എം.എസ്‌. ജീവല്‍ സാഹിത്യകാലത്ത്‌ താനടക്കമുള്ളവര്‍ക്കും പുരോഗമന സാഹിത്യകാലത്ത്‌ മുണ്ടശ്ശേരിയെപ്പോലുള്ളവര്‍ക്കും കാണാന്‍ കഴിയാതിരുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. 'വിമോചനസമര'കാലത്തെ അനുകൂല രാഷ്ട്രീയാവസ്ഥ ബൂര്‍ഷ്വാ സിദ്ധാന്തങ്ങള്‍ക്ക്‌ ഒരുതരം അപ്രമാദിത്വം പതിച്ചുനല്‍കുകയുണ്ടായി. ഇങ്ങനെ തത്ത്വശാസ്‌ത്രത്തിന്റെ വേര്‍തിരിവുകള്‍ മായ്‌ച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലിബറല്‍ സങ്കല്‌പങ്ങള്‍ക്കും സ്വന്തം പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ സാഹിത്യധാരണകളെ വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത അക്കാദമിക്‌ സൈദ്ധാന്തിക വ്യായാമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരടിച്ചുനിന്നത്‌ ഇ.എം.എസ്‌. ആയിരുന്നു. ഇത്തരം സൈദ്ധാന്തിക ചെറുത്തുനില്‌പുകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വികസിച്ച ധാരണകള്‍ മാര്‍ക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്രസങ്കല്‌പത്തിന്‌ ഇനിയും മുന്നേറാനുള്ള വഴികളിലൊന്നു മാത്രമാണ്‌. ''സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്‌. സാമൂഹികമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനയ്‌ക്ക്‌ ആവശ്യമില്ല. ആ അര്‍ഥത്തില്‍ കല കലയ്‌ക്കുവേണ്ടിതന്നെയാണ്‌. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര കണ്ടിരുന്നില്ല.....'' (പുരോഗമന സാഹിത്യപ്രസ്ഥാനം അന്നും ഇന്നും) എന്ന ഇ.എം.എസ്സിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട കോലാഹലം ഏറെ നാള്‍ തുടര്‍ന്നു. ആശയവാദാധിഷ്‌ഠിതമായ ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര നിലപാടുകള്‍ അദ്ദേഹത്തെ ഒരു ശുദ്ധ കലാവാദിയായി പ്രതിഷ്‌ഠിക്കാനാണൊരുമ്പെട്ടത്‌. കലയുടെ കലാതീതവും സാമൂഹികബാഹ്യവുമായ കേവലതയിലേക്ക്‌ പിന്‍മടങ്ങിയ ഒരു ഇ.എം.എസ്സിനെ നിരൂപിച്ചെടുക്കാനായിരുന്നു മറ്റൊരുകൂട്ടരുടെ ശ്രമം. ചില മാര്‍ക്‌സിസ്റ്റ്‌ സുഹൃത്തുക്കളാകട്ടെ അദ്ദേഹത്തിന്റെ നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ സമീപനത്തിന്‌ വിരുദ്ധമാണെന്ന്‌ വാദിച്ചു. കലയുടെ സാമൂഹികനിഷ്‌ഠവും വ്യക്തിനിഷ്‌ഠവുമായ വിരുദ്ധവശങ്ങളെ ഒരേസമയം ഗ്രഹിക്കാനാവാത്ത സാമാന്യബുദ്ധിയോട്‌ മാത്രം സംവദിക്കുന്ന പഴയ വിമര്‍ശനരീതികള്‍ക്കൊന്നും ഇ.എം.എസ്സിന്റെ പ്രസ്‌താവത്തിന്റെ യഥാര്‍ഥ സത്ത തിരിച്ചറിയാനായിരുന്നില്ല. കൃതിക്ക്‌ പിറകിലെ കര്‍തൃദൈവത്തിന്റെ പൊരുള്‍ തിരയുന്ന വിമര്‍ശനരീതിയുടെ ചാക്രികതയിലാണ്‌ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിവാദം കേന്ദ്രീകരിച്ചത്‌. കൃതി കര്‍ത്താവിന്റെ ഏകാന്ത ശബ്ദമാണെന്നും അതുപോലെ അത്‌ കര്‍തൃസത്തയുടെ നിരുപാധികാവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ലെന്നുമുള്ളവിധം നടന്ന അന്വേഷണങ്ങള്‍ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും പരസ്‌പരം അടുപ്പിക്കാതെ രണ്ട്‌ ധ്രുവങ്ങളില്‍ തള്ളുന്നു. സൗന്ദര്യശാസ്‌ത്ര സംബന്ധിയായ ആലോചനകള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ആഗോളമായ മാതൃകയില്ലെന്നും അതിനാല്‍ ''മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തങ്ങളെ ആസ്‌പദമാക്കിയ ഒരു സൗന്ദര്യശാസ്‌ത്രം രൂപപ്പെടുത്തുന്നതിന്‌ വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ പൊതുതത്ത്വങ്ങളെ ആശ്രയിക്കാനേ നിവൃത്തിയുള്ളൂ''വെന്നാണ്‌ ഇ.എം.എസ്‌. പറഞ്ഞത്‌ (മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന കൃതിക്കെഴുതിയ ആമുഖം). എന്നാല്‍, മാര്‍ക്‌സിസത്തിന്റെ താത്ത്വികവ്യവഹാരങ്ങളില്‍ ലോകനിലവാരത്തിലെ പ്രവണതാധാരകളോട്‌ വൈകി മാത്രമേ അദ്ദേഹം ജൈവബന്ധം പുലര്‍ത്തിയിരുന്നുവെന്നത്‌ ചിലപ്പോഴെങ്കിലും പരിമിതിയായി വര്‍ത്തിച്ചിട്ടുണ്ട്‌. അതുപോലെ ഒരു മുദ്രാവാക്യത്തിന്‌ വന്നുപെട്ട രൂപമാറ്റം വിശദീകരിക്കുന്നതിന്റെ ഘട്ടത്തില്‍ പൂര്‍ണമായ മടങ്ങിപ്പോകലിന്റെ ധാരണ പരക്കുകയും ചെയ്‌തത്‌ മറ്റൊരു പ്രശ്‌നമായിരുന്നു. പാശ്ചാത്യമാര്‍ക്‌സിസ്റ്റ്‌ സൈദ്ധാന്തിക സംവാദങ്ങളില്‍ വളരെ മുമ്പുതന്നെ കെട്ടടങ്ങിപ്പോയതും പരിഹരിക്കപ്പെട്ടതും നിര്‍ധാരണം ചെയ്യപ്പെട്ടതുമായ സാഹിത്യപ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്‌ ചിലപ്പോഴെല്ലാം സമയം പാഴാക്കേണ്ടതായും വന്നിട്ടുണ്ട്‌.

Sunday, June 7, 2009

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി .

അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്‌

കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐ.ക്ക്‌ അനുമതി നല്‌കിയത്‌ സത്യത്തിനും നീതിക്കും നിരക്കാത്ത നടപടിയാണ്‌.
ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്‌. മന്ത്രിസഭ എടുക്കുന്ന തീരുമാനം സാധാരണ ഗവര്‍ണര്‍ അംഗീകരിക്കുകയാണ്‌ കീഴ്‌വഴക്കം. അസാധാരണമായ സാഹചര്യം ഉടലെടുത്തുവെങ്കില്‍ 356-ാം വകുപ്പുപ്രകാരം സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ നല്‌കാം. എന്നാല്‍, അത്തരമൊരു സാഹചര്യം ഇവിടെയില്ല. ഇവിടെ ബൈബിളില്‍ പറയുന്നതുപോലെ, ''അവനെ ക്രൂശിക്കുക, ബരാബസ്സിനെ വിടുക'' എന്ന ചിന്താഗതിയാണ്‌ ഗവര്‍ണര്‍ക്കുള്ളത്‌.
മന്ത്രിസഭയുടെ തീരുമാനം വന്നതിനുശേഷവും സി.ബി.ഐ. പിന്നണിപ്രയോഗത്തിലൂടെയാണ്‌ തെളിവുകള്‍ ഗവര്‍ണര്‍ക്ക്‌ നല്‌കിയത്‌. ഇതിനുള്ള അധികാരം സി.ബി.ഐ.ക്കില്ല. കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല. ഇത്‌ മോശപ്പെട്ട പാരമ്പര്യമുണ്ടാക്കും.
സ്ഥാപിതതാത്‌പര്യങ്ങള്‍ക്ക്‌ ഭൂരിപക്ഷരാഷ്ട്രീയം കളിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിയിലൂടെ ഗവര്‍ണര്‍ ചെയ്‌തത്‌. ഇത്‌ തികച്ചും അവസരവാദപരമാണ്‌. ഗവര്‍ണറും സി.ബി.ഐ.യും ഒരു പാത്രത്തില്‍ കഞ്ഞി കുടിക്കുന്നവരാണ്‌. ഇതുകൊണ്ട്‌ പിണറായി വിജയന്‌ ഒന്നും സംഭവിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-32 പ്രകാരം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ നേരിട്ട്‌ സമീപിക്കാം. ഹൈക്കോടതിയെയും സമീപിക്കാം. മേല്‍ക്കോടതികളില്‍ ഈ കേസ്‌ നിലനില്‍ക്കുകയില്ലെന്ന്‌ ഉറപ്പാണ്‌.
ഗവര്‍ണര്‍, തന്റെ തീരുമാനത്തിലൂടെ രാഷ്ട്രീയം കളിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത്‌ ഉപകരിക്കൂ. മുമ്പ്‌ മന്ത്രിയായതിന്റെ പേരില്‍ പിണറായി വിജയനെ വേട്ടയാടുകയാണ്‌. പാര്‍ട്ടിയുടെ സെക്രട്ടറിയായ അദ്ദേഹത്തിനെതിരെ അധികാരദുര്‍വ്യാഖ്യാനമാണ്‌ നടന്നത്‌.
ഭരണഘടനയുടെ കീഴ്‌വഴക്കങ്ങളെ കണക്കിലെടുക്കാത്തത്‌ ഗവര്‍ണര്‍ പദവിക്ക്‌ നിരക്കാത്തതാണ്‌. മന്ത്രിസഭയുടെ തീരുമാനം മറികടക്കാന്‍ മാത്രമുള്ള അടിയന്തരസാഹചര്യം
ഉണ്ടായിട്ടില്ല.

Thursday, June 4, 2009

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍‌വലിക്കണം.

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍‌വലിക്കണം.

ഗല്‍ഫ് രാജ്യങല്‍ പ്രത്യേകിച്ച് യു എ ഇ യില്‍ സാമ്പത്തിക പ്രതിസന്ധി കാരണം വന്‍ കിട പദ്ധതികള്‍ നിര്‍ത്തി വെക്കുകയോ ഉപേക്ഷിക്കുയോ ചെയ്തിരിക്കുന്നു.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തന്നിരുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ സര്‍ക്കാര്‍ പോലും കയ്യൊഴിഞ്ഞിരിക്കുന്നു.പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ഇന്ത്യക്കാരെ കൂടുതല്‍ പ്രയാസങളിലേക്ക് തള്ളിവിടുന്ന പരിഷ്ക്കാരങളാണ് യു എ ഇ യിലെ ഇന്ത്യന്‍ എംബസ്സിയും ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റും കൈക്കൊള്ളുന്നത്.ഇന്ത്യന്‍ എംബസ്സിയിലേയും കൗണ്‍സിലേറ്റിലേയും പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ കാര്യങളും എം‌പോസ്റ്റ് മുഖാന്തിരമാണ് കഴിഞ്ഞ ഏതാനും മാസങളായി കൈകാര്യം ചെയ്തിരുന്നത്.എന്നാല്‍ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ ഒറ്റയടിക്ക് മൂന്നിരട്ടിയിലേറെ വര്‍ധനവ് വരുത്തിയിരിക്കുന്നു.ജൂണ്‍ ഒന്നാം തിയതി മുതലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എംപോസ്റ്റുമായി ഇന്ത്യന്‍ എംബസ്സിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജായി ഈടാക്കിയിരുന്നത് . എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ എംബസ്സിയുടെ അനുവാദം കൂടാതെ ഒരു ഔട്ട് സോഴ്സിങ് ഏജന്‍സിക്കും ഏകപക്ഷിയമായ തീരുമാനം എടുക്കാന്‍ പറ്റില്ല. ഈ വന്‍ വര്‍ദ്ധനവ് പ്രവാസി ഇന്ത്യക്കാരെ സം‌ബന്ധിച്ചിടത്തോളംഏറെ പ്രയാസങള്‍ക്ക് ഇടയാക്കുന്നതാണ്. ഇന്ത്യക്കാര്‍ക്ക് പ്രയാസം വരുത്തുന്ന ഇത്തരം നടപടീകളില്‍ നിന്ന് ഇന്ത്യന്‍ എംബസ്സിയും കൗണ്‍സിലേറ്റും പിന്മാറണംഇന്ത്യന്‍ പ്രവാസിവകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്ന് അഭ്യര്‍ത്ഥനയാണ് മലയാളികളടക്കംഉള്ള ഇന്ത്യക്കാര്‍ക്കുള്ളത്

Wednesday, June 3, 2009

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി .

ദുബൈ: ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന. ഇന്നലെ മുതലാണ് വര്‍ധന നടപ്പാക്കിയത്. എംപോസ്റ്റ് മുഖേനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നടന്നു വരുന്നത്. 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജാണ് ഇന്നലെ ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 150 ദിര്‍ഹം, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വകയില്‍ 10 ദിര്‍ഹം എന്നിവ ചേര്‍ത്ത് 160 ആണ് എംബസി\കോണ്‍സുലേറ്റ് ഈടാക്കുന്ന പൊതുനിരക്ക്. എംപോസ്റ്റ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജ് എന്ന വകുപ്പില്‍ ഈടാക്കാനായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള ധാരണ. ഡെലിവറി ചാര്‍ജ് 15 ദിര്‍ഹമായും അന്നുതന്നെ നിജപ്പെടുത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിസകളുടെ കാര്യത്തിലും 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജ് 50 ആയി അധികരിപ്പിച്ചിട്ടുണ്ട്. റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും പാസ്പോര്‍ട്ട് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെലിവറി നിരക്ക് കൂടിയതു കൊണ്ട് അതിന്റെ ഗുണഫലം ഇവര്‍ക്കു ലഭിക്കില്ല. 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജില്‍ നിന്നുള്ള വിഹിതം മാത്രമാണ് അസോസിയേഷനുകള്‍ക്ക് ലഭിച്ചു വരുന്നത്.
അതിനിടെ, മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റിലുള്ള വിവരം പ്രകാരം അതാതിടങ്ങളില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കാന്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങള്‍ മതി. എന്നാല്‍ പലപ്പോഴും ഇതിലും കൂടുതല്‍ ദിവസങ്ങളെടുക്കുന്നതായാണ് പരാതി. ഇടക്കിടെ വരുന്ന നിരക്കുമാറ്റമാകട്ടെ, സാധാരണക്കാരായ തൊഴിലാളികളെ കൂടുതല്‍ പ്രയാസപ്പെടുത്തും.
നാട്ടില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുന്നതായും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ മക്കളുടെ ഉപരി പഠനത്തിന് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആഴ്ചകളെടുക്കുമെന്ന മറുപടിയാണത്രെ ഉണ്ടായത്. അതാതു ദിവസം തന്നെ നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ഇത്തരം കാലവിളംബം ഒഴിവാക്കാന്‍ ഇരു കേന്ദ്രങ്ങളും കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം വേണമെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പേരുമാറ്റത്തിന്റെ നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായി ആക്ഷേപമുണ്ട്. നേരത്തെ യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും പത്രത്തില്‍ പരസ്യം കൊടുത്താന്‍ അതിന്റെ മാത്രം ബലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ പക്ഷെ, നാട്ടിലെ അതാത് പ്രദേശങ്ങളിലെ പത്ര എഡിഷനുകളില്‍ തന്നെ പരസ്യം കൊടുക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നതത്രെ.
എം.സി.എ. നാസര്‍